ADVERTISEMENT

അധ്യായം 13 - പാണിഗ്രഹണം

കൊട്ടാരത്തിലെ ആലോചനാമുറി രാജ്യകാര്യങ്ങള്‍ക്കുളളതാണ്. സ്വകാര്യവിഷയങ്ങള്‍ അവിടെ കടന്നു വരാറില്ല. അംഗദേശത്ത് അന്ന് ആ പതിവ് ലംഘിക്കപ്പെട്ടു.

ഋഷ്യശൃംഗന്‍ ഉറക്കമായെന്ന് പൂര്‍ണ്ണബോധ്യമായ രാത്രി ലോമപാദനും വര്‍ഷിണിയും ശാന്തയും ആലോചനാമുറിയില്‍ സന്ധിച്ചു. വിവാഹക്കാര്യം ലോമപാദന്‍ മുഖവുരയില്ലാതെ അവതരിപ്പിച്ചു.

'ഈ ജന്മം എനിക്ക് ഒരു വിവാഹമുണ്ടാവില്ല.' ശാന്ത അറുത്തുമുറിച്ച് പറഞ്ഞു. മറുപടിയുടെ സൂചന എവിടേക്കാണെന്ന് ലോമപാദനും വര്‍ഷിണിക്കും വളരെ വേഗം ബോധ്യമായി.

'ഇപ്പോഴും നീ ആ സൂതനെ മനസില്‍ കൊണ്ടുനടക്കുകയാണോ?' ലോമപാദന്‍ തുറന്ന് ചോദിച്ചു.

'മരിച്ചവര്‍ മരിച്ചു. ജീവിച്ചിരിക്കുന്നവരുടെ ജീവിതം പാഴാക്കുന്നതില്‍ എന്ത് അര്‍ത്ഥം? വര്‍ഷിണി അത് ഏറ്റുപിടിച്ചു.

'അറിയില്ല. പക്ഷെ മുത്തുവിന്റെ സ്ഥാനത്ത് മറ്റൊരാള്‍...വയ്യ..'

'ആ നരാധമനെ പോലാണോ ഈ മുനിശ്രേഷ്ഠന്‍.. പ്രകൃതിയുടെ നിയമങ്ങള്‍ പോലും മാറ്റിമറിക്കാന്‍ കെല്‍പ്പുളള മഹാതപസ്വി.'

'ഒരാള്‍ ശ്രേഷ്ഠനായതുകൊണ്ട് മറ്റൊരാള്‍ അധമനാകുമോ?' ശാന്ത തിരിച്ചടിച്ചു.

'തര്‍ക്കിക്കാനും വാദിക്കാനും ഞാനില്ല. എന്റെ മകള്‍ക്ക് നന്മ വരണം. അത് മാത്രമേയുളളു മനസില്‍'

'മകളുടെ നന്മ അവളുടെ സന്തോഷമാണ്. അതാണ് അച്ഛന്‍ ആഗ്രഹിക്കുന്നതെങ്കില്‍ എന്നെ എന്റെ വഴിക്ക് വിടണം'

ശാന്ത തന്നെ തോല്‍പ്പിക്കുകയാണെന്ന് അദ്ദേഹത്തിന് തോന്നി.

'പിന്നെ എന്താണ് നിന്റെ ഉദ്ദേശം? ആയുഷ്‌കാലമത്രയും ബ്രഹ്‌മകുമാരിയായി കഴിയാനോ.. അതോ സന്ന്യസിക്കാനോ?'

'രണ്ടുമല്ല. എനിക്ക് ജീവിക്കാന്‍ മുത്തുവിന്റെ ഓര്‍മ്മകള്‍ മാത്രം മതി'

'മുത്തു.. ആ പേര് ഇനി ഉച്ചരിക്കരുത്..' ലോമപാദന്‍ ദേഷ്യം കൊണ്ട് വിറച്ചു.

'മരിച്ചവരോടും വേണോ കുടിപ്പക' ശാന്തയും വിട്ടുകൊടുത്തില്ല.

'നിര്‍ത്ത്... വഴക്കിടാനല്ല നമ്മള്‍ ഇവിടെ കൂടിയത്. നിനക്ക് ഒരു കുടുംബം വേണം. കുട്ടികള്‍ വേണം. അത് കണ്ട് വേണം ഞങ്ങള്‍ക്ക് മരിക്കാന്‍..' വര്‍ഷിണിയുടെ ശബ്ദം ഇടറി. അതുകണ്ട് ശാന്ത ഒന്നയഞ്ഞു.

എന്തൊക്കെ പറഞ്ഞാലും വര്‍ഷിണി അവള്‍ക്ക് പ്രിയപ്പെട്ടതാണ്. നിരാകരിച്ച ഒരു അമ്മയ്ക്ക് പകരം നിന്ന് മാതൃസഹജമായ സ്‌നേഹവാത്സല്യങ്ങള്‍ പകര്‍ന്ന് അനുഗ്രഹിച്ച സ്ത്രീ. കരുതലിന്റെ മഹാവര്‍ഷിണി.

'അമ്മ പറയൂ..ഞാനെന്ത് വേണം?'

'നീ ഋഷ്യശൃംഗന്റെ വധുവാകണം'

'അപ്പോള്‍ വൈശാലിയോ?'

ലോമപാദന്‍ പുച്ഛിച്ച് ചിരിച്ചു. 'പൂച്ചയ്‌ക്കെന്താണ് പൊന്നുരുക്കുന്നിടത്ത് കാര്യം?'

'ഈ നാട് നിലനിര്‍ത്തിയത് ആ പൂച്ചയാണ്. അച്ഛന്‍ മറന്നോ?'

'അതിനുളള പ്രതിഫലവും കൊടുത്തു. ഇത് കൊട്ടാരത്തിലെ ആഭ്യന്തരകാര്യമാണ്. ഇവിടെ ആ പേര് വലിച്ചിഴക്കേണ്ട'

'പക്ഷെ അവളോടുളള പ്രണയമാണ് മുനികുമാരനെ ഇവിടെ എത്തിച്ചത്.'

'ആവാം. സഞ്ചരിക്കാനുളള വഴിയോട് യാത്രികന് എന്ത് മമതാബന്ധം. അത് ഒരു താത്കാലികമാര്‍ഗം മാത്രം'

'അതൊക്കെ വാദത്തിന് പറയാം. അവളും ഒരു പെണ്ണല്ലേ? അവള്‍ക്കുമില്ലേ ഒരു മനസ്..?' ശാന്ത ആവേശത്തോടെ ചോദിച്ചു.

'ദേവദാസികള്‍ കേവലം ശരീരങ്ങള്‍ മാത്രമാണ്. ഉപയോഗിച്ച് വലിച്ചെറിയാനുളളവര്‍. അതല്ല, ഒരു മനസുണ്ടെങ്കില്‍ തന്നെ നമ്മള്‍ അതേക്കുറിച്ച് ആലോചിക്കേണ്ടതില്ല'

ശാന്ത അതിന് മറുപടി പറഞ്ഞില്ല. 'അച്ഛനോട് തര്‍ക്കിച്ച് ഗുരുത്വദോഷത്തിന് ഞാനില്ല. നിങ്ങളാണ് എന്റെ രക്ഷിതാക്കള്‍. നിങ്ങള്‍ക്ക് എന്തും തീരുമാനിക്കാം. അനുസരിക്കാന്‍ ഞാന്‍ ബാധ്യസ്ഥയാണ്' അത്രമാത്രം പറഞ്ഞ് അവള്‍ ഇറങ്ങിപ്പോയി.

വര്‍ഷിണി ആകുലതയോടെ ഭര്‍ത്താവിനെ നോക്കി. അദ്ദേഹം ലാഘവത്തോടെ പുഞ്ചിരിച്ചു. 'അവളുടെ പ്രായം അതാണ്. മനസുറയ്ക്കാത്ത പെണ്ണ് പലതും പറയും. ഒരു കുടുംബമായിക്കഴിഞ്ഞാല്‍ പറഞ്ഞതൊക്കെ പതിരായിരുന്നെന്ന് ബോധ്യമാകും.' എന്നാല്‍ രാജാവ് പറയും പോലെ നിസാരമല്ല കാര്യങ്ങളെന്ന് വര്‍ഷിണിക്ക് തോന്നി. 

ലോമപാദന്‍ വിവരം ധരിപ്പിക്കുമ്പോഴും നിസംഗനായിരുന്നു ഋഷ്യശൃംഗന്‍. സഹജമായ നിസംഗത. 

'ആലോചിക്കാന്‍ അല്‍പ്പസമയം തരൂ' എന്ന് മാത്രം മറുപടി.

കാലത്ത് വീണ്ടും ഒരു വനയാത്ര. അവിചാരിതമായി മകനെ കണ്ട് വിഭാണ്ഡകന്‍ ഒന്ന് അമ്പരന്നു.

'പറയൂ. കൊട്ടാരജീവിതം ഇത്രവേഗം മടുത്തോ?'

'ഇല്ല. ചില സംശയങ്ങള്‍.. സന്ദേഹങ്ങള്‍. അതിനുത്തരം നല്‍കാന്‍ അച്ഛന് മാത്രമേ കഴിയൂ'

വിഭാണ്ഡകന്‍ തീക്ഷ്ണമായ കണ്ണുകള്‍ കൊണ്ട് ആകമാനം ഉഴിഞ്ഞു. 'മുഖവുര അവസാനിപ്പിച്ച് കാര്യം പറയൂ'

ഋഷ്യശൃംഗന്‍ രാജാവിന്റെ ഇംഗിതം സവിസ്തരം അവതരിപ്പിച്ചു.

'ഇതിനുളള ഉത്തരം അന്ന് കൊട്ടാരത്തില്‍ വച്ച് തന്നെ ഞാന്‍ നല്‍കിയിരുന്നു. ഇത് വിധിവിഹിതമാണ്. അനുസരിക്കാന്‍ നാം ബാധ്യസ്ഥരാണ്. നിന്നുകൊടുക്കുക മാത്രമേ വേണ്ടൂ'

'പക്ഷെ..'

'എന്താണ് സന്ദേഹം..?'

'വൈശാലി എന്നെ പ്രണയിച്ചിരുന്നു. എനിക്കും അവളെ ഇഷ്ടമായിരുന്നു.'

വിഭാണ്ഡകന്‍ ഉറക്കെ പൊട്ടിച്ചിരിച്ചു. 'പ്രേമം... മണ്ണാങ്കട്ട... അളവറ്റ ധനസമൃദ്ധിയും അധികാരവും കൈവരുമ്പോള്‍ കുലടയെ കൂടക്കയത്തില്‍ ചവുട്ടിത്താഴ്‌ത്തേണ്ടതിന് പകരം അവന്‍ പ്രണയത്തിന്റെ മഹത്ത്വം പറയുന്നു. ശാന്തയ്ക്ക് എന്താണൊരു കുറവ്.. മുഖശ്രീയില്ലേ? കടഞ്ഞെടുത്ത ശരീരമില്ലേ...'

'അങ്ങനെ നോക്കിയാല്‍ ശാന്തയും കേവലം ഒരു ശരീരമല്ലേ അച്ഛാ..?'

'പക്ഷെ അവള്‍ക്ക് ഭൂസ്വത്തുണ്ട്. പണമുണ്ട്. അവളിലൂടെ അംഗരാജ്യത്തിന്റെ സിംഹാസനത്തില്‍ അവരോധിതനാകാന്‍ അവസരവുമുണ്ട്.'

'പക്ഷെ അവളുടെ മനസ് നമ്മള്‍ കണ്ടില്ലല്ലോ? അഭിപ്രായം ചോദിച്ചില്ലല്ലോ? ഞാന്‍ മനസിലാക്കിയിടത്തോളം ഈ ബന്ധത്തില്‍ അവള്‍ക്ക് അത്ര താത്പര്യം കാണുന്നില്ല.'

'അറിയാം. സൂതച്ചെക്കനെ മനസില്‍ ധ്യാനിച്ച് നടക്കുന്നവളുടെ സമ്മതം ആര്‍ക്ക് വേണം. അങ്ങനെയൊരു ന്യൂനത കൊണ്ട് മാത്രം നമുക്ക് കൈവന്ന ഭാഗ്യമാണ് ഈ ബന്ധം. അല്ലായിരുന്നെങ്കില്‍ ഏതെങ്കിലുമൊരു സമ്പന്ന രാജകുമാരന് ഒഴികെ മറ്റാര്‍ക്കും ലോമപാദന്‍ മകളെ വേളി കഴിച്ച് കൊടുക്കുമായിരുന്നില്ല.'

ഋഷ്യശൃംഗന്‍ എല്ലാം മനസിലാക്കിയിട്ടെന്ന പോലെ ശിരസ് നമിച്ചു. അനുഗ്രഹവര്‍ഷം പോലെ വിഭാണ്ഡകന്റെ കരങ്ങള്‍ വായുവില്‍ ഉയര്‍ന്നു.

കാറ്റില്‍ കാട്ടുവൃക്ഷങ്ങള്‍ പുഷ്പവൃഷ്ടി ചെയ്തു. ഋഷ്യശൃംഗന്റെ മനസ് ശാന്തതയെ സ്പര്‍ശിച്ചു. അയാളുടെ താലി ശാന്തയുടെ കഴുത്തില്‍ തിളങ്ങി.

കൊട്ടും കുരവയും നാദസ്വരവും ചെണ്ടമേളവും പഞ്ചവാദ്യവും അന്തരീക്ഷം ശബ്ദായമാനമാക്കി. ശാന്ത അഭിശപ്തമായ സ്വന്തം വിധിക്ക് മുന്നില്‍ ശിരസ് കുനിച്ചു. അവളുടെ ഇഷ്ടം ആരും തിരക്കിയില്ല. അവളുടെ മനസ് ആരും കണ്ടില്ല. അവളുടെ വിയോജിപ്പ് ആര്‍ക്കും പരിഗണനാ വിഷയമായില്ല.

അവള്‍ വെറും പെണ്ണ്.. പുരുഷന് ആസക്തി മായുവോളം ഭോഗിക്കാനും അവന്റെ കുഞ്ഞുങ്ങളെ പ്രസവിക്കാനുമുളള ഒരു പ്രകൃതി ദത്ത ഉപകരണം.

വിവാഹത്തിന് ദശരഥനെയും കൗസല്യയെയും ക്ഷണിക്കണമെന്ന് വര്‍ഷിണി നിര്‍ബന്ധം പറഞ്ഞു. ശാന്തയുടെ മറുപടി അവരുടെ നാവ് അടച്ചു.

'പിന്നെ ഞാന്‍ വിവാഹമണ്ഡപത്തിലുണ്ടാവില്ല.

അവള്‍ ആജന്മ വൈരം തീര്‍ക്കുകയാണെന്ന് ലോമപാദനും തോന്നി. പക്ഷെ ഇവിടെയിപ്പോള്‍ അതൊന്നുമല്ല പ്രധാനം. നാടിന്റെ ജീവനും രാജാവിന്റെ മാനവും കാത്ത മഹാതപസ്വി അംഗരാജ്യത്തിന് സ്വന്തമാവണം. വരും കാല ആപത് സന്ധികളിലും അതല്ലാതെ മറ്റൊരു ആശ്രയമില്ല. അതിന് ഏറ്റവും നല്ല ഉപാധി ശാന്തയാണ്. ശാന്ത മാത്രം. അവളുടെ ഇഷ്ടങ്ങള്‍ക്കൊപ്പം നിന്നുകൊടുക്കുന്നതാണ് പ്രായോഗികത. അതിനിടയില്‍ എന്ത് ദശരഥന്‍? എന്ത് കൗസല്യ? അയാള്‍ കഴിഞ്ഞതെല്ലാം മറന്ന് കണ്ണടച്ചു.

ഏകമകളുടെ-ആദ്യജാതയുടെ കഴുത്തില്‍ വരന്‍ പൂമാലയണിയിക്കുമ്പോള്‍ പൂമെത്തയില്‍ വീണു കിടന്ന് തേങ്ങുകയായിരുന്നു കൗസല്യ.

ശാന്ത ആ ദൃശ്യം മനസില്‍ സങ്കല്‍പ്പിച്ചു. അവള്‍ നിഗൂഢമായി ചിരിച്ചു. ആ കണ്ണീര്‍ കാലത്തിന്റെ കാവ്യനീതിയാണെന്ന് അവളുടെ മനസ് പറഞ്ഞു.

നാദസ്വരവും ചെണ്ടമേളവും അതിന്റെ പാരമ്യതയിലെത്തി. കാണികള്‍ പ്രാര്‍ത്ഥനാപൂര്‍വം പുഷ്പവൃഷ്ടി നടത്തി. ലോമപാദന്‍ നിര്‍വൃതിയോടെ നിശ്വസിച്ചു.

ഋഷ്യശൃംഗന്‍ സഹജമായ നിസംഗതയോടെ എല്ലാം നോക്കി നിന്നു. അയാളുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞില്ല. പ്രണയം നിറഞ്ഞില്ല. പൂമാലയിട്ട മെഴുകുപ്രതിമ പോലെ അയാള്‍ മണ്ഡപത്തില്‍ നിര്‍വികാരനായി നിന്നു.  മണിയറയിലും ആ നിസംഗത പടര്‍ന്നു. ശാന്തയുടെ ശരീരത്തില്‍ ആസക്തിയുടെ ചൂട് നിറയ്ക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല.

അയാള്‍ ഒരു പാവയായിരുന്നു. ആരുടെയോ നിയന്ത്രണങ്ങള്‍ക്കൊത്ത് ചലിക്കുന്ന ഒരു പാവം കളിപ്പാവ. ശാന്ത അഭിശപ്തവും അനിവാര്യവുമായ വിധി ഓര്‍ത്ത് ഉളളില്‍ കരഞ്ഞു. കണ്ണീര്‍ പുറത്തേക്ക് വന്നില്ല. കണ്ണീര്‍ഗ്രന്ഥികള്‍ വറ്റിയിരിക്കുന്നു. ഇപ്പോള്‍ വല്ലാത്ത ഒരു തരം മരവിപ്പ് മാത്രമാണ് മനസില്‍. കിടക്കയില്‍ ഋഷ്യശൃംഗന്റെ കൂര്‍ക്കം വലികളുയര്‍ന്നു. ശാന്ത വേദനകള്‍ ഉറഞ്ഞ് നിര്‍വികാരയായി അയാളെ തന്നെ നോക്കിയിരുന്നു.

ജനാലയ്ക്കപ്പുറം ആകാശത്ത് നക്ഷത്രശോഭ. അതിനിടയില്‍ എങ്ങോ ഇരുന്ന് മുത്തു അവളെ നോക്കി ചിരിച്ചു. ആ ചിരി ദ്വിമുഖമാണെന്ന് അവള്‍ക്ക് തോന്നി.

(തുടരും)

Content Summary: Santha, Episode 13, Malayalam E Novel Written by Sajil Sreedhar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com