ADVERTISEMENT

അധ്യായം 14: പുത്രകാമേഷ്ടി

 

മൂന്ന് ഭാര്യമാര്‍... രണ്ട് പതിറ്റാണ്ടുകള്‍.. എത്രയോ ശ്രമങ്ങള്‍..  ചികിത്സകള്‍.. പ്രാര്‍ത്ഥനകള്‍.. എല്ലാം വിഫലം. കോസലരാജ്യം പിന്‍ഗാമികളില്ലാതെ അനാഥമാകാന്‍ പോകുന്നു.

ദശരഥന്‍ വസിഷ്ഠ മഹര്‍ഷിയുടെ സന്നിധിയില്‍ സാഷ്ടാംഗം തൊഴുതു. പിന്നെ സ്വന്തം ജീവിതസാരസര്‍വസ്വം അവതരിപ്പിച്ചു. വസിഷ്ഠന്‍ മിഴികള്‍ പൂട്ടി എല്ലാം കേട്ടു. പിന്നെ ധ്യാനത്തില്‍ നിന്നുണര്‍ന്നു. കൗസല്യയും കൈകേയിയും സുമിത്രയും പ്രതീക്ഷാപൂര്‍വം മുനിശ്രേഷ്ഠനെ നോക്കി.

'പൂര്‍ണ്ണബ്രഹ്‌മചാരിയായ ഒരു മുനിയുടെ നേതൃത്വത്തില്‍ പുത്രകാമേഷ്ടിയാഗം ചെയ്യണം. ഫലം ഉറപ്പ്.'

'അങ്ങിനെയൊരാള്‍?'

'മറ്റൊരാളെന്തിന്? കയ്യില്‍ തന്നെയുണ്ടല്ലോ? ഋഷ്യശൃംഗന്‍... പുത്രീഭര്‍ത്താവ്'

ആശ്ചര്യത്താല്‍ ദശരഥന്റെ പുരികം വളഞ്ഞു.

'ഋഷ്യശൃംഗന്‍... ബ്രഹ്‌മചാരിയോ? അദ്ദേഹം വിവാഹിതനല്ലേ?'

'താലി കെട്ടിയാല്‍ പൂര്‍ണ്ണമാവുന്നതല്ല വിവാഹം. പാണിഗ്രഹണം ബാഹ്യമായ കേവലം ഒരു ചടങ്ങ് മാത്രം. അതിനപ്പുറം അയാള്‍ സ്ത്രീജിതനാണ്. ഈ നിമിഷം വരെ'

ദശരഥനും പത്‌നിമാരും ഒന്നും മനസിലാകാതെ പരസ്പരം നോക്കി. 

മഹര്‍ഷി തുടര്‍ന്നു: 'അതിന്റെ കാര്യകാരണങ്ങളല്ല നമ്മുടെ വിഷയം. എത്രയും വേഗം അയാളെ വരുത്തി യാഗം നടത്തണം. ഒന്നല്ല നാല് കുട്ടികള്‍ സംഭവിക്കും'

നാല്‍വര്‍ സംഘം പ്രതീക്ഷാപൂര്‍വം മന്ദഹസിച്ചു.

'അതിനുളള ഏര്‍പ്പാടുകള്‍ ചെയ്യു'

ദശരഥന്‍ ഭക്തിയോടെ തലയാട്ടി.

അതികാലത്ത് പതിവുളള വ്യായാമത്തിലായിരുന്നു ലോമപാദന്‍. കോസലരാജ്യത്തിന്റെ കൊടിയടയാളമുളള തേര് ദൂരത്തു നിന്ന് തന്നെ കണ്ടു. നേരം വെളുക്കും മുന്‍പ് ഇങ്ങനെയൊരു സന്ദര്‍ശനം പതിവില്ലാത്തതാണ്. അതിന്റെ കാരണം തേടി തലപുകയ്ക്കും മുന്‍പ് ദശരഥന്‍ കൊട്ടാരമുറ്റത്ത് വന്നിറങ്ങി. കൂടെ കൗസല്യ ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയം.

ആലോചനാമുറിയില്‍ രണ്ട് മഹാരാജാക്കന്‍മാര്‍ മാത്രമായി കൂടിയാലോചന..

ആഗമനോദ്ദേശം കേട്ടുകഴിഞ്ഞതും ലോമപാദന്‍ ഒന്ന് ശങ്കിച്ചു. നിഷ്പ്രയാസം സാധിക്കാവുന്നതേയുളള കാര്യം. ഋഷ്യശൃംഗന്‍ മനസു വച്ചാല്‍ പുത്രകാമേഷ്ടി നടക്കുമെന്ന് മാത്രമല്ല കുട്ടികള്‍ ജനിക്കുമെന്നും ഉറപ്പ്. അത്രയ്ക്ക് സിദ്ധികളുളള മഹാമനുഷ്യനാണ്. പക്ഷെ ശാന്ത സമ്മതിക്കുമോ എന്ന കാര്യം സംശയമാണ്. പക തീര്‍ക്കാന്‍ അവള്‍ക്ക് ഒരു അവസരം മുന്നിലേക്ക് കൊടുക്കും പോലെയാണ് ഇത്. തന്നെ നിഷ്‌കരുണം വലിച്ചെറിഞ്ഞവര്‍ക്ക് സന്താനസൗഭാഗ്യത്തിന് തന്റെ ഭര്‍ത്താവ് തന്നെ പരിശ്രമിക്കുക. ശാന്തയോട് അത് ആവശ്യപ്പെടുന്നതില്‍ തന്നെ അനൗചിത്യമുണ്ട്. 

മറുവശത്ത് മറ്റൊന്നുണ്ട്. നൈതികതയുടെ ത്രാസ് തൂങ്ങുമ്പോള്‍ മൂന്‍തൂക്കം രണ്ടാമത്തെ തട്ടിനാണ്. ആവശ്യസമയത്ത് തന്നെ സഹായിച്ചയാളാണ് ദശരഥന്‍. ഈ ഭൂമിയില്‍ മറ്റാരും ചെയ്യാത്ത സഹായം നല്‍കി അനുഗ്രഹിച്ചയാള്‍. സ്വന്തം രക്തത്തില്‍ പിറന്ന കുഞ്ഞിനെ ദാനം നല്‍കിയാണ് അനന്തരാവകാശികളില്ലാതിരുന്ന അംഗദേശത്തെ രക്ഷിച്ചത്. അത് വര്‍ഷിണിയും കൗസല്യയും തമ്മിലുളള സാഹോദര്യബന്ധത്തേക്കാളുപരി തന്നോടുളള ദശരഥന്റെ ദീര്‍ഘകാലസൗഹൃദത്തിന്റെ ഉപോത്പന്നമായിരുന്നു.

അങ്ങനെയൊരാള്‍ ഒരു ചെറിയ സഹായം ആവശ്യപ്പെടുമ്പോള്‍ നിരാകരിക്കുന്നത് നീതിയല്ല. ഋഷ്യശൃംഗനെ ഒന്ന് പരിചയപ്പെടുക എന്ന ആവശ്യം ദശരഥന്‍ പലകുറി ആവര്‍ത്തിച്ചു. അദ്ദേഹം ഇപ്പോള്‍ ശാന്തയ്‌ക്കൊപ്പം ശയ്യാതലത്തിലാണ്. വാതിലില്‍ തട്ടി മുഖം കാണിക്കാമെന്ന് വച്ചാല്‍ ആദ്യം പുറത്തു വരിക ശാന്തയാവും. അവളുടെ സാന്നിദ്ധ്യത്തില്‍ ഈ വിഷയം അവതരിപ്പിക്കുന്നത് അപകടമാണ്. നോവിച്ചുവിട്ട പാമ്പാണ് അവള്‍. ഏത് നിമിഷവും പത്തി വിടര്‍ത്താം. അതിനാല്‍ ക്ഷമയാണ് ഇക്കാര്യത്തില്‍ ഏറ്റവും യോജിച്ച വഴി.

കാര്യങ്ങള്‍ ദശരഥനെ സൗമ്യമായി പറഞ്ഞു മനസിലാക്കി. കൊക്കിന് ജീവനുണ്ടെങ്കില്‍ ഏത് വിധേനയും ഋഷ്യശൃംഗനെ കോസലരാജ്യത്ത് എത്തിച്ചിരിക്കും എന്ന ഉറപ്പില്‍ പറഞ്ഞയച്ചു.

പുലര്‍ച്ചയും പിന്നിട്ട് പകല്‍വെളിച്ചം വീണു. സൂര്യന്‍ കൂടുതല്‍ കരുത്തോടെ തിളങ്ങി. ആലോചനാ മുറിയിലേക്ക് ഋഷ്യശൃംഗന്‍ ക്ഷണിക്കപ്പെട്ടു. ലോമപാദന്‍ അദ്ദേഹത്തോട് കാര്യങ്ങള്‍ വിശദീകരിച്ചൂ. എല്ലാം കേട്ടിരുന്നശേഷം അദ്ദേഹം പറഞ്ഞു.

'അതിനെന്താ പ്രശ്‌നം? സമയവും സന്ദര്‍ഭവും അങ്ങ് അറിയിച്ചാല്‍ മതി. ഞാന്‍ വരാം. പുത്രകാമേഷ്ടി നടത്താം'

ലോമപാദന്റെ മുഖം തെളിഞ്ഞു. ഋഷ്യശൃംഗന്‍ അനുസരണയുളള കുട്ടിയാണ്. വിഭാണ്ഡകന്റെ ശിക്ഷണത്തിന്റെ സന്തതി. ശാന്തയ്ക്കും അനുസരണത്തിന് കുറവൊന്നുമില്ല. പക്ഷെ കോസലരാജ്യത്തിന്റെ കാര്യത്തില്‍ അവള്‍ വിട്ടുവീഴ്ചയ്ക്ക് ഒരുക്കമല്ല. പ്രതീക്ഷിച്ചതു പോലെ തന്നെ വിവരം അറിഞ്ഞപ്പോള്‍ അവള്‍ പൊട്ടിത്തെറിച്ചു. തന്നെ അപമാനിക്കുകയും നിരാകരിക്കുകയും ചെയ്തവരുടെ മാനം രക്ഷിക്കാന്‍ തന്റെ ഭര്‍ത്താവിനെ തന്നെ കരുവാക്കുന്നതിലെ നൈതികതയില്ലായ്മ അവള്‍ ചൂണ്ടിക്കാട്ടി. വര്‍ഷിണി ആവുന്നത്ര വാദിച്ചു നോക്കി. ഭൂമിയോളം താണുകേണ് അപേക്ഷിച്ചു. ശാന്തയുടെ മനസ് അലിഞ്ഞില്ല. ഈ യാഗം നടന്നാല്‍ താന്‍ അംഗദേശം വിട്ട് പോകുമെന്ന് അവള്‍ ശഠിച്ചു. ഋഷ്യശൃംഗനും നിസഹായനായി.

ലോമപാദന്‍ എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചു. ഒരു വഴക്കിലേക്ക് പോകാന്‍ അദ്ദേഹത്തിന് താത്പര്യമുണ്ടായില്ല. ഋഷ്യശൃംഗനെ പോലൊരു മഹത്‌വ്യക്തിയെ അതിലേക്ക് വലിച്ചിഴക്കാന്‍ തീരെ താത്പര്യമുണ്ടായില്ല.

'ഈശ്വരന്‍ തന്ന കുഞ്ഞിനെ വലിച്ചെറിഞ്ഞവര്‍ എത്ര പുത്രകാമേഷ്ടി നടത്തിയാലും ഫലസിദ്ധിയുണ്ടാകാന്‍ പോകുന്നില്ല' ശാന്ത ഒരു ശാപം പോലെ പറഞ്ഞു.

'അത് നീയാണോ തീരുമാനിക്കുക. ഈശ്വരന്റെ ജോലി നമ്മള്‍ ഏറ്റെടുക്കേണ്ടതില്ല' ലോമപാദന്‍ വാദിച്ചു.

'ഏറ്റവും വലിയ ഈശ്വരനിന്ദയാണ് അവിടുന്ന് കനിഞ്ഞ് നല്‍കിയ സന്താനത്തെ ഉപേക്ഷിക്കുക എന്നത്'

'ഉപേക്ഷിച്ചതാണോ കൂടുതല്‍ സൗകര്യത്തില്‍ വളര്‍ത്താന്‍ ഏല്‍പ്പിച്ചതല്ലേ?'

''കോസലരാജ്യത്ത് സൗകര്യത്തിന് എന്തായിരുന്നു കുറവ്? ഭംഗിയായി ഒഴിവാക്കി എന്നതാണ് കൂടുതല്‍ നല്ല പ്രയോഗം'

ലോമപാദന് ഉത്തരം മുട്ടി.

പകയുടെ കനലുകള്‍ നാള്‍ക്കുനാള്‍ കരുത്താര്‍ജ്ജിക്കുന്നതല്ലാതെ അണയുന്നില്ല. കുറച്ച്കാലം ആ വിഷയം ചാരംമൂടി കിടക്കട്ടെയെന്ന് വിചാരിച്ച് അദ്ദേഹം മൗനം പാലിച്ചു. നവജാതശിശുവുമായി പുണ്യക്ഷേത്രദര്‍ശനം എന്നത് കൊട്ടാരം ജോത്സ്യന്റെ നിര്‍ദ്ദേശമായിരുന്നു. അത് കൊട്ടാരത്തില്‍ പതിവുളളതുമാണ്. ലോമപാദനും വര്‍ഷിണിയും ശാന്തയും ചതുരംഗനുമായിരുന്നു ആ സംഘത്തില്‍. ഋഷ്യശൃംഗന്‍ പിതാവിനെ കാണാന്‍ കാട്ടിലേക്ക് പോകുന്നു എന്ന് ന്യായം പറഞ്ഞപ്പോള്‍ അതില്‍ അസ്വാഭാവികമായി ഒന്നും ശാന്തയ്ക്ക് തോന്നിയില്ല. തീര്‍ത്ഥാടക സംഘം മടങ്ങിയെത്താന്‍ ആഴ്ചകള്‍ എടുക്കും. ആ ഇടവേളയില്‍ പുത്രകാമേഷ്ടിക്കുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ലോമപാദന്‍ ദശരഥന് ദൂത് അയച്ചു. സംഘം യാത്ര പുറപ്പെട്ടു.

ഋഷ്യശൃംഗന്‍ വാക്ക് പറഞ്ഞതു പോലെ വനത്തില്‍ പോയി അച്ഛനെ കണ്ട് അനുഗ്രഹം വാങ്ങി. അംഗരാജ്യത്ത് മഴപെയ്യിച്ചതിലും ദുഷ്‌കരവും ശ്രമകരവുമായ ഒരു ദൗത്യമാണ് കോസലയില്‍ നിറവേറ്റാന്‍ പോകുന്നത്. പതിറ്റാണ്ടുകളായി അനവധി താപസന്‍മാര്‍ ശ്രമിച്ചിട്ടും പൂക്കാത്ത മാവാണ് ദശരഥന്‍. എല്ലാം ശുഭകരമാവട്ടെയെന്ന് വിഭാണ്ഡകന്‍ മകനെ അനുഗ്രഹിച്ചു.

കോസലയിലേക്കുളള യാത്രയില്‍ മന്ത്രിമുഖ്യനും സേനാധിപനും രാജപുരോഹിതനും ഋഷ്യശൃംഗനെ അനുഗമിച്ചു. അയോദ്ധ്യയിലെ സരയൂ നദീതീരത്തായിരുന്നു പുത്രകാമേഷ്ടി. അവര്‍ എത്തുമ്പോഴേക്കും മഹായാഗത്തിനുളള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു. സമര്‍പ്പിത മനസ്‌കരായി ദശരഥനും കൗസല്യയും കൈകേയിയും സുമിത്രയും യാഗകുണ്ഡത്തിന് മുന്നില്‍ തൊഴുകൈയോടെ ഇരുന്നു. മന്ത്രോച്ചാരണങ്ങള്‍ മുഴങ്ങി. ഹവിസ് അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നു.

യാഗം വിജയകരമായി പൂര്‍ത്തിയായി. ദശരഥന്‍ പ്രതീക്ഷാപൂര്‍വം ഋഷ്യശൃംഗനെ നോക്കി.

'മുനിശ്രേഷ്ഠാ.. ഞങ്ങള്‍ക്ക് പ്രതീക്ഷിക്കാമല്ലോ.. അല്ലേ?'

ഋഷ്യശൃംഗന്‍ മന്ദഹസിച്ചു. 'സംശയമെന്തിന്? കോസലരാജ്യത്തിന് അതീവയോഗ്യരായ ഒന്നല്ല, ഒട്ടനവധി അന്തരാവകാശികള്‍ ജനിക്കുക തന്നെ ചെയ്യും'

ദശരഥന്റെയും പത്‌നിമാരുടെയും മുഖങ്ങളില്‍ സൂര്യനുദിച്ചു. അവര്‍ ആദരപൂര്‍വം ഋഷ്യശൃംഗനെ യാത്രയാക്കി.

അംഗദേശത്ത് മടങ്ങിയെത്തുമ്പോള്‍ ശാന്തയുടെ ജ്വലിക്കുന്ന കണ്ണുകള്‍ ഋഷ്യശൃംഗനെ വരവേറ്റു.

'കോസലയില്‍ പോയിരുന്നു. അല്ലേ?'

ഋഷ്യശൃംഗന്‍ സഹജമായ നിസംഗതയോടെ തലയാട്ടി.

'എന്റെ ഭര്‍ത്താവായിരുന്നുവെങ്കില്‍ അങ്ങ് അത് ചെയ്യില്ലായിരുന്നു'

ഋഷ്യശൃംഗന്‍ മന്ദഹസിച്ചു.

'ശാന്തേ.. തപസ്വികള്‍ക്ക് ആഹ്‌ളാദവിഷാദങ്ങളും രാഗദ്വേഷങ്ങളുമെല്ലാം നിഷിദ്ധം. തപശക്തി ലോകരക്ഷാര്‍ത്ഥം വിനിയോഗിക്കാനുളളതാണ്. അംഗദേശത്ത് മഴപെയ്യിച്ചതു പോലെ പ്രധാനമാണ് കുഞ്ഞുങ്ങളില്ലാത്തവര്‍ക്ക് പിന്‍തുടര്‍ച്ചയ്ക്കായി സഹായിക്കുക എന്നതും.'

'അപ്പോള്‍ ഞാന്‍...?'

ഋഷ്യശൃംഗന്‍ കൈ ഉയര്‍ത്തി തടഞ്ഞു.

'ജന്മം കൊണ്ട് നീ അവരുടെ മകളെങ്കിലും കര്‍മ്മം കൊണ്ട് ലോമപാദ മഹാരാജാവിന്റെ മകളാണ്. നിന്നെ കൈമാറി എന്നത് അവര്‍ ചെയ്ത തെറ്റായി നിനക്ക് തോന്നാം. പക്ഷെ അത് ദൈവഹിതമാണ്. അവരിലൂടെ അത് സംഭവിച്ചു എന്ന് മാത്രം. ഓരോ സാഹചര്യങ്ങള്‍ക്കും അവസ്ഥകള്‍ക്കും ഓരോ കാരണങ്ങളുണ്ട്. പൂര്‍വജന്മശാപങ്ങളുണ്ട്. അങ്ങനെ അനവധിയായ കാരണങ്ങള്‍. സാധാരണ മനുഷ്യന്‍ കാണുന്നത് അതിന്റെ ബാഹ്യതലം മാത്രമാണ്. നിനക്കറിയ്വോ എന്റെ ജന്മത്തിന് പോലുമുണ്ട് ഒരു ശാപകാരണം. അങ്ങനെ ഞാന്‍ ജനിച്ചതുകൊണ്ട് മാത്രമാണ് അംഗരാജ്യത്ത് മഴ പെയ്തത്. ഇപ്പോള്‍ കോസലയില്‍ ഉണ്ണി പിറക്കാന്‍ പോകുന്നതും. ഇതൊന്നും എന്റെ വ്യക്തിപരമായ മേന്മയല്ല. കഴിവുകളല്ല. ചില നിമിത്തങ്ങളാണ്. ഒരര്‍ത്ഥത്തില്‍ നമ്മളെല്ലാം കേവലം ഉപകരണങ്ങള്‍ മാത്രമാണ് കുട്ടി..'

ഋഷ്യശൃംഗന്‍ ഇരുകരങ്ങളും ഉയര്‍ത്തി മുകളിലേക്ക് നോക്കി.

അടുത്തുളള ക്ഷേത്രത്തില്‍ നിന്നും ശംഖുനാദം ഉയര്‍ന്നു. ഋഷ്യശൃംഗന്റെ ചുണ്ടുകള്‍ മെല്ലെ ചലിച്ചു.

'സത്യം..!'

ശാന്ത വാക്കുകള്‍ നഷ്ടപ്പെട്ടവളെ പോലെ നിന്നു.

ദിവസങ്ങള്‍ പിന്നിട്ടിട്ടും ശാന്തയുടെ പിണക്കം മാഞ്ഞില്ല. അവള്‍ ഋഷ്യശൃംഗന്‍ ഉള്‍പ്പെടെ ആരോടും കാര്യമായി സംസാരിച്ചില്ല. ജീവനുളള ഒരു യന്ത്രം കണക്കെ ആയിരുന്നു അവളുടെ ഭാവഹാവാദികള്‍. എന്തൊക്കെ തത്ത്വം പറഞ്ഞാലും എല്ലാവരും ചേര്‍ന്ന് തന്നെ തോല്‍പ്പിക്കും പോലെയാണ് ശാന്തയ്ക്ക് തോന്നിയത്. പ്രവചനം സത്യമായി ഭവിച്ചാല്‍ കോസലയില്‍ നാല് ഉണ്ണികള്‍ പിറക്കും പോലും.bഅതില്‍ ഏറ്റവും കനിഷ്ഠസ്ഥാനീയയാണ് താന്‍. അങ്ങനെയുളള താന്‍ ചിത്രത്തിലില്ല. ചരിത്രത്തിലും...

പക്ഷെ ഇത് കാലത്തിന്റെ തിരിച്ചടിയാണെന്നും അവള്‍ക്ക് തോന്നി. തന്നെ നിരസിച്ചവര്‍ തന്റെ ഔദാര്യത്തിനായി അംഗദേശത്തിന്റെ പടികയറിയിറങ്ങേണ്ടി വന്നു. തന്റെ കഴുത്തില്‍ താലി ചാര്‍ത്തിയവന്റെ ഭിക്ഷയാണ് ഈ കുഞ്ഞുങ്ങള്‍. അദ്ദേഹത്തിന്റെ കരങ്ങള്‍ കൊണ്ട് നടന്ന ഈ യാഗം ഇല്ലായിരുന്നെങ്കില്‍ ലോകത്തിന് മുന്നില്‍ പരിഹാസ്യമായി ആജീവനാന്തം കഴിയുമായിരുന്നു ദശരഥനും ഭാര്യമാരും. അപ്പോള്‍ തന്റെയും ഋഷ്യശൃംഗന്റെയും കനിവിന്റെ ബാക്കിപത്രമായി ഈ പുത്രലബ്ധിയെ പൊതുസമൂഹം കാണും. അങ്ങനെ നോക്കിയാല്‍ ആത്യന്തികമായി ജയിച്ചു നില്‍ക്കുന്നത് താനാണ്. ഈ ശാന്തയാണ്. ആ അഹംബോധം നല്‍കിയ സമാശ്വാസവും ധൈര്യവും ആത്മവിശ്വാസവും ശാന്തയെ കൂടുതല്‍ കരുത്തുളളവളാക്കി.

കോസലയില്‍ നിന്നും ആദ്യം വന്നത് ഒരു ദൂതാണ്. പിന്നാലെ ദശരഥന്‍ നേരിട്ടു വന്ന് ഋഷ്യശൃംഗനെ കണ്ട് നന്ദി പറഞ്ഞു. അപ്പോഴും ശാന്ത ശയ്യാതലം വിട്ട് പുറത്തിറങ്ങിയില്ല. ആ മുഖം കാണില്ലെന്നത് അവളുടെ വാശിയായിരുന്നു. ഋഷ്യശൃംഗനില്‍ നിന്ന് തന്നെയാണ് അവള്‍ വിവരമറിഞ്ഞത്. ദശരഥന്റെ മൂന്ന് ഭാര്യമാരും ഗര്‍ഭവതികളായിരിക്കുന്നു പോലും. വര്‍ഷിണി ആഹ്‌ളാദം കൊണ്ട് തുളളിച്ചാടി. ചതുരംഗനെ എടുത്ത് വായുവിലേക്ക് ഉയര്‍ത്തി. ആനന്ദഗാനം പാടി. ലോമപാദനിലും ഉണ്ടായി അനല്‍പ്പമായ സന്തോഷം. ഈ മാറ്റത്തിന് താന്‍ കാരണക്കാരനായിരിക്കുന്നു. ഒരിക്കല്‍ തന്നെ സഹായിച്ച മനുഷ്യനെ തിരിച്ച് സഹായിക്കാന്‍ നിയതി അവസരമൊരുക്കിയിരിക്കുന്നു. അതിന് ഫലപ്രാപ്തിയുണ്ടായിരിക്കുന്നു.

ഋഷ്യശൃംഗന്‍ പതിവ് നിസംഗതയ്ക്കിടയിലും സംതൃപ്തിയോടെ മന്ദഹസിച്ചു. നന്ദി പ്രകടനം കഴിഞ്ഞ് ദശരഥന്‍ മടങ്ങിയപ്പോള്‍ വിശ്രമിക്കാനായി ഋഷ്യശൃംഗന്‍ ശയ്യാതലത്തില്‍ വന്നു. അയാളെ കണ്ട് സപ്രമഞ്ചക്കട്ടിലില്‍ നിന്നും ശാന്ത എണീറ്റു. അവളുടെ കണ്ണുകള്‍ കനല് പോലെ ജ്വലിച്ചു. മുഖം വിവര്‍ണ്ണമായിരുന്നു. കടുത്ത തെറ്റ് ചെയ്ത ഒരു കുഞ്ഞിനെ എന്ന പോലെ അവള്‍ അയാളെ നോക്കി. പിന്നെ തളര്‍ന്നതെങ്കിലും സുദൃഢമായ സ്വരത്തില്‍ ചോദിച്ചു.

'ഇനി എന്നാണ് എനിക്ക് ഒരു കുഞ്ഞിനെ തരിക? അതിന് എത്ര പുത്രകാമേഷ്ടികള്‍ വേണ്ടി വരും.. എത്ര..?'

അവസാനമെത്തിയപ്പോഴേക്കും എല്ലാ വീര്യവും ചോര്‍ന്ന് അവള്‍ ഉറക്കെ പൊട്ടിക്കരഞ്ഞു പോയി. പിന്നെ തളര്‍ന്ന് താഴേക്ക് വീഴാന്‍ ഒരുങ്ങി. ഋഷ്യശൃംഗന്‍ അവളെ തന്റെ കരങ്ങളില്‍ താങ്ങിപ്പിടിച്ചു.

പുറത്ത് വീണ്ടും മറ്റൊരു മഴ ആര്‍ത്തലച്ച് പെയ്തു.

(തുടരും)

Content Summary: Santha, Episode 14, Malayalam E Novel Written by Sajil Sreedhar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com