ADVERTISEMENT

അധ്യായം 17: വനവാസം

 

കാട്.

കാട്ടാളരുടെ കളിത്തട്ടായ കാട്. മൃഗങ്ങളുടെ വിഹാരഭൂവായ കാട്. ഹരിതഭംഗിയുടെയും തെളിനീരരുവികളുടെയും മടിത്തട്ടായ കാട്.

കാടിന്റെ ഹൃദയത്തിലൂടെ അവര്‍ നടന്നു, ഋഷ്യശൃംഗനും ശാന്തയും...

പിന്നില്‍ രഥങ്ങള്‍ മറഞ്ഞു. സൈന്ന്യം മറഞ്ഞു. അംഗദേശവുമായുളള എല്ലാ ബന്ധങ്ങളും മാഞ്ഞു. ഇനി ജീവനും ജീവിതവും ധ്യാനവും ജപവുമെല്ലാം ഈ ഘോരവനാന്തരമാണ്. പര്‍ണ്ണശാല അനാഥമായി കിടന്നു. ചമതയും ഹോമകുണ്ഡവും പാത്രങ്ങളും അനാഥമായിരുന്നു. അച്ഛന്റെ സാന്നിദ്ധ്യമറിഞ്ഞിട്ട് ഏറെ നാളായെന്ന് വ്യംഗ്യം. അവധൂതനാണ് അച്ഛന്‍. എവിടെയെന്ന് ആര്‍ക്കും നിശ്ചയിക്കുക വയ്യ. ചിലപ്പോള്‍ ഒരു ദീര്‍ഘദൂര യാത്ര കഴിഞ്ഞ് അവിചാരിതമായി മടങ്ങി വരാം. വരാതിരിക്കാം. ഒരിടത്തും സ്ഥായിയായി തങ്ങുന്നത് അച്ഛന്റെ ശീലമല്ല. ശാന്ത ആശ്രമത്തിനകവും പുറവും നിറംമങ്ങിയ പഴയ ചൂല് കൊണ്ട് അടിച്ചുവാരി. ഹോമകുണ്ഡം വൃത്തിയാക്കി

ചമതയും ദര്‍ഭയും ശേഖരിച്ചു. പൈക്കിടാങ്ങളെ കറന്ന് പാല്‍ കുടത്തിലാക്കി. ഒരു ഉത്തമകുടുംബിനിയുടെ ലക്ഷണങ്ങള്‍ക്കൊത്ത് ചരിക്കുന്നത് കണ്ട് ഋഷ്യശൃംഗന്‍ അകമേ സന്തോഷിച്ചു. കായ്കനികള്‍ ശേഖരിക്കാനായി അയാള്‍ മലയിറങ്ങി.

ആ ഏകാന്തതയില്‍ ശാന്ത സ്വന്തം ജീവിതത്തെക്കുറിച്ച് ആലോചിച്ചു. താപസയുടെ ജീവിതം തന്റെ വിദൂരസ്വപ്നങ്ങളില്‍ പോലും ഉണ്ടായിരുന്നില്ല. എല്ലാറ്റിനും കാരണം ജന്മം നല്‍കിയ മാതാപിതാക്കള്‍ തന്നെയാണ്. അയോദ്ധ്യയുടെ നെറുകയില്‍ ഒരു രാജകുമാരിയുടെ അഭിജാതലക്ഷണങ്ങളുമായി കഴിയേണ്ടവള്‍ ഇതാ ഭിക്ഷാടകയെ പോലെ വനവാസിനിയെ പോലെ കൊടുംകാട്ടില്‍ വന്യമൃഗങ്ങള്‍ക്ക് നടുവില്‍ പരിചാരകരില്ലാതെ ഏകയായി..

ശാന്തയ്ക്ക് കരച്ചില്‍ വന്നില്ല. ചിരിയും വന്നില്ല. വികാരങ്ങള്‍ അന്യമായ ഒരു മനോഭൂമികയുടെ നടുവിലായിരുന്നു അവള്‍..

കായ്കനികള്‍ ശേഖരിക്കാന്‍ മാത്രമായിരുന്നു ഋഷ്യശൃംഗന്‍ മലയിറങ്ങിയത്. പിന്നീട് അതും ശാന്തയുടെ ചുമതലയായി. സദാ സമയവും ജപമന്ത്രങ്ങളുമായി ധ്യാനനിരതനായി ഒരു ഭര്‍ത്താവ്. വിശക്കുമ്പോള്‍ ഭക്ഷണം. ദാഹിക്കുമ്പോള്‍ ജലം. ക്ഷീണിക്കുമ്പോള്‍ ഉറക്കം. ബാക്കിയുളള മുഴുവന്‍ സമയവും ഏകാഗ്രമായ കൊടുംതപസില്‍ ആനന്ദം കണ്ടു ഋഷ്യശൃംഗന്‍. ശാരീരികബന്ധം പോലും നിഷിദ്ധം. പാപം. ശാന്ത ഒരു നോക്കുകുത്തിയെ പോലെ സര്‍വതിനും സാക്ഷിയായി നിന്നു. ഭക്ഷണം പാകം ചെയ്യുകയും പരിസരം വൃത്തിയാക്കുകയും കായ്കനികള്‍ ശേഖരിക്കുകയും മാത്രമായിരുന്നു അവളുടെ ജോലി. മത്സ്യമാംസങ്ങള്‍ നിഷിദ്ധം. ഒന്ന് മിണ്ടിയും പറഞ്ഞും നേരം പോക്കാന്‍ പോലും ആരുമില്ല. മൃഗങ്ങളുടെ ഭാഷ അവള്‍ക്കറിയില്ല. സസ്യങ്ങളുടെ ഭാഷയും അറിയില്ല.

ശപിക്കപ്പെട്ട ഒരു ജന്മമാണ് തന്റേതെന്ന് മാത്രം അവള്‍ക്കറിയാം. വന്നു വന്ന് സംസാരം തീര്‍ത്തും ഇല്ലാതായി ഋഷ്യശൃംഗന്. അയാള്‍ ഒരു മെഴുകുപ്രതിമയാണെന്ന് ചില സന്ദര്‍ഭങ്ങളില്‍ അവള്‍ക്ക് തോന്നി. താനും സമാനാവസ്ഥയിലേക്ക് വഴിമാറുകയാണോയെന്ന് അവള്‍ ഭയന്നു.

കുറച്ചു ദിവസത്തേക്ക് അംഗദേശത്ത് പോയ് വരാമെന്ന് പറഞ്ഞിട്ട് അയാള്‍ സമ്മതിച്ചില്ല. താന്‍ തനിയെ പൊയ്‌ക്കോട്ടെയെന്ന ചോദ്യത്തിന് മറുപടിയുണ്ടായില്ല. വച്ചുവിളമ്പാനും ആഹാരം സംഘടിപ്പിക്കാനും വേതനരഹിതരായ പരിചാരകര്‍ വേറെയില്ലല്ലോ?

താന്‍ എന്നൊരു മനുഷ്യജീവി ഇവിടെയുണ്ടെന്ന പരിഗണന പോലും ഇല്ലാതായി. ഋഷ്യശൃംഗന്‍ അയാള്‍ക്ക് വിശന്നപ്പോള്‍ ഭക്ഷിച്ചു. അയാള്‍ക്ക് ദാഹിച്ചപ്പോള്‍ കുടിച്ചു.

നീ കഴിച്ചോ എന്ന് അയാള്‍ ഒരിക്കലും ചോദിച്ചില്ല. നിനക്ക് എന്തെങ്കിലും വേണോ? നിനക്ക് സന്തോഷമാണോയെന്ന് ചോദിച്ചില്ല.

'എനിക്ക് ഇതിന്റെ രുചി ഇഷ്ടമായില്ല. എനിക്ക് ഉറക്കം വരുന്നില്ല. എനിക്ക്..'

എല്ലാം എനിക്ക്. നീ എന്നൊരു അസ്തിത്വം തന്നെ ഈ ഭൂമിയില്‍ ഇല്ല എന്നതു പോലെയാണ് പെരുമാറുന്നത്. നിരാശയുടെ പാരമ്യതയില്‍ നിലകൊളളുന്ന ഒരു അഭിശപ്തബിന്ദുവാണ് താനെന്ന് ശാന്തയ്ക്ക് തോന്നി.

പരിഗണിക്കപ്പെടാത്ത ജന്മം. തിരിച്ചറിയപ്പെടാത്ത ജന്മം.

ആരും മനസിലാക്കാത്ത ഒരു മനുഷ്യാത്മാവ്?

ഒരിക്കല്‍ എല്ലാവരും ചോദിച്ചിരുന്നു. നിനക്കെന്താണ് കുറവ്?

മഹായശസ്വിയായ ദശരഥ മഹാരാജാവിന്റെ പുത്രിയായി ജനനം. അംഗരാജാവായ ലോമപാദന്റെ ദത്തുപുത്രിയായി ജീവിതം. ഋഷിവര്യനായ വിഭാണ്ഡകന്റെ പുത്രപത്‌നി. അംഗരാജ്യത്ത് മഴ പെയ്യിച്ച മഹാസിദ്ധന്‍ ഋഷ്യശൃംഗന്റെ ഭാര്യാപദം. 

പണം... സമ്പത്ത്... ജീവിതസൗകര്യങ്ങള്‍... അധികാരം... (ആര്‍ക്ക്?) എല്ലാം... എല്ലാം നിനക്കുണ്ട്?

സങ്കടങ്ങള്‍ നീ കല്‍പ്പിച്ചുകൂട്ടുന്ന മിഥ്യാസങ്കല്‍പ്പങ്ങള്‍...

പിന്നെ സ്വാതന്ത്ര്യം...

നീ പെണ്ണാണ്... നിനക്ക് അനുവദിക്കപ്പെടാത്ത ഒന്നാണ് സ്വാതന്ത്ര്യം..

പുരുഷന്റെ ചിറകിന്‍ കീഴില്‍ നിന്റെ സ്വാതന്ത്ര്യം അവസാനിക്കുന്നു  

പുരുഷന് വിനോദം പകരാനുളള ഉപകരണം മാത്രമാണ് പെണ്ണ്. ഒരു കേവലവസ്തു...

ഒന്ന് സങ്കടം പറയാന്‍ പോലും ഇപ്പോള്‍ ആരുമില്ല. സാന്ത്വനം നിറഞ്ഞ ഒരു വാക്ക്. ഒരു സ്‌നേഹസ്പര്‍ശം. മനോവിഭ്രാന്തിയുടെ കൂറ്റന്‍ മുതലകള്‍ ആക്രമിക്കാന്‍ ഒരുങ്ങുന്നതായി ശാന്തയ്ക്ക് തോന്നി. ജീവിതം കൈവിട്ട് പോവുകയാണ്. എല്ലാം അവസാനിക്കുകയാണ്.

ഒരു കുഞ്ഞിന് ജന്മം നല്‍കി അതിനെ മുലയൂട്ടി വളര്‍ത്താന്‍ കഴിയാതെ മരിച്ചു പോകാന്‍ വിധിക്കപ്പെട്ട ഒരു ദുര്‍ജന്മം. ശാന്ത...

അവള്‍ സ്വയം പരിതപിച്ചു. പുള്ളി മാനുകള്‍ അവളെ നോക്കി ചിരിച്ചു.

നോക്കൂ... ഞങ്ങള്‍ക്ക് പോലുമുണ്ട് നിന്നേക്കാള്‍ സ്വാതന്ത്ര്യം... നിന്നേക്കാള്‍ മെച്ചപ്പെട്ട ജീവിതാവസ്ഥ... നീ... നീ ആരാണ്? 

എന്താണ് നിന്റെ ജന്മോദ്ദേശ്യം? പ്രകൃതി എന്തിനാണ് നിന്നെ സൃഷ്ടിച്ചത്... ഇങ്ങനെ ഉരുകിയുരുകി മരിക്കാനോ... അതോ... 

ശാന്ത പാതിവഴിയില്‍ നിര്‍ത്തി. അയാള്‍ വീണ്ടും ഉറക്കെ വിളിക്കുന്നു.

ശാന്തേ... കുടിവെളളം കൊണ്ടുവരൂ...

ശാന്തേ ഭക്ഷണം കൊണ്ടുവരു...

ശാന്തേ... ശയ്യാതലം ഒരുക്കൂ..

ശാന്തേ പരിസരം വൃത്തിയാക്കൂ.

ആവശ്യങ്ങള്‍ക്ക് മാത്രമായ് ഒരു ശാന്ത. മനസ് മരവിച്ചു പോയ ശാന്ത. അസ്തിത്വം നഷ്ടമായ ഒരു ശാന്ത.

ഈ ഭൂമിയില്‍ ആ ശാന്തയ്ക്ക് എന്താണ് പ്രസക്തി? എന്താണ് സാംഗത്യം?

രാത്രിയാണെന്നത് പോലും മറന്ന് ജലം ശേഖരിക്കാനായി മലയിറങ്ങി നടക്കുമ്പോള്‍ പുഴവക്കില്‍ ചരിത്രാതീതകാലം മറന്നു വച്ചതു പോലെ ഒരു വയോവൃദ്ധ.

കനം തൂങ്ങുന്ന കാതുകള്‍. ചുക്കിച്ചുളിഞ്ഞ ചര്‍മ്മം, വിറയാര്‍ന്ന ശബ്ദം, മന്ഥരയേക്കാള്‍ കൂന്..

പുറംകാഴ്ചയില്‍ പാവത്തം തോന്നുമെങ്കിലും ഉള്‍ക്കരുത്തിന്റെ ആഴം ധ്വനിപ്പിക്കുന്ന കണ്ണുകള്‍... ഭാവം.

അവര്‍ക്ക് എന്തോ പറയാനുണ്ടെന്ന് അവള്‍ക്ക് തോന്നി.

'പറയൂ... മകളെ... എന്താണ് നിനക്കിത്ര ദുഖം? നിന്റെ മുഖം വിളിച്ചു പറയുന്നു ഒരു കടലോളം സങ്കടം ഉളളിലുണ്ടെന്ന്'

ശാന്ത അതുവരെയുളള ജീവിതം അവര്‍ക്ക് മുന്നില്‍ സംക്ഷേപിച്ചു. എല്ലാം സശ്രദ്ധം കേട്ടിരുന്ന ശേഷം വൃദ്ധ പ്രതിവചിച്ചു.

'കര്‍മ്മഫലം അനുഭവിക്കാതെ പോവില്ല ആരും... ഈ ജന്മത്ത് തന്നെ'

വനവാസം ഉള്‍പ്പെടെയുള്ള ദുരനുഭവങ്ങള്‍ ദശരഥന്റെ മകന്‍ അനുഭവിക്കുമെന്നും പുത്രദുഖം കൊണ്ട് അദ്ദേഹം നീറിനീറി മരിക്കുമെന്നും ശാന്തയുടെ ശാപം കുലത്തിന്റെ സ്വസ്ഥത കെടുത്തുമെന്നും വൃദ്ധ പറഞ്ഞു.

'ഇല്ല. മനസുകൊണ്ട് പോലും ശപിച്ചിട്ടില്ല ഞാന്‍... എല്ലാ വേദനകളും ഉളളില്‍ ഒതുക്കിയിട്ടേയുളളു'

'മതി... ഉളള് എന്നാല്‍ ആത്മാവ്. ആത്മശാപമാണ് പ്രധാനം. മനുഷ്യനായി പരിഗണിക്കാത്തവരോടും ക്ഷമിക്കാന്‍ തയ്യാറായ നിന്നോട് ചെയ്ത ദ്രോഹത്തിന്റെ ശിക്ഷ ഭയങ്കരമാണ് കുഞ്ഞേ...'

ഒടുവില്‍ അവര്‍ ഇങ്ങനെ കൂട്ടിച്ചേര്‍ത്തു. 'ആര്‍ക്കും സ്വസ്ഥത കിട്ടില്ല. ആര്‍ക്കും..'

അനുഗ്രഹവര്‍ഷം പോലെ അവര്‍ വലതുകരം ഉയര്‍ത്തി. ശാന്ത ശിരസ് കുനിച്ചു. വൃദ്ധ പുഞ്ചിരിച്ചു. ശാന്ത പതിയെ മുന്നോട്ട് ചുവടുകള്‍ വച്ചു. രണ്ടടി പിന്നിട്ട് തിരിഞ്ഞ് നോക്കി. ഒരിക്കല്‍ കൂടി കാണാന്‍ ആശ. ശാന്ത നടുങ്ങി. പിന്നില്‍ ശൂന്യമായ വഴികള്‍. അവിടെയെങ്ങും ജീവന്റെ അംശം പോലുമില്ല.

പിന്നെ അവര്‍ ഇതെവിടെ പോയി?

ആരായിരുന്നു ആ വൃദ്ധ..?

മനുഷ്യാതീതമായ ശക്തിയോ? അതോ അശാന്തമായ മനസിന്റെ ഭ്രമകല്‍പ്പനകളോ?

ഉത്തരമില്ലാതെ അവള്‍ കുഴങ്ങി.

ചില അനുഭവങ്ങള്‍ ജീവിതം പോലെയാണ്. കൃത്യമായ ഉത്തരങ്ങളില്ല. ശാന്ത യാത്രാഭംഗമുണ്ടാവാതെ നടന്നു. പാദങ്ങള്‍ കരിയിലകളില്‍ അമര്‍ന്നു. കാട് ചലനമറ്റ് നിന്നു. കണ്ണുകള്‍ ഇരുട്ടിനെ കീറി മുറിച്ചു. നിലാവ് വഴികാട്ടിയായി. ആ രാത്രിയും ഉറക്കം മുഖം തിരിച്ചപ്പോള്‍ ശാന്ത ആലോചനകളുടെ തിരകളെ കൂട്ടുപിടിച്ചു. ഋഷ്യശൃംഗന്‍ ഗാഢനിദ്രയിലാണ്. കൂര്‍ക്കംവലിയുടെ ശക്തി ഉറക്കത്തിന്റെ ആഴം വെളിവാക്കുന്നു. ആത്മനിന്ദയോടെ അവള്‍ ഓര്‍ത്തു.

ഒരു സ്ത്രീയ്ക്ക് ജീവിക്കാന്‍ പ്രണയത്തോടെയുളള ഒരു നോട്ടം മാത്രം മതി. ഏറിയാല്‍ ഒരു സ്‌നേഹചുംബനം. ഇവിടെ ഒന്നുമില്ല. മരുഭൂമി പോലെ ഊഷരമായ ജീവിതം. അനാഥമായി കടന്നു പോകുന്ന സമയരഥം. ഇനിയും ഒരു ശിലാതല്‍പ്പം പോലെ ജീവിക്കുന്നതില്‍ എന്താണ് അര്‍ത്ഥം?

ശാന്തയുടെ നിയോഗം ഇവിടെ അവസാനിക്കുകയാണ്. അംഗദേശത്ത് ഇനി താന്‍ ഒരു അനാവശ്യവസ്തുവാണ്. ചതുരംഗന്റെ സ്ഥാനാരോഹണത്തിന്റെ ഒരുക്കങ്ങള്‍ ഇപ്പോഴേ ലോമപാദന്റെ മനസില്‍ പൂര്‍ണ്ണമായി കഴിഞ്ഞു. ഋഷ്യശൃംഗന്‍ ഗാഢനിദ്രയിലാണ്ട സമയത്തിന്റെ പഴുതില്‍ ശാന്ത ശബ്ദമുണ്ടാക്കാതെ മെല്ലെ എണീറ്റു. പിന്നെ പുറത്തേക്ക് നടന്നു. മുന്നില്‍ വഴികള്‍ രണ്ടാണ്. ഒന്ന് കൊട്ടാരം സ്ഥിതി ചെയ്യുന്ന നഗരചത്വരത്തിലേക്കുളള വഴി. മറ്റൊന്ന് നിഗൂഢതയുടെ കളിത്തൊട്ടിലായ ഉള്‍ക്കാട്ടിലേക്കുളള വഴി. പുറംകാഴ്ചയില്‍ അത് അനിശ്ചിതത്വത്തിന്റെ വഴിയാണ്. മനുഷ്യമാംസം മനസില്‍ ചുരമാന്തുന്ന കാട്ടുമൃഗങ്ങള്‍. വന്യതയും ക്രൗര്യവും മേയുന്ന ഉള്‍ക്കാട്. ശാന്ത അമാന്തിച്ചു നിന്നില്ല.

മനുഷ്യരേക്കാള്‍ മനുഷ്യത്വപൂര്‍ണ്ണരാണ് മൃഗങ്ങള്‍. മൃഗീയതയില്‍ മാനുഷികതയുടെ അംശമുണ്ട്. തിളക്കമുണ്ട്. പ്രതീക്ഷകളോ നിരാശതകളോ ഇല്ലാത്ത ശൂന്യമായ മനസോടെ ശാന്ത പാദങ്ങള്‍ മുന്നോട്ട് വച്ചു. രാത്രി ഉറങ്ങി. മൗനം സാന്ദ്രമായി. കരിയിലകള്‍ ഞെരിയുന്ന ശബ്ദവും ചീവിടുകളുടെ സംഗീതവും ഒഴിച്ചാല്‍ കാട് മൗനത്തിന്റെ അഗാധതയിലാണ്. അവള്‍ നടന്നു. അവള്‍ക്കറിയാം ഈ നാടിന്റെ കാടിന്റെ അതിരുകള്‍ക്കപ്പുറം ദൂരെ... ദൂരെ... കണ്ണെത്താദൂരത്ത് എങ്ങോ ഒരാകാശമുണ്ട്.

മറ്റൊരാകാശം..!

സ്ത്രീയുടെ സത്വത്തിന് വിലകല്‍പ്പിക്കപ്പെടുന്ന ഒരു ആകാശം. പുലര്‍ച്ചെ ഉറക്കം മതിയാവാതെ ഋഷ്യശൃംഗന്‍ തിടുക്കപ്പെട്ട് ഉണര്‍ന്നു. ചമതയൊരുക്കണം. ബ്രാഹ്‌മമുഹൂര്‍ത്തത്തില്‍ ചില കര്‍മ്മങ്ങളുണ്ട്. സഹശയനം ചെയ്ത ശാന്തയെ കണ്ടില്ല. ജലം ശേഖരിക്കണം. പുജാദ്രവ്യങ്ങള്‍ ഒരുക്കണം. അയാള്‍ പുറത്തിറങ്ങി ചുറ്റും നോക്കി. അവിടെയെങ്ങും ശാന്തയില്ല. അയാള്‍ ഉറക്കെ വിളിച്ചു.

ശാന്തേ...

മലമടക്കുകളില്‍ തട്ടി അതിന് മറുവിളിയുണ്ടായി..

പ്രതിദ്ധ്വനികള്‍ മാത്രം..

ഋഷ്യശൃംഗന്‍ വീണ്ടും വിളിച്ചു.

ശാന്തേ... ശാന്തേ... ശാന്തേ... 

പുലര്‍ച്ചയുടെ ഇരുളില്‍ കാടിന്റെ വന്യതയില്‍ അയാള്‍ ഒരു നിഴല്‍രൂപം പോലെ നിന്നു.

ശാന്ത അതിജീവനത്തിന്റെ ആഴങ്ങളില്‍ ഒരു അദൃശ്യസാന്നിദ്ധ്യമായി.

(അവസാനിച്ചു)

Content Highlights: E-novel Santha Episode 17 | Last Episode Santha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com