മീൻ കഴിച്ച് മരണം വരിച്ചവർ, അരിയുണ്ട് അസ്ഥി ഒടിഞ്ഞവർ; ഡോ. മാത്യു കോശിക്ക് പറയാനുള്ളത്

Prof-Dr.Mathew-Koshy-Punnackad
ഡോ. മാത്യു കോശി പുന്നക്കാട്
SHARE

രാസവസ്തുക്കൾ പ്രകൃതിയിൽ വരുത്തുന്ന ദോഷഫലങ്ങളെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തുകയും ഇരുപത്തിയാറ് പരിസ്ഥിതി പുസ്തകങ്ങൾ എഴുതുകയും ചെയ്ത ഡോ. മാത്യു കോശി പുന്നക്കാട് മനോരമ ഓൺലൈനോട് മനസ്സ് തുറക്കുന്നു.

കെമിസ്ട്രി അധ്യാപകനായിരുന്ന പ്രഫ. മാത്യു കോശി പരിസ്ഥിതിപഠനത്തിലേക്കു തിരിഞ്ഞത് ഒരു ജപ്പാൻ യാത്രയ്ക്കു ശേഷമായിരുന്നു. ഭക്ഷണത്തിൽ കലർന്ന രാസപദാർഥങ്ങള്‍ മനുഷ്യരുടെ ജീവനെടുക്കുകയും നിത്യരോഗികളാക്കുകയും ചെയ്തത് നേരിൽക്കണ്ടു മനസ്സിലാക്കിയതോടെ രാസവസ്തുക്കൾ പരിസ്ഥിതിയിൽ വരുത്തുന്ന ദുരന്തങ്ങൾ പഠിക്കേണ്ടതാണെന്ന് പ്രഫ. മാത്യു കോശി തീരുമാനിച്ചു.

മീൻ കഴിച്ച് മരണം വരിച്ചവർ

മീൻ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവരാണ് ജപ്പാൻകാർ. ജപ്പാനിലെ മിനമാത എന്ന സ്ഥലത്തെ ആളുകൾക്ക് ഒരു അപൂർവ രോഗം ബാധിച്ചു. കയ്യുംകാലും മരവിക്കുക, തളർന്നു പോവുക തുടങ്ങിയവയൊക്കെയാണ് ലക്ഷണങ്ങൾ. അങ്ങനെ നൂറുകണക്കിന് ആളുകൾ മരിച്ചിട്ടും അവർക്ക് രോഗം എന്തെന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. കടലിൽ വ്യാപകമായി മീൻ ചത്തുപൊങ്ങാൻ തുടങ്ങി. അതു കഴിച്ച പൂച്ചകളും ചത്തൊടുങ്ങി. 

പത്തു വർഷത്തോളം നീണ്ട പഠനങ്ങൾക്കൊടുവിലാണ് രോഗകാരണം കണ്ടുപിടിക്കപ്പെട്ടത്. കടലിൽ വലിയതോതിൽ മെർക്കുറി കലരുകയും ഓർഗാനിക്ക് മെർക്കുറി രൂപം കൊള്ളുകയും ചെയ്തു. മീന്‍ അത് ഭക്ഷിക്കുകയും മീൻവഴി മനുഷ്യശരീരത്തിലും ഈ ഓർഗാനിക്ക് മെർക്കുറി എത്തിചേർന്നു. ഓർഗാനിക്ക് മെർക്കുറി മനുഷ്യശരീരത്തിൽ എത്തിയാൽ നാഡീവ്യൂഹം തളരും. അതിന്റെ ഫലമായി കൈകാലുകളിൽ തളർച്ച അനുഭവപ്പെടും. ഇത് അളവിൽ കൂടുതലായാൽ ആള് മരിക്കും. നൂറുകണക്കിന് ആളുകൾക്കാണ് മിനമാതയിൽ ഇങ്ങനെ ജീവൻ നഷ്ടപ്പെട്ടത്.  

JAPAN-MINAMATA/VICTIMS
മിനമതാ, ഒരു നേർകാഴ്ച – Photo KIM KYUNG-HOON / Reuters

കയ്യും കാലും തളർന്നവരെ മിനമാതാ റിഹാബിലറ്റേഷൻ സെന്ററിൽ പ്രവേശിച്ചു. സംഭവം നടന്ന് ഇരുപത്തഞ്ച് വർഷങ്ങൾക്കു ശേഷം 1989 ൽ ഞാൻ അവിടെ ചെല്ലുമ്പോഴും, ഗർഭിണിയായിരിക്കെ മീൻ കഴിച്ച സ്ത്രീകൾക്ക് പിറന്ന കയ്യുംകാലും തളർന്ന കുഞ്ഞുങ്ങൾ ഉൾപ്പെടെ നിരവധി ആളുകളെ ഞാനവിടെ കണ്ടു. ഈ ദൃശ്യങ്ങൾ എന്റെ മനസ്സിൽ തട്ടി. പിന്നീട് മിനമാത സ്ഥലത്തിന്റെ പേരിൽ ആ രോഗവും അറിയപ്പെട്ടു.

അരിയുണ്ട് അസ്ഥി ഒടിഞ്ഞവർ 

ജപ്പാനിൽത്തന്നെ മറ്റൊരു സ്ഥലത്ത് ഫാക്ടറിയിൽനിന്ന് പുറംന്തള്ളിയ കാഡ്മിയം ഒരു നദിയിലേക്ക് ഒഴുകി. നദിയിലെ വെള്ളം നെൽപാടങ്ങളിൽ കൃഷിക്കായി ഉപയോഗിച്ചു. അങ്ങനെ ആ നെൽപാടത്തുനിന്നു കൊയ്യുന്ന നെല്ലുകളിലും കാഡ്മിയത്തിന്റെ സാന്നിധ്യം എത്തി. 

ആ നെല്ലിൽ നിന്നുള്ള അരി ഉപയോഗിച്ചവരുടെ ശരീരത്തിലും കാഡ്മിയം എത്തിച്ചേർന്നു. കാഡ്മിയം ശരീരത്തിൽ എത്തിയാൽ അസ്ഥിയിലെ കാൽസ്യത്തിന്റെ അളവ് കുറയ്ക്കുകയും അവിടെ കാഡ്മിയം ഇടം പിടിക്കുകയും ചെയ്യും. അസ്ഥിക്കു ബലം കിട്ടുന്നതിന് സഹായിക്കുന്നത് കാൽസ്യമാണ്. പകരം കാഡ്മിയം ആകുമ്പോൾ അസ്ഥികൾ വളയാനും ഒടിയാനും തുടങ്ങും. ഈ അവസ്ഥ ‘ഇതായ് ഇതായ്’ രോഗം എന്ന് അറിയപ്പെടുന്നു.

ജൈവമാലിന്യങ്ങളുടെ പമ്പ, രാസമാലിന്യങ്ങളുടെ പെരിയാർ

രണ്ടു രോഗങ്ങൾക്കും കാരണം ജലമലിനീകരണമാണ്. അങ്ങനെയാണ് ജലമലിനീകരണത്തെ കുറിച്ച് കൂടുതൽ പഠിക്കാൻ തീരുമാനിച്ചത്. കേരളത്തിലെ നദികളിലെ മാലിന്യത്തെകുറിച്ചു പഠിച്ചു. പമ്പാനദിയിലെ മാലിന്യത്തെ കുറിച്ച് ഗവേഷണം നടത്തി. ഈ വിഷയത്തിൽ ഡോക്ടറേറ്റ് എടുത്തു. ‘ദ് കെമിസ്ട്രി ഓഫ് എ റിവർ’ എന്ന പിഎച്ച്ഡി തീസിസ് ‍പബ്ലിഷ് ചെയ്തിട്ടുണ്ട്.

പമ്പാ ഗവേഷണത്തിനായി ത്രിവേണി മുതൽ തകഴി വരെയുള്ള വെള്ളവും മണ്ണും പരിശോധിച്ചു. പമ്പയുടെ പ്രധാന പ്രശ്നം രാസമലിനീകരണമല്ല, ജൈവമലിനീകരണമാണ്. ചാലക്കുടിപ്പുഴയുടെയും പെരിയാറിന്റെയും പ്രശ്നം രാസമലിനീകരണമാണ്. രാസമലിനീകരണം കൂടുതല്‍ കാലം നിലനിൽക്കും ജൈവമിലനീകരണം ശ്രദ്ധിച്ചാൽ കുറയ്ക്കാം. 

വിസർജ്യങ്ങൾ ഭക്ഷണാവശിഷ്ടങ്ങൾ തുടങ്ങിയവയൊക്കെ ജലത്തിൽ കലരുന്നതാണ് ജൈവമാലിന്യത്തിന് പ്രധാന കാരണം. മനുഷ്യരുടെയും മറ്റ് ജീവികളുടെയും ആമാശയത്തിലുള്ള പ്രയോജനകരമായ ഒരു ബാക്ടീരിയയാണ് കോളിഫോം. ഇവ ദോഷകരമല്ലെങ്കിലും ഇവയുടെ കൂടെ കാണപ്പെടുന്ന Cryptosporidum, Giardia എന്നിവ അപകടകാരികളാണ്. കേരളത്തിൽ പമ്പാ നദിയിലാണ് ഏറ്റവും കൂടുതൽ കോളിഫോം ബാക്ടീരിയ ഉള്ളത്. ലക്ഷകണക്കിന് ആളുകൾ വന്നുപോകുന്ന ഇടമാണ് ശബരിമല. ഇത്രയേറെ ആളുകൾ വന്നുപോകുന്ന ഒരു സ്ഥലത്ത് പ്രാഥമിക ആവശ്യങ്ങൾക്ക് ചെയ്തുകൊടുക്കുന്ന ക്രമീകരണങ്ങൾ ഫലപ്രദമാകണമെന്നില്ല. ഇതും ജൈവമലനീകരണത്തിന് കാരണമാകുന്നു.

രാമച്ചം എന്ന പരിഹാരം

ജൈവമലിനീകരണം കുറയ്ക്കാനുള്ള ഏറ്റവും നല്ല മാർഗം രാമച്ചമാണ്. മൂന്ന് മീറ്ററാണ് രാമച്ചത്തിന്റെ വേരിന്റെ നീളം. വെള്ളം ഭൂമിയിലേക്ക് താഴ്ത്താൻ ഏറ്റവും നല്ലൊരു മാർഗമാണ് രാമച്ചം. ഓസ്ട്രേലിയ, വെനസ്വല, ആഫ്രിക്കൻ രാജ്യങ്ങൾ തുടങ്ങി പതിനഞ്ച് രാജ്യങ്ങൾ ജലം ഭൂമിയിലേക്കിറക്കി ഭൂഗർഭജലശേഖരം വർധിപ്പിക്കാനും മണ്ണിടിച്ചിൽ തടയാനും തിട്ടകൾ ഇടിയാതിരിക്കാനുമായി രാമച്ചം വളർത്തുന്നുണ്ട്. 

എന്നാൽ ഇന്ത്യയിൽ  ശരിയായ രീതിയിൽ രാമച്ചത്തിന്റ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നില്ല. അറുപത് വർഷമാണ് രാമച്ചത്തിന്റെ ആയുസ്സ്. അതുകൊണ്ടുതന്നെ രാമച്ചം കൊണ്ടു തിട്ട കെട്ടിയാൽ അത് കാലങ്ങളോളം നിലനിൽക്കും. ഇതുകൊണ്ട് മൂന്ന് ഗുണങ്ങൾ ഉണ്ട്. രാമച്ചത്തിന്റെ വേരുകൾ വെള്ളം തടഞ്ഞു നിർത്തും. മണ്ണൊലിപ്പ് തടയും, വെള്ളം മണ്ണിലേയ്ക്ക് താഴാൻ സഹായിക്കും. 

ഇങ്ങനെ അങ്ങോളമിങ്ങോളം രാമച്ചം നട്ടുപിടിപ്പിച്ച് പമ്പയുടെ തീരം നമ്മുക്ക് സംരക്ഷിക്കാൻ കഴിയും. ജലത്തിലെ മലിനീകരണ തോത് കുറയ്ക്കാന്‍ കഴിയും. നിർഭാഗ്യവശാൽ നമ്മുടെ നാട്ടിൽ ആളുകൾ നദീതടം കല്ലുകൊണ്ട് കയ്യാലകെട്ടി സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്.. 

ക്രിസ്ത്യൻ സഭകളിൽ പരിസ്ഥിതി അവബോധം വളർത്തുന്നതിനുള്ള ശ്രമങ്ങൾ

ക്രിസ്ത്യൻ സഭകളിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനായി 1990 കൾ മുതൽ ഞാൻ പരിശ്രമിച്ചു തുടങ്ങി. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് വിവിധ ക്രൈസ്തവ സഭകളിൽ പ്രസംഗിച്ചു. എങ്കിലും പ്രതീക്ഷിച്ച ഫലം ലഭിച്ചില്ല. 

the-green-god-of-the-bible

പിന്നീട് സിഎസ്ഐ സഭയുടെ പരിസ്ഥിതി വിഭാഗത്തിന്റെ തലപ്പത്തേക്ക് എന്നെ നോമിനേറ്റ് ചെയ്തു. അവിടെയിരുന്ന് നല്ലൊരു പരിസ്ഥിതി സംസ്കാരം രൂപപ്പെടുത്താനായി പ്രയത്നിക്കാൻ അവസരം കിട്ടി. സിഎസ്ഐ സഭയുടെ പരിസ്ഥിതിപ്രവർത്തനങ്ങൾക്ക് 2009 ൽ ഐക്യരാഷ്ട്ര സംഘടനയുടെ അംഗീകാരം തേടിയെത്തി. 2007 ൽ സ്പെയ്നിൽ യുനെസ്കോയ്ക്ക് വേണ്ടി ക്ലാസ് എടുത്തു. 2019 ൽ ഫോർത്ത് എൻവയോൺമെന്റ് അസംബ്ളിയിൽ സംസാരിക്കാൻ അവസരം ലഭിച്ചു. അങ്ങനെ പതിനാറോളം രാജ്യങ്ങളിൽ പരിസ്ഥിതി ദൈവശാസ്ത്രത്തെ കുറിച്ച് ക്ലാസ് എടുക്കാൻ സാധിച്ചു. 

ദ് ഗ്രീൻ ഗോഡ് ഓഫ് ബൈബിൾ

എന്റെ ഇരുപത്തിയാറാമത്തെ പരിസ്ഥിതി പുസ്തകമാണ് ‘ദ ഗ്രീൻ ഗോഡ് ഓഫ് ബൈബിൾ’. വേദപുസ്തകത്തിൽ കൃത്യമായ പരിസ്ഥിതി ദർശനങ്ങൾ ഉണ്ടെന്നും അത് സാധാരണക്കാരായ ഓരോ വിശ്വാസിയും അറിഞ്ഞിരിക്കണമെന്നുമുള്ള ആഗ്രഹത്തിൽ നിന്നാണ് ദ് ഗ്രീൻ ഗോഡ് ഓഫ് ബൈബിൾ എന്ന പുസ്തകം പിറക്കുന്നത്. ഓരോ വായനക്കാരിലും എറ്റവും ലളിതമായി പരിസ്ഥിതി ദർശനം എത്തിക്കുവാനായി ഗ്രാഫിക് രീതിയിലാണ് പുസ്തകം രൂപകല്പന ചെയ്തിരിക്കുന്നത്.  

ശാസ്ത്രവും പരിസ്ഥിതിയും വേദപുസ്തകവും സംയോജിപ്പിച്ചുള്ള ഒരു ഹരിത ദൈവശാത്രപുസ്തകമാണിത്. പരിസ്ഥിതിയും വേദപുസ്തകവുമായുള്ള ബന്ധം പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെകുറിച്ച് വിശ്വാസികളെ കൂടുതൽ ബോധവാന്മാരാക്കുമെന്നാണ് എന്റെ വിശ്വാസം.

the-green-god-of-the-bible-1

വേദപുസ്തകം അറിയാവുന്ന ഒരാൾ ഈ പുസ്തകത്തിലൂടെ കടന്നു പോകുമ്പോൾ വളരെ കൃത്യമായി പരിസ്ഥിതിയെ കുറിച്ചുള്ള ഒരു അവബോധവും അവരിൽ എത്തും. 

കൂടുതൽ പഠനങ്ങൾക്കും ചർച്ചകൾക്കുമായി പുസ്തകം സിഎസ്ഐ സഭയിലെ 3500 വൈദികർക്കും 1500 ഹരിത അധ്യാപകർക്കും നൽകുവാനായി 24 മഹായിടവക കേന്ദ്രങ്ങളിലും എത്തിച്ചു കഴിഞ്ഞു. 

ആളുകൾ അറിയണം, പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത

ഇന്ന് ലോകം നേരിടുന്ന പല പ്രശ്നങ്ങളുടെയും അടിസ്ഥാനം പരിസ്ഥിതിയെ വേണ്ടരീതിയിൽ പഠിക്കാത്തതും പരിപാലിക്കാത്തതുമാണ്. അപ്രതീക്ഷിത സമയത്തെ വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് തുടങ്ങി പലതരത്തിലുള്ള പ്രകൃതി ദുരന്തങ്ങളുടെയൊക്കെ അടിസ്ഥാന കാരണം ആഗോള താപനമാണ്. 

ഇനി വരാനിരിക്കുന്നത് ഇതിലും ഗുരുതരമായ അവസ്ഥയാണ്. ചൂട് കൂടും, കാലാവസ്ഥാ വ്യതിയാനം ഉണ്ടാകും, ജനിതകഘടനയിൽ മാറ്റം വന്ന പുതിയ വൈറസുകൾ ഉണ്ടാകും. ഇങ്ങനെ കാര്യങ്ങൾ കൂടുതൽ മോശമാകാതിരിക്കാൻ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ആവശ്യമാണെന്ന് വികസിത രാജ്യങ്ങൾ മനസ്സിലാക്കണം, വികസ്വര രാജ്യങ്ങൾ മനസ്സിലാക്കണം. ഓരോ വ്യക്തിയും മനസ്സിലാക്കണം. പ്രകൃതിക്ക് അനുകൂലമായ ഒരു ജീവിതരീതിയും സാമ്പത്തിക ക്രമങ്ങളും നമ്മൾ രൂപപ്പെടുത്തി എടുക്കണം.

English Summary: Dr Mathew Koshy Punnackadu speaks about impact of chemical substances in the environment

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;