മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആദ്യ നാടകം, മികച്ച നടൻ; അരങ്ങിലെ അരനൂറ്റാണ്ട്

HIGHLIGHTS
  • അഞ്ചു പതിറ്റാണ്ട് നീണ്ട നാടകജീവിതത്തെപ്പറ്റി ലക്ഷ്മി മംഗലത്ത്
Lakshmi Mangalath
ലക്ഷ്മി മംഗലത്ത്
SHARE

മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ‘ദ്രുവകുമാരൻ’ എന്ന നാടകത്തിലെ ഉത്തമൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അടൂർ മൂന്നാളം സ്വദേശി ലക്ഷ്മി മംഗലത്ത് അരങ്ങിലെത്തുന്നത്. ‘ഉത്തമനായിട്ട് അഭിനയിച്ച കുട്ടി ഉത്തമൻ തന്നെ’ എന്നു പറഞ്ഞുകൊണ്ട് ആദ്യ നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സമ്മാനവും ലഭിച്ചു. അഞ്ചു പതിറ്റാണ്ട് നീണ്ട നാടകജീവിതത്തിലെ ഏടുകൾ  മനോരമയുമായി പങ്കുവയ്ക്കുകയാണ് 72കാരനായ ഈ കലാകാരൻ. 

ജീവിതം തന്നെ നാടകം 

8–ാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആദ്യത്തെ നാടകം എഴുതി സംവിധാനം ചെയ്തു. അയൽപക്കത്തെ വീട്ടിലെ ക്രൂരയായ രണ്ടാനമ്മയുടെ പീഡനത്തിനിരയാകുന്ന കുട്ടികളുടെ ചിത്രം മനസ്സിൽ നിന്ന് മായാതെ നിന്നിരുന്നു. ഒരു ദിവസം രാവിലെ അവിടത്തെ കുട്ടി വീട്ടിൽ വന്ന് അമ്മയോട് വിഷമാവസ്ഥ പറഞ്ഞപ്പോൾ ദുഃഖം തോന്നി. നാടകം എഴുതാൻ ഈ വിഷയം തന്നെ തിരഞ്ഞെടുത്തു. അത് നല്ലരീതിയിൽ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ ആ നാടകത്തിൽ കഥാപാത്രങ്ങൾക്ക് യഥാർഥ പേരുകളാണ് നൽകിയത്. അത് ആ സ്ത്രീയെ വിഷമിപ്പിച്ചു. അവർ അമ്മയുടെ അടുത്തുവന്നു പരാതി പറയുകയും ചെയ്തിരുന്നു. നാടകങ്ങളിൽ ജീവിതകഥകളെ അവതരിപ്പിക്കാൻ ശ്രദ്ധിച്ചിരുന്നു. 

കമ്യൂണിസം, നാടകം 

രണ്ടര വയസ്സുള്ളപ്പോഴാണ് അച്ഛൻ മരിക്കുന്നത്. പിന്നീട് അമ്മാവന്മാരുടെ കൂടെയാണ് ജീവിച്ചത്. അവർ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ വിശ്വസിക്കുന്നവരായിരുന്നു. വിപ്ലവ നാടകങ്ങളിൽ സജീവമായി പ്രവർത്തിച്ചു. ദേശാഭിവൃത്തിനി യുവജന സംഘടനയ്ക്കുവേണ്ടി നാടകങ്ങൾ രചിച്ചു. ഈ നാടകങ്ങളുടെ പരിശീലനം നടന്നിരുന്നത് വീട്ടിലായിരുന്നു. തോപ്പിൽ ഭാസിയുടെ നാടകങ്ങളായിരുന്നു അവർ തിരഞ്ഞെടുത്തിരുന്നത്. 

ഓർമകളിൽ തോപ്പിൽ ഭാസി 

പുരോഗമന കലാസാഹിത്യ സംഘത്തിന്റെ അടൂർ താലൂക്ക് സെക്രട്ടറിയായി പ്രവർത്തിക്കുന്ന കാലത്ത് ശാസ്താംകോട്ടയിൽവച്ചു നടന്ന നാടകക്കളരിയിൽ പങ്കെടുത്തിരുന്നു. അന്ന് ക്ലാസ്സുകൾ നയിക്കുന്നതിനായി തോപ്പിൽ ഭാസിയുമുണ്ടായിരുന്നു. അദ്ദേഹം നാടകമുഹൂർത്തം എന്താണെന്നു പറഞ്ഞു തന്നത് ഇപ്പോഴും മനസ്സിലുണ്ട്. ‘നാടക മുഹൂർത്തം എന്താണെന്ന് വിശദീകരിക്കാൻ എനിക്കറിയില്ല. എങ്കിലും അതെന്താണെന്ന് ഉദാഹരണത്തിലൂടെ അവതരിപ്പിക്കാൻ കഴിയും’– എന്നു പറഞ്ഞ് അദ്ദേഹത്തിന്റെ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ നാടകത്തിലെ പരമുപിള്ള എന്ന കഥാപാത്രം രൂപപ്പെട്ട സാഹചര്യം വിശദീകരിച്ചു. അദ്ദേഹം ഒളിവിലായിരുന്ന കാലത്ത് താമസിച്ച ഒരു തറവാട്ടിൽ നിന്നാണ് പരമുപിള്ളയെ കണ്ടെത്തുന്നത്. ദാഹിച്ചുവലഞ്ഞ ഭാസി വെള്ളം ചോദിച്ചത് മുറ്റത്ത് ചാണകം ഉണക്കിക്കൊണ്ടിരുന്ന പരമുപിള്ളയോടായിരുന്നു. മറ്റാരെയും കാണാത്തതിനാൽ അയാൾ സ്വയം കഞ്ഞിവെള്ളം കൊണ്ടുവന്നു കൊടുത്തു. വെള്ളം കുടിച്ചപ്പോൾ തൊണ്ടയിൽ കുടുങ്ങി. പരമുപിള്ള ഇതുകണ്ട് മൺപാത്രത്തിലെ വെള്ളത്തിൽ കൈകഴുകാതെ വിരലിട്ടിളക്കി. ഈ സന്ദർഭത്തിൽ നിന്നാണ് പരമുപിള്ള എന്ന കഥാപാത്രം പിറവികൊണ്ടത്. 

ഒളിവിൽ കഴിയുമ്പോൾ ഇടംകയ്യിൽ കഠാര പിടിച്ച് വലംകൈ കൊണ്ടായിരുന്നു നാടകം എഴുതിയിരുന്നതെന്ന് ഭാസി പറഞ്ഞത് ഇപ്പോഴും മനസ്സിലുണ്ട്. 

നാടകം, പരിവർത്തനം 

നാടകരംഗം ഇന്ന് മാറ്റങ്ങൾക്കു വിധേയപ്പെട്ടുകൊണ്ടിരിക്കുകയാണ്. വി.ടി. ഭട്ടതിരിപ്പാടിന്റെ ‘അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്’ പോലുള്ള നാടകങ്ങൾ സാമൂഹിക പരിഷ്കരണത്തിൽ വലിയ പങ്കുവഹിച്ചതാണ്. എന്നാൽ ഇന്ന് നാടകങ്ങൾ ഉത്സവപ്പറമ്പുകളെ ഹരം പിടിപ്പിക്കാനുള്ളതായി മാറുകയാണ്. നാടകത്തിന്റെ അവസാന രംഗവും കഴിഞ്ഞ് തിരശ്ശീല വീഴുമ്പോഴും അവസാനിക്കാത്ത മാനസിക പരിവർത്തനം നടത്താൻ നാടകങ്ങൾക്കാകണം. 

പ്രധാന കൃതികൾ

അഭയാർഥി, ബോധിയാത്ര, വിഷാദഗീതം, തമ്പുരാന്റെ ഉടവാൾ, നാടകക്കൂട്ടം, ദ്വാരക, പെയ്തൊഴിയാത്ത മേഘങ്ങൾ, തീരം തേടുന്നവർ, മൗനം വാചാലം, മന്ദര, കരയുന്ന കാട്ടരുവി തുടങ്ങി ഒട്ടേറെ നാടകങ്ങൾ രചിച്ചിട്ടുണ്ട്. വിഷാദഗീതത്തിന് അഖില കേരള അമച്വർ നാടകോത്സവത്തിൽ 5 പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. നാടകക്കൂട്ടം ആകാശവാണിയിലെ ബാലലോകം പരിപാടിയിൽ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. 

കുടുംബം 

ഭാര്യ ലീലാ ലക്ഷ്മി മംഗലത്ത് റിട്ട. അധ്യാപികയാണ്. മക്കൾ പ്രവീൺ ഭാസ്കർ (ഗ്രാഫിക് ഡിസൈനർ), നവീൻ ഭാസ്കർ (തിരക്കഥാകൃത്ത്). 

English Summary: Talk with drama actor Lakshmi Mangalath

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA
;