ADVERTISEMENT

പ്രഫഷനൽ ജോലികളിൽനിന്നു നിരവധി പേർ സാഹിത്യ ലോകത്തിലേക്ക് വരുന്നു എന്നത് സത്യമാണ്. പണ്ട് അത്തരക്കാരുടെ എണ്ണം വളരെക്കുറവായിരുന്നെങ്കിൽ ഇന്ന് കണക്കെഴുത്തും ബിസിനസും പഠിച്ചതിനു പിന്നാലെയാണ് അക്ഷരങ്ങളുടെ ലോകവും ഒപ്പം വേണ്ടതെന്ന ബോധ്യം അവർക്കുണ്ടാകുന്നത്. ബാങ്കിങ് മേഖലയിൽനിന്ന് എഴുത്തിലേക്കു വന്നവർ നിരവധിയാണ്, എഴുതാനുള്ള ആഴത്തിലുള്ള ആഗ്രഹമാണ് അവരുടെ മുടക്കുമുതൽ. അത്തരത്തിൽ ഏറ്റവും പുതിയതായി അക്ഷരങ്ങൾകൊണ്ട് വായനക്കാരിലേക്ക് വന്ന എഴുത്തുകാരനാണ് വിനീത് തൂണോലി. ‘ഓർനെറ്റ് ക്ളോക്ക്’ എന്ന ക്രൈം ത്രില്ലർ വിനീത് ഇംഗ്ലിഷിലാണ് എഴുതിയത്. ആമസോണിൽ ഏറ്റവും മികച്ച രീതിയിൽ ഇപ്പോഴും പുസ്തകം വിറ്റഴിക്കപ്പെടുകയും റിവ്യൂ ലഭിക്കുകയും ചെയ്യുന്നു. മലയാളികളായ ഇംഗ്ലിഷ് എഴുത്തുകാർ ഒരുപാട് വരുന്ന സമയം കൂടിയാണ്. അതുകൊണ്ടുതന്നെ വിനീത് നന്നായി ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. 

 

എഴുത്ത് ചെറുപ്പം മുതലേ...

 

അങ്ങനെ പ്രത്യേകിച്ച് കാരണമില്ല. കഥകള്‍ മെനഞ്ഞെടുക്കുവാനുള്ള താല്പര്യം ചെറുപ്പം തൊട്ടുള്ളതാണ്. എന്നാൽ മിക്കവാറും അത് മനസ്സില്‍ സൂക്ഷിച്ചു വയ്ക്കും. വല്ലപ്പോഴും സുഹൃത്തുക്കളുമായി പങ്ക് വയ്ക്കും. ഈയടുത്ത കാലയളവിലാണ് കഥകള്‍ എഴുതാനുള്ള തീരുമാനം ഞാന്‍ എടുത്തത്. എന്റെ എഴുത്തിലേക്കുള്ള യാത്രയുടെ തുടക്കത്തില്‍ ഞാന്‍ എഴുതിയത് മറ്റൊരു കഥയായിരുന്നു. അത് വായിക്കുവാനായി ഞാന്‍ എന്റെ സഹോദരന് കൊടുത്തിരുന്നു. ചില തിരുത്തലുകള്‍ അവന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് ശേഷമാണ് ‘ഓർനെറ്റ് ക്ളോക്ക്’ എഴുതുവാന്‍ ആരംഭിച്ചത്.

 

ബാങ്കിലെ ജോലിക്കിടയില്‍ എഴുത്ത് വളരെ ബുദ്ധിമുട്ടു തന്നെയാണ് രാത്രി വളരെ വൈകിയാണ് വീട്ടിലെത്താറ്. പിന്നീട് 11 മണി തൊട്ട് ഒരു മണി വരെ ചിലപ്പോള്‍ രണ്ടു മണിവരെ ആണ് എഴുത്തിനായി ചെലവഴിക്കാറ്.

 

Ornate-Clock

ജോലി ആവശ്യത്തിനായി മാറിത്താമസിക്കുന്നതുകൊണ്ട് കുടുംബം കൂടെ ഇല്ല. അതുകൊണ്ട് എന്നെ സംബന്ധിച്ചിടത്തോളം എഴുത്ത് നല്ല ഒരു നേരംപോക്കു കൂടിയാണ്. 

 

അപ്രതീക്ഷിതമായ ഒരു വഴിത്തിരിവ്

  

‘ഓർനെറ്റ് ക്ളോക്ക്’ പ്രധാനമായും കടന്നു പോകുന്നത് ജെയ്‌സൻ എന്ന വ്യക്തിയുടെ ജീവിതാനുഭവങ്ങളിലൂടെയാണ്. വളരെ നിഷ്‌ക്കളങ്കനും കഠിനാധ്വാനിയുമാണ് ജെയ്‌സൻ. ഇദ്ദേഹം സ്വന്തമായി ഒരു പണമിടപാട് സ്ഥാപനം നടത്തുകയാണ്. എന്നാല്‍ വളരെ ശോചനീയമായിരുന്നു ഈ സ്ഥാപനത്തിന്റെ അവസ്ഥ. കൂടുതല്‍ സമയം ജോലിയുമായി പ്രവര്‍ത്തിക്കുന്നതിനാല്‍ കുടുംബത്തിന് അര്‍ഹിക്കുന്ന പരിഗണന നല്കാന്‍ ഇദ്ദേഹത്തിനായില്ല. തുടർന്നു ജെയ്‌സന്റെ  കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയാണ്. ഭാര്യയുമായുള്ള അടുപ്പം കുറയുവാനും കാരണമാകുന്നു. ഒരു ദിവസം പെട്ടെന്നുള്ള ഭാര്യയുടെ വിവാഹമോചന ആവശ്യം ജെയ്‌സനെ അമ്പരപ്പിക്കുകയും അയാൾ ശക്തമായി നിഷേധിക്കുകയും ചെയ്യുന്നു. അന്നേദിവസം രാത്രിയില്‍ നടക്കുന്ന  അപ്രതീക്ഷിതമായ സംഭവവികാസങ്ങളാണ് കഥയിലെ വഴിത്തിരിവ് . തുടർന്നുള്ള ഭാഗങ്ങളില്‍ ജെയ്‌സന്റെ മുന്നിലേക്ക് വരുന്ന ഓരോ പ്രശ്‌നങ്ങളിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. വളരെ യാദൃച്ഛികമായി ഒരു രഹസ്യം ജെയ്‌സൻ  കണ്ടെത്തുന്നതാണ് കഥയുടെ മര്‍മ്മ പ്രധാനമായ ഭാഗം. ഇതാണ് ‘ഓർനെറ്റ് ക്ളോക്ക്’ ന്റെ ചുരുക്കം. ഒട്ടും വലിച്ചിഴയ്ക്കാതെ കഥ മുന്നോട്ടു കൊണ്ടുപോകാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്.

 

ത്രില്ലർ സാധ്യതകൾ

  

ക്രൈം ത്രില്ലര്‍ ജോണറിന്റെ സാധ്യത വളരെ വലുതാണ്. എന്നാല്‍ അങ്ങനെ ആലോചിച്ചായിരുന്നില്ല എഴുത്തിലേക്ക് കടന്നു വന്നത്. ഈ ആശയം തോന്നിയപ്പോള്‍ത്തന്നെ അടുത്ത ആളുകളുമായി പങ്കുവച്ചു. എല്ലാവര്‍ക്കും ഇഷ്ടമായി. പിന്നീട് കാര്യമായിത്തന്നെ എഴുതാനാരംഭിച്ചു. എന്നാല്‍ രസകരമായ കാര്യം വേറൊരു ജോണറില്‍ പെട്ട കഥ എഴുതുക എന്നുള്ളത് എന്നെ സംബന്ധിച്ചിടത്തോളം വെല്ലുവിളി തന്നെയാണ്.

 

മലയാളം അത്ര പിടിയില്ല

 

ദുബായില്‍ പഠിച്ച് വളർന്നതു കൊണ്ട് മലയാളം സ്‌കൂളില്‍നിന്ന് പഠിക്കാന്‍ പറ്റിയില്ല. എന്നാല്‍ വായിക്കാനും എഴുതുവാനും അമ്മ പഠിപ്പിച്ച് തന്നിരുന്നു. എങ്കിലും മലയാളം നോവല്‍ എഴുതുന്നത് ഒരല്പം ബുദ്ധിമുട്ടായിരിക്കും.

 

ഫിക്‌ഷനോടിഷ്ടം

  

എനിക്ക് കൂടുതലായി വഴങ്ങുന്നത് ഫിക്‌ഷന്‍ ആണ്. കുറ്റകൃത്യങ്ങളെ ആസ്പദമാക്കിയുള്ള കഥകളാണ് ഇതുവരെ എഴുതിയിട്ടുള്ളത്. ചരിത്രവുമായി ഇഴചേര്‍ത്ത് ഫിക്‌ഷന്‍ ഗണത്തില്‍പ്പെട്ട കഥയുടെ ആശയം ഉരുത്തിരിഞ്ഞ് വന്നിട്ടുണ്ട്. അത് ഉടന്‍ പൂര്‍ത്തിയാക്കി പ്രസിദ്ധീകരിക്കണമെന്ന ആഗ്രഹമുണ്ട്.

 

മിതമായ രീതിയില്‍ വായന ഉള്ള ആളാണ് ഞാന്‍ കൂടുതലിഷ്ടം നോൺ ഫിക്‌ഷൻ ഗണത്തിലുള്ള പുസ്തകങ്ങളാണ്. വില്യം ഡാൽറിംപിൾ, രാമചന്ദ്ര ഗുഹ , ശശി തരൂർ എന്നിവരാണ് ഇഷ്ടമുള്ള എഴുത്തുകാര്‍. ഈയടുത്ത് വായിച്ചതില്‍ മനു പിള്ളയുടെ ‘ഐവറി ത്രോൺ’ വളരെയധികം ഇഷ്ടമായി.

 

സിനിമയിഷ്ടം

  

ധാരാളം സിനിമകള്‍ കാണാറുണ്ട്. കൂടുതലിഷ്ടം 'ക്രൈം ത്രില്ലർ സിനിമകളാണ്. അതുകൊണ്ടുതന്നെ സിനിമ എഴുത്തിനെ സ്വാധീനിക്കാറുണ്ട്. സിനിമയുടേത് പോലെ ദ്രുതഗതിയില്‍ സഞ്ചരിക്കുവാന്‍ ഫിക്‌ഷന്‍ നോവലുകള്‍ക്ക് കഴിയണം എന്നു ഞാന്‍ വിശ്വസിക്കുന്നു.

 

അടുത്തതും ക്രൈം തന്നെ

  

എന്റെ അടുത്ത നോവലും ഒരു കുറ്റകൃത്യവുമായി ബന്ധമുള്ളതാണ് അതിന്റെ പേര് തീരുമാനിച്ചിട്ടില്ല. ഈ വര്‍ഷാവസാനത്തോടെ പ്രസിദ്ധീകരിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നു.

 

English Summary: Talk with Vineeth Thunoli