ADVERTISEMENT

ഒൻപത് വയസ്സുകാരി സന ഫൈസലിന്റെ പേര് പലരും കേട്ടിട്ടുണ്ടാവുക പ്രശസ്ത എഴുത്തുകാരൻ ബെന്യാമിൻ അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ ഇട്ട ഒരു പുസ്തക പ്രകാശ ചിത്രം വഴിയാകും. ‘ഒരു ബാലസാഹിത്യകൃതി രചിക്കണം എന്ന് കുറേ കാലമായി ഞാനാഗ്രഹിക്കുന്ന ഒരു കാര്യമാണ്. എന്നാൽ കുട്ടികളുടെ മനസും ഇഷ്ടവും തിരിച്ചറിഞ്ഞ് കഥ രചിക്കുക അത്ര എളുപ്പമുള്ള സംഗതിയല്ല. അവർക്ക് വേണ്ടി നല്ല കൃതികൾ സമ്മാനിക്കുന്നവരെ എന്നും ആദരവോടെയാണ് ഞാൻ നോക്കിക്കാണുന്നതും. എന്നാൽ കുട്ടികൾക്ക് വേണ്ടി കുട്ടികൾ എഴുതുന്ന കൃതികളുണ്ട്. അതിൽ നിറഞ്ഞു നിൽക്കുന്ന കൗതുകവും നിഷ്കളങ്കതയും ഏറെ ആകർഷണീയമാണ് . മുതിർന്നവരുടെ ഒരു ലോകമേയല്ലത്. പുതിയ കാലത്തിന്റെ ഭാവനയും ഭാഷയും നിരീക്ഷണങ്ങളും ഇഷ്ടങ്ങളും നമുക്ക് അതിൽ നിന്ന് കണ്ടെടുക്കാൻ കഴിയും.

 

nine-year-old-sana-faizal-s-book1

അങ്ങനെ തന്റെ ഭാവനയും സ്വപ്നങ്ങളും കുട്ടി വായനക്കാർക്കായി പങ്കുവയ്ക്കുന്ന ഒരു കൊച്ചു എഴുത്തുകാരിയെ കൂടി നമുക്ക് ലഭിച്ചിരിക്കുകയാണ്. ഒൻപത് വയസ് മാത്രം പ്രായമുള്ള സന ഫൈസൽ. എഴുത്തിന്റെ ലോകത്തിലെ ഈ കുഞ്ഞു നക്ഷത്രത്തിന്റെ ആദ്യ പുസ്തകം 'Maria's Adventures' ഞാൻ എന്റെ മകൾ കെസിയയ്ക്ക് നൽകി സന്തോഷപൂർവ്വം പ്രകാശനം ചെയ്യുന്നു. അക്ഷരലോകത്തേക്ക് നടക്കാൻ സനയെ പ്രേരിപ്പിക്കുന്ന മാതാപിതാക്കളെയും പ്രസാധകരെയും മനോഹരമായ ചിത്രങ്ങൾ കൊണ്ട് ഈ പുസ്തകത്തെ കൂടുതൽ മിഴിവുറ്റതാക്കിയ ശില്പ അലക്സിനെയും അഭിനന്ദിക്കുന്നു. സന എന്ന കുഞ്ഞു നക്ഷത്രം വരും കാലത്ത് നിറയെ നിറയെ പുസ്തങ്ങൾ എഴുതി ലോകം മുഴുവൻ പ്രകാശം ചൊരിയുന്ന ഒരു വെള്ളിനക്ഷത്രം ആയി മാറട്ടെ എന്ന് ആഗ്രഹിക്കുന്നു.’

എഴുത്തുകാരിയാകാൻ ആഗ്രഹിക്കുന്ന ഒരു കൊച്ചു പെൺകുട്ടിക്ക് ഇതിലും മനോഹരമായ ആശംസ വേറെ കൊടുക്കാറുണ്ടോ? കൂത്തുപറമ്പിൽ നിന്നും അതിജീവനത്തിനായി ബാംഗ്ളൂർ എത്തിയ ഫൈസലിന്റെയും നിമയുടെയും മകളാണ് ഒൻപതു വയസ്സുള്ള സന ഫൈസൽ.

 

സന ഫൈസൽ സ്വന്തം ഇഷ്ടങ്ങളെക്കുറിച്ച് പറയുന്നു:

 

‘പണ്ട് മുതലേ എഴുതാറുണ്ടായിരുന്നു. ആദ്യം കവിതകളാണ് എഴുതാറു. സ്‌കൂളിലെ മാഗസീനിലൊക്കെ കവിതകൾ എഴുതുന്നുണ്ട്. ആദ്യമായി എന്റെയൊരു കവിത പബ്ലിഷ് ചെയ്തു വന്നതും അതിലാണ്. ലോക്ഡൗണിലാണ് പാട്ടുകൾ എഴുതാൻ തുടങ്ങിയത്. ‘കൊറോണ ആന്തം’ എന്നായിരുന്നു അതിന്റെ പേര്. എല്ലാവരും അത് കേൾക്കണമെന്നു തോന്നിയതുകൊണ്ട് അത് യൂട്യൂബിൽ അപ്​ലോഡ് ചെയ്തു. എന്റെ ടാലെന്റ്സ് എല്ലാവരും അറിയണം അതിനു വേണ്ടിയാണു അങ്ങനെ ചെയ്യുന്നത്. അതിൽ ആനിമേഷൻ ഒക്കെ വച്ച് ചെയ്യുന്നുണ്ട്, ഗാച്ചാ എന്നൊരു ആപ്പ് ഉപയോഗിച്ച് ഞാൻ തന്നെയാണ് ആനിമേഷനും ചെയ്തത്. എനിക്കെന്താണ് കഥയെഴുതാൻ പറ്റാത്തതെന്നു ആലോചിക്കാറുണ്ടായിരുന്നു. അങ്ങനെ ആഗ്രഹിച്ച് ഒരെണ്ണം എഴുതി, അതിന്റെ പേരാണ് മരിയാസ്‌ അഡ്​വഞ്ചർ. അതാണ് ആദ്യത്തെ പുസ്തകം.

 

പബ്ലിഷ് ചെയ്യണം എന്നൊന്നും മനസ്സിലുണ്ടായിരുന്നില്ല. എഴുതാൻ ഇഷ്ടം ഉള്ളതുകൊണ്ട് എഴുതി എന്നേയുള്ളൂ. നാലഞ്ച് ചാപ്റ്റർ എഴുതി കഴിഞ്ഞപ്പോൾ അച്ഛനെയും അമ്മയെയും കാണിച്ചു. അവരെ കാണിച്ചപ്പോൾ അവർ പറഞ്ഞു നന്നായി എഴുതിത്തീർത്താൽ പുസ്തകമാക്കാമെന്ന്. പക്ഷെ ഏഴു ചാപ്റ്റർ ഒക്കെ ആയപ്പോൾ സ്‌കൂളിൽ പഠനം വീണ്ടും തുടങ്ങി, ഞാൻ തിരക്കായിപ്പോയി. അങ്ങനെ എഴുത്ത് നിന്നുപോയി. എന്റെ സുഹൃത്ത് താച്ചുവിന്റെ(താഥ്വിക്) പുസ്തകം ഇറങ്ങിയപ്പോഴാണ് മനസ്സിലായത് കുട്ടികൾക്കും പുസ്തകം പബ്ലിഷ് ചെയ്യാൻ പറ്റും. അങ്ങനെയാണ് വീണ്ടും മോട്ടിവേറ്റഡ് ആയി പുസ്തകം എഴുതാൻ തുടങ്ങിയത്. എഴുതി കഴിഞ്ഞപ്പോൾ അമ്മയെയും അമ്മയുടെ കുറച്ച് സുഹൃത്തുക്കളെയും കാണിച്ചു, എല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞത്. അങ്ങനെയാണ് മരിയയുടെ സാഹസികത പുസ്തകമാകുന്നത്. അമ്മയുടെ ഫ്രണ്ട് ശില്പ ആന്റി അതിനു വേണ്ടി ഇല്ലസ്ട്രേഷൻ ചെയ്തു തന്നു. നല്ല ഭംഗിയുള്ള ഇല്ലസ്ട്രേഷൻസ് ആയിരുന്നു ആന്റി ചെയ്തു തന്നത്. മാത്രമല്ല അമ്മയുടെ പ്രിയപ്പെട്ട എഴുത്തുകാരൻ ആയ ബെന്യാമിൻ അങ്കിൾ പുസ്തകം പ്രകാശനം ചെയ്തു തരികയും ചെയ്തു. കൂട്ടുകാരും അധ്യാപകരും എല്ലാം പുസ്തകം വായിക്കുകയും യൂട്യൂബ് കാണുകയും ചെയ്യാറുണ്ട്, എല്ലാലർക്കും വലിയ ഇഷ്ടമാണത്. അവരെല്ലാവരും പുസ്തകത്തിന് റിവ്യൂ വിഡിയോ ആയി ഇൻസ്റ്റയിലും ഫെയ്‌സ്ബുക്കിലും ഒക്കെ പോസ്റ്റ് ചെയ്യുന്നുമുണ്ട്. 

എനിക്ക് പാട്ടുകാരി ആവണം, എഴുത്തുകാരി ആവണം, സ്പേസുമായി ബന്ധപ്പെട്ട ജോലിക്ക് പോകണം. ഇതൊക്കെ ആഗ്രഹത്തിലുണ്ട്.’

 

വാക്കുകളിൽ കൃത്യമായ താളമുണ്ട് സന സംസാരിക്കുമ്പോൾ. കുട്ടിത്തത്തിന്റെ ഊർജ്ജം തുളുമ്പുന്ന ശൈലിയിൽ ആഗ്രഹങ്ങളും ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളും പറയുമ്പോൾ സനയ്ക്ക് ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാൻ താൽപ്പര്യമുണ്ട്. കുട്ടികളുടെ ഭാഗത്ത് നിന്നു നോക്കുമ്പോൾ അവരുടെ ആഗ്രഹങ്ങൾ കടല് പോലെയാണ്. അറ്റമില്ലാത്തവയാണ് അത്. പക്ഷെ പലപ്പോഴും മാതാപിതാക്കൾ അവരെ സ്വന്തം ആഗ്രഹങ്ങളും ഇഷ്ടങ്ങളും അനുസരിച്ച് മെനഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. കുട്ടികാലത്ത് നടക്കാതെ പോയ ആഗ്രഹങ്ങൾ കുഞ്ഞുങ്ങളിൽ അടിച്ചേൽപ്പിക്കുന്ന മാതാപിതാക്കളിൽ നിന്നു ഒരുപാട് മാറ്റമുണ്ട് പുതിയ കല മാതാപിതാക്കൾക്ക്. സനയുടെ മാതാവ് നിമ പറയുന്നു,

 

‘സനയ്ക്ക് എന്താണോ ആഗ്രഹം അതിനു വേണ്ടി അവളുടെ കൂടെ നിൽക്കുകയാണ് ഞങ്ങളുടെ ആഗ്രഹം. സന നല്ല വൈബ്രന്റ് ആയ കുട്ടിയാണ്. ഒരുപാടു കാര്യങ്ങൾ ചെയ്യാനിഷ്ടമാണ്. ഓരോ സമയത്ത് ഓരോ ഇഷ്ടങ്ങൾ, പടം വരയ്ക്കാനും പാട്ട് പാടാനും പിയാനോ വായിക്കാനും എഴുതാനും എല്ലാം ഇഷ്ടമാണ്. നമ്മളായി ഇന്നത് ചെയ്യണം എന്ന് പറയാറില്ല, സനയ്ക്ക് എന്താണ് ഇഷ്ടം അത് നടക്കട്ടെ. പണ്ട് മുതലേയുള്ളൊരു വലിയ ആഗ്രഹം ആസ്ട്രോനട്ട് ആവണമെന്നായിരുന്നു. പാട്ടു പാടാൻ ഇഷ്ടമാണ്, അതുകൊണ്ട് പാട്ടു പഠിക്കാൻ വിടുന്നുണ്ട്. പാട്ടിന്റെ കാര്യത്തിൽ സ്റ്റേജ് പെർഫോമിങ് ഇഷ്ടാണ്. എഴുത്തിന്റെ കാര്യത്തിലാണെകിലും ഉള്ളിൽ സനയ്ക്കൊരു തീയുണ്ടെന്നു മനസ്സിലായപ്പോൾ തന്നെ അതിനെ ഞങ്ങൾ പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ചിരുന്നു. അതിനു വേണ്ടി സഹായിക്കുന്ന ജേർണലുകൾ ഒക്കെ വാങ്ങി കൊടുക്കാറുണ്ട്.

 

ഞങ്ങൾ ആഗ്രഹിച്ച് നടക്കാത്ത ആഗ്രഹങ്ങൾ അവളിൽ അടിച്ചേൽപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. ഞാൻ അനിമേറ്ററാണ്, എന്റെ പ്രൊഫഷനിലേയ്ക്ക് ഞാൻ ആഗ്രഹിച്ചെത്തിയതാണ്. അതുകൊണ്ട് തന്നെ അവളെയും നിർബന്ധിക്കാൻ പോകാറില്ല. സന ഏതു പ്രൊഫെഷൻ തെരഞ്ഞെടുത്തലും ഞങ്ങൾ കൂടെയുണ്ടാവും എന്നാണു എടുത്ത തീരുമാനം. അവൾക്ക് എഴുത്തുകാരിയെ പാട്ടുകാരിയോ എന്തും ആവാം, മോൾക്കും അറിയാം ഞങ്ങൾ അവളെ പരമാവധി സപ്പോർട്ട് ചെയ്യുമെന്ന്.’

 

English Summary : Nine year old Sana Faizal's book

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com