മുണ്ടുമുറുക്കിയലഞ്ഞ പട്ടിണിക്കാലങ്ങൾ...; നോവലല്ല, ഇത് ജോയ്സിയുടെ ജീവിത കഥ

HIGHLIGHTS
  • കേരളത്തില്‍ മൂന്ന് മുന്‍നിര പ്രസിദ്ധീകരണങ്ങളില്‍ ഒരേസമയം എഴുതുന്ന ആദ്യത്തെ ആൾ
  • മലയാളം നോവലിസ്റ്റ് ജോയ്​സി മനസ്സു തുറക്കുന്നു
joycee-malayalam-writer
ജോയ്​സി
SHARE

ജോയ്സിയുടെ കുടുംബ പശ്ചാത്തലം എന്താണ്  

കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയ്ക്കടുത്ത് തീക്കോയി എന്ന സ്ഥലത്താണു ജനിച്ചത്. ചൊവ്വാറ്റുകുന്നേല്‍ തറവാട് ധാരാളം കൃഷിഭൂമിയുള്ള പുരാതനമായ കർഷക കുടുംബമാണ്. വല്യപ്പച്ചന്‍ കാർക്കശ്യക്കാരനായിരുന്നു. നാഡീ ചികിത്സയൊക്കെ അറിയാം. കുടുംബത്തിൽ കടുത്ത മത ചിട്ടയായിരുന്നു. 

വല്യപ്പച്ചനു പതിമൂന്നു മക്കളായിരുന്നു. അതില്‍ രണ്ടുപേര്‍ മരിച്ചു പോയി. ബാക്കിയുള്ളവരില്‍ അഞ്ച് പെണ്‍മക്കളെ വിവാഹം കഴിപ്പിച്ചയച്ചു. മറ്റുള്ളവര്‍ക്കെല്ലാം ചാത്തപ്പുഴയിലെ‍ സ്ഥലം വീതംവച്ചു കൊടുത്തു. എന്റെ ചാച്ചന്റെ പേര് സ്‌കറിയ എന്നാണ്. ഞങ്ങൾ തറവാട്ടിലാണെങ്കിലും ചാച്ചനും സ്ഥലം കിട്ടി. പക്ഷേ, അതില്‍ വീടൊന്നുമില്ല. തറവാട്ടിലെ അവസ്ഥ സഹിക്കാതായപ്പോള്‍ എന്റെ അമ്മ ചാച്ചനോടു പറഞ്ഞു വീട്ടിൽനിന്നു മാറി ചാത്തപ്പുഴയില്‍ നേരെ മൂത്ത സഹോദരന്‍ ദേവസ്യ താമസിച്ചിരുന്ന ഓലപ്പുരയിലേക്കു മാറി. അവർ തറവാട്ടിലേക്കും വന്നു.

അൻപതുകളിൽ വല്യപ്പച്ചന്‍ പുളിങ്കട്ടയില്‍ കുറച്ചു സ്ഥലം വാങ്ങി ഓടിട്ട ഒരു വീട് വച്ചിരുന്നു. ഒരു ദിവസം ചാച്ചന്‍ പറഞ്ഞു - ചാത്തപ്പുഴയില്‍ കിടന്നാല്‍ ഒരു ഗതിയുമില്ല, നമുക്ക് പുളിങ്കട്ടയിലേക്ക് താമസം മാറ്റാം എന്ന്. അങ്ങനെ ഞങ്ങള്‍ അങ്ങോട്ടു മാറി. ഞാൻ അന്ന് ആറാം ക്ലാസിലാണ്. 

പുളിങ്കട്ടയിലെ കുട്ടിക്കാലം എങ്ങനെയായിരുന്നു 

കറണ്ടില്ല, വെള്ളമില്ല, പത്രമില്ല- ശരിക്കും ഒരു ഓണം കേറാമൂല. ഒമ്പതര ഏക്കര്‍ കാടുപിടിച്ചു കിടക്കുന്ന സ്ഥലമാണ്. വാഗമണ്ണിലിറങ്ങി‍ അവിടുന്നു 12 കിലോ മീറ്റര്‍ നടക്കണം പുളിങ്കട്ടയിലെ വീട്ടില്‍ എത്താൻ. രണ്ടു കൊല്ലം കഴിഞ്ഞപ്പോള്‍ ചാത്തപ്പുഴയിലെ സ്ഥലം വിറ്റ് ഇവിടെ കാപ്പി കൃഷി തുടങ്ങി. ഒരു വര്‍ഷം കൊണ്ടു കയ്യിലെ പൈസ തീര്‍ന്നു. കാപ്പിയുടെ ആദായം കിട്ടിത്തുടങ്ങാന്‍ നാല് വര്‍ഷമെങ്കിലും എടുക്കും.

സ്കൂൾ വിദ്യാഭ്യാസമോ 

പുളിങ്കട്ടയില്‍നിന്ന് ആറു കിലോമീറ്റര്‍ നടന്ന് ചീന്തലാര്‍ ഹൈസ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. മൂന്നാം ക്ലാസ് മുതലേ എനിക്ക് വായനയിൽ കമ്പം തുടങ്ങിയിരുന്നു. പുളിങ്കട്ടയില്‍ പത്രം കിട്ടില്ല, പുസ്തകം ഒട്ടും കിട്ടില്ല.  അതുകൊണ്ടു പത്താം ക്ലാസ് വരെ കാര്യമായ വായനയൊന്നും ഉണ്ടായില്ല. റേഡിയോ ഉപയോഗിക്കണമെങ്കില്‍ പതിനഞ്ചു രൂപയുടെ ലൈസൻസ് വേണം. അതും ഇല്ല. 1972ൽ എസ്.എസ്.എൽ.സി. പാസ്സായി. തുടർന്നു പഠിപ്പിക്കാൻ പണമില്ല. പിന്നീട് എന്റെ അമ്മാച്ചൻ‍ എന്നെ കായംകുളത്ത് ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സിനു ചേര്‍ത്തു. ചെലവെല്ലാം അവർ വഹിച്ചു.

കായംകുളത്തെ ജീവിതം എങ്ങനെയുണ്ടായിരുന്നു 

ഷണ്‍മുഖം ക്ലിനിക് എന്നാണു സ്ഥാപനത്തിന്റെ പേര്. ഒരു ചെറിയ ഷെഡ്. അതില്‍ പതിനഞ്ചോളം കുട്ടികള്‍. ക്ലാസിലെ ഏറ്റവും ചെറിയ ആള്‍ ഞാനായിരുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ 28 കിലോ ആയിരുന്നു എന്റെ ഭാരം. എന്നെ കൊച്ചുജോയി എന്നാണ് എല്ലാവരും വിളിച്ചിരുന്നത്. ഉച്ചയ്ക്കു പെണ്‍പിള്ളേര്‍ എന്നെ വിളിച്ച് അവരുടെ കൂടെ ഇരുത്തി ഭക്ഷണം തരും. കുഞ്ഞായതുകൊണ്ട് അവര്‍ക്കൊക്കെ ഒരു കരുതലായിരുന്നു.  

വെള്ളിയാഴ്ച വൈകുന്നേരം കായംകുളം ഹോബി തിയേറ്ററില്‍ പോയി ഒരു ഹിന്ദി സിനിമ കാണും. ലക്ഷ്മി തിയേറ്ററില്‍ പോയി സെക്കന്‍ഡ് ഷോയും കാണും. സെക്കന്‍ഡ് ഷോ കഴിഞ്ഞു നേരെ ട്രാന്‍സ്‌പോര്‍ട്ട് ബസ് സ്റ്റാന്‍ഡില്‍ പോയി പിറ്റേന്ന് രാവിലെ പോകുന്ന ഏതെങ്കിലും ബസിന്റെ ബാക്ക് സീറ്റില്‍ കിടന്നു സുഖമായി ഉറങ്ങും. രാവിലെ എഴുന്നേറ്റ് റൂമില്‍ പോകും. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിൽ ഇതു തന്നെ പരിപാടി. അന്ന് സിനിമയും‍ സൈക്കിളും പ്രാന്താണ്. കണ്ണന്‍ എന്നൊരാളാണ് എന്നെ സൈക്കിള്‍ ചവിട്ടാന്‍ പഠിപ്പിച്ചത്. ക്ലാസില്‍ നിന്ന് ഇറങ്ങിയാൽ സൈക്കിള്‍ വാടകയ്‌ക്കെടുത്തു കായംകുളത്തെ ഊടുവഴിയിലൂടെയെല്ലാം ചവിട്ടും. കോഴ്‌സ് തീരാറായപ്പോള്‍ സാറു വീട്ടിലോട്ട് കത്തയച്ചു- ഞാന്‍ ഒന്നും പഠിക്കുന്നില്ല, ക്ലാസില്‍ കയറാതെ സൈക്കിള്‍ ചവിട്ടലും സിനിമ കാണലുമാണ് പണിയെന്ന്. കത്തു കിട്ടിയതും അമ്മാച്ചന്‍ വന്നു. പഠിപ്പിക്കാന്‍ വിട്ടിട്ട് നീ സിനിമകണ്ട് സൈക്കിളും ചവിട്ടി നടക്കുകയാണല്ലേ എന്നു ചോദിച്ച് വഴക്കു പറഞ്ഞു. പരീക്ഷയുടെ ഒരു മാസം മുന്‍പ് ഞാനും തിരുവല്ലക്കാരന്‍ അലക്‌സാണ്ടറും ഒന്നിച്ചിരുന്നു പഠിച്ചു. ക്ലാസിലെ പതിമൂന്ന് പേരില്‍ ഞങ്ങള്‍ രണ്ടുപേരും മാത്രമേ പാസായുള്ളൂ.  

പിന്നെപ്പോഴാണു ജീവിതം വഴി തിരിഞ്ഞത് 

സര്‍ട്ടിഫിക്കറ്റും വാങ്ങി വീട്ടില്‍ പോയി. വീട്ടിലെ സ്ഥിതി പരിതാപകരമായിരുന്നു. അരുവിത്തറ പെരുന്നാളിന്റെ സമയമാണ്.‍ പെരുന്നാളിനു പോകണം. അതിനു കാശുണ്ടാകണം. ഈരാറ്റുപേട്ടയ്ക്കും വാഗമണ്ണിനുമിടയ്ക്കുള്ള ഒറ്റിയിട്ടിയ്ക്കടുത്ത് മാർമലയിൽ വല്യപ്പച്ചനു കുറച്ച് സ്ഥലമുണ്ടായിരുന്നു. അതില്‍ ഒരേക്കര്‍ എന്റെ ചാച്ചനും കിട്ടിയിട്ടുണ്ട്. വല്യമ്മേടെ ആങ്ങളയ്ക്ക് അവിടെ അഞ്ചാറേക്കര്‍ സ്ഥലത്തു കശുമാവ് കൃഷിയുണ്ട്. അവിടെച്ചെന്നാൽ കശുവണ്ടി പെറുക്കി വിൽക്കാം.

ചാച്ചനും അമ്മയും മുരിക്കാശ്ശേരിക്കു പോയ ദിവസമായിരുന്നു. വീട്ടില്‍ ഞാനും അടുത്തിടെ മരണമടഞ്ഞ എന്റെ അനിയന്‍ സണ്ണിയും മാത്രം. രാത്രി തൊട്ടടുത്തുള്ള ബന്ധുവീട്ടിലാണു ഞങ്ങള്‍ കിടക്കുന്നത്. ഞാൻ അതിരാവിലെ എഴുന്നേറ്റു 12 കിലോമീറ്റര്‍ ഓടി വാഗമണ്ണില്‍ പോയി. അവിടുന്നു ബസ് കയറി ഒറ്റിയിട്ടിയില്‍ പോയി. അവിടുന്ന് വീണ്ടും അഞ്ച് കിലോമീറ്റര്‍ ഓടി കശുമാവിന്‍ തോട്ടത്തില്‍ ചെന്നു. എല്ലാ കശുമാവിലും കയറി കുലുക്കിപ്പറിച്ച് അതെല്ലാം ഒരു സഞ്ചിയിലാക്കി, നടന്ന് ഒറ്റിയിട്ടി എത്താറാകുമ്പോള്‍ പേരപ്പന്റെ സ്ഥലത്തെ റബര്‍വെട്ടുകാരന്‍ പിടിച്ചു. അയാൾ കശുവണ്ടി തന്നgവിട്ടില്ല. അതിനിടെ ബസും പോയി. എനിക്കാകെ കരച്ചില്‍ വന്നു. പിന്നെ ഒന്നും നോക്കിയില്ല. ഞാന്‍ ഓടാന്‍ തുടങ്ങി. വാഗമണ്‍ ചുരം മുഴുവന്‍ ഓടിക്കയറി. നാല് - അഞ്ച് മണി ആയപ്പോള്‍ ഞാന്‍ വാഗമണ്‍ എത്തി. 80 പൈസ കൈയില്‍ ഉണ്ടായിരുന്നു. അതിന് രണ്ടു ബോണ്ട വാങ്ങി. ഇരുന്ന് കഴിക്കാനുള്ള സമയമില്ല. ഇരുട്ടുന്നതിനു മുന്‍പ് വീട്ടിലെത്തണം. എന്നിട്ട് വേണം കിടക്കാന്‍ മറ്റേ വീട്ടിൽ പോകാന്‍. പിന്നേയും ഓടി. ഓട്ടത്തിനിടയില്‍ രണ്ട് കൈയിലേയും ബോണ്ട മാറി മാറി കടിച്ചു. ഒന്നേകാല്‍ മണിക്കൂര്‍ കൊണ്ടു വീട്ടിലെത്തി. കൈയിലുണ്ടായിരുന്ന പൈസയും പോയി, കശുവണ്ടിയും കിട്ടിയില്ല, ‍ഓടി വിയര്‍ത്തതു മിച്ചം. 

പിറ്റേദിവസം മുതല്‍ എനിക്കു മഞ്ഞപ്പിത്തം. നാലു ദിവസം കഴിഞ്ഞപ്പോള്‍ ചാച്ചന്‍ തിരിച്ചു വന്നു. മാർമല കേസൊക്കെ അറിഞ്ഞിട്ടാണ് വരവ്. വന്നപാടെ തന്നെ ‘ജോയി മാര്‍മലയ്ക്കു പോയിരുന്നോടാ’ എന്നു ചോദിച്ചു. പോയില്ലെന്നു കള്ളം പറഞ്ഞു. ചാച്ചന്‍ ദേഷ്യപ്പെട്ടു. ദേഷ്യം വന്നാല്‍ ചാച്ചന്‍ ഭീകരനാണ്. ‘ഞാനറിഞ്ഞല്ലോ അവന്‍ പോയെന്ന്. സത്യം പറഞ്ഞോ’ എന്നു ചാച്ചൻ ഭീഷണിപ്പെടുത്തി. എന്നിട്ടും പറഞ്ഞ കള്ളത്തിൽ ഉറച്ചുനിന്നു.

‘ഞാന്‍ പോയി അന്വേഷിച്ചിട്ട് വന്നിട്ട് സത്യമല്ല എന്നറിഞ്ഞാല്‍ നിന്റെ മുട്ടുകാല് രണ്ടും ഞാന്‍ തല്ലി ഒടിക്കും.’

‘പോയില്ല,’ എന്ന് ഞാന്‍ ആവര്‍ത്തിച്ചു. പുള്ളി അന്വേഷിക്കില്ല എന്നാണ് ഞാന്‍കരുതിയത്.

‘എന്നാല്‍ അവനിട്ട് രണ്ടെണ്ണം കൊടുത്തിട്ടേയുള്ളൂ എന്നു പറഞ്ഞ് ചാച്ചൻ പോയി. ഞാനും അനിയനും പേടിച്ചിരിപ്പാണ്. തിരിച്ചുവന്നാല്‍ ഞങ്ങടെ മുട്ടുകാല് തല്ലിയൊടിക്കും. രണ്ടുപേരും ഇരുന്ന് ആലോചിച്ചു.

‘എങ്ങോട്ടേലും പൊക്കോ? അതായിരിക്കും നല്ലത്. അല്ലേല്‍ എനിക്കിട്ടും കിട്ടും കുഞ്ഞേട്ടനിട്ടും കിട്ടും,’ അവന്‍ പറഞ്ഞു.

‘പോകാൻ കയ്യിൽ‍ കാശൊന്നുമില്ലല്ലോ?’

അപ്പോഴാണ് പാത്രം ഉണ്ടോ പ്ലാസ്റ്റിക് ഉണ്ടോ എന്നൊക്കെ ചോദിച്ച് ഒരാള്‍ പോകുന്നത് കണ്ടത്. പുള്ളിയെ വിളിച്ച് വീട്ടിലെ ഒടിഞ്ഞ ഓട്ടുവിളക്ക് കൊടുത്തു. മൂന്ന് രൂപ എഴുപത് പൈസ കിട്ടി. കക്ഷത്ത് വയ്ക്കുന്ന മഞ്ഞ ബാഗില്‍ ഒരു ജോഡി ഡ്രസ്സും സര്‍ട്ടിഫിക്കറ്റും എടുത്ത് അനിയനോടു യാത്രപറഞ്ഞ് ഒരൊറ്റപ്പോക്ക്. അതു കഴിഞ്ഞു രണ്ടു വര്‍ഷം കഴിഞ്ഞ് ആലപ്പുഴയില്‍ നിന്നാ എന്നെ വീട്ടിലേക്കു കൊണ്ടു വരുന്നത്. 

  

ആ രണ്ടു വർഷം എന്തു ചെയ്തു 

അലഞ്ഞു തിരിഞ്ഞ് നടന്നു. ഹോട്ടലില്‍ ജോലി ചെയ്തു, വിറക് വെട്ടി. പറ്റുന്ന പണി എല്ലാം ചെയ്തു. കുമളി, തേക്കടി, എറണാകുളം, ചേര്‍ത്തല, ആലപ്പുഴ എന്നിവിടങ്ങളിൽ ജോലി ചെയ്തു. തേക്കടിയില്‍ മൂന്നാം മൈലില്‍ ആഴാഞ്ചിറ തോമാച്ചന്‍ എന്നൊരാളുടെ വീട്ടില്‍ പണി കിട്ടി. രാവിലെ സൊസൈറ്റിയിലേക്ക് പാലുംകൊണ്ടു പോകണം. മൂന്ന് കിലോമീറ്റര്‍ നടക്കണം. തിരിച്ചു വന്നാല്‍ ഒരു കാപ്പിയൊക്കെ കുടിച്ച് പുള്ളിയുടെ കൂടെ ഇറങ്ങണം. കുരുമുളക് തോട്ടമാണ്. പുറകില്‍ കുട്ടിച്ചാക്കും കെട്ടി മുളക് പറിക്കണം. ഉച്ചയാകുമ്പോള്‍ പറിച്ച മുളകെല്ലാം വിരിച്ചിടണം. വൈകുന്നേരം ഇതെല്ലാം വാരിക്കെട്ടി വയ്ക്കണം. പിന്നെ കപ്പയും ചേമ്പും കാച്ചിലുമൊക്കെ നടണം. ഒരുമാസം കഴിഞ്ഞപ്പോള്‍ പുള്ളി എനിക്ക് ആറ് രൂപ തന്നു. വീട്ടില്‍ ഒന്നു പോയി വരാന്നും പറഞ്ഞ് ഞാന്‍ നേരെ കായംകുളത്ത് വന്നു. 

അവിടെ എന്റെ സാറിനെ പോയി കണ്ടു. ജോലി സംഘടിപ്പിച്ച് തരാവോ എന്ന് ചോദിച്ചപ്പോള്‍ അവരൊക്കെ കൈ മലർത്തി. കായംകുളത്ത് ഷീജ എന്ന് പേരുള്ള ഒരു ഹോട്ടല്‍ ഉണ്ട്. ഇപ്പോഴും ഉണ്ട്. ഒടുവില്‍ അവിടെ ജോലി കിട്ടി. വരുന്നവര്‍ക്ക് ഗ്ലാസില്‍ വെള്ളമൊഴിച്ച് കൊടുക്കണം. പിന്നെ ഇറച്ചി കഴുകണം. 25കിലോയൊക്കെയാണ് ഒരു ദിവസം വരുന്നത്. വലിയ വല്ലക്കൊട്ടയിലാണ് കഴുകുന്നത്. ദിവസം ഒരു രൂപ ശമ്പളം. 

ഒരു ദിവസം ഞാന്‍ ഇലയൊക്കെ എടുത്ത് മേശയൊക്കെ തുടച്ച് ഫാമിലി റൂമിലേക്ക് ചെല്ലുമ്പോള്‍ എന്നെ പഠിപ്പിച്ച സാര്‍ അവിടെ ഇരിക്കുന്നു. സാറിനെ കണ്ടതും ഞാന്‍ തകര്‍ന്നു പോയി. അദ്ദേഹത്തിന് എന്നോടു വലിയ വാത്സല്യമായിരുന്നു. ഞാന്‍ സാറിന്റെ മുന്നിലിരുന്നു പൊട്ടിക്കരഞ്ഞു. സാര്‍ എന്നെ ചേര്‍ത്തുപിടിച്ച് കുറേ ആശ്വസിപ്പിച്ചു. ഇനി വരുമ്പോള്‍ ഇവിടെ കാണരുത് വീട്ടില്‍ പൊയ്‌ക്കോണം എന്നു പറഞ്ഞ് സാര്‍ പോയി. ഇക്കാര്യം ഹോട്ടലുകാരോട് പറഞ്ഞ് ഞാന്‍ അവിടുത്തെ പണി നിര്‍ത്തി. എന്റെ കയ്യീന്ന് എപ്പോഴും ഗ്ലാസ് താഴെ വീണു പൊട്ടുന്നതുകൊണ്ട് പകുതി പൈസയും അവിടെ പിടിച്ചു.

കായംകുളത്തുനിന്ന് എങ്ങോട്ടായിരുന്നു യാത്ര 

എറണാകുളത്തേക്ക്. അടിയന്തരാവസ്ഥയ്ക്കു തൊട്ടുമുൻപുള്ള കാലമാണ്. എറണാകുളത്തെ ഉദയ ലഞ്ച് ഹോമില്‍ ജോലി കിട്ടി. ഉണ്ണിക്കൃഷ്ണന്‍ എന്നായിരുന്നു ഹോട്ടല്‍ ഉടമയുടെ പേര്. ഒരു ദിവസം അവിടെ നിന്നു. അടുത്ത ദിവസം എന്നെ അവരുടെ വീട്ടിലേക്കു മാറ്റി. അവിടുത്തെ പശുക്കളെ കുളിപ്പിക്കണം. ചാണകം വാരണം. പാല്‍ കൊണ്ടു കൊടുക്കണം. അവരുടെ രണ്ട് പെണ്‍കുട്ടികള്‍ സെന്റ് തെരേസാസില്‍ പഠിക്കുന്നുണ്ട്. ഉച്ചയ്ക്ക് അവര്‍ക്കു ചോറ് കൊണ്ടു കൊടുക്കണം. അവിടെ ഒരു കറവക്കാരന്‍ ഉണ്ടായിരുന്നു. പുള്ളി എന്റെ കയ്യീന്നു കുറച്ചു പൈസ കടം വാങ്ങി. ഈടായി പുള്ളിയുടെ സൈക്കിള്‍ എനിക്കു തന്നു. അക്കാലത്തും രാത്രി സിനിമയ്ക്കു പോകും. ഒരുദിവസം  ഈ വീട്ടുകാരുമായി പിണങ്ങി പണി മതിയാക്കി. പോകാൻ നേരം ശമ്പളത്തിൽ അഞ്ചു രൂപാ അധികവും തന്നു. അത് നിന്റെ അഹങ്കാരത്തിനാ എന്നു പറഞ്ഞു. അതെന്താ എന്ന് എനിക്ക് മനസിലായില്ല. 

അവിടെനിന്ന് എങ്ങോട്ടാണു പോയത് 

ഞാൻ സൈക്കിളില്‍ എറണാകുളത്തുകൂടി അലഞ്ഞു. മൂന്ന് ദിവസം കൊണ്ടു കയ്യിലെ പൈസ തീര്‍ന്നു. സൈക്കിള്‍ ചവിട്ടി ചേര്‍ത്തല എത്തി. അവിടെ അപ്‌സര ഹോട്ടല്‍ ജോലി കിട്ടി. ഉച്ചയ്ക്ക് രണ്ട് മണിവരെ ഞാന്‍ അവിടെ ജോലി ചെയ്തു. അപ്പോഴാണ് എന്റെ കൂടെ കായംകുളത്ത് പഠിച്ച ഒരാളെ അവിടെവച്ചു കാണുന്നത്. ‘ജോലി അന്വേഷിച്ച് വന്നതാണ്. എവിടേയും കിട്ടിയില്ല. അങ്ങനെ ഹോട്ടലില്‍ ജോലിക്ക് കയറി.’ എന്നു പറഞ്ഞപ്പോൾ അവൻ ഒരു ലാബോറട്ടറിയിൽ എന്നെ കൊണ്ടു പോയി. പക്ഷേ, അവിടെ ഒഴിവില്ലായിരുന്നു. ഞാന്‍ തിരിച്ചു ചെന്നപ്പോള്‍ മാനേജര്‍ ചൂടായി. അതോടെ ആ പണി പോയിക്കിട്ടി.

joycee

എങ്ങോട്ടായിരുന്നു യാത്ര 

ബാഗും സൈക്കിളുമായി നേരെ മുട്ടം പള്ളിയില്‍ ചെന്ന് അച്ചനെ സര്‍ട്ടിഫിക്കറ്റൊക്കെ കാണിച്ചു.  പള്ളിയാകുമ്പോള്‍ ആശുപത്രിക്കാരുമായൊക്കെ പരിചയം കാണുമല്ലോ. അവിടെ താമസിച്ചോളാന്‍ പറഞ്ഞ് അച്ചന്‍ എനിക്കൊരു മുറി തന്നു. പള്ളിയുടെ ഒരു അംബാസിഡര്‍ കാര്‍ ഉണ്ട്. അച്ചന്‍ ചില ദിവസം പോകുമ്പോള്‍ എന്നെയും കൂട്ടും. അവിടുള്ള ആശുപത്രികളിലൊക്കെ പോകും. ജോലി അന്വേഷിക്കും. കിട്ടിയില്ല. ഒരു മാസത്തോളം അങ്ങനെ കഴിഞ്ഞു. ഒരുദിവസം ഞാന്‍ ഭക്ഷണം കഴിഞ്ഞ് ഉച്ചയ്ക്ക് വായിച്ചുകൊണ്ടു കിടക്കുമ്പോൾ അച്ചന്റെ സഹായി മത്തായിച്ചേട്ടന്‍ വന്ന് എന്നെ അച്ചന്‍ വിളിക്കുന്നു എന്നു പറഞ്ഞു. ഞാന്‍  അച്ചന്റെ മുറിയിലെത്തി.

‘ആ, നിന്റെ അപ്പന്‍ വന്നിട്ടുണ്ട്,’ അച്ചന്‍ പറഞ്ഞു. ഞാന്‍ ഞെട്ടി. ഞാന്‍ നോക്കിയപ്പോള്‍ സൈഡില്‍ ചാച്ചന്‍ ഇരിക്കുന്നു. ‘ഞങ്ങള് നിന്റെ അപ്പന് എഴുതിയിരുന്നു. നീ അപ്പന്റെ കൂടെ പൊയ്ക്കോ. ജോലി എന്തേലും ആകുമ്പോള്‍ അറിയിക്കാം.’ അച്ചൻ  പറഞ്ഞു.

ജോയ്സി എങ്ങനെ പ്രതികരിച്ചു  

എനിക്ക് ഭൂമി പിളര്‍ന്ന് താഴേക്ക് പോയാല്‍ മതിയെന്നായി. ചാച്ചന്റെ ഒരു ശിക്ഷ എന്നു പറഞ്ഞാല്‍ 50 അടിയാണ്. സൈക്കിള്‍, ഞാന്‍, വീട്... എന്റെ മനസില്‍ എല്ലാം കൂടി ഇളകി മറിയുകയാണ്. മുറിയില്‍ നിന്നു ബാഗെടുത്ത് ഇറങ്ങി. ‘ഇവനൊരു സൈക്കിളുണ്ട്,’ മത്തായിച്ചേട്ടന്‍ പറഞ്ഞു. ‘ഹൈറേഞ്ചിൽ സൈക്കിള്‍ കൊണ്ടെന്താ കാര്യം? ആര്‍ക്കെങ്കിലും കൊടുത്തോളാന്‍ ചാച്ചൻ പറഞ്ഞു. അന്‍പത് രൂപ തരാം എന്ന് അവിടെ പണി എടുത്തിരുന്ന ആശാരി പറഞ്ഞു. ‘സൈക്കിള്‍ കൊടുക്കാന്‍ പറ്റത്തില്ല. അതും കൊണ്ടുപോകണം,’ എന്നു ഞാന്‍ വാശിപിടിച്ചു. എങ്ങനെ കൊണ്ടുപോകുമെന്നായി ചാച്ചന്‍.

‘തവണക്കടവ് വരെ അവർ കാറിലും ഞാന്‍ സൈക്കിളിലും പോയി. ചാച്ചന്‍ എന്റെ ബാഗ് വാങ്ങിപ്പിടിച്ചു. തവണക്കടവില്‍ എത്തിയപ്പോള്‍ ചാച്ചന്‍ രണ്ട് രൂപ തന്നിട്ട് ടിക്കറ്റെടുക്കാന്‍ പറഞ്ഞു. സൈക്കിളും ബോട്ടില്‍ കയറ്റി. അച്ചൻ യാത്രപറഞ്ഞു തിരിച്ച് പോയി. വൈക്കത്തു ബോട്ടിറങ്ങി. ഞാന്‍ സൈക്കിളും തള്ളി നടന്നു. ചാച്ചന്റെ വിധം മാറി ‘നീ ഇതുകൊണ്ട് അവിടെ വന്നിട്ട് എന്നാ ചെയ്യാനാ? ഇതുമായി എന്റെ കൂടെ പോരണ്ട, പുറത്തെവിടെയെങ്കിലും കൊണ്ടുപോയി പൂട്ടിവയ്ക്ക് ആരെങ്കിലും എടുത്തോണ്ട് പൊക്കോട്ടെ.’ ചാച്ചൻ സമ്മതിക്കില്ലെന്ന് എനിക്ക് ഉറപ്പായി. ഞാന്‍ റോഡരികില്‍ സൈക്കിള്‍ കൊണ്ടുവച്ചു. തിരിച്ച് വന്നു ബസില്‍ കയറി ബാക്ക് സീറ്റില്‍ ഇരുന്നു. വണ്ടി സ്റ്റാര്‍ട്ട് ചെയ്തതും ഞാൻ ചാടിയിറങ്ങി സൈക്കിളിൽ കയറി ഒറ്റപ്പോക്കങ്ങു പോയി. ചാച്ചന്‍ നേരെ വീട്ടിലും. 

ആ സൈക്കിൾ ഒരു വലിയ കഥാപാത്രമാണല്ലോ. അതെന്തു ചെയ്തു 

അതും ചവിട്ടി ഞാൻ പള്ളിയിലേക്കു തന്നെ പോയെങ്കിലും അവർ സ്വീകരിച്ചില്ല. സൈക്കിളില്‍ കയറി ഞാന്‍ ആലപ്പുഴയില്‍ പോയി. ബോട്ടിന് ടിക്കറ്റെടുത്തതിന്റെ ബാക്കി ഒരു രൂപ നാല്‍പ്പത് പൈസ  ഉണ്ടായിരുന്നു.  അതും തീര്‍ന്നു. ഒടുവിൽ ഇരുമ്പുപാലത്തിനടുത്തുള്ള ഒരു ചെറിയ ചായക്കടയില്‍ ജോലി കിട്ടിയെങ്കിലും സൈക്കിള്‍ ഒരു പ്രശ്നമായി. ആ ജോലിയും പോയി. പിന്നെ ആലപ്പുഴയിലെ വേറെ ജോലി ഒന്നും ശരിയായില്ല. അന്നത്തെ ഭീമ ജ്വല്ലറി ഇരിക്കുന്നിടത്ത് ഈ സൈക്കിള്‍ കൊണ്ടുപോയി വച്ചു. പൂട്ടി താക്കോല് നിക്കറിന്റെ പോക്കറ്റിലിട്ടു. രാത്രി തിരിച്ചു കടയിൽ ചെന്നു. പിന്നെ ഞാന്‍ ആ സൈക്കിള്‍ കണ്ടിട്ടുമില്ല. അന്വേഷിച്ചിട്ടുമില്ല. 

ആലപ്പുഴയിലെ ജീവിതം എങ്ങനെയായിരുന്നു 

കുറച്ച് നാള്‍ അവിടെ ജോലി ചെയ്തു. ആരോടെങ്കിലും പൈസ മേടിച്ച് സിനിമയ്ക്ക് പോകും. ആയിടയ്ക്കാണു തച്ചോളി മരുമകന്‍ ചന്തു, തുമ്പോലാര്‍ച്ച, പിക്‌നിക് എന്നീ പടങ്ങള്‍ റിലീസാകുന്നത്. എനിക്ക് അന്നുതന്നെ സിനിമ കാണണം. ഞാന്‍ അവരോട് ചോദിച്ചു. ജോലിയെല്ലാം തീര്‍ത്തിട്ട് പൊക്കോളാന്‍ പറഞ്ഞു. ഞാന്‍ എല്ലാ ജോലിയും നേരത്തേ തീര്‍ത്തു. വൈകുന്നേരം മാവരയ്ക്കാന്‍ തന്നുവിട്ടു. മാവരച്ച് കാരിയറിന്റെ  പുറകില്‍ വച്ച് തിരിച്ച് വരുമ്പോള്‍ ഇരുമ്പുപാലം കഴിഞ്ഞപ്പോള്‍ എതിരെ ഒരു കാറു വന്നു. സൈക്കിള്‍ ചെരിഞ്ഞ് മാവ് മൊത്തം പോയി. ഞാന്‍ ഒഴിഞ്ഞ ബക്കറ്റുമായി തിരിച്ച് കടയില്‍ ചെന്നു. ‘ആ മാവ് മൊത്തം കളഞ്ഞോ? നീ പടത്തിനും പോണ്ട ഒരു കുന്തത്തിനും പോണ്ട. എത്ര ദിവസം ജോലി ചെയ്താലാടാ ഇതിന്റെ കടം തീരുന്നത്?’ എന്നൊക്കെ അയാൾ എന്നെ വഴക്കു പറഞ്ഞു. ഈ വഴക്കെല്ലാം കേള്‍ക്കുമ്പോള്‍ എന്റെ  മനസില്‍ തച്ചോളി മരുമകന്‍ ചന്തുവും തുമ്പോലാര്‍ച്ചയും പിക്‌നിക്കും ആയിരുന്നു. കുറച്ചു കഴിഞ്ഞു പുള്ളി ചിരട്ട വാങ്ങിക്കാന്‍ വേണ്ടി എന്റെ കയ്യില്‍ രണ്ടുരൂപ തന്നു. ഞാന്‍ നേരെ പോയി തച്ചോളി മരുമകന്‍ ചന്തു കണ്ടു. പിക്‌നിക് സെക്കന്‍ഡ് ഷോ കണ്ടു. പിറ്റേന്ന് തുമ്പോലാര്‍ച്ചയും. തൃപ്തിയായി. പൈസയും തീര്‍ന്നു. പിറ്റേന്ന് മുതല്‍ വീണ്ടും അലഞ്ഞു തിരിയാന്‍ തുടങ്ങി. 

എവിടെ താമസിക്കും എന്തു ഭക്ഷണം കഴിക്കും 

പച്ചവെള്ളം മാത്രമാണ് ഭക്ഷണം. എവിടേയും ജോലി കിട്ടാനില്ല. മൂന്ന് ദിവസം കഴിഞ്ഞു. ഹോട്ടലിന്റെ സൈഡില്‍ നില്‍ക്കുമ്പോള്‍ പച്ചക്കറിയൊക്കെ അരിയുന്നത് കാണാം. എടുത്തോണ്ട് ഓടിയാലോ എന്ന് കരുതും. എന്തേലും ഒന്നു കടിച്ചു തിന്നാല്‍ മതി. അത്ര വിശപ്പാണ്. കടല്‍പ്പാലത്തിന്റെ അടിയിലെ മണലിലാണ് രാത്രി കിടന്നുറങ്ങുന്നത്. രാവിലെ എണീറ്റ് മുല്ലക്കല്‍ അമ്പലത്തില്‍ പോകും. ഡ്രസ്സൊക്കെ കഴുകും. തോര്‍ത്തുടുത്ത് കഴുകിയതൊക്കെ വിരിച്ചിടും. ഉണങ്ങിക്കഴിയുമ്പോള്‍ വീണ്ടും എടുത്തിടും. മുന്‍സിപ്പല്‍ ലൈബ്രറിയില്‍ പോയി പത്രം വായിക്കും. കുറേ നേരം ഉറങ്ങും. ഉച്ച കഴിയുമ്പോള്‍ എണീക്കും. വീണ്ടും നടക്കും. 

രാധാസ് ടാക്കീസിനോട് ചേര്‍ന്ന് ഒരു മെറീന റെസ്‌റ്റോറന്റ് ഉണ്ടായിരുന്നു. മെറീനയില്‍ ഒരു കറിയാച്ചന്‍ ഉണ്ട്. രാത്രി ഞാന്‍ അവിടെ ചെന്ന് പണി ചോദിച്ചു. അപ്പോഴേക്കും ഒരു വിധം ഹോട്ടല്‍ പണികള്‍ പഠിച്ചിരുന്നു. അവിടെ ജോലി തന്നു. രാധാകൃഷ്ണന്‍ എന്നൊരു ചേട്ടനുണ്ട് അവിടെ. പുള്ളി എനിക്ക് ചെയ്യേണ്ട കാര്യങ്ങളൊക്കെ പറഞ്ഞു തന്നു. അവിടെ രവി എന്നൊരുാളുണ്ടായിരുന്നു. യൂസഫ് എന്ന് പറഞ്ഞ ഒരാളാ അവിടെ ചായ അടിക്കുന്നത്. ‘യൂസഫേ, നമ്മുടെ ഹോട്ടലില്‍ ജോലിക്കു വന്ന പുതിയ ആളാ. നീയൊരു ചായ എടുത്തു കൊടുക്ക്,’ എന്നു രവി പറഞ്ഞു. യൂസഫ് ചായ എടുത്തു തന്നു. ഞാൻ ഭക്ഷണം കഴിച്ചിട്ടു നാലാമത്തെ ദിവസമായിരുന്നു അത്. ചായയുടെ രുചി എന്തെന്ന് ഞാന്‍ അറിയുന്നത് അന്നാണ്. 

വീട്ടിൽനിന്നാരും അന്വേഷിച്ചു വന്നില്ലേ 

ആറു മാസം ഞാൻ അവിടെ നിന്നു. നല്ല തിരക്കുള്ള ഹോട്ടലാ. ഞാനങ്ങ് തെളിഞ്ഞു. എന്തു ഭക്ഷണം വേണമെങ്കിലും എടുത്തു കഴിക്കാം. അവിടെ എല്ലാവര്‍ക്കും എന്നെ വലിയ ഇഷ്ടമാണ്. 

ഓരോ സ്ഥലത്തുനിന്നും പിരിഞ്ഞു പോകുമ്പോള്‍ ഞാന്‍ വീട്ടിലേക്ക് ഒരു കത്തെഴുതുമായിരുന്നു മെറീന ഹോട്ടലില്‍ ഉള്ളവര്‍ യൂണിയന്‍ ഉണ്ടാക്കാന്‍ ശ്രമിച്ചതിന്റെ ഭാഗമായി ഹോട്ടല്‍ ഒരാഴ്ചത്തേക്ക് അടച്ചു. അപ്പോൾ പതിവുപോലെ വീട്ടിലേയ്ക്കെഴുതി. പക്ഷേ, പോകാൻ കറിയാച്ചൻ എന്നെ അനുവദിച്ചില്ല.

ഒരു ദിവസം ഞാന്‍ കുളിക്കാന്‍ വെള്ളം പിടിച്ചുകൊണ്ടു നിൽക്കുകയായിരുന്നു. ‘എടാ ജോയിയേ’ എന്നൊരു വിളി. തിരിഞ്ഞു നോക്കിയപ്പോള്‍ ദാ, നില്‍ക്കുന്നു അമ്മയുടെ ചേച്ചിയുടെ മോന്‍. അവന്റെ പിറകിൽ അമ്മയും! ഓടി രക്ഷപ്പെടാൻപോലും സാധിച്ചില്ല. അവര്‍ കയ്യോടെ പിടികൂടികൊണ്ടു പോന്നു. പിറ്റേദിവസം ഉച്ചയായപ്പോഴേക്കും വീട്ടിലെത്തി. 

വീട്ടിലെ സ്ഥിതി എങ്ങനെയുണ്ടായിരുന്നു 

രണ്ടു വർഷം കൊണ്ടു വീടിന്റെ അവസ്ഥ വളരെ ശോചനീയമായിരുന്നു. ഇനി വീട് പുലരണമെങ്കില്‍ ഞങ്ങള്‍ ജോലിയെടുക്കണം. ഞാന്‍ മുരിക്കാശ്ശേരിയില്‍ ചെന്ന് അമ്മാച്ചന്റെ വീട്ടിൽ പണിയെടുത്തു. തിരിച്ച് വീട്ടില്‍ പോയി കുറച്ച് പൈസയെല്ലാം കൊടുത്തു. അപ്പോഴേക്കും മുളക് പറിക്കേണ്ട സീസണ്‍ ആയി. അമ്മാച്ചനു കുമളിയിൽ നാല്‍പതേക്കറോളം സ്ഥലമുണ്ട്. ഞാൻ അങ്ങോട്ടു പോയി. മൂന്നുമാസത്തോളം അവിടെനിന്നു. കിട്ടിയ പൈസ വീട്ടിൽ കൊടുത്തു. അങ്ങനെ കുടുംബം പോറ്റി. 

അന്ന് അനിയന്‍ സണ്ണി എട്ടാം ക്ലാസില്‍ പഠിക്കുന്നു. അവന്‍ പഠിപ്പ് നിര്‍ത്തി പശുപ്പാറ തേയിലത്തോട്ടത്തില്‍ പണിക്കു പോയി. അര ശമ്പളമേ കിട്ടൂ. എനിക്ക് ഇരുപതു വയസ്സുണ്ട്. ഞാന്‍ ജോലി തേടി ആലംപിള്ളി ടീ ഫാക്ടറിയില്‍ പോയി. അവിടെ സ്ഥിരമായി ജോലി ചെയ്യുന്നവരുടെ മക്കളാണു മറ്റ് ജോലികള്‍ ചെയ്തിരുന്നത്. അവര്‍ക്ക് ജോലി കൊടുത്ത് ബാക്കിയുണ്ടെങ്കിലേ നമ്മളെ പരിഗണിക്കൂ. രാത്രി പന്ത്രണ്ട് മണിവരെ അവിടെ കാത്തിരിക്കും. പണിയില്ലാതെ കുറ്റാക്കൂരിരുട്ടില്‍ വീട്ടിലേക്കു മടങ്ങും. 

അനിയന് പണിയുണ്ട്. എനിക്ക് ഇടയ്ക്കെന്തെങ്കിലും കിട്ടിയാലായി. കഷ്ടി പത്ത് രൂപ കൊണ്ടാണ് വീട്ടു ചെലവ്. മറ്റ് സഹോദരങ്ങളെല്ലാം പഠിക്കുകയാണ്. എനിക്ക് താഴെ ലിസി, സണ്ണി, ലില്ലി, ബാബു എന്നിവരാണ് ഉള്ളത്. ലിസി വയ്യാത്തതുകൊണ്ടു പഠിത്തം നിർത്തി.  ലില്ലിയും ബാബുവും പഠിക്കുകയാണ്. ഞാനും സണ്ണിയും  തുഴഞ്ഞ് തുഴഞ്ഞ് കുടുംബം പോറ്റി. 

1981 വരെ പുളിങ്കട്ടയില്‍ തന്നെ ഓരോ ജോലി ചെയ്തു ജീവിച്ചു. അതിനിടെ ഞങ്ങള്‍ ആദ്യത്തെ വീട് വിറ്റ് വേറെ വീട്ടിലേക്കു മാറി. ചാച്ചന്‍ പിണങ്ങി മാറി തീക്കോയില്‍ അരയേക്കര്‍ സ്ഥലത്ത് വീട് കെട്ടി താമസമായി. 

ഇതിനിടയിൽ പുസ്തകം വായിക്കാൻ സമയം കിട്ടിയിരുന്നോ 

മുരിക്കാശ്ശേരിയില്‍ ഒരു വര്‍ഷം കൂലിപ്പണിക്ക് പോകുന്നതിനൊപ്പം ഞാന്‍ അവിടുത്തെ ലൈബ്രറിയിലെ എല്ലാ പുസ്തകങ്ങളും വായിച്ചു. മുട്ടത്ത് വര്‍ക്കി, കാനം, പുഷ്പനാഥ്, തുടങ്ങി അന്ന കരിനീന, യുദ്ധവും സമാധാനവും, ഡോണ്‍ ശാന്തമായൊഴുകുന്നു, കുറ്റവും ശിക്ഷയും, പാവങ്ങള്‍ വരെ. ബ്രിട്ടീഷ് സാഹിത്യത്തിലുള്ളവരേയും വായിച്ചു. അമേരിക്കന്‍ നോവലുകളില്‍ മൊബിഡിക്ക്, ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങള്‍, കിഴവനും കടലും, മണി മുഴങ്ങുന്നത് ആര്‍ക്ക് വേണ്ടി... വിവര്‍ത്തനത്തിന്റെ ലോകത്തെത്തിയപ്പോള്‍ എനിക്കു വേറൊന്നും വേണ്ടാതായി. മനുഷ്യന്റെ സാര്‍വത്രികമായ രീതിയിലുള്ള വികാരപ്രകടനങ്ങള്‍ വരുന്നതൊക്കെ വലിയ യുദ്ധങ്ങളും വലിയ കെടുതികളും ഉണ്ടാകുന്നിടത്താ. നമ്മുടെ പണി പോകുന്നതോ ഒരു ദിവസം പട്ടിണി കിടക്കുന്നതോ അല്ല കാര്യം എന്നു മനസ്സിലായി. 

എഴുത്തിലേക്കു തിരിഞ്ഞതെപ്പോഴാണ് 

ഒരുദിവസം തോമസ് ടി അമ്പാട്ട് എന്റെ ഒരു ഡിക്ടടീവ് നോവല്‍ വായിച്ചു. അന്ന് അദ്ദേഹം മനശബ്ദത്തില്‍ ജോലി ചെയ്യുകയാണ്. നോവല്‍ അവിടെ പ്രസിദ്ധീകരിക്കാം എന്ന് പറഞ്ഞു. പരസ്യമൊക്കെ വന്നു തുടങ്ങിയെങ്കിലും അതു നടന്നില്ല.  ഒടുക്കം മാമാങ്കത്തില്‍ ചെന്നപ്പോള്‍ അവിടുത്തെ അപ്പുക്കുട്ടന്‍ പറഞ്ഞു ഞങ്ങളുടെ രണ്ടാളുടേയും പേരില്‍ നോവല്‍ കൊടുക്കാം. ജോയ് ചൊവ്വാറ്റുകുന്നേല്‍ എന്ന പേര് ചുരുക്കി ജെ.സി എന്നാക്കി.‍ പക്ഷേ. ആ പേരില്‍ വേറെ ഒരാള്‍ ഉണ്ട്. എന്നാല്‍ ജെ.സി ജൂനിയര്‍ എന്നാക്കിക്കോളാന്‍ ഞാന്‍ പറഞ്ഞു. തോമസ് ടി അമ്പാട്ട് ആന്‍ഡ് ജെ.സി ജൂനിയര്‍ എന്ന പേരില്‍ നോവല്‍ പ്രസിദ്ധീകരിച്ചു. 

ആ സമയത്ത് (1981 ൽ) ഞാന്‍ ഇവരറിയാതെ കേരള ശബ്ദത്തില്‍ ലേഖന പരമ്പര എഴുതിത്തുടങ്ങിയിരുന്നു - ചോരയില്‍ കുതിര്‍ന്ന കാല്‍പ്പാടുകള്‍. സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവകാരികളെ കുറിച്ച്. പിന്നീട് ‘നേതാജി -ഇന്ത്യന്‍ നാഷണല്‍ ആര്‍മി’ ‘ഹിറ്റ്‌ലറും രണ്ടാം ലോക മഹായുദ്ധവും’ എന്നിങ്ങനെ രണ്ടു ലേഖന പരമ്പരകൾ. അപ്പോഴേക്കും എനിക്ക് കുങ്കുമം അവാര്‍ഡൊക്കെ കിട്ടി. ഒരു ദിവസം തോമസ് ടി വന്നിട്ട് എന്നോട് പറഞ്ഞു: എടോ കേരള ശബ്ദത്തില്‍ തനിക്കൊരു എതിരാളി വന്നിട്ടുണ്ട്. ജെ.സി ജൂനിയര്‍ എന്ന പേരില്‍ അവിടെ ഒരാള്‍ ചോരയില്‍ കുതിര്‍ന്ന കാല്‍പ്പാടുകള്‍ എന്നൊരു ലേഖന പരമ്പര എഴുതുന്നുണ്ട്. അത് ഞാനാണെന്ന് അന്നു ഞാന്‍ പറഞ്ഞു. 

എവിടെയിരുന്നാണ് എഴുതിയിരുന്നത്

വീട്ടിലെ പരിമിതമായ സൗകര്യത്തിൽ. കപ്പ നട്ട പറമ്പില്‍ കാട്ടുപന്നിയെ ഓടിക്കാൻ കാവൽമാടമുണ്ട്. എഴുത്തും അവിടെയായിരുന്നു. ഇരുന്നെഴുതാന്‍ പറ്റില്ല. ഹാര്‍ഡ്‌ബോഡ് കൊണ്ട് വച്ച് കമിഴ്ന്ന് കിടന്നാണ് എഴുത്ത്. കുറച്ച് കഴിയുമ്പോള്‍ കൈയും കഴുത്തും കഴയ്ക്കും. എന്നാലും എഴുതും. വീട്ടിലിരുന്നാണ് എഴുത്തെങ്കില്‍ കട്ടിലിലിരിക്കും. മുന്നില്‍ ഒരു സ്റ്റൂള്‍ വയ്ക്കും. അങ്ങോട്ട് കമിഴ്ന്നിരുന്നങ്ങ് എഴുതും. വീട്ടില്‍  കൂട്ടുകാരോ ബന്ധുക്കളോ വന്നാല്‍, എഴുതിക്കൊണ്ടിരിക്കുന്ന കടലാസെല്ലാം വാരിയെടുത്ത്  തലയിണയുടെ അടിയില്‍ വയ്ക്കും. അവര് പോയിക്കഴിഞ്ഞാലേ പിന്നെ കടലാസുകള്‍ പുറത്തെടുക്കൂ. കണ്ടാല്‍ അവര്‍ കളിയാക്കി ചിരിക്കും. അങ്ങനെ ഒളിച്ചും പാത്തും എഴുതുമ്പോഴാണ് ലേഖനങ്ങൾ വന്നു തുടങ്ങിയത്.

അതു വന്നപ്പോൾ തോമസ്. ടി അമ്പാട്ട് പറഞ്ഞു: എടോ അവര് നല്ല പൈസ തരും. താന്‍ പോയി വാങ്ങിക്ക്. ഞാന്‍ ചെന്ന് കാര്യം പറഞ്ഞു. ഞാന്‍ ഇറങ്ങാന്‍ നേരത്ത് 400 രൂപ തന്നു. അതും വാങ്ങിച്ച് ഞാന്‍ നേരെ നിര്‍മാതാവ് ഷെരീഫ് കൊട്ടാരക്കരയുടെ അടുത്ത് പോയി. സിനിമ നിര്‍മാതാവാണ് അദ്ദേഹം. അക്കാലത്ത് തോമസ് ടി അമ്പാട്ടിന്റെ ഒരു നോവല്‍ മാനസമൈന എന്ന മാസികയില്‍ വരുന്നുണ്ട്. ഷെരീഫ് കൊട്ടാരക്കരയാണ് അത് നടത്തുന്നത്. തോമസ് ടി അമ്പാട്ടിന് കുറച്ച് പൈസ കിട്ടാനുണ്ട്. അത് വാങ്ങിക്കാന്‍ പോയതാണ്. 

‘എന്നെ പരിചയപ്പെട്ടപ്പോൾ ഷെരീഫ് ചോദിച്ചു: ഞങ്ങളിവിടെ ഒരു എഡിറ്ററെ നോക്കിക്കൊണ്ടിരിക്കുകയാണ്. ഇവിടെ നില്‍ക്കാമോ?’ എഡിറ്റര്‍ എന്ന് പറഞ്ഞാല്‍ എന്താണെന്നുപോലും എനിക്കറിയില്ലായിരുന്നു. ‘മാസം മുന്നൂറ് രൂപ ശമ്പളം’; എന്നു പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചു. വീട്ടില്‍ പോയി, പണ്ടത്തേതു പോലെ ബാഗും എടുത്തു വന്നു. 

പത്രപ്രവർത്തനം എളുപ്പമായിരുന്നോ 

ഗീത എന്നാണു പ്രഭാത ദിനപത്രത്തിന്റെ പേര്. ആദ്യ പേജ് നിറയെ രാഷ്ട്രീയ വാര്‍ത്തകളും മറ്റും. മറുപുറത്ത് ഒളിച്ചോട്ട വാര്‍ത്തകളും കൗതുക വാര്‍ത്തകളും. ആനിച്ചല്‍ ശശിക്ക് ആയിരുന്നു പത്രത്തിന്റെ ചുമതല. പുള്ളി പോയതോടെ പത്രം നിർത്തിവച്ചു. പരസ്യത്തിന് വേണ്ടി ഇറക്കുന്ന പത്രമാണ്. ആദ്യത്തെ ദിവസം മാനേജര്‍ കൃഷ്ണന്‍ എന്നെ കൊണ്ടു പോയി രാത്രി ഭക്ഷണം വാങ്ങി തന്നു. തിരിച്ചെത്തിയപ്പോള്‍ രണ്ട് ഡെസ്‌ക് അടുപ്പിച്ചിട്ട് കിടന്നോളാന്‍ പറഞ്ഞു. രാവിലെ അഞ്ച് മണി കഴിഞ്ഞപ്പോള്‍ വിളിച്ചുണര്‍ത്തി പണി തുടങ്ങിക്കോളാന്‍ പറഞ്ഞു. 

ദിവസവും പത്രങ്ങളെല്ലാം ഒരു മണിക്കൂറിനുള്ളില്‍ അരിച്ച് പെറുക്കി വായിക്കണം. എന്നിട്ട് നമ്മള്‍ ഒരു പത്രം രൂപകല്‍പ്പന ചെയ്യണം. രാവിലെ അഞ്ച് മണിക്ക് എണീറ്റാല്‍ രാത്രി 10 മണി വരെ ജോലിയാണ്. ഊണുമില്ല, ഉറക്കവുമില്ല. പക്ഷേ രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും ഞാന്‍ ജോലിയുമായി ഇണങ്ങി. എന്റെ ഭാവന വച്ച് ഞാന്‍ വാര്‍ത്ത എഴുതും.  

ആ പത്രമാണ് എന്റെ സ്‌കൂള്‍. ഞാന്‍ എഴുതിപ്പിടിപ്പിച്ച വാര്‍ത്തകള്‍ മറ്റ് പ്രാദേശിക പത്രങ്ങളും കോപ്പിയടിക്കുമായിരുന്നു. മൂന്നു മാസം ജോലി ചെയ്തു. ഉദ്ദേശിച്ചപോലെ പരസ്യം കിട്ടാതായപ്പോള്‍ പുള്ളി പത്രം നിര്‍ത്തി. എന്റെ ചങ്ക് തകര്‍ന്നു പോയി. വീണ്ടും ഞാന്‍ തൂമ്പയെടുക്കാന്‍ പോകണം. ഞാന്‍ പോയില്ല. 

1983 ൽ കുങ്കുമം അവാർഡ് കിട്ടി. അന്നു സിനിമാ നിർമാതാവും പസിതാര പ്രസ് ഉടമയുമായ സ്റ്റാൻലിച്ചായന്റെ വീട്ടിലാണു താമസം. അവാർഡിനുശേഷം ഞാന്‍ കേരളശബ്ദത്തിലും കുമാരിയമ്മയ്ക്കും ഓരോ നോവല്‍ കൊടുത്തെങ്കിലും പ്രസിദ്ധീകരിച്ചില്ല. അവാര്‍ഡ് കിട്ടിയതോടെ എന്റെ ഭാവി അടഞ്ഞു പോകുകയാണ് ഉണ്ടായത്. അര്‍ഹിക്കാത്ത സ്ഥാനം കിട്ടിയ ഒരാളോടുള്ള പെരുമാറ്റമായിരുന്നു എന്നോട്. അങ്ങനെയിരിക്കെ ആറൻമുള വിജയകുമാർ എന്നെ കോട്ടയത്തേക്കു വിളിച്ചു. അതാണു നല്ലതെന്ന് എനിക്കും തോന്നി. ഞാന്‍ ബാഗും എടുത്ത് സ്റ്റാന്‍ലിച്ചായനോടു യാത്ര പറഞ്ഞ് കോട്ടയത്തേക്കു പോന്നു. 

joycee-novel

അക്കാലത്ത് പത്തിരുപത് നോവലിസ്റ്റുകളുണ്ട്. പൗരധ്വനി, മനോരമ, മാമാങ്കം, മംഗളം തുടങ്ങി കുറച്ച് വാരികകളേയുള്ളൂ. ഒരു ചെറുകഥ പോലും ആരും പ്രസിദ്ധീകരിക്കില്ല. ഞാന്‍ തോമസ് ടി അമ്പാട്ടിനു ഡിറ്റക്ടീവ് നോവല്‍ എഴുതി വിറ്റാണ് ഒരു വര്‍ഷം ജീവിച്ചത്. നോവലിസ്റ്റ് ബാറ്റണ്‍ ബോസിനൊപ്പമാണു താമസിച്ചിരുന്നത്. 50 രൂപ വാടക. 84ല്‍ ആയിരുന്നു ഇത്. 

ആ സമയത്താണ് ‘കണ്ണീരാറ്റിലെ തോണി’ മംഗളത്തിനു കൊടുത്തത്. അതിനും അവാര്‍ഡ് കിട്ടി. ‘മനയ്ക്കലെ തത്ത’ എന്ന നോവലിന് മനോരാജ്യം അവാര്‍ഡ് ലഭിച്ചു. ‘മോഹപ്പക്ഷികള്‍’ മനോരമ പ്രസിദ്ധീകരിച്ചു. കേരളത്തില്‍ മൂന്ന് മുന്‍നിര പ്രസിദ്ധീകരണങ്ങളില്‍ ഒരേസമയം എഴുതുന്ന ആദ്യത്തെ ആളായി, ഞാൻ. 

ഒരു വർഷത്തെ ആഴ്ചപ്പതിപ്പിനൊപ്പം ജോയ്സിയുടെ ‘മോഹപ്പക്ഷികൾ’ സമ്മാനം. ആഴ്ചപതിപ്പുകൾ വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക. 

Content Summary: Talk with writer Joycee

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS