ADVERTISEMENT

ഭീമസേനൻ– ഘടോൽക്കചൻ– ബർബരീകൻ. ഹിഡുംബി– മൗർവി– സംയമി. മഹാഭാരതത്തിലെ മൂന്നു തലമുറ. അതിൽ ഘടോൽക്കചനെപ്പറ്റി അത്യാവശ്യം വിവരണം മഹാഭാരതകൃതികളിൽ ലഭ്യമാണെങ്കിലും ഘടോൽക്കചന്റെ മകൻ ബർബരീകനെപ്പറ്റി വളരെ നേർത്ത വിശദാംശങ്ങളേയുള്ളൂ. അസാമാന്യ യോദ്ധാവായിരുന്ന, നീതിയുടെ പക്ഷത്തു നിലയുറപ്പിച്ചിരുന്ന ആ രാക്ഷസപുത്രൻ കേന്ദ്രകഥാപാത്രമായി വരുന്ന നോവൽദ്വയത്തിൽ ആദ്യത്തേതാണ് ഘടോൽക്കചൻ. പത്തനംതിട്ട സ്വദേശിയും അധ്യാപകനുമായ രാജേഷ് കെ.ആർ. എഴുതിയ ഏറെ പാരായണക്ഷമതയുള്ള കൃതി. ബർബരീകന്റെ ജനനം മുതൽ കൗമാരം പിന്നിടുന്നതു വരെയുള്ള കാലഘട്ടം ചിത്രീകരിച്ചിരിക്കുന്ന ആദ്യ നോവലിൽ ഹിഡുംബിയും മകൻ ഘടോൽക്കചനും അദ്ദേഹത്തിന്റെ ജീവിതപങ്കാളി മൗർവിയും ആണു കഥ മുന്നോട്ടുകൊണ്ടുപോകുന്നത്. ഘടോൽക്കചനോളം തന്നെ പ്രാധാന്യം നോവലിസ്റ്റ് മൗർവിക്കും അവരുടെ ആയോധനപാടവത്തിനും നൽകിയിരിക്കുന്നുവെന്നതും ശ്രദ്ധേയം. അവസാന ഭാഗമാകുമ്പോഴേക്കും ജീവിത ഭാഗധേയം തന്റെ ചുമലുകളിലേറ്റിത്തുടങ്ങുന്ന ബർബരീകന്റെ ജീവിതത്തിന്റെ ഒരു നിർണായകസന്ധിയിൽ വച്ചാണ് എഴുത്തുകാരൻ നോവൽ അവസാനിപ്പിക്കുന്നത്. അടുത്ത നോവൽഖണ്ഡത്തിലേക്കുള്ള ആകാംക്ഷ വായനക്കാരിൽ വേണ്ടുവോളം ഉയർത്തിത്തന്നെയാണ് ആ ക്ലൈമാക്സ് അവതരിപ്പിച്ചിരിക്കുന്നത്. നിലത്തുവയ്ക്കാതെ ഒറ്റയടിക്ക് വായിക്കും എന്നതു തന്നെയാണ് ഘടോൽക്കചൻ എന്ന നോവലിന്റെ ഏറ്റവും വലിയ സവിശേഷത. യുദ്ധരംഗവിവരണങ്ങളായാലും പ്രകൃതി വർണനകളായാലും സാമൂഹിക വിശകലനമായാലും അതിലെല്ലാം വായനയെ കൊളുത്തിയിടുന്ന കഴിവ് രാജേഷിന്റെ എഴുത്തിനുണ്ട്. ആഴത്തിലുള്ള ഗവേഷണവും വായനയും മനസ്സെരിക്കലും ഈ കൃതിക്കു പുറകിലുണ്ടെന്ന് ഏതാനും പേജുകൾ വായിച്ചുകഴിയുമ്പോൾത്തന്നെ മനസ്സിലാകും. മഹാഭാരതകാലത്തെ സാമൂഹിക യാഥാർഥ്യങ്ങളെ ഇഴപിരിച്ചു വിമർശനവിധേയമാക്കുന്ന സമീപനമാണ് എഴുത്തുകാരൻ അവലംബിച്ചിരിക്കുന്നത്. ജാതിവിവേചനവും അധീശത്വ മനോഭാവവും കഥാപാത്രങ്ങളുടെ സ്വഭാവസവിശേഷതകളുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുമ്പോൾ നോവൽ പലപ്പോഴും നമ്മൾ ജീവിക്കുന്ന കാലത്തിന്റെ കണ്ണാടി കൂടി ആയി മാറുന്നു. രാജ്യവും ലോകവും നേരിടുന്ന ചില വർത്തമാനകാല സമസ്യകളെക്കൂടി നോവൽ വായന വായനക്കാരുടെ മനസ്സിലേക്കു കൊണ്ടുവരുന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com