ADVERTISEMENT

ഒന്നാം ഫോറൻസിക് അധ്യായം, ബോഡി ലാബ്, എന്നീ രണ്ടു പുസ്തകങ്ങളുടെ എഴുത്തുകാരനാണ്‌ രജദ് ആര്‍. ആധുനിക പോപ്പുലര്‍ ഫിക്​ഷന്റെ വക്താവായി നില്‍ക്കുമ്പോഴും എഴുത്തില്‍ തനത് രീതി കൊണ്ട് വരാന്‍ രജദ് ശ്രമിക്കുന്നുണ്ട്. മലയാളത്തിൽ അത്ര പരിചിതമല്ലാത്ത മെഡിക്കൽ ത്രില്ലറുകളാണ് എഴുത്തുകാരന്റെ വഴി. എറണാകുളം കളമശ്ശേരി മെഡിക്കൽ കോളജിലെ അനാട്ടമി പ്രഫസർ ആയ രജദ് സ്വന്തം ജോലിയുടെ ഇടവേളകളിൽ തനിക്ക് പരിചിതമായ അന്തരീക്ഷത്തിൽ നിന്നുകൊണ്ട് കുറ്റകൃത്യങ്ങളേയും അത് നടക്കുന്ന രീതികളെയും കുറിച്ച് പറയാൻ ശ്രമിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ രണ്ടു നോവലുകളും പല രീതിയിലൂടെ ഫൊറൻസിക് മെഡിസിൻ എന്ന മെഡിക്കൽ വിഭാഗത്തിന്റെ ഉള്ളിൽ കാണപ്പെടാവുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് പറഞ്ഞു വയ്ക്കുന്നു. ശരീരത്തിലെ നിഗൂഢതകളെപ്പറ്റിയുള്ള ശാസ്ത്രശാഖയിലെ ബൃഹത്തായ അറിവുകൾ എഴുത്തുകാരനെ സഹായിക്കുകയും ചെയ്യുന്നുണ്ട്. എഴുത്തിനെക്കുറിച്ചും ജോലിയെക്കുറിച്ചും രജദ് ആർ -

∙മരുന്നുകളെക്കുറിച്ചും അസുഖങ്ങളെക്കുറിച്ചുമൊക്കെ വ്യക്തമായ അറിവുകള്‍ എത്രമാത്രം ഒരു ക്രൈം ത്രില്ലര്‍ നോവലിനെ രൂപപ്പെടുത്താന്‍ സഹായിക്കുന്നുണ്ട്?

ഞാന്‍ എ‍ഴുതുന്നത് മെഡിക്കൽ ക്രൈം ഫിക്​ഷനായതുകൊണ്ട് ആ മേഖലയിലെ അറിവുകൾ കഥ രൂപീകരിക്കുന്നതിൽ സഹായകമാവുകയോ സ്വാധീനം ചെലുത്തുകയോ ചെയ്യുന്നുണ്ട്. ഒരു ഉദാഹരണമെടുത്താൽ ലാബിലെ ഫോർമാലിൻ ജാറിൽ മുറിച്ച് വച്ചിരുന്ന, പച്ചകുത്തിയ, ആരുടേത് എന്നറിയാത്ത ഒരു കയ്യിൽ നിന്നാണ് ' ഒന്നാം ഫോറൻസിക്  അധ്യായം ' പിറക്കുന്നത്. ഇത്തരം ഒരുപാട് അനുഭവങ്ങള്‍ പ്രൊഫഷന്റെ ഭാഗമായി ലഭിക്കാറുണ്ട്. 22 വർഷം മുൻപാണ് ആദ്യമായി ഡിസക്​ഷൻ ലാബിൽ കയറുന്നത്. പിന്നീടെപ്പോഴോ ഇനിയൊരിക്കലും വിട്ടുമാറാത്തവണ്ണം അവിടത്തെ ഫോർമലിൻ ഗന്ധം ജീവിതത്തിന്റെ ഭാഗമായി. ബോഡി ലാബിലും ആ അനുഭവം വായിക്കാനാകും.

rajad-r1
രജത്. ആർ.

∙പുതുകാല പോപ്പുലര്‍ ഫിക്​ഷൻ എഴുത്തുകളെ എങ്ങനെയാണ് വായനയിലും എഴുത്തിലും വേര്‍തിരിച്ചു നിര്‍ത്താന്‍ ആഗ്രഹിക്കുന്നത്?

ഈ കാലത്ത് പോപ്പുലർ ഫിക്​ഷൻ ഒരുപാട് പുറത്തെത്തുന്നുണ്ട്. അവയിൽ നിന്ന് അഭിരുചിക്ക് ചേരുന്നത് എന്ന് തോന്നുന്നവ തിരഞ്ഞെടുക്കും. എന്നിട്ട് യാതൊരു മുൻവിധിയുമില്ലാതെ,  ആസ്വദിക്കണം എന്ന ആഗ്രഹത്തോടെ വായിക്കും. അങ്ങനെ ചെയ്യുന്ന ഭൂരിഭാഗം വായനക്കാരെയും പോലെ ചിലത് നന്നായി ഇഷ്ടപ്പെടും. മിക്കവയും തരക്കേടില്ല എന്നുതോന്നും. ചുരുക്കം ചിലത്  ഇഷ്ടപ്പെടുകയുമില്ല. 

എഴുത്തിലേക്ക് കടക്കുന്ന സമയത്ത് വായന നിർത്തിവയ്ക്കും. അതുവരെ വായിച്ചവയെ മനസ്സിൽനിന്ന് മാറ്റിനിർത്താൻ ശ്രമിക്കും. ഇഷ്ടപ്പെട്ടവയെപ്പോലെ എഴുതണം എന്ന് ഒരിക്കലും കരുതാറില്ല. നല്ല രീതിയിൽ ഒരു എഴുത്തുകാരൻ അത് എഴുതിക്കഴിഞ്ഞതാണല്ലോ. എഴുത്തിലും ചിലപ്പോൾ ആദ്യം ഇഷ്ടപ്പെട്ടു എന്ന് കരുതി തുടങ്ങിയ കഥ പുരോഗമിക്കുന്തോറും ഇഷ്ടപെടാത്ത അവസ്ഥയാവും. ഉപേക്ഷിക്കുക മാത്രമാണ് പിന്നെ വഴി.  

∙ബോഡി ലാബില്‍ ശാരീരികമായി ബുദ്ധിമുട്ടുള്ള ഒരു പെണ്‍കുട്ടി, അവളുടെ കുറ്റകൃത്യ അന്വേഷണം. പരിമിതികള്‍ എഴുത്തില്‍ ബുദ്ധിമുട്ടിച്ചോ? 

ഓരോ മനുഷ്യനും കഴിവുകളുണ്ടെന്നതുപോലെ പരിമിതികളും ഉണ്ട്. എന്നാൽ പലപ്പോഴും സമൂഹം എന്ന നിലയ്ക്ക് നാം ചിലരുടെ പരിമിതികളെ കൂടുതലായി കാണുകയും കഴിവുകളെ അവഗണിക്കുകയും ചെയ്യുന്നു. എന്നാൽ ഈ വെല്ലുവിളികളെയെല്ലാം അതിജീവിച്ച് കലാകായിക അക്കാദമിക രംഗങ്ങളിൽ കഴിവ് തെളിയിച്ച ഭിന്നശേഷിക്കാരെ നമുക്കറിയാം. 

bodylab-bookcategory

മറ്റു പല മേഖലകളിലെയും പോലെ കുറ്റാന്വേഷണവും ഇപ്പോൾ ഒരു ടീം ഗെയിമാണ്. അങ്ങനെ ഒരു നല്ല ടീമിന്റെ ഭാഗമാകുമ്പോൾ ടീം അംഗങ്ങൾ ഓരോരുത്തർക്കും തങ്ങളുടെ പരിമിതികളെ ഭേദിക്കാനാവുന്നു. ബോഡി ലാബിൽ കുറ്റാന്വേഷകനായ ക്രിസിനൊപ്പം ചേർന്നാണ് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന അഹല്യ കേസന്വേഷിക്കുന്നത്. ക്രിസ് എല്ലാ സ്ഥലങ്ങളിലും പറന്നെത്തുന്നുണ്ടെങ്കിലും പലപ്പോഴും ഒട്ടും വിചാരിക്കാത്ത തരത്തിൽ അഹല്യ തന്റെ ബുദ്ധിശക്തി കൊണ്ട് അയാൾക്ക് ബഹുദൂരം മുന്നിലെത്തുന്നത് കാണാനാകും. ശ്രീപാർവ്വതിയുടെ ' വയലറ്റ് പൂക്കളുടെ മരണ 'ത്തിലെ അലീനയും നടക്കാന്‍ ബുദ്ധിമുട്ടുള്ള ഒരാള്‍ ആയിരുന്നെങ്കിലും അത്തരത്തിൽ അതിയായ അന്വേഷണ ത്വരയുള്ള കഥാപാത്രമായിരുന്നല്ലോ.

കുറ്റകൃത്യത്തിന് ഇരയാകുന്നവരുടെ ശാരീരിക മാനസിക വൈഷമ്യങ്ങളെ അതേ മാനസികാവസ്ഥകളിലൂടെ (മറ്റൊരു രീതിയിലാണെങ്കിലും) കടന്നുപോയവർക്ക് ഒരുപക്ഷേ ആഴത്തിൽ മനസ്സിലാക്കുവാൻ സാധിച്ചേക്കും. അതുകൊണ്ടുതന്നെ അവരുടെ അന്വേഷണത്വരയ്ക്കും അത്രതന്നെ ആഴമുണ്ടാവാനും സാധ്യതയുണ്ട്. കുറ്റാന്വേഷണത്തിൽ മാത്രമല്ല എല്ലാ മേഖലകളിലും ഈയൊരു കാരണം കൊണ്ടുതന്നെ ഭിന്നശേഷിക്കാർക്ക് പ്രാതിനിധ്യം നൽകണം എന്ന് ഞാൻ കരുതുന്നു.

∙പുസ്തകമെഴുത്തില്‍ എന്താണ് ഏറ്റവും വലിയ സ്വപ്നം?

പുസ്തകമെഴുതുമ്പോൾ അത് പബ്ലിഷ് ചെയ്യാൻ സാധിക്കണമെന്നും കുറച്ചു പേരെങ്കിലും അത് വായിച്ച് അഭിപ്രായം അറിയിക്കണമെന്നുമായിരുന്നു ആഗ്രഹം. അത് നടന്നതിൽ സന്തുഷ്ടനാണ്. തുടർന്നും ഈ വായനയും സ്നേഹവും ലഭിക്കത്തക്ക വിധം മെച്ചപ്പെടാനാവണം എന്നതുതന്നെയാണ് എഴുത്തിലെ ഏറ്റവും വലിയ ആഗ്രഹം.

∙ഒന്നാം ഫോറന്‍സിക് അദ്ധ്യായം, ബോഡി ലാബ്, രണ്ടിലും കുറ്റാന്വേഷണത്തിലെ പ്രധാന ഘടകമായ ഫൊറന്‍സിക് സയന്‍സ് ആണ് വിഷയം. സാങ്കേതിക വളര്‍ച്ച ഒരു അപസര്‍പ്പക എഴുത്തുകാരന്‍ എന്നനിലയില്‍ വെല്ലുവിളി ആയി തോന്നുന്നുണ്ടോ? 

'അമച്വർ' കുറ്റകൃത്യങ്ങൾ ഫൊറെൻസിക് സയൻസിന്റെ വളർച്ചയോടെ വളരെപ്പെട്ടെന്ന് തെളിയിക്കപ്പെടുന്നുണ്ട് എന്നത് യാഥാർഥ്യമാണ്. പത്രങ്ങൾ, ചാനലുകൾ, നോൺ- ഫിക്​ഷൻ 'ട്രൂ ക്രൈം ' പുസ്തകങ്ങൾ എന്നിവയിലൂടെ ഇതേക്കുറിച്ച് ബോദ്ധ്യമുള്ള വായനക്കാർ ക്രൈം ഫിക്‌ഷൻ കഥകൾക്കിടെ "അത് ഈയൊരു കാര്യം പരിശോധിച്ചാൽ തീർക്കാവുന്നതല്ലേയുള്ളു? ഇങ്ങനെ വളഞ്ഞുപിടിക്കണോ?" എന്ന ചോദ്യമുയർത്താം എന്നത് വലിയ വെല്ലുവിളി തന്നെയാണ്. എങ്കിലും മനുഷ്യശരീരത്തിൽ പ്രയോഗിച്ച്‌ വിജയിക്കേണ്ട ശാസ്ത്രമായത് കൊണ്ട് മറ്റ് മേഖലകളിൽ കൈവരിച്ച പുരോഗതിയെ അപേക്ഷിച്ച് ഇനിയും മെഡിക്കൽ സയൻസിനും ഫൊറൻസിക് സയൻസിനും ഒരുപാട് വളർച്ച ബാക്കിനിൽക്കുന്നു. അതിനാൽ പെരുകിക്കൊണ്ടേയിരിക്കുന്ന കുറ്റകൃത്യങ്ങൾക്കനുസരിച്ച് തെളിയിക്കപ്പെടാത്ത കേസുകളും പെരുകുന്നു.

പുതിയ രീതികളുപയോഗിച്ച് അവ തെളിയിക്കാൻ അന്വേഷകർ ശ്രമിക്കുന്നു. പുതിയ ടെക്‌നോളജിയെ കഥയിലേക്ക് ഉൾക്കൊള്ളേണ്ട വെല്ലുവിളി എഴുത്തുകാരും ഏറ്റെടുക്കുന്നു. ഫോറൻസിക് മേഖലയിലെ വളർച്ചയ്ക്കനുസരിച്ച് കുറ്റാന്വേഷണകഥകളും സീരീസുകളും സിനിമകളും എത്രയോ മടങ്ങ് വർദ്ധിച്ചു എന്നു നമുക്കറിയാം. ഇനിയും ശാസ്ത്രം വളരും; കഥകളും.

∙എഴുത്തിന്റെ സമയവും ജോലിയുടെ സമയവും എങ്ങനെയാണ് ഒന്നിച്ചു മുന്നോട്ടു കൊണ്ട് പോവുക?

ജോലിയുടെ സമയം ജോലിക്കും എഴുത്തിന്റെ സമയം എഴുത്തിനും കുടുംബത്തിനുള്ള സമയം കുടുംബത്തിനും, ഇതിനെല്ലാം പുറമേ വ്യക്തിപരമായും അല്പം സമയം പ്രത്യേകമായും വേണം എന്ന് ആഗ്രഹമുള്ള ഒരാളാണ് ഞാൻ. കഴിവതും അങ്ങനെ തന്നെ കൊണ്ടുപോകാൻ ശ്രമിക്കാറുണ്ട്. എന്നാലും പലപ്പോഴും അതിനു സാധിക്കാതെ വരുന്ന സന്ദർഭങ്ങളിൽ അവസാനം പറഞ്ഞ രണ്ടു കാര്യങ്ങളിൽ നിന്നാണ് സമയം അപഹരിക്കപ്പെടുക. ഫലപ്രദമായി ഇവയെല്ലാം ഒന്നിച്ചു മുന്നോട്ടു കൊണ്ടുപോവുക ഞാൻ ഇനിയും പഠിക്കേണ്ട കലയാണ് എന്നാണ് തോന്നിയിട്ടുള്ളത്.

∙കഥകള്‍ ഒരുപാട് ലഭിക്കുന്ന ഇടമാണ് ആശുപത്രികള്‍. രജത്തിന് ജോലി സ്ഥലം എങ്ങനെയാണ്? പറയാന്‍ ഇനിയും ഒരുപാട് കഥകള്‍ ബാക്കി തോന്നുന്ന ഇടമാണോ ?

പലരും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലൂടെ കടന്നുപോകുന്ന സന്ദർഭം കൂടിയാണ് ആശുപത്രിവാസം. അവയെ കഥകളാക്കുക ബുദ്ധിമുട്ടാണ്. അതുകൊണ്ടായിരിക്കാം ആശുപത്രി എന്ന ഇടത്തെ മാത്രം നിലനിർത്തി അവിടുത്തെ മനുഷ്യരുമായുള്ള വൈകാരികബന്ധം കഴിവതും വിച്ഛേദിച്ചുകൊണ്ട് ഒരു സാങ്കല്പിക ലോകത്തെ അപസർപ്പക കഥകൾ മെനയാൻ ഭാവനയെ വിടുന്നത്. അങ്ങനെ നോക്കുമ്പോൾ ഇനിയും ഒരുപാട് കഥകൾക്ക് സാധ്യതയുള്ള ഇടമാണ് അവ.

onnam-forensic-adhyayam-book

∙മലയാളത്തില്‍ കുറ്റാന്വേഷണ സാഹിത്യം ഒരിടത്ത് നില്‍ക്കാതെ കാലത്തിനു അനുസരിച്ച് മാറി മാറി വരുന്നുണ്ട്. അത് വളര്‍ച്ചയ്ക്ക് ഉപകരിക്കുകയും ചെയ്യുന്നുണ്ട്. ഒരു എഴുത്തുകാരന്‍ എന്നനിലയില്‍ നിന്ന് നോക്കുമ്പോള്‍ നിരൂപകരുടെയും വായനക്കാരുടെയും കര്‍ക്കശമായ വിമര്‍ശനങ്ങളെ എങ്ങനെയാണ് കാണുന്നത് ?

കാലത്തിനനുസരിച്ച് സ്വയം പുതുക്കേണ്ടത് നിലനിൽപിന് അവശ്യമാണ്. അതിനാൽ കാലാനുസൃതമായ, പക്ഷപാതിത്വമില്ലാത്ത, ആരോഗ്യകരമായ, കർക്കശമായ വിമർശനം വളർച്ചയ്ക്ക് അത്യാവശ്യമാണ്. ഇതുവരെ ചിന്തിച്ചിട്ടില്ലാത്ത വീക്ഷണകോണിൽ നിന്ന് തന്റെ എഴുത്തിനെ നോക്കിക്കാണുവാൻ എഴുത്തുകാരന് ഇത് പ്രേരകമാവുന്നു.

∙ഷെര്‍ലോക്ക് ഹോംസിനെയും പൊയ്റോട്ടിനെയും പോലെയൊരു അപസര്‍പ്പകന്റെ അസാന്നിധ്യം മലയാളത്തിലെ ക്രൈംഫിക്​ഷനിൽ അനുഭവപ്പെടുന്നുണ്ടോ? 

മലയാളികൾക്ക് ഒട്ടും അന്യനല്ല ഷെർലക് ഹോംസ്. പലരുടെയും അപസർപ്പക വായന തുടങ്ങുന്നത് തന്നെ ഷെർലക് ഹോംസിൽ നിന്നാണ്. പോരാത്തതിന് ഡിറ്റക്റ്റീവ് മാർക്സിനെയും ഡിറ്റക്റ്റീവ് പുഷ്പരാജിനെയും പോലുള്ള  എഴുത്തുകാരനോളം പ്രശസ്തരായ ഡിറ്റക്ടീവുകൾ മലയാളത്തിന് ഉണ്ടായിരുന്നു താനും. അതുകൊണ്ടു തന്നെ അങ്ങനെയൊരു അസാന്നിധ്യം  അനുഭവപ്പെടുന്നതായി തോന്നിയിട്ടില്ല.

എഡ്ഗാർ അലൻ പോയുടെ ഡിറ്റക്ടീവ് ഡ്യൂപ്പിനും മറ്റും അരങ്ങുവാണിരുന്ന കാലത്ത് തന്നെയാണ് ഷെർലക് ഹോംസും ജനിക്കുന്നത്. അതുകൊണ്ടുതന്നെ ഏതു കാലഘട്ടത്തിലും മികച്ച അപസർപ്പകർ എത്തിയാൽ വായനക്കാർ ഏറ്റെടുക്കും എന്നുതന്നെയാണ് തോന്നുന്നത്.

∙വിദേശ ക്രൈം പുസ്തകങ്ങളുമായി മലയാളം പോപ്പുലര്‍ ഫിക്​ഷനെ താരതമ്യപ്പെടുത്തി നോക്കാറുണ്ടോ?

താരതമ്യം എന്ന വാക്കും പ്രക്രിയയും പൊതുവേ അത്ര ഇഷ്ടമല്ലാത്ത വ്യക്തിയാണ് ഞാൻ. ഏത് ദേശത്തെയാണെങ്കിലും അവിടത്തെ തനത് സാംസ്കാരിക ഘടകങ്ങൾ കൂടി ഉൾപ്പെട്ടിട്ടുള്ള എഴുത്ത് രസകരമാണ്. അങ്ങനെ മലയാള ദേശത്തെയും കാലത്തെയും രേഖപ്പെടുത്തിയിട്ടുള്ള  ജി ആർ ഇന്ദുഗോപൻ കഥകളും അഖിൽ കെയുടെ 'സിംഹത്തിന്റെ കഥ'യുമൊക്കെ ആസ്വദിച്ച് വായിച്ചവയാണ്.

∙ഒരു ക്രൈം ഫിക്​ഷൻ എന്നതിന്റെ അപ്പുറം വ്യക്തമായും സബ് ഴോണറുകള്‍ കൂടി പരിചയപ്പെടുത്തിയുള്ളതാണ് ഒന്നാം ഫൊറൻസിക് അദ്ധ്യായവും ബോഡി ലാബും. അത്തരത്തില്‍ ഒരു വായന അതിനു സാധ്യമാകുമോ ? 

ഒന്നാം ഫൊറൻസിക് അധ്യായവും ബോഡിലാബും ക്രൈം ഫിക്​ഷന്റെ  ഇന്ന സബ്​ഴോണറുകളിൽ കൃത്യമായി ഉൾപ്പെടണം എന്ന് ചിന്തിച്ച് എഴുതിയവയല്ല. അതിനാൽ ഴോണർ ഫിക്ഷന്റെ തനത് ചേരുവകൾ പ്രതീക്ഷിച്ചെത്തുന്നവരെ നിരാശപ്പെടുത്തിയേക്കാം എന്ന അപകട സാധ്യത എപ്പോഴുമുണ്ടായിരുന്നു. എന്നിട്ടും തരക്കേടില്ലാത്ത വായന ലഭിച്ചു എന്നത് ഇത്തരം വേർതിരിവുകളെക്കുറിച്ച് അനാവശ്യചിന്തകളില്ലാത്ത ഒരു വായനാ സമൂഹം ഇവിടെയുണ്ടെന്ന ധൈര്യം നൽകുന്നു. അവ പ്രസിദ്ധീകരിക്കാൻ മുൻകൈയ്യെടുത്ത പബ്ലിഷർമാരും പ്രതീക്ഷയേകുന്നു.

∙പുതിയ പുസ്തകം?

തുടങ്ങി വച്ചു എന്നല്ലാതെ പുരോഗമിക്കുന്നില്ല. ചെറിയ റൈറ്റേഴ്സ് ബ്ലോക്കിൽ പെട്ടിരിക്കുന്നു എന്ന സംശയവുമുണ്ട്. ഒന്നാം ഫൊറൻസിക് അധ്യായത്തിന്റെ രണ്ടാം ഭാഗവും ആലോചനയിലുണ്ട്. കഴിവതും വേഗം കടലാസിലേക്ക് എത്തിക്കണം.

Content Summary: Interview: Writer Rajad R on his Novels 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com