ADVERTISEMENT

വിവർത്തനപ്രക്രിയ ഇല്ലായിരുന്നെങ്കിൽ ഞാൻ എന്റെ സ്വന്തം രാജ്യത്തിന്റെ അതിർത്തികളിൽ ഒതുങ്ങിപ്പോയേനെ. വിവർത്തകൻ എന്റെ ഏറ്റവും പ്രധാനപ്പെട്ട സഖ്യകക്ഷിയാണ്.അയാൾ എന്നെ ലോകത്തിന് പരിചയപ്പെടുത്തുന്നു – ഇറ്റാലോ കാൽവിനോ

സ്വന്തം രാജ്യത്തിനുള്ളിൽ, സ്വന്തം ഭാഷയ്ക്കുള്ളിൽ ഒതുങ്ങി പോകേണ്ടിയിരുന്ന എത്രയോ സാഹിത്യ പ്രതിഭകളെയാണ് വിവർത്തന പ്രക്രിയ ലോകത്തിനുമുന്നിൽ തുറന്നു കാട്ടിയത്. ജീവിച്ചിരുന്നപ്പോൾ കിട്ടാതിരുന്ന ഖ്യാതി പോലും പല സാഹിത്യകാരന്മാരെയും മരണശേഷം തേടിയെത്തിയത് അവരുടെ രചനകൾ ലോകമെമ്പാടുമുള്ള വിവിധ ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ട്, ജനഹൃദയങ്ങളിൽ സ്ഥാനം നേടിയപ്പോഴാണ്. വൈവിധ്യമാർന്ന സാഹിത്യ സൃഷ്ടികൾ മലയാളത്തിൽ ഉള്ളപ്പോഴും കേരളീയർ ലോകസാഹിത്യത്തെ കൈനീട്ടി സ്വീകരിക്കുന്നവരാണ്.

ലിയോ ടോൾസ്റ്റോയി, വിക്ടർ ഹ്യൂഗോ, അലക്സാണ്ടർ ഡ്യൂമാസ്, ഫ്രാൻസ് കാഫ്‌ക, ഏണസ്റ്റ് ഹെമിങ്‌വേ, ജെയിംസ് ജോയ്സ്, ചാൾസ് ഡിക്കൻസ്, ഗബ്രിയേൽ ഗാർസിയ മാർകേസ് - മലയാളിയുടെ വായനാതലം വളർന്നുകൊണ്ടേയിരുന്നു. പക്ഷേ ആ മനോഹരമായ വായനാനുഭവം സമ്മാനിച്ചത് മികച്ച എഴുത്തുകാർ മാത്രമല്ല അതിനെ തന്മയത്വത്തോടെ പരിഭാഷപ്പെടുത്തിയ വിവർത്തകർ കൂടിയാണ്. എഴുത്തുകാരെ നെഞ്ചോട് ചേർക്കുമ്പോഴും വിവർത്തകർ അർഹിക്കുന്ന പരിഗണന കിട്ടാതെ മാറ്റിനിർത്തപ്പെടുന്നു. ഏറ്റവും പ്രിയപ്പെട്ട പുസ്തകം പറയുമ്പോൾ അത് വിവർത്തനം ചെയ്ത വ്യക്തിയുടെ പേരോ മുഖമോ പലർക്കും ഓർമ്മയുണ്ടാവില്ല. തങ്ങളുടെ ബാല്യത്തെ, വായനാനുഭവത്തെ അവിസ്മരണമാക്കിയ വിവർത്തകരെ ഓർക്കാനുള്ള ദിനം കൂടിയാണ് അന്താരാഷ്ട്ര വിവർത്തനദിനം.

പരിഭാഷാരംഗത്ത് സജീവമായി നിൽക്കുന്ന നിരവധി ആളുകൾ കേരളത്തിലുണ്ട്. വർഷങ്ങളായി അവർ ലോകസാഹിത്യത്തെ മലയാളത്തിന് സമ്മാനിക്കുന്നു. മികച്ച കൃതികൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്ത 5 വിവർത്തകരിലൂടെ പരിഭാഷ എന്ന പ്രക്രിയയെ നമുക്ക് അടുത്തറിയാം.

എൻ. മൂസകുട്ടി

യുലീസസ്, മാജിക് മൗണ്ടൻ, കിഴവനും കടലും, അഗതാക്രിസ്റ്റിയുടെ ആത്മകഥ, യൂട്ടോപ്യ, ഷേക്സ്പിയർ സമ്പൂർണ്ണകഥകൾ, സുഭാഷ് ചന്ദ്രബോസിന്റെ ആത്മകഥ, നൊബേല്‍ ജേതാക്കളുടെ കഥകൾ തുടങ്ങി നൂറിലധികം കൃതികൾ പരിഭാഷപ്പെടുത്തിയ വിവർത്തകനാണ് എൻ. മൂസകുട്ടി. മലപ്പുറം ജില്ലയിൽ പൊന്നാനി താലൂക്കിലെ അയിരൂർ സ്വദേശിയായ ഇദ്ദേഹം 35 വർഷമായി തൃശൂരിൽ സ്ഥിരതാമസമാണ്. എക്സ്പ്രസ് പത്രത്തിൽ 12 വർഷം പത്രപ്രവർത്തകനായി ജോലി ചെയ്ത ശേഷം 1999 മുതൽ മുഴുസമയ വിവർത്തനത്തിലേർപ്പെട്ടു. സിഡ്നി ഷെൽഡന്റെ അർദ്ധരാത്രിയുടെ മറുവശം എന്ന കൃതിയിൽ ആരംഭിച്ച് ഇപ്പോൾ സെർവാന്റിസിന്റെ ഡോൺ ക്വിക്സോട്ടിൽ എത്തിനിൽക്കുന്നു ആ യാത്ര. 25 വർഷങ്ങൾകൊണ്ട് വിവർത്തനമുൾപ്പെടെ വൈജ്ഞാനികം, ബാലസാഹിത്യം, വിദ്യാഭ്യാസം എന്നീ ശാഖകളിലായി മൊത്തം 140–ൽ പരം കൃതികൾ പ്രസിദ്ധീകരിച്ചു. 'യുലീസസ്സി’ന് കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് ഉൾപ്പെടെ ഏഴ് പുരസ്കാരങ്ങൾക്ക് അർഹനായ മൂസകുട്ടി മൂന്നു വർഷം മലയാള സർവകലാശാലയുടെ സാംസ്കാരിക പൈതൃക ബോർഡിൽ അംഗമായിരുന്നു. കേരളനിയമസഭയുടെ നേതൃത്വത്തില്‍ വിവർത്തനം ചെയ്തു വരുന്ന ഏഴായിരത്തോളം പേജുള്ള ഭരണഘടനാ നടപടി ക്രമങ്ങളുടെ പരിഭാഷയുടെ 12 അംഗ പരിശോധനാ ഉന്നതസമിതിയിൽ അംഗമാണിപ്പോൾ. ഷെർലക്ക് ഹോംസ് കുറ്റാന്വേഷണകഥകൾ എന്ന കൃതിയാണ് അവസാനമായി പ്രസിദ്ധീകരിച്ചത്.

∙ സാഹിത്യത്തിലൂടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഒരു വിവർത്തകൻ എത്രത്തോളം പങ്കുവഹിക്കുന്നുണ്ട്? സാഹിത്യത്തിന്റെ ഏതെങ്കിലും പ്രത്യേക വിഭാഗങ്ങൾ വിവർത്തനം ചെയ്യുന്നതിൽ കൂടുതൽ താൽപര്യം തോന്നിയിട്ടുണ്ടോ?

ഇന്ന സാഹിത്യശാഖയിലുള്ള കൃതികളെ വിവർത്തനം ചെയ്യൂ എന്ന നിർബന്ധമൊന്നുമില്ല. എങ്കിലും നോവലുകളോടാണ് പ്രത്യേക ഇഷ്ടം. ക്ലാസിക് നോവലുകൾ വിജയകരമായി വിവർത്തനം പൂർത്തിയാക്കുമ്പോഴുള്ള ചാരിതാർഥ്യം അനിർവചനീയമാണ്. വായനക്കാര്‍ കൂടുതൽ ശ്രദ്ധിക്കുന്നത് ഇത്തരത്തിലുള്ള നോവലുകളാണെന്ന് ഞാൻ അനുഭവത്തിൽ നിന്നു മനസ്സിലാക്കിയിട്ടുണ്ട്. ജെയിംസ് ജോയ്സിന്റെ അതീവ ദുഷ്കരമായ യുലീസസ്സും തോമസ് മനിന്റെ മാജിക് മൗണ്ടനും വലിയ തെറ്റുകൾ കൂടാതെ ഇറങ്ങിയപ്പോൾ എനിക്കു ലഭിച്ച അഭിനന്ദനങ്ങൾ എന്നെ വളരെയേറെ സന്തോഷിപ്പിച്ചു. നോവലുകൾ കഴിഞ്ഞാൽ ആത്മകഥകളും ജീവചരിത്രവുമാണ് വിവർത്തനത്തിന് ഞാനിഷ്ടപ്പെടുന്നത്. എന്നാൽ ഞാൻ വിവർത്തനത്തിന് സ്വന്തമായി തിരഞ്ഞെടുത്ത ഗ്രന്ഥങ്ങൾ വളരെ കുറവാണ്. പ്രസാധകർ ഏൽപ്പിക്കുന്ന പുസ്തകങ്ങളാണ് ഞാൻ അധികവും ചെയ്യുന്നത്. ഭാഗ്യത്തിന് ഇഷ്ടപ്പെടുന്നവ ലഭിക്കുന്നു.

ഇംഗ്ലിഷിൽ നിന്ന് മലയാളത്തിലേക്കാണ് ഞാൻ വിവർത്തനം ചെയ്യുന്നതെങ്കിലും ഇറ്റലി, പോർച്ചുഗീസ്, ഇസ്രായേൽ, അമേരിക്ക, ലാറ്റിനമേരിക്ക തുടങ്ങിയ രാഷ്ട്രങ്ങളിലെ പുസ്തകങ്ങളും പരിഭാഷപ്പെടുത്തേണ്ടിവരും. അങ്ങനെ വരുമ്പോൾ ആ രാഷ്ട്രങ്ങളുടെ സംസ്കാരങ്ങളും ഭാഷാപ്രയോഗങ്ങളുടെ ചില സവിശേഷതകളും വിവർത്തകൻ ഗ്രഹിച്ചിരിക്കണം. ഒരു രാഷ്ട്രത്തിന്റെ സംസ്കാരവും ആചാരവും മറ്റും മറ്റൊരു രാഷ്ട്രത്തിന്റെ സംസ്കാരത്തിലേക്കു ആവാഹിക്കുക ഭഗീരഥപ്രയത്നം തന്നെയാണ്.

 

കബനി സി

അമോസ് ഓസ്, മഹാശ്വേതാ ദേവി, പൗലോ കൊയ്‌ലോ, സൽമാൻ റുഷ്ദി, പെരുമാൾ മുരുകൻ, ഹർഷ് മന്ദർ തുടങ്ങിയ രചയിതാക്കളുടെ പുസ്തകങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ കബനി സി 15 വർഷത്തിലേറെയായി വിവർത്തന മേഖലയിൽ സജീവമാണ്.

ബെനസീർ ഭൂട്ടോ, വങ്കാരി മാതായി, എപിജെ അബ്ദുൾ കലാം മുതൽ ചേതൻ ഭഗത്, പ്രീതി ഷേണായി, ശോഭ ഡെ വരെ വൈവിധ്യമാർന്ന എഴുത്തുകാരുടെ 35 ലധികം രചനകൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്തു. ലിംഗനീതിക്കായുള്ള വനിതാ കൂട്ടായ്മയായ സമതയുടെ ബോർഡ് അംഗമാണ്. പെരുമാൾ മുരുകന്റെ കീഴാളൻ, പൗലോ കൊയ്‌ലോയുടെ സ്പൈ, ആർച്ചർ,  പീദ്ര നദിയോരത്തിരുന്നു ഞാന്‍ തേങ്ങി, സൽമാൻ റുഷ്ദിയുടെ ആയിരത്തൊന്നു രാവുകൾ എന്നിവയാണ് പ്രധാന വിവർത്തനങ്ങൾ. മഹാശ്വേതാ ദേവിയുടെ എക് കോറിസ് ഡ്രീമാണ് സമീപകാല വിവർത്തനം. പരിസ്ഥിതി സംബന്ധിയായ ലേഖനങ്ങളുടെ ഉൾപ്പെടുത്തിക്കൊണ്ട് ആ മരം ഈ മരം കടലാസുമരം എന്ന പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി പുസ്തകങ്ങള്‍ എഡിറ്റ് ചെയ്തിട്ടുണ്ട്. ഗവേഷണം വിവർത്തനം, ലിംഗഭേദം എന്നീ മേഖലകളിലായതിനാൽ സ്ത്രീകളുടെ ജീവിതവുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ  വിവർത്തനം പ്രസിദ്ധീകരിക്കുന്നതിൽ സജീവമായി ഏർപ്പെട്ടിരിക്കുന്നു.

∙ വിവർത്തനമേഖലയോട് എങ്ങനെയാണ് താൽപ്പര്യമുണ്ടായത്? അത് ഒരു കരിയറായി തുടരാൻ പ്രേരിപ്പിച്ചതെന്താണ്?

പുസ്തകങ്ങൾ നിറഞ്ഞ ഒരു വീട്ടിലാണ് ഞാൻ വളർന്നത്. ചെറുപ്പം മുതലേ നന്നായി വായിച്ചിരുന്നു. കാരൂരിനെ വായിക്കുന്ന അതേ ആവേശത്തോടെ ഞാൻ മോപ്പസാങ്ങിനെയും വായിച്ചു. കോളേജ് വിദ്യാഭ്യാസത്തിലേക്ക് കടന്നപ്പോഴാണ് ലോകസാഹിത്യ വായനയുടെ മറ്റൊരു തലം എനിക്ക് മുന്നിൽ തുറന്നത്. ഒരു സാഹിത്യകാരന്റെ തന്നെ നിരവധി കൃതികൾ തുടർച്ചയായി വായിക്കാൻ  സാഹചര്യമുണ്ടായപ്പോൾ ആ എഴുത്തുകാരന്റെ ക്രാഫ്റ്റ് മനസ്സിലാക്കാൻ സാധിച്ചു. രചയിതാക്കളുടെ തനതായി ശൈലി, അവരുടെ ഭാഷാപ്രയോഗം എന്നിവയിലേക്ക് എന്റെ ശ്രദ്ധ കൂടുതലായി പതിഞ്ഞത് ആ സമയത്താണ്. 

ഞാൻ ആദ്യമായി വിവർത്തനം ചെയ്യുന്നത് മഹാശ്വേതാ ദേവി ജ്ഞാനപീഠപുരസ്കാരം നേടിയപ്പോൾ സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞ പ്രസംഗമാണ്. ഒരു കൗതുകത്തിന് ചെയ്ത ആ പരിഭാഷ, അച്ഛന്റെ സുഹൃത്തായിരുന്ന, ബംഗാളി ഭാഷ നന്നായി അറിയാമായിരുന്ന വിക്രമൻ നായർ വായിക്കുകയും അർത്ഥം ഒട്ടും ചോരാതെ ഞാൻ അതിനെ വിവർത്തനം ചെയ്തിട്ടുണ്ട് എന്ന് പ്രശംസിക്കുകയും ചെയ്തു. ആ വാക്കുകൾ നൽകിയ ആത്മവിശ്വാസം ചെറുതല്ല. പിന്നീട് ദ് ഹിന്ദു അടക്കം മറ്റു പല മാധ്യമങ്ങൾക്ക് വേണ്ടിയും ആശിഷ് നന്ദി ഉൾപ്പെടെയുള്ളവരുടെ  ലേഖനങ്ങൾ വിവർത്തനം ചെയ്തു. പക്ഷേ അതിൽ കൂടുതലും രാഷ്ട്രീയ ലേഖനങ്ങളായിരുന്നു. സാഹിത്യത്തെ അപ്പോഴും ഞാൻ ചേർത്തു പിടിച്ചിരുന്നു. 

ജെറി മാണ്ടറിന്റെ ടിവിക്കെതിരെ നാലു ന്യായങ്ങൾ എന്ന പുസ്തകമാണ് ഞാൻ ആദ്യമായി വിവർത്തനം ചെയ്യുന്നത്. പിന്നീട് ആമോസ് ഓസിന്റെ ഒരു സ്ത്രീയെ അറിയാൻ എന്ന പുസ്തകത്തിലൂടെ ആ യാത്ര തുടർന്നു. ഒരേസമയം രണ്ടു ഭാഷക്കിടയിലെ കെമിസ്ട്രി മനസ്സിലാക്കുകയും വിഷയത്തിൽ യാതൊന്നും ചോരാതെ തനിമയോടെ പകർത്തുകയും ചെയ്യുക എന്നതാണ് പ്രധാനം.

പണ്ടുകാലങ്ങളിൽ ലഭിച്ചിരുന്നതിനേക്കാൾ പ്രാധാന്യം ഇന്ന് വിവർത്തകർക്ക് ലഭിക്കുന്നുണ്ട്. ജെസിബി പോലെയുള്ള പുരസ്കാരങ്ങളും നൽകി തുടങ്ങിയിരിക്കുന്നു. ഇത്രയും നാളുകൊണ്ട് പല വിഭാഗത്തിൽപ്പെട്ട പുസ്തകങ്ങൾ ചെയ്യാൻ എനിക്ക് സാധിച്ചു. ലോകപ്രസിദ്ധ എഴുത്തുകാരായ സൽമാൻ റുഷ്ദിയുടെയും പൗലോ കൊയ്‌ലോയുടെയും പുസ്തകങ്ങൾ ചെയ്യുന്നതിനോടൊപ്പം പോപ്പുലർ ഫിക്ഷൻ എഴുത്തുകാരായ ചേതൻ ഭഗത് തുടങ്ങിയവരുടെയും പുസ്തകങ്ങളും ഞാൻ ചെയ്തിട്ടുണ്ട്.

ഒരു വർഷം, മൂന്ന് പുസ്തകം എന്ന നിലയിലാണ് ഞാനിന്ന് വിവർത്തനം ചെയ്യുന്നത്.  ഇപ്പോൾ കൂടുതലും ഉറച്ച നിലപാടുകളുള്ള സ്ത്രീ ശബ്ദങ്ങളെ വിവർത്തനം ചെയ്യാനാണ് താല്പര്യപ്പെടുന്നത്. ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് മിഷെൽ ഒബാമയുടെ ലൈറ്റ് വി ക്യാരി എന്ന പുസ്തകമാണ്. ഞാൻ ജീവിക്കാൻ ആഗ്രഹിച്ച, എനിക്ക് ജീവിക്കാൻ പറ്റാതെ പോയ, ഞാൻ ആഗ്രഹിച്ചാൽ പോലും എനിക്ക് ചിലപ്പോൾ ജീവിക്കാൻ സാധിക്കാതെ പോകുന്ന നിരവധി ജീവിതങ്ങളാണ് വിവർത്തനത്തിലൂടെ ഞാൻ ജീവിച്ചു തീർക്കുന്നത്. എന്റെ ചുരുങ്ങിയ ജീവിതത്തിൽ നിന്ന് വളരെ വലിയ നിരവധി ജീവിതങ്ങൾ ജീവിച്ചു തീർന്ന അനുഭൂതിയാണ് വിവർത്തനം എനിക്ക് നൽകിയിട്ടുള്ളത്.

 

സുരേഷ് എം ജി

ടോൾസ്റ്റോയി, ജോർജ്ജ് ഓർവൽ, ആന്റൺ ചെഖോവ്, ജിം കോർബറ്റ്, മോപ്പസാങ്ങ്, സാർത്ര്, ഖുശ്വന്ത് സിങ്ങ്, ഡാൻ ബ്രൗൺ, ബെൻ ഓക്രി, ഓൾഗ തൊകാർച്ചുക്, റോബർട്ട് ദൊബേലി, ചാൾസ് ഡിക്കൻസ്, സോളമൻ നോർതപ്, യാന ബെവ്വർ എന്നിങ്ങനെ പട്ടിക നീളുകയാണ്. വൈവിധ്യമാർന്ന വിഷയങ്ങൾ കൈകാര്യം ചെയ്ത ഗ്രന്ഥകർത്താക്കളുടെ കൃതികൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ വിവർത്തകനാണ് സുരേഷ് എം ജി. തൃശൂർ ജില്ലയിലെ പുതുശ്ശേരിയിൽ ജനനം. എറണാകുളത്ത് സ്ഥിരതാമസം. 2009 മുതൽ വിവർത്തനങ്ങൾ ചെയ്തു തുടങ്ങി.

ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ കഥ പറയാനൊരു ജീവിതം, സൽമാൻ റുഷ്ദിയുടെ വിജയനഗരി, കറെൽ ലൂയിസിന്റെ ഒഴുക്ക്, അബ്ദുൾ റസാഖ് ഗുർണയുടെ പറുദീസ, ജന്മാന്തരങ്ങൾ എന്നിവയാണ് അടുത്തിറങ്ങിയ പുസ്തകങ്ങൾ. മാധവക്കുട്ടിയുടെ ജീവിതത്തിനെ ആസ്പദമാക്കി മെറിലി വെയ്സ്ബോഡ് എഴുതിയ പ്രണയത്തിന്റെ രാജകുമാരി, ആനന്ദ് നീലകണ്ഠന്റെ ബാഹുബലി സീരീസ്, പ്രണയ് ലാലിന്റെ ഇൻഡിക്ക, എഡ്ഗർ റൈസ് ബറോസിന്റെ ടാർസൻ, വില്ല്യം ഡാൽറിമ്പിളിന്റെ അനാർക്കി തുടങ്ങിയവയാണ് മറ്റ് പ്രധാന പുസ്തകങ്ങൾ. ഏണസ്റ്റ് ഹെമിങ്‌വേ, സ്വെട്ലാന അലക്സീവിച്ച്, പണ്ഡിറ്റ് നെഹ്‌റു എന്നിവരുടേതടക്കം പല പ്രശസ്തരുടേയും കൃതികൾ വിവർത്തനത്തിലാണ്. 

2017 മുതൽ 2020 വരെ കലാകൗമുദിയുടെ കഥ മാസികയിൽ ആനുകാലികങ്ങളിൽ വരുന്ന കഥകളെ വിലയിരുത്തുന്ന `കഥ സ്കാൻ` എന്ന പംക്തി കൈകാര്യം ചെയ്തു. 2021 മുതൽ 2023 വരെ ഇതേ പംക്തി കഥാവലോകനം എന്ന പേരിൽ സാഹിത്യവിമർശം ത്രൈമാസികയിലും ചെയ്തു. ചെറുകഥകളുടെ ആസ്വാദനത്തെക്കുറിച്ചും ചെറുകഥകളിലെ വൈവിധ്യങ്ങളെക്കുറിച്ചും സംസാരിക്കുന്ന, നല്ല കഥ, എഴുത്ത്, വായന, ആസ്വാദനം? എന്ന പുസ്തകവും, ഒരു പറ്റം കഥാപാത്രങ്ങളിലൂടെ നാട്ടുനന്മകളെക്കുറിച്ചു സംസാരിക്കുന്ന 'ഇടവഴിപ്പച്ചകൾ' എന്ന ഓർമ്മക്കുറിപ്പും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

∙ പുസ്തകത്തിലെ സാംസ്കാരിക സൂക്ഷ്മതകളും റഫറൻസുകളും എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്? വിവർത്തനം ചെയ്ത പതിപ്പിൽ ഇവ ഫലപ്രദമായി കൈമാറുന്നുവെന്ന് ഉറപ്പാക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത്?

എനിക്ക്‌, നോൺ-ഫിക്ഷൻ വിവർത്തനത്തേക്കാൾ വെല്ലുവിളികൾ അധികമുള്ളത്‌ ഫിക്ഷന്റെ വിവർത്തനത്തിലാണ്‌. ലോകത്തിന്റെ പല ഭാഗങ്ങളിലും നിന്നുള്ള ഫിക്ഷൻ വിവർത്തനം ചെയ്യാനായിട്ടുണ്ട്‌. പല കാലഘട്ടത്തിലേതും ചെയ്യാനായിട്ടുണ്ട്‌. വിവർത്തകർക്ക്‌ അവരുടേതായ പരിമിതികളുണ്ട്‌. സ്വാതന്ത്ര്യങ്ങളുമുണ്ട്‌. സ്വാതന്ത്രങ്ങളേക്കാളേറെ പരിമിതികളാണ്‌. മൂല ഗ്രന്ഥകാരന്‌ അയാളുടെ ഭാവനായാണാധാരമെങ്കിൽ വിവർത്തകൻ മൂല ഗ്രന്ഥകാരൻ ഈ വാക്യം എന്തുകൊണ്ട്‌ ഇങ്ങനെ എഴുതി എന്നാലോചിക്കേണ്ടിയിരിക്കുന്നു. അതിനപ്പുറത്തേക്ക്‌ പോകാൻ വിവർത്തകനനുമതിയില്ല. അതിൽ ഒരക്ഷരം കുറയ്ക്കാനും പാടില്ല.

അതേ സമയം ഈ മൂല കൃതി മറ്റൊരു സംസ്കാരത്തിൽ നിന്ന്‌ വരുന്നതാണെന്ന ഓർമ്മ വേണം. വിവർത്തനം വായിക്കുന്നവർക്ക്‌ ആ സംസ്കാരത്തെ നമ്മുടെ സംസ്കാരത്തിനകത്തുനിന്ന്‌ പരിചയപ്പെടുത്തണം. അതിനനുസരിച്ചായിരിക്കണം വാക്യ ഘടന. വാക്കുകളുടെ ഉപയോഗം. രണ്ടു സംസ്കാരങ്ങൾ തമ്മിലുള്ള പാലമാണ്‌ ഇവിടെ വിവർത്തനം. അതൊരു മൊഴിമാറ്റം മാത്രമാകരുത്‌. അതിനാൽ ഫിക്ഷന്റെ വിവർത്തനത്തിനു മുമ്പ്‌ ആ പുസ്തകത്തെക്കുറിച്ചും ആ പുസ്തകമെഴുതിയയാളുടെ ഇതരകൃതികളെക്കുറിച്ചും കൂടുതൽ അറിയാൻ ശ്രമിക്കുന്നു. ആ പുസ്തകത്തെക്കുറിച്ചുള്ള അവലോകനങ്ങളിലൂടെ കടന്നുപോകുന്നു.  ഏതു രാജ്യമാണോ ഏതോ പശ്ചാത്തലമാണോ നോവലിലുള്ളത്‌ അതിനെ, അവിടത്തെ സംസ്കാരത്തെ, ജീവിത രീതികളെ, മനസ്സിലാക്കാൻ ശ്രമിക്കുന്നു. നോൺ ഫിക്ഷനിൽ ഇതത്ര ബാധകമാകാറില്ല. അവിടെ വിഷയവും ഭാഷയുമാണ്‌ പ്രധാനം. യാഥാർത്ഥ്യങ്ങളെക്കുറിച്ചായിരിക്കുമല്ലോ അതിൽ മിക്കവാറും പ്രതിപാദ്യം. അപ്പോൾ ഭാഷയേക്കാൾ കൂടുതൽ അതിലെ പ്രതിപാദ്യവിഷയത്തിന്റെ ഉള്ളകങ്ങൾ അറിയാൻ ശ്രമിക്കാറുണ്ട്‌.

 

ഗീതാഞ്ജലി

ഡോറിസ് ലെസ്സിങ്ങിന്റെ സുവർണ്ണപുസ്തകം, ഷുസെ സരമാഗുവിന്റെ ആനയുടെ സവാരി, ആർതർ ഗോൾഡന്റെ ഒരു ഗയിഷയുടെ ഓർമ്മക്കുറിപ്പുകൾ, ഹറുകി മുറകാമിയുടെ നോർവീജിയൻ വുഡ് - ഒരു സാഹിത്യപ്രേമിക്ക് മറക്കാനാവാത്ത പുസ്തകങ്ങളാണ് ഇവയൊക്കെ. ഇതെല്ലാം മലയാളത്തിലേക്ക് തർജ്ജമ ചെയ്തത് ഗീതാഞ്ജലി എന്ന തൂലികാനാമത്തിൽ എഴുതുന്ന ഡോ. ഗീത കൃഷ്ണൻകുട്ടിയാണ്.

നൊബേൽ സമ്മാന ജേതാക്കളുടെ കൃതികളാണ് വിവർത്തനം ചെയ്യാൻ ലഭിച്ചതിൽ ഭൂരിഭാഗവും. ആൽബേർ കമ്യുവിന്റെ പ്ലേഗും ഓര്‍ഹൻ പാമുക്കിന്റെ ചുവന്ന മുടിയുള്ള സുന്ദരിയും സിഗ്മണ്ട് ഫ്രോയ്ഡിന്റെ സ്വപ്നങ്ങളുടെ വ്യാഖ്യാനവും പരിഭാഷപ്പെടുത്തിയ ഗീതാഞ്ജലി തന്നെയാണ് ബെസ്റ്റ് സെല്ലിംഗ് സെൽഫ് പുസ്തകമായ ഇക്കിഗായ്‌ മലയാളത്തിലേക്ക് തർജ്ജമ ചെയ്തത്. ഫ്രഞ്ചിൽ നിന്ന് ഇന്ത്യൻ ഭാഷകളിലേക്കുള്ള മികച്ച വിവർത്തനത്തിനുള്ള റൊമെയ്ൻ റോളണ്ട് പ്രൈസ് 2021-നുള്ള അവലോകന പാനലിലെ നാല് ജഡ്ജിമാരിൽ ഒരാളായിരുന്ന ടീച്ചർക്ക് ഫിക്ഷനുകളും ശാസ്ത്ര ചരിത്രപുസ്തകങ്ങളും പരിഭാഷപ്പെടുത്തുന്നതിനോടാണ് കൂടുതൽ താല്പര്യം.

 

വിവർത്തന പ്രക്രിയയെ  എങ്ങനെയാണ് സമീപിക്കുന്നത്? ഒറിജിനൽ ടെക്‌സ്‌റ്റിന്റെ സാരാംശം നിലനിർത്താനും കൃത്യത ഉറപ്പാക്കാനും എന്തൊക്കെയാണ് ശ്രദ്ധിക്കുന്നത്?

ആരെയാണോ നമ്മൾ തർജ്ജമ ചെയ്യുന്നത്, ആ എഴുത്തുകാരന്റെ  മനസ്സിന്റെ ഗതിയറിയണം. കൃതിയുടെ സാമൂഹ്യ സംസ്കാരിക ചരിത്രപശ്ചാത്തലം അറിയണം അതൊന്നും കൃതിയിൽ നാം നേരിട്ട് കൊണ്ടുവരില്ല എങ്കിലും അറിവിന്റെ പ്രഭാവം തർജ്ജമയിൽ വരികയും അത് എഴുത്തിന്റെ ഭംഗി വർദ്ധിപ്പിക്കുകയും ചെയ്യും. ഒരു അധ്യാപക ക്ലാസ് ആരംഭിച്ച കുറച്ചു നിമിഷത്തിനുള്ളിൽ തന്നെ അവർ മുന്നൊരുക്കത്തോടെ ആണോ എത്തിയിരിക്കുന്നത് എന്ന് കുട്ടികൾക്ക് മനസ്സിലാവുന്നത് പോലെ തന്നെ ഒരു വായനക്കാരനും വിവർത്തകൻ ശ്രദ്ധാലുവാണോ എന്ന് എളുപ്പത്തിൽ മനസ്സിലാക്കുവാൻ സാധിക്കും.

സ്വന്തം സൗകര്യത്തിനായി മൂലകൃതിയിൽ നിന്നും ഒരു ഭാഗം പോലും ഒരു ട്രാൻസിലേറ്റർ വിട്ടുകളയാൻ പാടുള്ളതല്ല. അത് എഴുത്തുകാരനോടുള്ള ബഹുമാനമാണ്. അയാളുടെ വാക്കുകളിൽ ഒന്നും തന്നെ കുറയ്ക്കുന്നില്ല. ഒന്നും പുതിയതായി കൂട്ടുന്നുമില്ല. സ്വന്തമായി ഒരു ശൈലി ആകാം പക്ഷേ എഴുത്തുകാരനോടും വായനക്കാരനോടും നീതി പുലർത്തണം. ഫ്രോയിഡും ക്യാമുവും മുറക്കാമിയുമൊക്കെ ചുരുക്കി എഴുതിയാൽ പിന്നെ വിവർത്തനത്തിന്റെ ആവശ്യമില്ല. അതേപോലെതന്നെ സ്വന്തം അഭിപ്രായത്തിന്റെ ലാഞ്ചന പോലും വിവർത്തനത്തിൽ വരേണ്ട ആവശ്യമില്ല. 

തർജ്ജമ പ്രയാസമുള്ള കാര്യമാണ്. ഫ്രോയിഡിന്റെ സ്വപ്നങ്ങളുടെ വ്യാഖ്യാനമോ ക്യാമുവിന്റെ പ്ലേഗോ ചെയ്യുമ്പോൾ അത് ഗൗരവമേറിയ ഒരു പ്രക്രിയയാണ്. എങ്കിലും ഞാൻ എഴുതിയ ഒരു വാക്ക് വായനക്കാരൻ മനസ്സിലാവുന്നുണ്ടെങ്കിൽ അത് തന്നെയാണ് ഏറ്റവും വലിയ വിജയം. ശരിയായ പദം ഉപയോഗിക്കാൻ സാധിക്കുന്നത് വലിയ സംതൃപ്തിയാണ് നൽകുക. പല ശാസ്ത്രപദങ്ങളും ഇംഗ്ലീഷിലാണ് വായനക്കാർക്ക് പരിചയം. അപ്പോൾ അതേക്കുറിച്ച് ആദ്യമായി പ്രതിപാദിക്കുമ്പോൾ പൂർണ്ണ മലയാളത്തിലുപയോഗിക്കുകയും ബ്രാക്കറ്റിൽ ഇംഗ്ലീഷ് നൽകുകയും ചെയ്യാറുണ്ട്. ഇത് ആ സാങ്കേതിക പദങ്ങൾ മനസ്സിലാക്കുവാൻ വായനക്കാരെ കൂടുതൽ സഹായിക്കുന്നു. ഉദാഹരണത്തിന് ഈഗോ എന്ന പദത്തിന് അഹംഭാവം എന്നും ഹിസ്റ്റീരിയ എന്ന വാക്കിന് ഉന്മാദവസ്ഥ എന്നും ഉപയോഗിക്കുമെങ്കിലും പുസ്തകങ്ങളിലെ ചില ഇടങ്ങളിൽ ഇംഗ്ലീഷ് പദങ്ങൾ തന്നെ ഉപയോഗിക്കാൻ ശ്രമിക്കാറുണ്ട്. കാരണം വായനക്കാരൻ ഇംഗ്ലീഷ് പദങ്ങളുമായി കൂടുതൽ അടുത്ത് നിൽക്കുന്നു. എന്നാൽ അവർക്ക് മലയാളപദം പറഞ്ഞു നൽകുകയും ചെയ്തിട്ടുണ്ട്.

എഴുത്തുകാരനുള്ള ആദരവിനോടൊപ്പം വിവർത്തകന് ഒരു ഉൾക്കാഴ്ചയും ആവശ്യമാണ്. ഇത് രണ്ടും കൂടി ഒരുമിച്ച് ചേരുമ്പോഴാണ്  വിവർത്തകന് യഥാർത്ഥ സ്വാതന്ത്ര്യത്തോടെ ആ കൃതി അവസാനിപ്പിക്കാൻ സാധിക്കുകയുള്ളൂ. ആ സമയം ലഭിക്കുന്ന ആത്മസംതൃപ്തി വളരെ വലുതാണ്.

 

പ്രൊഫ.വി. രാധാമണിക്കുഞ്ഞമ്മ

കവാബത്തായുടെ ഹിമഭൂമി, സഹശയനം, പൗലോ കൊയ്ലോയുടെ അഡൽട്ടറി, അമിതാവ് ഘോഷിന്റെ ധൂമനദി, രൺജിത് ദേശായിയുടെ ഛത്രപതി ശിവജി, ശശി തരൂരിന്റെ വൈരുദ്ധ്യങ്ങളുടെ പ്രധാനമന്ത്രി എന്നിങ്ങനെ മികച്ച സാഹിത്യകൃതികൾ മലയാളത്തിലേക്ക് പരിഭാഷ ചെയ്യാൻ സാധിച്ച വിവർത്തകയാണ് പ്രൊഫ.വി. രാധാമണിക്കുഞ്ഞമ്മ. മുപ്പത്തിയാറുവർഷം അദ്ധ്യാപികയായും പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ച രാധാമണിക്കുഞ്ഞമ്മ ആലപ്പുഴ ജില്ലയിൽ കല്ലിശ്ശേരി സ്വദേശിയാണ്. ആനന്ദകുമരസ്വാമിയുടെ 'ഡാൻസ് ഓഫ് ശിവ' (ശിവതാണ്ഡവം) പരിഭാഷ ചെയ്തു കൊണ്ട് വിവർത്തന മേഖലയിലേക്ക് കടന്നുവന്ന ടീച്ചർ നെയ്യാറ്റിൻകര, ചങ്ങനാശ്ശേരി, പന്തളം, നിറമൺകര എന്നിവിടങ്ങളിലെ കോളജുകളിൽ അധ്യാപനത്തിനുശേഷം 2003ൽ വിരമിച്ചു.

വെർജിനിയ വൂൾഫ്, കാതറിൻ മാൻസ്ഫീൽഡ്, ഓസ്കർ വൈൽഡ് എന്നിവരുടെ ചെറുകഥകൾ, റസ്കിൻ ബോൻഡിന്റെ എ റൂം ഓഫ് മെനി കളേഴ്സ്, ലോകോത്തര കഥകൾ, ചോൽകഥകൾ എന്നിവയുടെ മലയാള പരിഭാഷയ്ക്ക് പുറമേ 4 മലയാളം പുസ്തകങ്ങൾ ഇംഗ്ലീഷിലേക്കും തർജ്ജമ ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ സാമൂഹിക മേഖലകളിലെ പ്രവർത്തനത്തിന് 2013ലെ കേരള ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ജില്ലാതല വായനാദിന പുരസ്കാരം ലഭിച്ചു. അഗ്രേപശ്യാമി എന്ന് കവിതാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊണ്ടപ്പള്ളി കോടേശ്വരമ്മയുടെ ആത്മകഥയാണ് സമീപകാല വിവർത്തനം.

 

വിവർത്തനത്തിൽ നേരിടേണ്ടി വന്ന പ്രധാന വെല്ലുവിളികൾ എന്തെല്ലാമാണ്?

വിവർത്തനം ചെയ്യേണ്ട കൃതിയുടെ രചയിതാവിനെപ്പറ്റി ഏകദേശധാരണ നേടിയതിനു ശേഷം മാത്രമേ ഞാൻ പരിഭാഷ തുടങ്ങാറുള്ളു. ആദ്യം ആ വ്യക്തിയെപ്പറ്റി പഠിച്ചും പിന്നീട് അദ്ദേഹത്തിന്റെ ഇതരകൃതികളിൽ ഏതെങ്കിലും വായിക്കും. അങ്ങനെ ഗ്രന്ഥകർത്താവിന്റെ ആശയലോകവും ദർശനവും ഭാഷാരീതിയുമായി മുൻകൂട്ടി പരിചയപ്പെട്ടിട്ട് മൊഴിമാറ്റം തുടങ്ങുന്നതുകൊണ്ട് വലിയ വെല്ലുവിളികൾ ആശയപരമായി നേരിടേണ്ടി വന്നിട്ടില്ല എങ്കിലും ചിലത് ഉണ്ടായിരുന്നു. 

ഭാഷാപരമായി കുഴക്കിയത് ശശി തരൂരിന്റെ ചില ഭാഷാപ്രയോഗങ്ങൾ ആയിരുന്നു. എങ്കിലും സമാനമായ വാക്ക് കണ്ടെടുക്കുമ്പോൾ കിട്ടുന്ന ചാരിതാർഥ്യം വാക്കുകൾക്കും അപ്പുറത്തായിരുന്നു. ആനന്ദകുമാരസ്വാമിയുടെ ആധ്യാത്മികത തുളുമ്പുന്ന ഗഹനമായ ആശയങ്ങളിലും ഭാഷയിലും നിന്ന് ആരംഭിച്ച് കൊണ്ടപ്പള്ളി കോടേശ്വരമ്മയുടെ സരളമായ സംസാരഭാഷയിലുള്ള ഹൃദയസ്പർശിയായ ആത്മകഥ വരെ സഞ്ചരിക്കാൻ സാധിച്ചത് എന്റെ സുകൃതം.

Content Highlights: World Translation Day | Translator Interview in Malayalam | Malayalam Literature

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com