ADVERTISEMENT

ഓരോ വായനയിലും പുതിയ അർത്ഥതലങ്ങളും ചിന്തകളും ഉണർത്താനുള്ള കഴിവാണ് മഹാകവി കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയെ മറ്റുള്ള കവിതകളിൽ നിന്നു വ്യത്യസ്തമാക്കുന്നതെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രാദേശിക കേന്ദ്രവും ദേവഗിരി സെന്റ് ജോസഫ്സ് കോളജും ചേർന്നു നടത്തുന്ന ‘ചിന്താവിഷ്ടയായ സീതയുടെ 100ാമാണ്ട്’ ദ്വിദിന സെമിനാറും പുസ്തകോത്സവവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

Balachandran Chullikkadu
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രാദേശിക കേന്ദ്രവും ദേവഗിരി സെന്റ് ജോസഫ്സ് കോളജും ചേർന്നു നടത്തുന്ന സെമിനാറും പുസ്തകോത്സവവും കവി ബാലചന്ദ്രൻ ചുള്ളിക്കാട് ഉദ്ഘാടനം ചെയ്യുന്നു.

തലമുറകൾക്ക് ആസ്വദിക്കാനാവും വിധമാണ് ചിന്താവിഷ്ടയായ സീതയുടെ രചന. സീതയാണോ രാമനാണോ ശരിയെന്നു തിരിച്ചറിയാൻ സാധിക്കാത്തവിധം ഇന്നും ആശാന്റെ വരികൾ പല വേദികളിലും പല സമയങ്ങളിലും ചർച്ച ചെയ്യപ്പെടുന്നു. നാളിതുവരെ അക്കാദമിഷ്യൻ എന്ന പദവി മോഹിക്കാത്തതിനാൽ ആദ്യമായിട്ടാണ് അക്കാദമിക് സെമിനാറിൽ പങ്കെടുക്കുന്നത്. കുമാരനാശാനോടും ആശാന്റെ കവിതകളോടുമുള്ള സ്നേഹമാണ് തന്നെ ആദ്യമായി സെമിനാറിന്റെ വേദിയിലെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

സ്ത്രീപക്ഷ കവിതയെന്നു പൊതുവിൽ വിലയിരുത്തുമ്പോഴും രാമനും സീതയും തമ്മിലുണ്ടായിരുന്ന ആത്മബന്ധത്തിന്റെ ആഴവും കവിതയിൽ പലയിടങ്ങളിൽ കാണാം. 

പുതുതലമുറയിലെ ബുദ്ധിജീവികൾ രാമനെ തള്ളിപറയുമ്പോഴും ഒരു ജനത മുഴുവൻ രാമനെ ആരാധിക്കുന്നതിന്റെ പിന്നിലെ കാരണവും ഇരുവർക്കുമിടയിലുള്ള സ്നേഹമാണ്. നിയമത്തിന്റെ കുരുക്കുകളാണ് രാമനെയും സീതയെയും അകറ്റിയതെന്നതിൽ സംശയമല്ല.  ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകളിൽ ഏതെങ്കിലുമൊന്നു ചൊല്ലികേൾക്കണമെന്ന സദസ്സിന്റെ ആവശ്യത്തിന് ‘ആശാന്റെ വേദിയിൽ തന്റെ കവിത ചൊല്ലാനും മാത്രം ബുദ്ധിശൂന്യൻ അല്ല താൻ’ എന്നായിരുന്നു മറുപടി. 

പ്രിൻസിപ്പൽ ഡോ. സിബിച്ചൻ.എം.തോമസ് അധ്യക്ഷത വഹിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടർ എൻ. ജയകൃഷ്ണൻ, മലയാള വിഭാഗം മേധാവി കെ.സി.സരിത, ബി.എസ്.അക്ഷയ് എന്നിവർ പ്രസംഗിച്ചു. വിവിധ വിഷയങ്ങളിൽ വി.ആർ.സുധീഷ്, ഡോ. കെ.വി.തോമസ് എന്നിവർ പ്രസംഗിച്ചു. ഇന്ന് ‘ചിന്താവിഷ്ടയായ സീത ശതാഭിഷക്തയാകുമ്പോൾ’ വിഷയത്തിൽ ഡോ.എം.എം.ബഷീറും, കൽപ്പറ്റ നാരായണനും പ്രസംഗിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com