ADVERTISEMENT

ലോകചരിത്രത്തിൽ സ്വന്തം ഇടം സ്വയം വരച്ചുചേർത്ത ചില പെണ്ണുങ്ങളുണ്ട്. അവരെ പരിചയപ്പെടുത്തുന്നു എഴുത്തുകാരൻ ലിജീഷ് കുമാർ

 

മർലിൻ മൺറോ

x-default
x-default

 

"സ്നേഹത്തോടെ, ആദരവോടെ, നന്ദിയോടെ” എന്നെഴുതി കയ്യൊപ്പിട്ട ആൽബർട്ട്‌ ഐൻസ്റ്റീന്റെ ഫോട്ടോ കണ്ട് ഞെട്ടിയ ഒരു ശാസ്ത്രജ്ഞൻ അമ്പരന്ന് ചോദിച്ചത്രെ, "ഹൊ !! ഐൻസ്റ്റീൻ ഇതാർക്കയച്ചതാണ്, ആരാണാ ലക്കിസ്റ്റാർ?" എന്ന്. ഉത്തരം വന്നു, "മർലിന് - അല്ലാതാർക്ക് !!" അയാളുടെ കണ്ണ് തള്ളിപ്പോയി. ഇതിലപ്പുറം മർലിൻ മൺറോയെക്കുറിച്ച് എന്ത് പറയാനാണ്. ലോകപ്രശസ്തനായ അഭിനേതാവ് ലാറൻസ്‌ ഒളിവർ എഴുതിയപോലെ അവരുടെ സൗന്ദര്യത്തിന്റെ മാസ്മരികത ഒരാൾക്ക്‌ താങ്ങാനാവുന്നതിലുമപ്പുറമായിരുന്നു. എത് ഐൻസ്റ്റീനെയും അത് വീഴ്ത്തിക്കളഞ്ഞിരുന്നു.

 

കെന്നഡിയില്ലേ, അമേരിക്കൻ പ്രസിഡന്റായിരുന്ന ജോൺ എഫ്‌ കെന്നഡി? മെയ് മാസം l9–നാണ് കെന്നഡിയുടെ പിറന്നാൾ. 1962 ലാണ്, വൈറ്റ്‌ ഹൗസിലെ പിറന്നാൾ ഡിന്നറിന്‌ മർലിനും ക്ഷണിക്കപ്പെട്ടു. അവരെ ഹസ്തദാനം നൽകി സ്വീകരിച്ച ശേഷം പരിസരം മറന്ന്‌ പ്രസിഡണ്ട് ചോദിച്ചു, “എങ്ങനെയാണ്‌ വിരലുകൾക്ക്‌ ഇത്ര സോഫ്റ്റ്നെസ് കിട്ടിയത് ?” പൊട്ടിച്ചിരിച്ചുകൊണ്ട് മർലിൻ പറഞ്ഞു, “അതോ, പത്തു വയസ്സു മുതൽ പതിമൂന്ന്‌ വയസ്സുവരെ ഹോട്ടലുകളിൽ നിലം തുടയ്ക്കലായിരുന്നു എന്റെ ജോലി. അതിന്റെ മൃദുലതയാണത്.” മറുപടി കേട്ട് കെന്നഡി പതറിപ്പോയി.

 

ഹോട്ടലുകളുടെ നിലം തുടച്ച, ലോകം വിലകുറഞ്ഞതായ്ക്കണ്ട വിരലുകളിൽ ഒന്നുമ്മവെക്കാൻ അറ്റമില്ലാത്ത പുരുഷാരത്തെ പിൽക്കാലം കാത്തു നിൽപ്പിച്ച മർലിന്റെ മധുര പ്രതികാരത്തോളം ഹീറോയിസമൊന്നും ഒരു ഷെമ്മിയും ലോകത്തിന്നോളം ചെയ്തിട്ടില്ല. ആ ക്യൂവിൽ സിനിമാ പ്രേക്ഷകർ മാത്രമായിരുന്നില്ല. ലോകത്തെമ്പാടുമുള്ള രാഷ്ട്രീയക്കാർ, വേൾഡ് ഫേമസ് എഴുത്തുകാർ, നാടകകൃത്തുക്കൾ, അഭിനേതാക്കൾ ! അതൊരു വല്ലാത്ത ക്യൂവായിരുന്നു. വെറും 30 ചിത്രങ്ങളില്‍ മാത്രമഭിനയിച്ച താരത്തിനു മുമ്പിലെ ക്യൂ! 

 

നിങ്ങൾക്കു തോന്നുന്നുണ്ടോ അവളുടെ സൗന്ദര്യം കണ്ടു മാത്രം വന്നടിഞ്ഞ ആൾക്കൂട്ടമാണതെന്ന്. ആണെങ്കിൽത്തന്നെ എന്ത് സൗന്ദര്യമാകുമത്. നമുക്കാർക്കുമില്ലാത്ത എന്തായിരിക്കണം അവർക്കുണ്ടായിരുന്നിട്ടുണ്ടാവുക! നമ്മളോളം പ്രിവിലേജുകളിലഭിരമിക്കുന്ന മനുഷ്യർ തന്നെയാണ് ഒമ്പതാമത്തെ വയസ്സ് മുതൽ ഓര്‍ഫനേജിൽ വളർന്നവളുടെ വളർച്ച കണ്ട് നാണിച്ച് കയ്യടിക്കേണ്ടത്. ലോകം അത് പഠിക്കേണ്ടതുണ്ട്, ആരാധന കൊണ്ട് നിർമ്മിക്കപ്പെടുന്ന പർവതങ്ങളുടെ വലിപ്പം വ്യവസായ സിനിമാ പഠിതാക്കളുടെ പാഠപുസ്തകമാവേണ്ടതുണ്ട്. എങ്ങനെ ജീവിക്കണമെന്നും എങ്ങനെ മരിക്കരുതെന്നും ലോകം മർലിനെ നോക്കി പഠിക്കേണ്ടതുണ്ട്.

 

36– ാം വയസില്‍ ഉറക്കഗുളിക അമിതമായി കഴിച്ച് ഉറങ്ങാൻ കിടന്ന മർലിൻ ബെഡില്‍ നിന്ന് നിലത്തേക്ക് വഴുതി വീണുറങ്ങി.  കാറ്റത്തുലഞ്ഞ ഒരു മെഴുകുതിരിനാളം പോലെ തോന്നിച്ചത്രെ ആ കിടപ്പ്. അതു കണ്ട് എല്‍റ്റണ്‍ ജോൺ പാടി, കാന്‍ഡില്‍ ഇന്‍ ദി വിന്‍ഡ് എന്ന എക്കാലത്തെയും വിലകൂടിയ ചരമഗീതം. ഗുഡ് ബൈ നോർമ ജീൻ എന്നു തുടങ്ങിയ പാട്ട്. മർലിൻ പോലും മറന്നു പോയ അവളുടെ പേര്, നോർമ ജീൻ. പാടുമ്പോൾ എല്‍റ്റന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അത് കണ്ടും കേട്ടും ഒപ്പം പാടിയവരത്രയും വിതുമ്പി. 

 

ഗുഡ് ബൈ നോർമ ജീൻ 

 

good bye Norma Jean

though I never knew you at all

and it seems to me you lived your life

Angelina-Julie

Iike a candle in the wind

never knowing who to cling to

when the rain set in

your candle burned out long before

your legend ever did

loneliness was tough

Sharmistha-Mukherjee

the toughest role you ever played !!

 

 

ആഞ്ജലീന ജൂലി

 

 

25,000 മുതല്‍ 35,000 പൗണ്ട് വരെ വിലയിട്ട് ലേലത്തിന് വെച്ച മാറിടത്തിന്റെ പടം കണ്ടിട്ടുണ്ടോ? 2013 ൽ ലണ്ടനിലെ ക്രിസ്റ്റി ഓക്ഷന്‍ ഹൗസിലാണ് ലേലം നടന്നത്. ഫോട്ടോഗ്രാഫര്‍ - ഡേവിഡ് ലാ ചാപ്പല്ല !  വെള്ളക്കുതിരയെ താലോലിച്ച് മാറുമറയ്ക്കാതെ നിന്ന ഒരിരുപത്തഞ്ചുകാരി, ആഞ്ജലീന ജൂലി.

 

35000 പൗണ്ട് എന്നാൽ മുപ്പത് ലക്ഷം രൂപയാണ്. ലോക ചരിത്രത്തിൽ മുപ്പത് ലക്ഷം വിലയുള്ള ആദ്യത്തെ മാറിടം. പക്ഷേ ആഞ്ജലീനയ്ക്കിത് ആദ്യത്തെ അനുഭവമല്ല. അവരുടെ ഇരുപതാം വയസ്സിൽ കേറ്റ്‌ ഗാര്‍ണര്‍ പകർത്തിയ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ ചിത്രം വിറ്റത് 1800 പൗണ്ടിനാണ്. സ്തനാര്‍ബുദം വരാന്‍ സാധ്യതയുണ്ടെന്ന ജനിതക പരിശോധനാഫലം വന്ന ദിവസം ആഞ്ജലീന മുറിച്ച് കളഞ്ഞത് ആ മാറിടമാണ്. ഒരിത്തിരി പോലും പതറാതെ അവരത് ലോകത്തോട് പറഞ്ഞു. മാറിടം മുറിച്ചു മാറ്റിയതിൽ മനം നൊന്ത് ഇരുട്ടിലേക്ക് പിൻവാങ്ങിയ സ്തനാർബുദബാധിതരായ ലോകത്താകമാനമുള്ള പെണ്ണുങ്ങൾക്കും കുളിരു തോന്നിയ ദിവസമാണത്. 

  

ഹോളിവുഡിലെ വിലകൂടിയ താരറാണിയായി വിലസുമ്പോഴും കുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങൾക്കു വേണ്ടി ആഞ്ജലീന ഉച്ചത്തിൽ സംസാരിച്ചിരുന്നു. ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രശ്നങ്ങൾ പരിഹരിക്കാനാഗ്രഹിച്ചാണ് അവർ ജോളി-പിറ്റ് ഫൗണ്ടേഷൻ സ്ഥാപിച്ചത്. ഐക്യരാഷ്ട്രസഭയുടെ യുണൈറ്റഡ്‌ നേഷന്‍സ്‌ ഹൈക്കമ്മീഷണര്‍ ഓഫ്‌ റെഫ്യൂജീസിന്റെ അംബാസിഡറാകുന്ന ആദ്യ സിനിമാക്കാരിയാണവർ. 3 കുട്ടികളെ പ്രസവിച്ചും 3 പേരെ ദത്തെടുത്തും 6 കുട്ടികളുടെ അമ്മയായി ജീവിക്കുമ്പോൾ നടത്തിയ ഓപ്പൺ സർവേകളിൽ പോലും അവർ പ്രതിയോഗികളില്ലാത്ത ഹോട്ടസ്റ്റ് ആയിരുന്നു. എത്ര കാലം കഴിഞ്ഞാലും അതങ്ങനെ നിൽക്കും. മാറിടം മുറിച്ചു മാറ്റിയാലും മുടികൾ കൊഴിഞ്ഞു പോയാലും ഉടലുണങ്ങിപ്പോയാലും ആഞ്ജലീന ഹോട്ടാണ്,  അവരുടെയൊരു പടം മതി നമ്മെ ചൂടുപിടിപ്പിക്കാൻ! ലക്ഷങ്ങളെറിഞ്ഞ് വാങ്ങി കാലമത് ചുവരിൽ തൂക്കിയിടും.

 

"people say that you’re going the wrong way when it’s simply a way of your own.” - angelina.

 

 

ശർമിഷ്ഠ മുഖർജി

 

 

"ബിജെപിയുടെ കുതന്ത്ര പ്രചാരണ വിഭാഗത്തിന്റെ വൃത്തികേടുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് സിറ്റിസൺ പ്രണബ് മുഖർജിക്ക് ഇന്ന് ബോധ്യപ്പെട്ടുകാണും. താങ്കളെ നാഗ്പൂരിലേക്ക് ക്ഷണിക്കുമ്പോൾ ആർഎസ്.എസ്സിന് നന്നായറിയാം അവരുടെ ആശയങ്ങളല്ല താങ്കളവിടെ പറയുകയെന്ന്. താങ്കളവിടെ പറയുന്നതെന്തായാലും അത് വിസ്മരിയ്ക്കപ്പെടുമെന്നും താങ്കളവിടെ നിൽക്കുന്ന ചിത്രങ്ങൾ മാത്രം തങ്ങൾക്കിഷ്ടമുള്ള നുണകളോടെ പ്രചരിപ്പിക്കാൻ കഴിയുമെന്നും അവർക്കറിയാവുന്നത് കൊണ്ട് നാഗ്പൂരിലവർക്ക് നിങ്ങളെ വേണം. അവിടെ പോകാൻ തീരുമാനിച്ചതിലൂടെ, ബിജെപിക്കും ആർഎസ്എസ്സിനും അവരുടെ വ്യാജപ്രചാരണത്തിനും വ്യാജവാർത്തകൾക്കും കിംവദന്തികൾക്കുമുള്ള വലിയൊരവസരമാണ് സിറ്റിസൺ മുഖർജി, താങ്കൾ നൽകിയിരിക്കുന്നത്. നുണകൾ എങ്ങനെ പരത്തണമെന്നും അതെങ്ങനെ വിശ്വസിപ്പിക്കണമെന്നും അവർക്ക് നന്നായറിയാം. അതെ മുഖർജി, ഇതൊരു തുടക്കമാണ്."

 

ഒരു മകൾ ട്വിറ്ററിൽ അച്ഛനയച്ച കത്താണിത്. അവളുടെ പേര് ശർമിഷ്ഠ, കഥക് നർത്തകി ശർമിഷ്ഠ മുഖർജി. പഴയ കോൺഗ്രസ് നേതാവ് - മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ. ശർമിഷ്ഠയും കോൺഗ്രസ്സുകാരിയാണ്. എന്നിട്ടും കഥക് നർത്തകി എന്ന് പരിചയപ്പെടുത്തിയത് ബോധപൂർവമാണ്. തീപ്പിടിപ്പിക്കുന്ന പെണ്ണുങ്ങൾ എളുപ്പം തീപ്പെട്ട് തീരുന്ന കളരിയാണ് ഇന്ന് ഇന്ത്യൻ രാഷ്ട്രീയക്കളരി. ഈ ശീലങ്ങളും കൊണ്ട് എവിടെ വരെ പോകും ശർമിഷ്ഠ !

 

അച്ഛന്റെ അരികു ചേർന്ന് നടക്കുന്ന മക്കൾ ഇന്ത്യൻ രാഷ്ട്രീയത്തിലേറെയുണ്ട്, അച്ഛനൊപ്പവും പിന്നാലെയും നടക്കുന്നവരുണ്ട്. അച്ഛനോട് മുഖാമുഖം നിന്ന്, "അതെ മുഖർജി, ഇതൊരു തുടക്കമാണ്." എന്ന് പറയുന്ന മകൾ. അവളെ പക്ഷേ അങ്ങനെ കാണാറില്ല രാഷ്ട്രീയത്തിൽ. അവളെയുമില്ല - അവനെയുമില്ല. ശർമിഷ്ഠ ഗംഭീരയാണ്, ഒരച്ഛൻ മകൾക്കയച്ച കത്തിൽ നിന്ന് ഒരു മകൾ അച്ഛനയച്ച കത്തിലേക്കുള്ള ദൂരത്തെ ഞാനിനി നക്ഷത്ര വർഷം എന്നൊക്കെ വിളിക്കുമ്പോലെ ശർമിഷ്ഠ വർഷം എന്ന് വിളിക്കും. ആ ദൂരമാണ് ഇന്ത്യൻ സ്ത്രീ നടന്നെത്തിയ ദൂരം. അച്ഛനെക്കാൾ നിലപാടുള്ളവളെ അച്ഛനെക്കാൾ വളർത്തുമോ ഇന്ത്യ, വേണ്ട അച്ഛനൊപ്പം വളരാമല്ലോ! നാളെയൊരുനാൾ അച്ഛനിരുന്ന രാഷ്ട്രപതിക്കസേരയിൽ അവൾക്കിരിക്കാനാകുമോ!

 

ചിരി വരുന്നുണ്ടോ, ഉണ്ടെങ്കിൽ സംശയിക്കണ്ട  ടെസ്റ്റോസ്റ്റിറോൺ ഒഴുകിയൊഴുകി മേൽച്ചുണ്ട് വരെ എത്തിയിരിക്കുന്നു എന്നതിന്റെ അടയാളമാണ് ആ ചിരി. നാളിന്നോളം ഇക്വാലിറ്റിയ്ക്കു വേണ്ടിയുയർന്ന മുറവിളികളെ മുഴുവൻ ദുർബലപ്പെടുത്തിക്കളഞ്ഞ ഹിഡൺ പോയിസൺ. വിഷനീരിൽ നനഞ്ഞ ആ ചുണ്ടുകൊണ്ട് പെണ്ണിനെ ഉമ്മ വയ്ക്കുകയെങ്കിലും ചെയ്യരുത്. അങ്ങനെയാണ് നമ്മുടെ പെണ്ണുങ്ങളേറെയും മരിച്ച് പോയത്. 

 

(തുടരും...)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com