ADVERTISEMENT

ഒരു സിനിമക്കാരന്റെ ജാ‍ഡയോ ഭാവമോ ഇല്ലാത്ത പച്ച മനുഷ്യനാണ് വിനായകനെന്ന് എഴുത്തുകാരൻ ഫ്രാൻസിസ് നൊറോണ. തൊട്ടപ്പൻ എന്ന കഥയെക്കുറിച്ചും അതിനെ അടിസ്ഥാനമാക്കി ഷാനവാസ് കെ. ബാവുക്കുട്ടി സംവിധാനം ചെയ്യുന്ന സിനിമയെക്കുറിച്ചും ഫ്രാൻസിസ് നൊറോണ മനസ്സ് തുറക്കുന്നു

 

തൊട്ടപ്പൻ എന്ന കഥ

 

തൊട്ടപ്പൻ എന്റെ ആത്മാംശം നിറഞ്ഞു നിൽക്കുന്ന കഥയാണ്. അതിലെ നായിക ഒരു പെൺകുട്ടിയാണെങ്കിൽ പോലും എനിക്കു പറയാനുള്ള ഒരുപാട് കാര്യങ്ങൾ എല്ലാവരും കുഞ്ഞാട് എന്നുവിളിക്കുന്ന ആ നായികയിലൂടെ പറയാൻ കഴിഞ്ഞു. ഞാനൊരു മുസ്​ലിം സ്കൂളിലാണ് പഠിച്ചത്. ആ സ്കൂളിന്റെ മധ്യഭാഗത്തായാണ് ദേവാലയം സ്ഥിതിചെയ്യുന്നത്. അവിടുത്തെ പ്രാർഥനകൾ, അതിനു ചുറ്റുമുള്ള ഓലക്കെട്ടിടങ്ങൾ, എന്റെ പാത്രത്തിൽ കുറച്ച് ഉപ്പുമാവ് കൂടുതൽ ഇടുന്ന ബുവ. അങ്ങനെയങ്ങനെ ഒരുപാട് നൊസ്റ്റാൾജിയ നിറഞ്ഞ എന്റെ ബാല്യം ഉണ്ട് ആ കഥയിൽ. 

thottapan
ഫ്രാൻസിസ് നൊറോണ

 

കുഞ്ഞാട് ആണോ പെണ്ണോ?

 

ഇതിലെ കുഞ്ഞാട് എന്ന കഥാപാത്രം ആണാണോ പെണ്ണാണോ എന്നു ചോദിച്ചാൽ എനിക്ക് കൃത്യമായൊരു മറുപടി ഇല്ല. നമുക്കെങ്ങനെയാണ് ഒരു വ്യക്തിയെ സ്ത്രീ, പുരുഷൻ എന്നൊക്കെ പറയാൻ പറ്റുന്നത്? ഒരിക്കലും അത് സാധിക്കില്ല. ബയോളജിക്കലായി പറയാൻ പറ്റുമായിരിക്കും. പക്ഷേ അവരുടെ മനസ്സ് അല്ലെങ്കിൽ ആത്മാവ്, വ്യക്തിത്വം ഇവയൊക്കെ വച്ച് ഒരു സ്ത്രീയെയോ പുരുഷനെയോ ഡിഫൈൻ ചെയ്യാൻ പറ്റില്ല. 

 

എല്ലാ സ്ത്രീയിലും ഒരു പുരുഷൻ കാണും. എല്ലാ പുരുഷനിലും ഒരു സ്ത്രീ ഉണ്ടായിരിക്കും. ഇതിന്റെ അളവ് ഏറിയും കുറഞ്ഞുമിരിക്കും. അങ്ങനെ  സ്ത്രീയുടെ പൂർണ്ണതയിലെത്തുന്നൊരാളെയാണ് നമ്മൾ അമ്മ എന്നു വിളിക്കുന്നത്. അങ്ങനൊരു സ്ത്രീയെ അവതരിപ്പിക്കുന്നതിൽ തൊട്ടപ്പൻ വിജയിച്ചു. കുഞ്ഞാട് എന്ന കഥാപാത്രം എല്ലാവരുടെയും ഓർമയിൽ തങ്ങിനിൽക്കുന്നു. 

 

തൊട്ടപ്പൻ സിനിമയാകുമ്പോൾ...

 

കഥ വന്ന് ഒരാഴ്ച കഴിഞ്ഞപ്പോൾ കിസ്മത്തിന്റെ സംവിധായകൻ ഷാനവാസ് കെ. ബാവുക്കുട്ടി എന്നെ വിളിച്ചു. നിങ്ങളുടെ ഈ കഥ സിനിമ ആക്കാൻ താൽപര്യമുണ്ടെന്നു പറഞ്ഞു. ഞാന്‍ ആദ്യം കരുതിയത് എന്നെ ആരോ വിളിച്ച് കളിയാക്കിയതാണെന്നാണ്. പിന്നീട് അദ്ദേഹത്തെ പോയിക്കണ്ടു സംസാരിച്ചു.‘ഈ കഥയിലെ ചില കഥാപാത്രങ്ങൾ എന്നെ അലട്ടുന്നുണ്ട്’. എന്ന് അദ്ദേഹം പറഞ്ഞു.  ഈ അലട്ടുന്ന കഥാപാത്രങ്ങളെ അങ്ങനെ തന്നെ എടുത്തിട്ടാണ് അദ്ദേഹം ആ സിനിമ ചെയ്തത്. അതിന്റെ ഡബ്ബിങ് നടന്നുകൊണ്ടിരിക്കുന്നു. 

 

വിനായകൻ തൊട്ടപ്പനാകുമ്പോൾ..

 

തൊട്ടപ്പൻ എന്നു പറയുന്നത് ആംഗ്ലോഇന്ത്യൻസിന്റെയും ലത്തീൻ കത്തോലിക്കരുടെയും ഇടയിൽ മാതാപിതാക്കളേക്കാൾ പ്രാധാന്യമുള്ള ഒരു സ്ഥാനമാണ്. കുട്ടിയെ ക്രൈസ്തവ മൂല്യങ്ങൾ കൊടുത്ത് വളർത്താനായി ഏൽപിക്കുന്ന ആളെയാണ് തലതൊട്ടപ്പൻ അല്ലെങ്കിൽ ഗോഡ്ഫാദർ എന്നു വിളിക്കുന്നത്. ആദ്യം ഞാൻ തലതൊട്ടപ്പൻ എന്ന പേരിടാനാണ് ഉദ്ദേശിച്ചത്. പിന്നീടാണ് തൊട്ടപ്പൻ എന്നു ചുരുക്കിയത്. 

 

ഈ കഥയിലെ പെൺകുട്ടിയെ വളർത്തിക്കൊണ്ടു വരുന്നത് ഈ തൊട്ടപ്പനാണ്. നമ്മൾ വിചാരിക്കുന്ന സദാചാര സങ്കൽപങ്ങളെയൊക്കെ പാടെ അവഗണിച്ചുകൊണ്ടുള്ള ഒരു സവിശേഷ ബന്ധമാണ് തൊട്ടപ്പനും കുഞ്ഞാടും തമ്മിലുള്ളത്. ഷൂട്ടിങ് സൈറ്റിൽ വച്ചാണ് വിനായകനെ പരിചയപ്പെടുന്നത്. അദ്ദേഹമൊരു സാധാരണ മനുഷ്യനെപ്പോലെയാണ് എല്ലാവരോടും പെരുമാറുന്നത്. എനിക്ക് വളരെ അദ്ഭുതം തോന്നി. ഒരു സിനിമാക്കാരന്റെ ജാ‍ഡയോ ഭാവമോ ഒന്നുമില്ലാത്ത പച്ചയായ മനുഷ്യൻ. അദ്ദേഹത്തിന്റെ കൈകളിൽ തൊട്ടപ്പൻ ഭദ്രമാണ്. കഥ എഴുതിയപ്പോൾ കണ്ട തൊട്ടപ്പൻ എങ്ങനെയാണോ അതേ ആളു തന്നെയാണ് സിനിമയിലെയും തൊട്ടപ്പൻ. കുഞ്ഞാട് എന്ന കഥാപാത്രം ചെയ്യുന്നത് ഒരു പുതുമുഖമാണ്- പ്രിയംവദ. സിനിമയ്ക്കു മുൻപുള്ള 7 ദിവസത്തെ ട്രെയിനിങ് ക്യാംപിൽ ഞാൻ പങ്കെടുത്തിരുന്നു. നല്ലൊരു ടീംവർക്കായിരുന്നു. ഞാനെഴുതിയ കഥാപാത്രങ്ങളെ അതേപോലെ തന്നെ അഭ്രപാളികളിലെത്തിക്കാൻ ഷാനവാസ് കെ. ബാവുക്കുട്ടിക്ക് കഴിഞ്ഞിട്ടുണ്ട് എന്ന ഉറച്ച വിശ്വാസമാണെനിക്കുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com