ADVERTISEMENT

ഒരുവർഷം മുമ്പ് ബുക്കർ പുരസ്കാരം നേടി അതിശയിപ്പിച്ച പോളിഷ് നോവലിസ്റ്റ് ഓൾഗ തോകാർചുക് അപൂർവമായ നേട്ടത്തിന്റെ പടിവാതിലിൽ; തുടർച്ചയായ രണ്ടാം വർഷവും ബുക്കർ സമ്മാനത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടം. ഫ്ളൈറ്റ്സ് എന്ന നോവലിന് കഴിഞ്ഞതവണ ബുക്കർ സമ്മാനം നേടിയ ഓൾഗയുടെ ‘ഡ്രൈവ് യുവർ പ്ളോ ഓവർ ദ് ബോൺസ് ഓഫ് ദ് ഡെഡ്’ എന്ന പ്രശസ്ത നോവലാണ് ഇത്തവണ ലോകപ്രശസ്ത പുരസ്കാരത്തിന്റെ അന്തിമപട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. ഇത്തവണവും വിജയം പോളണ്ടിലേക്ക് കൊണ്ടുപോകാനായാൽ തുടർച്ചയായ രണ്ടു പ്രാവശ്യം ബുക്കർ കരസ്ഥമാക്കുന്ന ആദ്യത്തെ എഴുത്തുകാരിയാകാനും ഓൾഗയ്ക്കു കഴിയും. 

ബുക്കറിന്റെ ചരിത്രത്തിൽ രണ്ടു തവണ പുരസ്കാരം നേടിയ മൂന്ന് എഴുത്തുകാരുണ്ട്. ദക്ഷിണാഫ്രിക്കൻ നോവലിസ്റ്റ് ജെ.എം. കൂറ്റ്സിയാണ് ഇരട്ടപ്പുരസ്കാരം നേടിയ ആദ്യത്തെ എഴുത്തുകാരൻ. 1983–ലും 99ലുമായിരുന്നു അദ്ദേഹത്തിന്റെ പുരസ്കാരനേട്ടങ്ങൾ. കൂറ്റ്സി പിന്നീട് നൊബേൽ സമ്മാനവും നേടി സാഹിത്യലോകത്തിന്റെ ഹൃദയത്തിൽ സ്ഥിരപ്രതിഷ്ഠ നേടി. പീറ്റർ കാരി 1988ലും 2001 ലും ബുക്കർ നേടിയെങ്കിൽ ഇരട്ടപുരസ്കാരം നേടിയ ഒരേയൊരു വനിതാ എഴുത്തുകാരിയാണ് ഹിലാരി മാന്റൽ. 2009 ലും 2012 ലുമായിരുന്നു ചരിത്രനോവലുകളിലൂടെ മാന്റൽ പുരസ്കാരം ബ്രിട്ടന്റെ അഭിമാനമാക്കിയത്. പക്ഷേ, തുടർച്ചയായ വർഷങ്ങളിൽ ഇവർക്കൊന്നും പുരസ്കാരം നേടാൻ കഴിഞ്ഞിട്ടില്ല. ഈ ചരിത്രം തിരുത്തിക്കുറിക്കാനുള്ള പുറപ്പാടിലാണ് ഓൾഗ തോകാർചുക്. 

2009 ൽ പോളണ്ടിൽ പ്രസിദ്ധീകരിച്ച നോവലാണ് ഡ്രൈവ് യവർ പ്ളോ ഓവർ ദ് ബോൺസ് ഓഫ് ദ് ഡെഡ്. പ്രശസ്ത ഇംഗ്ളിഷ് കവി വില്യം ബ്ളേക്കിന്റെ കവിതയിൽ കടം കൊണ്ടതാണ് നോവലിന്റെ നീളമുള്ള പേര്. നോവലിലെ പ്രധാന കഥാപാത്രമായ ജാനിന എന്ന മാനസിക അസ്വാസ്ഥ്യമുള്ള യുവതിക്ക് പ്രിയപ്പെട്ട കവിയാണ് ബ്ളേക്ക്. മനുഷ്യരേക്കാൾ മൃഗങ്ങളുടെ സൗഹൃദം ഇഷ്ടപ്പെടുന്ന ജാനിന തന്റെ രണ്ടുനായകളുടെ തിരോധാനത്തെക്കുറിച്ച് പറയുന്നിടത്താണ് നോവൽ തുടങ്ങുന്നത്. പശ്ഛാത്തലം പോളണ്ടിലെ വിദൂരമായ ഒരു ഗ്രാമം. നായ്ക്കളുടെ തിരോധാനത്തിനുശേഷം കൊലപാതകങ്ങൾ കൂടി നടക്കുന്നതോടെ നോവൽ  ക്രൈം ത്രില്ലറിന്റെ സ്വഭാവത്തിലേക്കു മാറുന്നു. നോവൽ ഇതേപേരിൽ ചലച്ചിത്രവുമായിട്ടുണ്ട്; വിവാദം സൃഷ്ടിക്കുകയും ചെയ്തു. 2009–ൽ ബെർലിൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ചിത്രം ക്രിസ്തുമതത്തിന് എതിരാണെന്നും പാരിസ്ഥിതിക തീവ്രവാദം വളർത്തുന്നതാണെന്നും വിമർശനങ്ങൾ ഉയർന്നു. വിവാദങ്ങളെ ചിരിച്ചുകൊണ്ടു നേരിട്ട ഓൾഗ, വിമർശനങ്ങൾ ചിത്രത്തിന്റെ പോസ്റ്ററിൽ ഉൾപ്പെടുത്തിയാൽ കൂടുതൽപേർ ചിത്രം കാണാനെത്തുമെന്നാണു പ്രതികരിച്ചത്. 

വിദ്യാർഥിപ്രക്ഷോഭത്തെത്തുടർന്ന് ജൻമനാട്ടിൽനിന്നു പലായനം ചെയ്യേണ്ടിവന്ന കുടുംബത്തിലെ അംഗമാണ് ഓൾഗ തോകാർചുക്. ഇപ്പോൾ ഉക്രൈനിലുള്ള പ്രദേശത്തുനിന്ന് അഭയാർഥികളായി പോളണ്ടിലേക്ക് ജീവിതം പറിച്ചുനട്ടു ഓൾഗയുടെ പിതാവിന്റെ കുടുംബം. അന്ന് ആറു വയസ്സാണ് ഓൾഗയ്ക്ക്. തുടക്കം കവിതയിൽ. പിന്നീട് നോവലുകൾ. കഴിഞ്ഞതവണ വെജിറ്റേറിയൻ എന്ന നോവലിലൂടെ ബുക്കർ പുരസ്കാരം നേടിയ കൊറിയൻ എഴുത്തുകാരി ഹാങ് കാങ് ഉൾപ്പെടെയുള്ളവരെ പിന്നിലാക്കിയാണ് അപ്രതീക്ഷിതമായി ഓൾഗ പുരസ്കാരം നേടിയത്. പോളണ്ടിൽനിന്നു ബുക്കർ നേടുന്ന ആദ്യത്തെ എഴുത്തുകാരിയുമാണവർ. 

വാഴ്സോ സർവകലാശാലയിൽ മനഃശാസ്ത്രമായിരുന്നു ഓൾഗയുടെ പഠനവിഷയം. ഒരു ഡോക്ടറേക്കാൾ മനശാസ്ത്രജ്ഞനായിരിക്കാം ജനങ്ങളെ കൂടുതൽ സഹായിക്കാൻ കഴിയുന്നത് എന്ന വിചാരത്തിലാണ് ഓൾഗ വിഷയം തിരഞ്ഞെടുത്തതും പഠിച്ചതും. പഠനശേഷം ഒരു ആശുപത്രിയിൽ ലഹരിയുടെ അടിമകളായവരെ ചികിൽസിക്കുന്ന ജോലി ഏറ്റെടുത്തു. സഹപ്രവർത്തകനായ മനശാസ്ത്രജ്ഞനെ വിവാഹം കഴിച്ചു. ഒരു മകനു ജൻമം കൊടുത്തു. അഞ്ചുവർഷമേ ദീർഘിച്ചുള്ളൂ ഓൾഗയുടെ ആശുപത്രിജീവിതം. ഒരു രോഗിയെ ചികിൽസിക്കുന്നതിനിടെ കഠിനായ ഒരു യാഥാർഥ്യം അവർ മനസ്സിലാക്കി; ആ രോഗിയേക്കാൾ ചികിൽസ വേണ്ടതു തനിക്കാണ്. അയാളേക്കാൾ അസ്വസ്ഥയാണു താൻ. അങ്ങനെ, 30–ാം വയസ്സിനുശേഷം നാടുവിട്ട് ഏകാന്തയാത്രയ്ക്കിറങ്ങി. തായ്‍വാനിൽനിന്നു ന്യൂസിലൻഡിലേക്ക്. പിന്നീട് പോളണ്ടിൽനിന്നു മകനെയും കൂട്ടി മലേഷ്യയിലേക്ക്. അപ്രതീക്ഷിതവും നാടകീയവുമായ ഈ യാത്രകളാണ് ഓൾഗ എന്ന എഴുത്തുകാരിയെ രൂപപ്പെടുത്തിയതും പ്രതിഭാശാലിയാക്കിയതും. 

കഴിഞ്ഞവർഷം ബുക്കർ സമ്മാനം നേടിയ ഫ്ളൈറ്റ്സ് ഓൾഗയുടെ ആറാമത്തെ നോവലാണ്. അലഞ്ഞുതിരിയുന്ന ഒരു ഗോത്രത്തിന്റെ കഥയ്ക്കൊപ്പം അസ്വസ്ഥനായി യാത്ര ചെയ്യുന്ന ഒരു വ്യക്തിയുടെ നിരീക്ഷണങ്ങൾകൂടിയാണ് ഫ്ളൈറ്റ്സ്. 

ഓൾഗയ്ക്കൊപ്പം ഇത്തവണ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചവരും കൃതികളും

ജോഖ അൽഹാർത്തി (ഒമാൻ) – സെലസ്റ്റ്യൽ ബോഡീസ്. ബുക്കർ ചുരുക്കപ്പട്ടികയിൽ ഇംടിപിടിക്കുന്ന ഗൾഫിൽ നിന്നുള്ള ആദ്യത്തെ എഴുത്തുകാരി. 

മരിയോൺ പോഷ്‍മാൻ (ജർമനി) – ദ് പൈൻ ഐലൻഡ്സ് 

ആനി എർനോ (ഫ്രാൻസ്) – ദ് ഇയേഴ്സ് 

യുവാൻ ഗബ്രിയേൽ വാസ്ക്സ് (കൊളംബിയ) – ദ് ഷേപ് ഓഫ് ദ് റൂയിൻസ് 

അലിയ ട്രബുക്കോ സെറാൻ(ചിലി) – ദ് റിമൈൻഡർ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com