മലപ്പുറത്തെ മരുമകളുടെ കഥപറഞ്ഞ് വീണ്ടും ഷെമി

HIGHLIGHTS
  • ഷെമിയുടെ പ്രിയപ്പെട്ടവള്‍ ഇനി വായനക്കാരുടേത്.
Shemi
SHARE

സന്തോഷത്തിന്റെ നിമിഷങ്ങള്‍ വേഗം വിസ്മരിക്കപ്പെടുകയും വേദന എന്നന്നേയ്ക്കുമായി നിലനില്‍ക്കുകയും ചെയ്യുന്നത് വിരോധാഭാസമാണെങ്കിലും ജീവിതത്തിന്റെ അടിസ്ഥാന സവിശേഷത കൂടിയാണ്. എണ്ണത്തില്‍ക്കൂടുതല്‍ സന്തോഷത്തിന്റെ നിമിഷങ്ങളാണെങ്കിലും വേട്ടയാടുന്നത് ഒറ്റപ്പെട്ട വേദനകളായിരിക്കും. ചിരിയുടെ നിമിഷങ്ങള്‍ അല്‍പായുസ്സായി കൊഴിയുമ്പോള്‍ വേദന വേദനിപ്പിക്കുന്ന നിമിഷത്തിലും പില്‍ക്കാലത്തും ഓര്‍മയിലൂടെ വേദനിപ്പിച്ചുകൊണ്ടേയിരിക്കും. ക്രൂരമാണെങ്കിലും വേദനയുടെ അനശ്വരതയ്ക്ക് സൗന്ദര്യം കൂടിയുണ്ട്. കലയിലൂടെ ആവിഷ്ക്കരിക്കപ്പെടുന്ന വേദനയാണ് സൗന്ദര്യം സൃഷ്ടിക്കുന്നത്.

കലയില്‍ ഏറ്റവുമധികം വാഴ്ത്തപ്പെട്ടതും നോവിന്റെ കഥകളും കവിതകളും തന്നെ. ഏറ്റവും ആത്മാര്‍ഥമായ പൊട്ടിച്ചിരിയില്‍പ്പോലും നോവിന്റെ മുഴക്കവുമുണ്ടെന്നു പാടിയ പ്രിയപ്പെട്ട കവി തന്നെയാണ് ഏറ്റവും മധുരമായ ഗാനങ്ങള്‍ വിഷാദത്തെക്കുറിച്ചാണെന്നു പാടിപ്പഠിപ്പിച്ചതും നേര്‍ത്തുനേര്‍ത്തില്ലാതാകുന്ന പാട്ടുപോലെ പോയ്മറഞ്ഞതും. നാലുവര്‍ഷം മുമ്പ് മലയാളത്തില്‍ പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തിന്റെ കാതലും നോവു തന്നെയായിരുന്നു. ഉള്ളും പുറവും വേദനയായിരുന്നു. ദാരിദ്ര്യത്തിന്റെ കുപ്പക്കുഴിയില്‍ ജനിച്ച് അനാഥത്വത്തിന്റെ നീണ്ടപാതകള്‍ താണ്ടേണ്ടിവന്ന ഒരു പെണ്‍കുട്ടിയുടെ ഉള്ളുരുക്കുന്ന ജീവിതകഥ. കഥയെന്നു കരുതി തള്ളാൻ കഴിയാത്ത ജീവിത സത്യം. സ്വന്തം ചോരയില്‍ വിരല്‍മുക്കി എഴുതിയ അനുഭവയാഥാര്‍ഥ്യം. എഴുത്തില്‍ പാരമ്പര്യം അവകാശപ്പെടാനില്ലാത്ത, അവകാശവാദങ്ങളില്ലാത്ത ഒരു പെണ്‍കുട്ടി എഴുതിയത്. സ്വന്തം ജീവിതം മറയില്ലാതെ പറയുമ്പോഴും നോവല്‍ എന്ന മറയ്ക്കുള്ളില്‍ ഒളിച്ചിരിക്കുന്ന പതിവുകാപട്യം വിട്ട് ആത്മകഥാപരമായ നോവല്‍ എന്ന വിശേഷണത്തോടെയെത്തിയ പുസ്തകം. പുതിയ നൂറ്റാണ്ടില്‍ കുറഞ്ഞ കാലത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടതിന്റെ റെക്കോര്‍ഡ് നേടിയ ഷെമിയുടെ നടവഴിയിലെ നേരുകള്‍. 

വായിച്ചവരുടെയുള്ളില്‍ വേദനയുടെ സുഗന്ധം പരത്തുന്ന പനിനീര്‍പുഷ്പം പോലെ ഇന്നും വാടാതെ, കൊഴിയാതെ നില്‍ക്കുന്ന ആദ്യപുസ്തകം പ്രസിദ്ധീകരിച്ച് നാലുവര്‍ഷത്തിനുശേഷം വീണ്ടും ഷെമി വരുന്നു. പുതിയ പുസ്തകവുമായി- മലപ്പുറത്തിന്റെ മരുമകള്‍. നോവില്‍നിന്നു ഭാവനയായ നോവല്‍. 

നടവഴിയിലെ നേരുകള്‍ ആത്മകഥാപരമായിരുന്നെങ്കില്‍ ‘മലപ്പുറത്തിന്റെ മരുമകളോ?’ എന്ന ചോദ്യം സ്വാഭാവികം. എഴുത്തുകാരിയുടെ വാക്കുകള്‍ തന്നെ സാക്ഷ്യം പറയട്ടെ:  

മലപ്പുറത്തെയൊരു മരുമകളുടെ കഥയാണിത്. അവളിന്ന് ജീവിച്ചിരിപ്പില്ല. 

പ്രിയ റജിലാ, 

നീ കൈമാറിയിട്ടു പോയ ഈ സ്വകാര്യം അതിലെ പ്രധാനപ്പെട്ടത് ഒരിക്കലും പുറത്താക്കില്ല. തീര്‍ച്ച. നീയെങ്ങനെ അവനെ പരാജയപ്പെടുത്തിയെന്നോ മരിച്ചെന്നോ ഉള്ള സത്യം ആരോടും പറയില്ല. 

നിനക്കു വിശ്വസിക്കാം, ഞാന്‍, നടവഴിയിലെ നേരുകാരിയാണ്. 

സ്വന്തം ഷെമി. 

നൂറനാട് ഹനീഫ് സാഹിത്യ പുരസ്കാരം ഉള്‍പ്പെടെ ഒട്ടേറെ ബഹുമതികള്‍ നേടിയിരുന്നു നടവഴിയിലെ നേരുകള്‍. പുരസ്കാരങ്ങള്‍പ്പുറം ആത്മാര്‍ഥതയോടെ വായിച്ച ആയിരക്കണക്കിനു പേരുടെ കലവറയില്ലാത്ത സ്നേഹവും വിശ്വാസവും പിന്തുണയും നേടിയ പുസ്തകം. വായനക്കാര്‍ സഹര്‍ഷം സ്വീകരിച്ചെങ്കിലും ഷെമിയുടെ പുതിയ പുസ്തകം വരുന്നത് നീണ്ട ഇടവേളയ്ക്കുശേഷം. മുന്നറിയിപ്പില്ലാതെയെത്തുന്ന പ്രതിസന്ധികളെ നേരിട്ടും അപ്രതീക്ഷിത വഴിത്തിരിവുകളെ തരണം ചെയ്തും പരിചയിച്ച ഷെമി എഴുത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. ഷെമി എന്നും എഴുത്തിന്റെ ലോകത്തുതന്നെയെങ്കിലും വായനക്കാരെ സംബന്ധിച്ചിടത്തോളം മടങ്ങിവരവ്; സഹര്‍ഷം സ്വാഗതം ചെയ്യപ്പെടേണ്ടത്. 

ഡിസി ബുക്സ് പുറത്തിറക്കുന്ന മലപ്പുറത്തിന്റെ മരുമകളുടെ പ്രകാശനം തിരുവനന്തപുരത്ത് കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ മേളയുടെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങില്‍വച്ച് നടന്നു. ഷെമിയുടെ പ്രിയപ്പെട്ടവള്‍ ഇനി വായനക്കാരുടേത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA