അടച്ചിടപ്പെട്ട കൂട്ടിലെ അനുഭവങ്ങളുടെ ക്രൂരതകളെഴുതിയ എഴുത്തുകാരി

HIGHLIGHTS
  • ഏഴു പുസ്തകങ്ങളിലൂടെയാണ് ഏൻജലോ തന്റെ കഥ പറയുന്നത്.
  • മൂന്നാം വയസ്സുമുതലുള്ള കഥയാണ് ഏൻജലോ പറയുന്നത്. 16–ാം വയസ്സുവരെയുള്ളത്.
Maya Angelou
മേയ ഏയ്ൻജലോ
SHARE

ഒരു ചിറക് അറ്റുപോയിട്ടും, ഒടിയാത്ത ഒറ്റച്ചിറകുകൊണ്ട് താളമിട്ട് ഒരു പാട്ടു പിന്നെയും പാടിനോക്കുന്ന പക്ഷിയെക്കുറിച്ച് സുഗതകുമാരിയുടെ ഒരു കവിതയുണ്ട്. പാട്ടു കേൾക്കാൻ ആരുമില്ലെങ്കിലും താരുകളും താരങ്ങളുമെങ്കിലും കേൾക്കുമെന്ന പ്രതീക്ഷയിൽ സ്വപ്നങ്ങളെയും പ്രതീക്ഷികളെയും കുറിച്ചു പാടുന്ന പക്ഷി. കണ്ണീരിനെയും കറുത്ത ദുഃഖങ്ങളെയും കുറിച്ചു പാടുന്ന പക്ഷി. കറുത്ത വർഗക്കാരിയായി അമേരിക്കൽ ജീവിക്കേണ്ടിവന്ന കവി മേയ ഏയ്ൻജലോ ആത്മകഥാ പരമ്പരയിലെ ആദ്യ പുസ്തകം തുടങ്ങുന്നതും കൂട്ടിലടയ്ക്കപ്പെട്ട പക്ഷിയുടെ ഇമേജുമായാണ്. കൂട്ടിലടച്ചാലും പാടുമെന്നും പാടുന്നത് എന്തുകൊണ്ടാണെന്നു തനിക്കറിയാമെന്നും പറഞ്ഞുകൊണ്ട് – ഐ നോ വൈ ദ് കേജഡ് ബേർഡ് സിങ്സ്. 

മൂന്നാം വയസ്സുമുതലുള്ള കഥയാണ് ഏൻജലോ പറയുന്നത്. 16–ാം വയസ്സുവരെയുള്ളത്. മൂന്നാം വയസ്സിൽ അവർ നിഷ്കളങ്കയായ ഒരു കുട്ടിയായിരുന്നുവെങ്കിൽ 16–ാം വയസ്സിൽ ഒരു കുട്ടിയുടെ അമ്മയായിരുന്നു. മൂന്നാം വയസ്സിൽ പറക്കാൻ മോഹിച്ച പക്ഷിയായിരുന്നെങ്കിൽ 16–ാം വയസ്സിൽ അവർ കൂട്ടിലടയ്ക്കപ്പെട്ടിരുന്നു. മൂന്നാം വയസ്സിൽ തട്ടും തടവുമില്ലാതെ പാടുമായിരുന്നെങ്കിൽ 16–ാം വയസ്സിലും പാടിക്കൊണ്ടിരുന്നു. അടച്ചിടപ്പെട്ട കൂട്ടിൽ അനുഭവങ്ങളുടെ ക്രൂരതകളിൽ താളമിട്ടുകൊണ്ട്. 

ഏഴു പുസ്തകങ്ങളിലൂടെയാണ് ഏൻജലോ തന്റെ കഥ പറയുന്നത്. അത്രയും വലിയൊരു പരമ്പര ലോകത്തെ മറ്റൊരു എഴുത്തുകാരും സ്വീകരിച്ചിട്ടില്ല സ്വന്തം കഥ പറയാൻ. ഏൻജലോയുടെ കഥയിൽ അവരുണ്ട്. അവരുടെ ജീവിതമുണ്ട്. ഒപ്പം അമേരിക്കയിൽ ഓരോ നിമിഷവും അതിജീവിക്കാൻ ശ്രമിക്കുന്ന ആയിരക്കണക്കിന് കറുത്ത വർഗക്കാരുടെ വേദനകളും നിരാശകളും സ്വാതന്ത്ര്യമോഹവുമുണ്ട്. മൂന്നാം വയസ്സിൽ സഹോദരന്റെയൊപ്പം ഏൻജലോ മുത്തശ്ശിയുടെ വീട്ടിൽ താമസിക്കാൻ പോകുകയാണ്. അർക്കൻസാസിൽ. പിന്നീടുള്ള ഓരോ ദിവസങ്ങളിലും കറുത്ത വർഗക്കാരി എന്ന നിലയിൽ അവർ നടത്തുന്ന പോരാട്ടമാണ് കൂട്ടിലടയ്ക്കപ്പെട്ട പക്ഷിയുടെ പ്രമേയം. 

അനുഭവങ്ങളുടെ രേഖീയവിവരണം മാത്രമായി ആത്മകഥ എഴുതാം. പക്ഷേ, അതിൽനിന്നു വ്യത്യസ്തമായി മികച്ച സാഹിത്യ നിലവാരമുള്ള ഒരു പുസ്തകം എഴുതാമോ എന്ന വെല്ലുവിളി നേരിട്ടാണ് ഏൻജലോ കൂട്ടിലടയ്ക്കപ്പെട്ട പക്ഷി എഴുതുന്നത്. അനുഭവമെഴുത്തിന്റെ ശൈലിയും കഥയെഴുത്തിന്റെ ഭാവനയും സംയോജിപ്പിച്ചുകൊണ്ട് ഏൻജലോ സൃഷ്ടിച്ചതാകട്ടെ ഇന്നും സമാനതകളില്ലാത്ത ഉജ്വലമായ ക്ളാസിക് കൃതികളും. 1969–ൽ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകം ഇന്നും അമേരിക്കയിലും പുറത്തും വ്യാപകമായി വായിക്കപ്പെടുന്നു. 

കൂട്ടിലടയ്ക്കപ്പെട്ട പക്ഷിയിലെ നായിക മേയ തന്നെ. പക്ഷേ, അതു താൻ മാത്രമല്ലെന്നും അമേരിക്കയിൽ വർണവിവേചനം നേരിട്ടുവളരുന്ന ഏതു കുട്ടിയുമാകാമെന്നാണ് എഴുത്തുകാരിയുടെ വിശദീകരണം. പീഡനവും മാനഭംഗവും അടിച്ചമർത്തലും അനുഭവിക്കുന്ന ലക്ഷക്കണക്കിനുപേരിൽ ഒരാൾ. വളരെകുറച്ചു വാക്കുകളിൽ മാത്രം വിവരിക്കുന്ന ഒരനുഭവമാണ് ആത്മകഥയിലെ ഏറ്റവും അവിസ്മരണീയമായ ഭാഗം. എട്ടാം വയസ്സിൽ മേയ പീഡനത്തിനു വിധേയയാകുന്നത്. അസഹനീയമായ വേദനയും ക്രൂരതയും. വായിച്ച് ഏറെക്കഴിഞ്ഞാലും വേട്ടയാടുന്ന അനുഭവം. ഈ ഒരൊറ്റ അനുഭവത്തിന്റെയും വിവരണത്തിന്റെയും പേരിൽ പുസ്തകം വിദ്യാഭ്യാസ സ്ഥാപനങ്ങളിലുൾപ്പെടെ നിരോധിക്കപ്പെട്ടു. കറുത്ത വർഗക്കാരെയെന്നപോലെ പുസ്തകത്തെയും മാറ്റിനിർത്താനുള്ള ശ്രമങ്ങളുണ്ടായി. പക്ഷേ, എതിർപ്പുകളെ അതിജീവിച്ച് 1970 ൽ അമേരിക്കയിലെ പ്രധാന പുരസ്കാരങ്ങൾക്കു നിർദേശിക്കപ്പെടുകയും രണ്ടുവർഷം തുടർച്ചയായി ബെസ്റ്റ് സെല്ലർ പട്ടികയുടെ ഒന്നാം സ്ഥാനം അലങ്കരിക്കുകയും ചെയ്തു. അരനൂറ്റാണ്ടിനുശേഷവും മേയ എഴുതിയ പൊള്ളുന്ന സത്യം തീവ്രതയാലും തീക്ഷ്ണതയാലും ഇന്നും സാഹിത്യത്തിൽ ഒറ്റപ്പെട്ടുനിൽക്കുന്നു. ആത്മകഥകളിൽനിന്നു വേറിട്ടും. 

ഒരു പുരുഷനാണ് എഴുതിയതെങ്കിൽ ഒരുപക്ഷേ പ്രകീർത്തിക്കപ്പെടുന്ന അനുഭവമാണ് മേയയെ ഒറ്റപ്പെടുത്താനും അവഗണിക്കാനും കാരണമായത്. ഒരു സ്ത്രീ എഴുതാൻ പാടില്ലാത്തത് എഴുതി എന്ന പേരിൽ. അന്നുമിന്നുമെല്ലാം സ്ത്രീകൾ കൂട്ടിലടയ്ക്കപ്പെട്ട പക്ഷികൾ തന്നെ. കൂടു തകർക്കാനും സ്വാതന്ത്ര്യത്തിന്റെ ആകാശത്തു പറക്കാനും തുനിയുമ്പോൾ അവർക്കു നേരിടേണ്ടിവരുന്നത് അന്തമില്ലാത്ത എതിർപ്പുകൾ. പ്രതിബന്ധങ്ങൾ. അവയെ അതിജീവിക്കാനുള്ള ഊർജമാണ് മേയയുടെ പുസ്തകത്തിന്റെ കരുത്ത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA