sections
MORE

പാർവതിയുടെയും റിമയുടെയും പൊളിറ്റിക്കൽ ജാഗ്രത ഷീലയിൽ തിരയരുത്: ശാരദക്കുട്ടി

Pravathy-Sheela-Rima
പാർവതി, ഷീല, റിമ
SHARE

പാർവതിയുടെയും റിമ കല്ലിങ്കലിന്റെയും പൊളിറ്റിക്കൽ ജാഗ്രത ഷീലയിൽ തിരയരുതെന്ന് എഴുത്തുകാരി ശാരദക്കുട്ടി. മികച്ച നായക നടന്മാരെയൊക്കെ അഭിനയശേഷികൊണ്ട് പിന്നിലാക്കിയ നടിയാണ് ഷീലയെന്നും സിനിമാ മേഖലയിലെ മികച്ച പുരസ്കാരം അവരർഹിക്കുന്നുവെന്നും ശാരദക്കുട്ടി സമൂഹമാധ്യമത്തിൽ കുറിച്ചു.

ശാരദക്കുട്ടിയുടെ കുറിപ്പിന്റെ പൂർണരൂപം

"സിനിമാ നടിമാർ വലിയ പൊതുബോധമൊന്നും പുലർത്താതിരുന്ന കാലത്തെ ഒരു കഴിവുറ്റ അഭിനേത്രി. തൊഴിലിൽ നൂറു ശതമാനവും സമർപ്പിച്ച് കുടുംബത്തെ രക്ഷപ്പെടുത്തേണ്ടിയിരുന്ന സാഹചര്യമുണ്ടായിരുന്ന ഏകയും ശക്തയുമായ സ്ത്രീ. മികച്ച നായക നടന്മാരെയൊക്കെ അഭിനയശേഷികൊണ്ട് പിന്നിലാക്കിയവർ. ചിട്ടയായ ജീവിതം കൊണ്ട് ഇന്നും സാമ്പത്തിക ഭദ്രതയോടെ ജീവിക്കുന്നവർ. സിനിമാ മേഖലയിലെ മികച്ച പുരസ്കാരം അവരർഹിക്കുന്നു.

ഇത്രയൊക്കെ മതി. ഷീലയിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കാൻ പാടില്ല. പത്രക്കാർ ചോദിക്കുമ്പോൾ തനിക്കറിവില്ലാത്ത വിഷയത്തെക്കുറിച്ചൊക്കെ മാറി മാറി പലതും പറയാറുണ്ടവർ. പാർവതിയുടെയും റിമ കല്ലിങ്കലിന്റെയും പൊളിറ്റിക്കൽ ജാഗ്രത ഷീലയിൽ തിരയാൻ പാടില്ല. എങ്കിലും അവരുടെ തൊഴിൽ മേഖലയിൽ അവരായിരുന്നു ഏറ്റവും മികച്ചു നിന്നത്. അതിനാണ് ജെ.സി. ഡാനിയൽ പുരസ്കാരം."

ജെ.സി. ഡാനിയൽ പുരസ്കാരം അർഹിക്കുന്ന ഏറ്റവും മികച്ച സിനിമാ പ്രവർത്തകരിൽ എന്തുകൊണ്ടാണ് ഷീല ഉൾപ്പെടാതെ പോയതെന്ന് മുൻപും ശാരദക്കുട്ടി ചോദ്യം ഉന്നയിച്ചിട്ടുണ്ട്. ഏതാനം മാസങ്ങൾക്കു മുൻപ് ഷീലയുടെ അഭിനയമികവിനെ എടുത്തുപറഞ്ഞ് ശാരദക്കുട്ടി സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ്–

"സത്യം. ജെ.സി. ഡാനിയൽ പുരസ്കാരം അർഹിക്കുന്ന ഏറ്റവും മികച്ച സിനിമാ പ്രവർത്തകരിൽ എന്തുകൊണ്ട് ഷീല ഉൾപ്പെട്ടില്ല ഇതു വരെ?

കരുത്തയായ സുന്ദരി സ്ത്രീയെ എത്ര കഴിവുണ്ടെങ്കിലും ഒരരികിലേക്കു മാറ്റി നിർത്തിയാൽ സമൂഹത്തിനൊരു വലിയ സംതൃപ്തിയാണ്. ഷീലയോളം ശക്തയായ ഒരഭിനേത്രി മലയാളത്തിലില്ല. തലയെടുത്ത്, നെഞ്ചു വിരിച്ചാണ് അവർ സത്യനേയും നസീറിനേയും മധുവിനേയും മറി കടന്നത്.ഇന്നും താനെവിടെ നിൽക്കണമെന്നതിന് അവർക്ക് നല്ല ബോധ്യങ്ങളുണ്ട്. അഭിമുഖങ്ങളിൽ അവർ താനെല്ലാവർക്കും മുന്നിലാണെന്ന് ആത്മവിശ്വാസത്തോടെ ആവർത്തിക്കാറുണ്ട്. അണികളുടെയോ വെട്ടുക്കിളികളുടെയോ സംരക്ഷണം അവർക്കാവശ്യമില്ല. എനിക്ക് ഏറ്റവും ബഹുമാനമുള്ള കേരള സ്ത്രീകളിൽ ഒരാൾ ഷീലയാണ്. ഷീലയാണ് മലയാള സിനിമയിലെ എക്കാലത്തെയും കരുത്ത്.''

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA