ADVERTISEMENT

2014ല്‍ ആണ് ഉമാദത്തന്‍സാറിനെ പരിചയപ്പെടുന്നത്. കൃഷ്ണന്‍സാറു പറഞ്ഞ് സാറിന് എന്നെ അറിയാമായിരുന്നു. 'ഒരു പൊലീസ് സര്‍ജന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍' എന്ന ഹരംകൊള്ളിക്കുന്ന സർവീസ് സ്റ്റോറി വായിച്ച നാള്‍മുതല്‍ അദ്ദേഹത്തിന്‍റെ ആരാധികയായിരുന്നു ഞാന്‍.

പരിചയപ്പെട്ടപ്പോള്‍ കൂടുതല്‍ ഇഷ്ടം തോന്നി. ഒരുപാട് അറിവും അനുഭവപരിചയവും തീക്ഷ്ണബുദ്ധിയുമുള്ള സാറിനോട് ഏറെനേരം സംസാരിച്ചാലും മടുപ്പുണ്ടാവുകയില്ല. ഏതു വിഷയവും ആര്‍ക്കും കൈകാര്യം ചെയ്യാം എന്ന തെറ്റിധാരണയുള്ള ഇക്കാലത്ത് ഇത്തരം വിശിഷ്ടവ്യക്തിത്വങ്ങളെ ഗുരുവായി കിട്ടിയാല്‍ അതൊരു മഹാഭാഗ്യമാണ്. സ്വയം ആചാര്യഭാവമെടുത്ത് അണിയുന്നവരോ വലിയ പണ്ഡിതന്മാരോ അല്ല, ജീവിതത്തെക്കുറിച്ച് പുതിയ ഉള്‍ക്കാഴ്ചയേകുന്നവരാണ് യഥാർഥ ഗുരുനാഥന്മാര്‍. അത്തരം ഒരു വ്യക്തിത്വമായിരുന്നു ഉമാദത്തന്‍സാര്‍.

എന്‍റെ തലമുറയുടെ ദൗര്‍ഭാഗ്യമെന്നേ പറയേണ്ടൂ, ഞങ്ങളുടെ വിദ്യാർഥിജീവിതം ആരംഭിക്കുംമുമ്പേ അദ്ദേഹം വിരമിച്ചിരുന്നു. ഞാന്‍ പരിചയപ്പെടുമ്പോള്‍ അമൃതമെഡിക്കല്‍ കോളജിലെ വകുപ്പുതല മേധാവിയായിരുന്നു സാര്‍. മെഡിക്കല്‍  വിദ്യാഭ്യാസക്കച്ചവടത്തെക്കുറിച്ച്, മെഡിക്കല്‍സീറ്റ് വിലയ്ക്കു വാങ്ങുന്ന വിദ്യാർഥികളുടെ മനോഭാവത്തെക്കുറിച്ച്, വിൽപനച്ചന്തയിലെ എടുക്കാച്ചരക്കായ മെഡിക്കല്‍ എത്തിക്സിനെക്കുറിച്ച്, ഒക്കെ ഏറെ ഉത്കണ്ഠാകുലനായിരുന്നു അദ്ദേഹം. 

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കേരളത്തിലെ ആദ്യത്തെ ഗാസ്ട്രോ എന്‍ററോളജി വകുപ്പ് സ്ഥാപിച്ച ഡോ.ബാലകൃഷ്ണന്‍റെ ആത്മകഥ 'Fire in my belly' 'ജഠരാഗ്നിജ്വാലകള്‍' എന്ന പേരില്‍ അദ്ദേഹം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരുന്നു. പ്രഗത്ഭനും ധാര്‍മ്മികനുമായ ഡോ. ബാലകൃഷ്ണനെപ്പോലെയുള്ള മഹാത്മാക്കളെ മലയാളികള്‍ വായിക്കണം, ഓര്‍മിക്കണം എന്നൊക്കെ ആത്മാർഥമായി ആഗ്രഹിച്ചതിനാലാണ് അത്തരമൊരു സംരംഭത്തിന് അദ്ദേഹം മുതിര്‍ന്നത്. ഇച്ഛാശക്തിയും ബുദ്ധിവൈഭവവും കൊണ്ട് പുതിയ പാതകള്‍ വെട്ടിത്തുറന്നെങ്കിലും പെന്‍ഷന്‍ പറ്റുമ്പോഴും ബാങ്ക് ബാലന്‍സ് വട്ടപ്പൂജ്യമായിരുന്ന, കടം വാങ്ങേണ്ടി വന്ന, ഡോ.ബാലകൃഷ്ണന്‍റെ കഥ ഉമാദത്തന്‍സാര്‍ എനിക്കു പറഞ്ഞു തന്നു. 

എല്ലാ കാലത്തും ഇത്തരം ചിലര്‍ ഉണ്ടാകാറുണ്ട്. ലോകത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍വേണ്ടി നിശ്ശബ്ദരായി അക്ഷീണം പ്രവര്‍ത്തിക്കുന്നവര്‍. അരക്കിറുക്ക് അഥവാ വിഡ്ഢിത്തം എന്ന് മറ്റുള്ളവര്‍ ആക്ഷേപിച്ചേക്കാം, എങ്കിലും ആദര്‍ശങ്ങളില്‍ ഒരിറ്റു വെള്ളം ചേര്‍ക്കാത്തവര്‍. മലയാളികളുടെ ശരാശരി ജീവിതത്തിന്‍റെ രാജപാതകള്‍ക്ക് അത്തരക്കാരെ ഉള്‍ക്കൊള്ളാന്‍ ഒരിക്കലും സാധിക്കുന്നില്ല. അതുകൊണ്ട് ആത്മാർഥ സേവനത്താല്‍, ദരിദ്രനായിത്തീര്‍ന്ന ഡോ.ബാലകൃഷ്ണനും വിസ്മൃതനായി, ചരിത്രത്തില്‍ നിന്ന് മാഞ്ഞുപോയി. 

ഒരു വ്യക്തി എന്നാല്‍ അയാള്‍ പ്രതിനിധീകരിക്കുന്ന ആശയങ്ങളും അക്ഷരങ്ങളുമാണല്ലോ. അതിനാല്‍ ഏതെങ്കിലുമൊരു ആശയത്തെ തിരസ്കരിക്കണമെങ്കില്‍ അതിന് മുഖച്ഛായ പകര്‍ന്ന വ്യക്തിയെ തോൽപിക്കുകയോ നശിപ്പിക്കുകയോ ചെയ്യേണ്ടതുണ്ട്. അഥവാ ഒരു വ്യക്തിയുടെ വീണ്ടെടുപ്പിലൂടെ ചവിട്ടിത്തേയ്ക്കപ്പെട്ട ഒരു ആശയത്തെ പുനരുജ്ജീവിപ്പിക്കാനും സാധിച്ചേക്കാം. മഹാബലിയുടെ ഉയിര്‍ത്തെഴുന്നേൽപും ഓണം എന്ന ആശയവും ഇത്തരത്തില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഡോ.ബാലകൃഷ്ണന്‍ ജീവിതത്തില്‍ ഒരു പരാജയമായിരുന്നെന്നും വിസ്മരിക്കപ്പെടേണ്ടവനാണെന്നും മലയാളികള്‍ കരുതുന്നതുകൊണ്ട്, ആരും വിലയ്ക്ക് വാങ്ങി വായിക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്ന കാരണം പറഞ്ഞ് 'ജഠരാഗ്നിജ്വാലകള്‍' എന്ന പുസ്തകം പ്രസിദ്ധീകരിക്കാന്‍ പല പ്രമുഖ പ്രസാധകരും തയാറായില്ല... ഇത് ഉമാദത്തന്‍സാറിനെ വല്ലാതെ വിഷമിപ്പിച്ചിരുന്നു, കാരണം, ഡോ. ബാലകൃഷ്ണന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഈ പുസ്തകം പുറത്തു വന്നില്ലെങ്കില്‍, ആ ആദര്‍ശശാലിയോടുള്ള കൊടിയ നന്ദികേടാകുമതെന്ന് അദ്ദേഹം കരുതിയിരുന്നു! 2018 മാര്‍ച്ചില്‍ ഡോ. ബാലകൃഷ്ണന്‍ ഈ ലോകത്തോട് വിടപറഞ്ഞപ്പോള്‍ ഡോ. ഉമാദത്തന്‍ ഏറ്റവും നിരാശനായിരുന്നു.

ഇക്കഴിഞ്ഞ മ‌െയ്മാസത്തില്‍ ഭാഷാഇന്‍സ്റ്റിറ്റ്യൂട്ട് ആ പുസ്തകം പുറത്തിറക്കി. ഏതോ ഒരു നിയോഗം പൂര്‍ത്തിയാക്കിയ ചാരിതാർഥ്യം കുറഞ്ഞ അളവിലെങ്കിലും അദ്ദേഹമപ്പോള്‍ അനുഭവിച്ചിരിക്കാം എന്നു ഞാന്‍ വിശ്വസിക്കട്ടെ... 

അമൃതയില്‍ ജോലിചെയ്തിരുന്ന കാലത്ത് തനിക്ക് ഗുരുതരമായ ഹൃദയാഘാതമുണ്ടായ സംഭവം ഒരിക്കല്‍ ഉമാദത്തന്‍സാര്‍ പറയുകയുണ്ടായി. താനറ്റോളജിയില്‍ അഗാധ പാണ്ഡിത്യമുള്ളയാള്‍, മരണത്തെ മുഖാമുഖം കണ്ടതായി അനുഭവിച്ചെന്ന് വിവരിച്ചപ്പോള്‍, 'ആ സന്ദര്‍ഭത്തില്‍ എന്തായിരുന്നു സാറിന്‍റെ മനസ്സില്‍?' എന്ന് ഞാന്‍ ജിജ്ഞാസയാല്‍ ചോദിച്ചു. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു മറുപടിയാണ് എനിക്ക് കിട്ടിയത്. ബോധം മറയുന്നതിനു തൊട്ടുമുമ്പ്, എഴുതിക്കൊണ്ടിരുന്ന പുസ്തകത്തെക്കുറിച്ച് മാത്രമാണ് ചിന്തയുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ആ പുസ്തകം പൂര്‍ത്തീകരിക്കാന്‍വേണ്ടി തിരിച്ചുവരാന്‍ തീവ്രമായി ആഗ്രഹിച്ചെന്ന് പറഞ്ഞു. അക്ഷരങ്ങളില്‍ ആത്മാവ് സമര്‍പ്പിച്ച ഒരാള്‍ക്കു മാത്രമേ ഇത്തരം പ്രതീക്ഷകളുണ്ടാവൂ! 

ഐസിയുവില്‍ നിന്ന് ആരോഗ്യവാനായി പുറത്തിറങ്ങിയതിനു ശേഷം, 'ലോക്ഡ് ഇന്‍ സിന്‍ഡ്രോം' ബാധിച്ച ഫ്രഞ്ച് പത്രപ്രവര്‍ത്തകന്‍ ഴാങ് ഡൊമിനിക് ബാബി കണ്ണിന്‍റെ ഇമകള്‍ ചലിപ്പിച്ച് എഴുതിയ 'ഡൈവിങ് കവചവും ചിത്രശലഭവും' എന്ന പുസ്തകത്തിന്‍റെ മൊഴിമാറ്റം പൂര്‍ത്തിയാക്കി, ഡിസി ബുക്സിലൂടെ വായനക്കാരുടെ കെെകളിലെത്തി.

കഴിഞ്ഞ കുറേ മാസങ്ങളായി സൗഹൃദബന്ധങ്ങളില്‍ നിന്നെല്ലാം വിട്ടൊഴിഞ്ഞ ഒരു ഹെെബര്‍നേഷനിലായിരുന്നു ഞാന്‍. ഫോണില്‍ നിന്ന് വാട്സ്ആപും ഡിലീറ്റ് ചെയ്തിരുന്നു. ഇടയ്ക്ക് അങ്ങനെയൊക്കെയാണ്. അത് അടുത്ത കൂട്ടുകാര്‍ക്കൊക്കെ അറിയാവുന്നതുകൊണ്ട് ആര്‍ക്കും പരിഭവമില്ല. എങ്കിലും അതുകൊണ്ടാവാം ഉമാദത്തന്‍സാറിന് സുഖമില്ലാതായതൊന്നും അറിഞ്ഞിരുന്നില്ല. ഒന്നു പോയി കാണേണ്ടതായിരുന്നു... 'തിരുവനന്തപുരത്ത് വരുമ്പോള്‍ കാണണം' എന്ന് സാര്‍ ഇടയ്ക്കൊക്കെ പറയാറുണ്ടായിരുന്നെങ്കിലും തിരുവനന്തപുരം യാത്രകളിലൊന്നും എനിക്ക് അതിന് സാധിച്ചില്ല! ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ വേദന മാത്രമല്ല, വല്ലാത്ത കുറ്റബോധവും തോന്നുന്നു... 

ഉമാദത്തന്‍സാര്‍ ജീവിച്ചിരുന്നപ്പോള്‍ത്തന്നെ ഇങ്ങനെയൊരു കുറിപ്പ് എഴുതേണ്ടതായിരുന്നു...  എന്നോട് വളരെ വാത്സല്യമായിരുന്നു അദ്ദേഹത്തിന്.

എന്നെങ്കിലുമൊക്കെ മരിക്കാന്‍ സാധ്യതയുള്ളവരാണ് ഞാനുള്‍പ്പെടെ എല്ലാ മനുഷ്യരുമെന്നറിയാമെങ്കിലും പ്രിയപ്പെട്ടവര്‍ മരിക്കുന്ന ദിവസം, അത് ഇന്നല്ല, നാളെയല്ല, അഥവാ ഒരിക്കലുമല്ല എന്നൊരു മിഥ്യാബോധം എനിക്കുണ്ടെന്ന് തോന്നുന്നു! 'എപ്പോഴായാലും കാണാമല്ലോ...' എന്നൊരു അതിരുകടന്ന ആത്മവിശ്വാസം, അല്ല അന്ധവിശ്വാസം! നമ്മുടെ തലയ്ക്കുള്ളിലെ ഇത്തരം മായാവിചാരങ്ങളാണ് ജീവിതത്തെ സങ്കീര്‍ണ്ണമാക്കുന്ന സ്നേഹത്തിന്‍റെ വാരിക്കുഴികളെങ്കില്‍, അതിലിങ്ങനെ വീണുകിടക്കുന്ന ഒരാള്‍ അൽപം ആശ്വാസത്തിനുവേണ്ടി കൂടുതലെന്തു പറയാന്‍!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com