ADVERTISEMENT

രതിവര്‍ണനകളും വിവരണങ്ങളും സാഹിത്യത്തില്‍ പുതുമയല്ല; പ്രത്യേകിച്ചും അതിരുകള്‍ അതിവേഗം മാഞ്ഞുപോയിക്കൊണ്ടിരിക്കുന്ന പുതിയ കാലത്ത്. എഴുത്തിന്റെ ലോകം അതിവിശാലമായിക്കൊണ്ടിരിക്കുന്ന കാലത്ത്. അനുഭവവൈവിധ്യവും വൈചിത്ര്യവും അംഗീകരിക്കപ്പെട്ട പുതിയ സമൂഹത്തില്‍. പക്ഷേ, ഇന്നും രതി വര്‍ണനകളുടെ കാര്യത്തില്‍ സ്ത്രീപുരുഷ വിവേചനം നിലനില്‍ക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. പുരുഷന്‍ എഴുതുമ്പോള്‍ എന്തും അസ്വഭാവികതയില്ലാതെ ഉള്‍ക്കൊള്ളുന്ന സമൂഹം സ്ത്രീകള്‍ എഴുതുമ്പോള്‍ അതവരുടെ വ്യക്തിപരമായ അനുഭവങ്ങളാണെന്നമട്ടില്‍ ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്നു; നാട്ടില്‍ മാത്രമല്ല മറുനാട്ടിലും. 

 

സെക്സിനെക്കുറിച്ച് എഴുതുന്നവര്‍ അത്രനല്ല സ്വഭാവക്കാരല്ല എന്ന അഭിപ്രായം ഇന്നും നിലനില്‍ക്കുന്നു. സെക്സ് എഴുത്തുകാര്‍ എന്നുവിളിച്ച് ബ്രാന്‍ഡ് ചെയ്യാന്‍ പോലും ശ്രമങ്ങളുണ്ടാകുന്നു. എഴുത്തില്‍ ഇപ്പോഴും സജീവമായ അമേരിക്കന്‍ എഴുത്തുകാരി മേരി ഗെയ്റ്റ്‍സ്‍കില്‍ തന്നെ മികച്ച ഉദാഹരണം. ബാഡ് ബിഹേവിയര്‍ എന്ന ചെറുകഥാ സമാഹാരത്തിലൂടെ പ്രശസ്തയായ എഴുത്തുകാരി. ഇപ്പോഴിതാ, അടുത്തകാലത്ത് തരംഗങ്ങള്‍ സൃഷ്ടിച്ച ക്യാറ്റ് പേഴ്സണ്‍ എന്ന കഥയെഴുതിയ ക്രിസ്റ്റന്‍ റുപേനിയനെയും മേരി ഗെയ്റ്റസ്കില്ലിന്റെ പിന്‍ഗാമി എന്നുവിളിച്ച് ആക്ഷേപിക്കുകയും ബ്രാന്‍ഡ് ചെയ്യുകയുമാണ് പൊതുസമൂഹം. സെക്സ് എഴുത്തുകാരി എന്നു ലേബല്‍ ചെയ്യപ്പെടുന്നതോടെ എഴുത്തുജീവിതത്തില്‍ വലിയ പ്രതിസന്ധിയെ നേരിടുകയാണെന്നു പറയുന്നു ക്രിസ്റ്റന്‍ റുപേനിയന്‍. പുതിയ കഥാ സമാഹാരം പ്രകാശിപ്പിക്കേണ്ടിവന്നപ്പോഴാണ് തന്നില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ലേബല്‍ എത്രമാത്രം വലിയ കുരുക്കായി മാറിയതെന്ന് റുപേനിയന്‍ തിരിച്ചറിയുന്നതും. പക്ഷേ, പിന്നോട്ടില്ലെന്നും എങ്ങനെയൊക്കെ ബ്രാന്‍ഡ് ചെയ്യപ്പെട്ടാലും താന്‍ എഴുതുകതന്നെ ചെയ്യുമെന്നും അവര്‍ ധീരയായി പ്രഖ്യാപിക്കുന്നു. മൂന്നു പതിറ്റാണ്ടു മുമ്പേ എഴുത്തില്‍ പേടിക്കാനൊന്നുമില്ലെന്നു തെളിയിച്ച ഗെയ്റ്റ്സ്കില്ലിന് അര്‍ഹമായ ആദരമര്‍പ്പിച്ചുകൊണ്ടുതന്നെ. 

 

64 വയസ്സുകാരിയായ മേരി ഗെയ്റ്റ്സ്കില്‍ എഴുത്തില്‍ ഇപ്പോഴും സജീവമാണ്; അമേരിക്കയില്‍ അറിയപ്പെടുന്ന എഴുത്തുകാരിയും. കൗമാരത്തില്‍ തെരുവിനെ അഭയം പ്രാപിക്കുകയും പൂ വില്‍പനക്കാരിയായി തൊഴില്‍ ചെയ്യുകയും ചെയ്താണ് അവര്‍ എഴുത്തുജീവിതത്തിലേക്ക് കടക്കുന്നത്. 1988ല്‍ ബാഡ് ബിഹേവിയര്‍ പുറത്തുവരുന്നതിനുമുമ്പ് പ്രസാധകനെ തേടി അവര്‍ അലഞ്ഞുനടക്കുകയും ചെയ്തിട്ടുണ്ട്. ഒരു ചെറുകഥാ സമാഹാരമായിട്ടും ‘ചീത്തപ്പെരുമാറ്റം’ ഗെയ്റ്റ്സ്കില്ലിനെ പ്രശസ്തയാക്കി. പില്‍ക്കാല എഴുത്തുജീവിതത്തിന്റെ അടിസ്ഥാനമിടുകയും ചെയ്തു. സെക്രട്ടറി എന്ന കഥ ഹോളിവുഡ് സിനിമയായി ആയിരക്കണക്കിന് പ്രേക്ഷകരെ സമ്പാദിച്ചു. ജീവിതത്തിലെ ഇരുണ്ട അനുഭവങ്ങളെക്കുറിച്ചും ലൈംഗിക ദുരനുഭവങ്ങളെക്കുറിച്ചും മറയില്ലാതെ എഴുതിയിട്ടുണ്ട് ഗെയ്റ്റ്സ്കില്‍. ഒരു സ്ത്രീയുടേത് എത്ര അരക്ഷിതമായ ജീവിതമാണെന്നും സമൂഹത്തില്‍ പിടിച്ചുനില്‍ക്കുക എത്ര വലിയ സര്‍ക്കസ് ആണെന്നും. ഗെയ്റ്റ്സ്കില്ലിനുശേഷവും അമേരിക്കയില്‍ ഒട്ടേറെ സ്ത്രീ എഴുത്തുകാര്‍ വന്നു. അവരെ ഇന്നും സൂക്ഷ്മമായി വായിച്ച് ഗെയ്റ്റ്സ്കില്ലിന്റെ നിഴല്‍ അവരില്‍ കണ്ടെടുക്കാന്‍ ശ്രമിക്കുന്ന നിരൂപകരും ഒട്ടും കുറവല്ല. ഈ നിരയില്‍ അവസാനത്തെയാളാണ് ക്രിസ്റ്റന്‍ റുപേനിയന്‍ എന്ന യുവ എഴുത്തുകാരി. 

 

രണ്ടുവര്‍ഷം മുമ്പാണ് റുപേനിയന്റെ ക്യാറ്റ് പേഴ്സണ്‍ എന്ന കഥ വെളിച്ചം കാണുന്നതും അതവരെ പ്രശസ്തയാക്കുന്നതും. കോളജില്‍ പഠിക്കുന്ന മാര്‍ഗട് എന്ന യുവതിയാണ് കഥയിലെ നായിക. മുപ്പതുകളിലുള്ള റോബര്‍ട് എന്നയാളുമായുള്ള മാര്‍ഗടിന്റെ അസംതൃപ്തി നിറഞ്ഞ ബന്ധമാണ് പ്രമേയം. രണ്ടുപേരും കൂടി ഒരു നീണ്ട യാത്രയ്ക്കു പോകുകയും രാത്രിയില്‍ തീവ്രമായ ആഗ്രഹമൊന്നുമില്ലാതിരുന്നിട്ടും മാര്‍ഗട് റോബര്‍ടിനൊപ്പം ഉറങ്ങുകയും ചെയ്യുന്നു. ആ ബന്ധം അവിടെ അവസാനിക്കുന്നില്ല. പിറ്റേന്നുമുതല്‍ റോബര്‍ടിനെ പിന്തുടരുകയാണ് മാര്‍ഗട്. സെക്സ്, സ്ത്രീയുടെ സമ്മതത്തിന്റെ പ്രസക്തി, ഓണ്‍ലൈന്‍ ഡേറ്റിങ് സൈറ്റുകള്‍, മീ ടൂ... അങ്ങനെ അക്കാലം ചര്‍ച്ച ചെയ്ത പ്രമേയങ്ങളുമായി ബന്ധപ്പെട്ടും ക്യാറ്റ് പേഴ്സണ്‍ ചര്‍ച്ച ചെയ്യപ്പെട്ടു. എതിര്‍ക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തു. 

 

ക്യാറ്റ് പേഴ്സണ്‍ ശ്രദ്ധിക്കപ്പെട്ടതോടെയാണ് മേരി ഗെയ്റ്റ്സ്കില്ലിന്റെ നിഴല്‍ റുപേനിയന്‍ എന്ന എഴുത്തുകാരിയില്‍ തേടാനുള്ള ശ്രമമുണ്ടായത്. പുതിയ കാലത്തെ ഗെയ്റ്റ്സ്കില്‍ ആണ് റുപേനിയന്‍ എന്നുവരെ പറഞ്ഞവരുണ്ട്. ഇത് റുപേനിയന് ഒരേ സമയം അംഗീകാരവും പ്രതിബന്ധവുമായി മാറി. പുതിയ കാലത്തു പോലും സെക്സിനെക്കുറിച്ച് എഴുതുന്ന സ്ത്രീകള്‍ നേരിടുന്ന ബുദ്ധുമുട്ടുകളെക്കുറിച്ചു ബോധ്യപ്പെടുത്തുകയും ചെയ്തു.  

 

സെക്സ് പേടിക്കാതെ എഴുതുന്ന വിഷയമാണെന്നും ഇഷ്ടവിഷയമാണെന്നും പറയുമ്പോഴും അതുമാത്രമല്ല റുപേനിയന്‍ എന്ന എഴുത്തുകാരിയുടെ കരുത്ത്. എഴുത്തിലെ ഒട്ടേറെ വിഷയങ്ങളില്‍ ഒന്നുമാത്രമാണ് സെക്സ്. പക്ഷേ, ഒരു സ്ത്രീയായതുകൊണ്ടുതന്നെ, യുവതിയായതുകൊണ്ടും അവരുടെ രചനകളിലെ സെക്സ് ശ്രദ്ധിക്കപ്പെടുന്നു. ചര്‍ച്ചയാകുന്നു. മേരി ഗെയ്റ്റ്സ്കില്‍ ആദരിക്കപ്പെടേണ്ട വ്യക്തിയും എഴുത്തുകാരിയുമാണ്. അതംഗീകരിച്ചുകൊണ്ടുതന്നെ തന്റെ എഴുത്തുവഴിയില്‍ മുന്നോട്ടുപോകാനാണ് റുപേനിയന്റെ തീരുമാനം. 

 

ഇതാണ് സന്തോഷം (ദിസ് ഈസ് പ്ളഷര്‍) എന്ന നോവലില്‍ മേരി ഗെയ്റ്റ്സ്കില്‍ എഴുതിയതുപോലെ പുതിയ കഥകള്‍ നിര്‍മിക്കാന്‍ മാത്രം വിശാലമായതാണ് ലോകം. അഥവാ കഥകള്‍ ഇല്ലാതെ ജീവിതത്തെ എങ്ങനെ നേരിടും. അതിജീവിക്കും? 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com