ADVERTISEMENT

തുടർച്ചയായി രണ്ടാം വർഷവും കാലവർഷം കലിതുള്ളിയെത്തുമ്പോൾ ഒന്നിച്ചു കൈകോർത്ത് നിന്ന് ദുരിതങ്ങളിൽ നിന്ന് കരകയറാൻ ശ്രമിക്കുകയാണ് കേരള ജനത. ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാൻ കേരളം വീണ്ടും ഒറ്റക്കെട്ടായി. ഈ ഒന്നിച്ചു നിൽപ്പിന്റെ കരുത്തും മഹത്വവും ഒന്നുകൂടി ഓർമിപ്പിക്കുകയാണ് എഴുത്തുകാരി ആർ. സംഗീത. "പ്രസൂതിവെള്ളം തുടച്ചുകളഞ്ഞു പുറത്തെടുക്കുന്ന ഓരോ മനുഷ്യക്കുഞ്ഞിനെയും വളർത്തിയെടുക്കുന്നത് രണ്ടോമൂന്നോ പേരല്ല. ഒരു മനുഷ്യസംഘമാണ്. സമൂഹമാണ്. ആ ബോധം ഒന്നു മതി അടുത്ത് നിൽക്കുന്നയാൾ താൻ തന്നെയെന്ന് തിരിച്ചറിയാൻ." എന്ന് തന്റെ ഡിഗ്രി ക്ലാസ്സിലെ അനുഭവം ഉൾപ്പെടെ പങ്കുവയ്ക്കുന്നു എഴുത്തുകാരി.

 

ആർ സംഗീതയുടെ കുറിപ്പിന്റെ പൂർണ്ണരൂപം–

 

കുട്ടനാട്ടിൽ നിന്നുള്ള ഒരു കൂട്ടുകാരിയുണ്ടാരിരുന്നു ഡിഗ്രി ക്ലാസ്സിൽ. വീട്ടിലുണ്ടാക്കുന്ന മീൻവിഭവങ്ങൾ പ്രത്യേകം ഇലയിൽ പൊതിഞ്ഞു കൊണ്ട് വരുമായിരുന്നു ഞങ്ങൾക്കു വേണ്ടി. ചിലപ്പോൾ ഞണ്ട് പിരളൻ/ തലക്കറി / മീൻ പൊള്ളിച്ചത് / തേങ്ങാ ചിരവിയിട്ട പേരഞ്ഞിൽ തോരൻ.

 

ഒരിക്കലവൾ പറഞ്ഞു: "സംഗീ ഞങ്ങൾ കുട്ടനാട്ടുകാരെ ചേർത്ത് നിർത്തുന്നത് എന്താന്നറിയാവോ. മഴക്കാലത്ത് ഇരച്ചുവരുന്ന വെള്ളമാണ്, ദുരിതപെയ്ത്തിൽ കെട്ടിതിരിച്ച മുറ്റങ്ങളൊക്കെ ഒന്നാവും. ഒരു വീട്ടിലെ അടുപ്പിൽ പലവീടുകളിലേക്കുള്ള അരി വേവും. കുട്ടികളെയെല്ലാം ഒരു വീട്ടിലെ അച്ഛൻ ഒന്നിച്ചു വള്ളത്തിൽ സ്കൂളിൽ കൊണ്ടു പോവും. അതുവരെയുള്ളതൊക്കെ മറന്ന് എല്ലാവരും എല്ലാവരുടേതുമാവും. ഈ വെള്ളമില്ലെങ്കിൽ ഞങ്ങളില്ല"

 

തങ്ങളുടെ നിയന്ത്രണത്തിന് പുറത്തുള്ള മഹാബലവാന്മാരായ ശക്തികളുടെ ആക്രമണം ഗോത്രകാലം മുതലേ മനുഷ്യൻ നേരിട്ടിരുന്നത് കൂടുതൽ കൂടുതൽചേർന്നു നിന്നാണ്. പ്രസൂതിവെള്ളം തുടച്ചുകളഞ്ഞു പുറത്തെടുക്കുന്ന ഓരോ മനുഷ്യക്കുഞ്ഞിനെയും വളർത്തിയെടുക്കുന്നത് രണ്ടോമൂന്നോ പേരല്ല. ഒരു മനുഷ്യ സംഘമാണ്. സമൂഹമാണ്. 

ആ ബോധം ഒന്നു മതി അടുത്ത് നിൽക്കുന്നയാൾ താൻ തന്നെയെന്ന് തിരിച്ചറിയാൻ. അവന്റെ ചിരികളെയും കരച്ചിലുകളെയും സ്വന്തമാക്കാൻ.

 

ദുരിത മുഖത്ത് സർവം മറന്ന് നിൽക്കുന്ന മനുഷ്യരേ... നിങ്ങളെ ചേർത്ത് വരയ്ക്കുന്നു എന്റെ നാടിന്റെ ഭൂപടത്തെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com