ADVERTISEMENT

വെമ്പായത്തിനു സമീപം പെരിങ്ങൂരിൽ 3 ഏക്കർ വിശാലമായ പുരയിടത്തിൽ കയറിയാൽ ഏദൻതോട്ടം മുതൽ ക്രിസ്തുവിന്റെ സ്വർഗാരോഹണമല വരെ ഒറ്റയടിക്കു കണ്ടുപോരാം. ബ്രദർ മാത്യൂസ് വർഗീസിന്റെ ഒരായുഷ്ക്കാലത്തെ സമ്പാദ്യമാണത്. 

ഒരുപാടു രാജ്യങ്ങളിൽ സഞ്ചരിച്ചും കണ്ടും കേട്ടും വാങ്ങിക്കൂട്ടിയ, ബൈബിളുമായി ബന്ധപ്പെട്ട എല്ലാ വസ്തുക്കളും പുനരാവിഷ്കാരങ്ങളും കോർത്തിണക്കിയ ആ ശ്രമത്തിനു ‘മ്യൂസിയം ഓഫ് വേഡ്’ എന്നാണു മാത്യൂസ് നൽകിയിരിക്കുന്ന പേര്. 

ഈ ബൈബിൾ തീം പാർക്കിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം ഐസക് മാർ ഒസ്താത്തിയോസ് നിർവഹിച്ചു. 

മുന്നൂറിലധികം ബൈബിൾ വിവർത്തനങ്ങളുടെ ശേഖരമുണ്ട് മ്യൂസിയത്തിൽ. പല ഭാഷകളിൽ എഴുതിയ, വിവർത്തനങ്ങളുടെ ചരിത്രം പറയുന്ന ബൈബിളുകൾ. മൃഗങ്ങളുടെ തോലിലും ആദ്യകാല കടലാസിലും കൈകൊണ്ട് എഴുതിതീർത്തവ ഉൾപ്പെടെയുണ്ട് അതിൽ. സ്വർണനാണയങ്ങളിൽ ചിത്രവും കുറിപ്പുകളുമായി ചിത്രീകരിക്കപ്പെട്ട ബൈബിളുകളാണു മറ്റൊരു വിസ്മയം. 

bible-showcase

ചുരുളുകളായി മാത്രം നിവർത്താനാവുന്ന ‘തോറ’ പുസ്തകവും ഏറ്റവും ചെറിയ പോക്കറ്റ് ബൈബിളുകളുമെല്ലാം ശേഖരിച്ചിട്ടുണ്ട്. 

ബൈബിൾ സംഭവങ്ങളുടെ അധികമാരും കണ്ടിട്ടില്ലാത്ത ചിത്രങ്ങളാണു രാജ്യാന്തര ബൈബിൾ മ്യൂസിയത്തിന്റെ മറ്റൊരു ആകർഷണം. പല രാജ്യങ്ങളിൽ നിന്നായി ശേഖരിച്ച കുരിശുകളുടെ വിവിധ മാതൃകകളുമായി ക്രോസ് മ്യൂസിയം ഒരുക്കിയിട്ടുണ്ട്. 

യേശുവിന്റെ മുൾക്കിരീടം, ശരീരത്തിൽ തറച്ച ആണികൾ, മുപ്പത് വെള്ളിക്കാശ് തുടങ്ങിയവയുടെയെല്ലാം അന്നത്തെ കാലത്തിനു സാക്ഷ്യമാകുന്ന മാതൃകകളും ക്രൈസ്തവ പുരോഗതിയുടെ ചരിത്രം കൂടി പറയുന്ന നാണയങ്ങളും സ്റ്റാംപുകളുമെല്ലാമുണ്ട് മ്യൂസിയത്തിൽ. യേശുവിന്റെ കബറിടം, സമാഗമന കൂടാരം, ഉയിർപ്പ് തുടങ്ങിയവയുടെ മാതൃകകളും ഒരുക്കിയിട്ടുണ്ട്. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ ഒൻപതു മുതൽ അഞ്ചു വരെയും ഞായറാഴ്ചകളിൽ 12 മുതൽ അഞ്ചു വരെയും തീം പാർക്ക് പൊതുജനങ്ങൾക്കു സന്ദർശിക്കാം. 

വിശുദ്ധനാടു സന്ദർശിക്കാൻ പറ്റാത്തവർക്കായാണു തീംപാർക്കിൽ ചില മാതൃകകൾ അതേപടി പുനരാവിഷ്കരിച്ചതെന്നു മാത്യൂസ് പറയുന്നു. 

ലിപിയില്ലാത്ത ഗോത്രഭാഷകൾ ഉൾപ്പെടെ മുപ്പതിൽ അധികം ഭാഷകളിലേക്കു മാത്യൂസ് ഇതുവരെ ബൈബിൾ വിവർത്തനം ചെയ്തിട്ടുണ്ട്. നാനൂറിൽ അധികം ക്രിസ്തീയ ഗാനങ്ങളും രചിച്ചു. ദുബായിൽ ആരോഗ്യ മേഖലയിൽ ജോലി ചെയ്തിരുന്ന മാത്യൂസ് അവിചാരിതമായാണ് ആത്മീയ മേഖലയിൽ പ്രവർത്തനം ആരംഭിച്ചത്. ഇന്നു ലോകത്തിന്റെ പല ഭാഗങ്ങളിലായി പ്രാർഥനാ ഗ്രൂപ്പുകളിൽ സജീവം. ഭാര്യ രാജിയും മക്കൾ അജയ്, വിജി, റെജി എന്നിവരും സജീവമായി ഒപ്പമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com