വിവാദത്തിനൊടുവിൽ പ്രഖ്യാപനം; തലയുയർത്തി ‘നിരീശ്വരൻ’

HIGHLIGHTS
  • ഈ വർഷത്തെ വയലാർ അവാർഡ് വി.ജെ. ജയിംസിന്
VJ James
SHARE

വയലാര്‍ പുരസ്കാര പ്രഖ്യാപനത്തിന് ആകാംക്ഷയോടെ കാത്തിരുന്നവര്‍ക്ക് ഇത്തവണ ആദ്യം ലഭിച്ചത് വിവാദമാണെങ്കില്‍ ഒടുവില്‍ പുരസ്കാരവാര്‍ത്തയുമെത്തിയിരിക്കുന്നു. അവസാന റൗണ്ടില്‍ എത്തിയെന്ന് വിധിനിര്‍ണയ കമ്മിറ്റി അധ്യക്ഷന്‍ തന്നെ വെളിപ്പെടുത്തിയ കൃതിക്കാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്; വി.ജെ. ജയിംസിന്റെ നിരീശ്വരന്. മുമ്പ് സാഹിത്യ അക്കാദമി പുരസ്കാരത്തിന് അര്‍ഹമായ കൃതിയാണ് നിരീശ്വരന്‍. വയലാര്‍ പുരസ്കാരത്തോടെ, ഒന്നിലധികം പുരസ്കാരങ്ങളുടെ പ്രഭയിലാണ് നിരീശ്വരനും വി.ജെ. ജയിംസും. 

പ്രശസ്ത നിരൂപകനും വയലാര്‍ പുരസ്കാര കമ്മിറ്റി മുന്‍ അധ്യക്ഷനുമായ എം.കെ.സാനുവാണ് ഇത്തവണ പുരസ്കാരത്തിനും മുമ്പേ വിവാദത്തിനു തിരികൊളുത്തിയത്. അവസാന റൗണ്ടില്‍ വന്ന പുസ്തകങ്ങള്‍ ഒഴിവാക്കി മറ്റൊരു പുസ്തകത്തിനു പുരസ്കാരം നല്‍കണമെന്നു സമ്മര്‍ദമുണ്ടെന്നും അതിനു തയാറല്ലാത്തതിനാല്‍ രാജി വയ്ക്കുകയാണെന്നുമായിരുന്നു അദ്ദേഹത്തന്റെ പ്രഖ്യാപനം. അവസാന ഘട്ടത്തില്‍ വന്ന രണ്ടു കൃതികളില്‍ ഏറ്റവുമധികം മാര്‍ക്ക് ലഭിച്ചത് വി.ജെ. ജയിംസിനാണെന്നും അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി. ഏഴാച്ചേരി രാമചന്ദ്രന്റെ കവിതാ സമാഹാരമായിരുന്നു രണ്ടാമത്തെ പുസ്തകം. 

ഈ കൃതികള്‍ ഒഴിവാക്കി, നിലവാരമില്ലാത്ത, സര്‍ഗാത്മകതയുടെ കണിക പോലുമില്ലാത്ത കൃതിക്കു പുരസ്കാരം നല്‍കണമെന്ന് പുറത്തുനിന്ന് സമ്മര്‍ദം ഉണ്ടായെന്ന് സാനു ആവര്‍ത്തിച്ചു വെളിപ്പെടുത്തുന്നു. ഇടതുബന്ധമുള്ള, മലയാളത്തിലെ പ്രമുഖ കവിയും ഭാഷാ ഗവേഷകനും അധ്യാപകനുമായ വ്യക്തിയുടെ ആത്മകഥയ്ക്കു പുരസ്കാരം നല്‍കാനായിരുന്നത്രേ സമ്മര്‍ദം. ബാഹ്യഇടപെടലുകള്‍ക്കെതിരെ പ്രതികരിച്ചു എന്ന സംതൃപ്തിയോടെ താന്‍ രാജി വയ്ക്കുകയാണെന്നു പറഞ്ഞ്, ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സാനു പടിയിറങ്ങിയത്. 

അവാര്‍ഡിനു പരിഗണിച്ച കൃതികളുടെ പേര് പുറത്തുപറഞ്ഞ് പുരസ്കാരത്തിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെടുത്തിയെന്നാരോപിച്ച് ട്രസ്റ്റ് സെക്രട്ടറി രംഗത്തെത്തിയിരുന്നു. ഈ ആരോപണത്തെയും പുച്ഛിച്ചുതള്ളുകയാണ് സാനു. ഒരുപക്ഷേ വയലാര്‍ അവാര്‍ഡിന്റെ ചരിത്രത്തില്‍തന്നെ ആദ്യമായാണ് ഇത്തരമൊരു വിവാദവും പ്രഖ്യാപനത്തിനുമുമ്പേ കൃതിയുടെ പേര് വെളിപ്പെടുന്നതും. 

വായനക്കാര്‍ക്കും നിരൂപകര്‍ക്കും എഴുത്തുകാര്‍ക്കും പങ്കാളിത്തമുള്ള മലയാളത്തിലെ അപൂര്‍വം പുരസ്കാരങ്ങളിലൊന്നാണ് വയലാര്‍ അവാര്‍ഡ്. വിവിധ മേഖലകളില്‍നിന്നുള്ളവരുടെ അഭിപ്രായവും റേറ്റിങ്ങും കൂടി പരിഗണിച്ചാണ് അവസാനഘട്ടത്തിലേക്ക് പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുന്നത്. മലയാള സാഹിത്യമേഖലയില്‍ ഏറ്റവും പ്രശസ്തമായ പുരസ്കാരവും ഇതുതന്നെ. ലളിതാംബിക അന്തര്‍ജനത്തിന്റെ അഗ്നിസാക്ഷി എന്ന നോവലിനായിരുന്നു ആദ്യത്തെ വയലാര്‍ പുരസ്കാരം- 1977ല്‍. തൊട്ടടുത്ത വര്‍ഷം പി.കെ.ബാലകൃഷ്ണന്റെ ഇനി ഞാന്‍ ഉറങ്ങട്ടെ. 79-ല്‍ മലയാറ്റൂര്‍ രാമകൃഷ്ണന്റെ യന്ത്രം എന്ന നോവലിനും. 1992 ല്‍, ഇപ്പോഴത്തെ വിവാദത്തിന്റെ കേന്ദ്രബിന്ദുവായ എം.കെ.സാനുവിനും പുരസ്കാരം ലഭിച്ചിട്ടുണ്ട്. ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം എന്ന കൃതിയാണ് സാനുവിന് പുരസ്കാരം നേടിക്കൊടുത്തത്. മലയാളത്തിലെ ഏറ്റവും പ്രശസ്തമായ നോവല്‍ ഖസാക്കിന്റെ ഇതിഹാസത്തെ തഴഞ്ഞ വയലാര്‍ കമ്മിറ്റിക്കാര്‍ 1991-ല്‍ ഗുരുസാഗരത്തിനു പുരസ്കാരം നല്‍കി ഒ.വി.വിജയനെയും ആദരിച്ചിട്ടുണ്ട്. 2012-ല്‍ അക്കിത്തത്തിന്റെ അന്തിമഹാകാലം എന്ന കവിതാസമാഹാരത്തിനായിരുന്നു പുരസ്കാരമെങ്കില്‍ അതിനുശേഷമുള്ള വര്‍ഷങ്ങളിലെ പുരസ്കാരങ്ങളെല്ലാം ചെറിയ തോതില്‍ വിവാദവും ഉയര്‍ത്തിയിട്ടുണ്ട്. പ്രഭാ വര്‍മ, കെ.ആര്‍.മീര, സുഭാഷ് ചന്ദ്രന്‍, യു.കെ. കുമാരന്‍, ടി.ഡി. രാമകൃഷ്ണന്‍, കെ.വി.മോഹന്‍ കുമാര്‍ എന്നിവര്‍ക്കായിരുന്നു പിന്നീടുള്ള വര്‍ഷങ്ങളിലെ പുരസ്കാരങ്ങള്‍. ഇത്തവണയാകട്ടെ പ്രഖ്യാപനത്തിനുമുമ്പുതന്നെ പേരുവിവരം പുറത്തായതോടെ ശരശയ്യയിലാണ് മലയാളത്തിലെ ഏറ്റവും പേരെടുത്ത പുരസ്കാരം. 

പുറപ്പാടിന്റെ പുസ്തകം എന്ന നോവലാണ് വി.ജെ. ജയിംസിനെ മലയാളത്തില്‍ ആദ്യം അടയാളപ്പെടുത്തിയ കൃതി. ചോരശാസ്ത്രം, ലെയ്ക, ദത്താപഹാരം, ആന്റി ക്ളോക്ക്, ഒറ്റക്കാലന്‍ കാക്ക എന്നീ നോവലുകളും പ്രണയോപനിഷത്ത് എന്ന കഥാസമാഹാരവും അദ്ദേഹത്തിനു മലയാളത്തില്‍ ആരാധകരെ നേടിക്കൊടുത്തു. പ്രണയോപനിഷത്ത് എന്ന കഥയെ ആധാരമാക്കി മലയാളത്തില്‍ ഒരു സിനിമയും പുറത്തുവന്നിട്ടുണ്ട്. 

പരിചിതരായ ദൈവങ്ങള്‍ക്കു പകരം ഒരു വിമത ദൈവത്തെ പരിചയപ്പെടുത്തുന്ന നിരീശ്വരന്‍ ഉള്‍പ്പെടെയുള്ള കൃതികളിലൂടെ വ്യത്യസ്തമായ ഒരു ഭാവുകത്വമാണ് ജയിംസ് മലയാളികള്‍ക്കു സമ്മാനിച്ചത്. വികാരത്തിനൊപ്പം വിചാരത്തിനും പ്രാധാന്യമുള്ളവയാണ് അദ്ദേഹത്തിന്റെ കൃതികള്‍. വൈകാരികാനുഭൂതിയേക്കാള്‍ ബുദ്ധിയുടെ ലോകത്തിലാണ് അദ്ദേഹത്തിന്റെ കൃതികള്‍ ഓളങ്ങള്‍ സൃഷ്ടിക്കുന്നതും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA