ADVERTISEMENT

ദുരന്തങ്ങള്‍ വേട്ടയാടിയപ്പോള്‍ത്തന്നെയാണ് ഡാനി ആര്‍ഡന്റെ പ്രണയത്തിലും വിള്ളലുകള്‍ വീണത്. അതോടെ ആത്മഹത്യയ്ക്കും  കൊലപാതകത്തിനും ഇടിയിലൂടെയുള്ള നൂല്‍പാലത്തിലൂടെയായി ആര്‍ഡന്‍ എന്ന കൗമാരക്കാരിയുടെ സഞ്ചാരം. മാതാപിതാക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത സഹോദരി സമ്മാനിച്ച നടുക്കം ആര്‍ഡനെ വിട്ടുമാറിയിരുന്നില്ല. 

വേട്ടയാടുന്ന ഓര്‍മകളില്‍നിന്നു രക്ഷപ്പെടുന്നതിനുമുമ്പുതന്നെ പ്രണയം കൈവിടുന്നപോലെയും ആ പെണ്‍കുട്ടിക്കു തോന്നി. കാമുകന്‍ തന്നില്‍നിന്ന് കൂടുതലായി അകലുന്നു. വീണ്ടും വീണ്ടും സ്വന്തം ഭയങ്ങളിലേക്കും ആശങ്കകളിലേക്കും ഊളിയിട്ട് ആര്‍ഡന്‍ സമൂഹത്തില്‍ ഒറ്റപ്പെടുമ്പോഴാണ് കൂട്ടുകാരുടെ വിളിയെത്തുന്നത്. സ്വീഡനിലേക്ക് ഒരു യാത്ര; 90 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന ഗ്രാമ ആഘോഷത്തില്‍ പങ്കെടുക്കാന്‍, ജീവിതത്തിന്റെ വേദനകള്‍ മറന്ന് ഉത്സവത്തില്‍ സ്വയം മറക്കാന്‍. ആര്‍ഡന് ആ ക്ഷണം നിരസിക്കാനായില്ല. 

സുഹൃത്തുക്കള്‍ക്കൊപ്പം ആര്‍ഡന്‍ സ്വീഡനിലേക്കു നടത്തുന്ന യാത്രയെ പിന്‍പറ്റുകയാണ് ‘മിഡ്സൊമര്‍’ എന്ന ഈ വര്‍ഷത്തെ ഹിറ്റ് ഹോളിവുഡ് സിനിമ. രചനയും സംവിധാനവും ആരി ആസ്റ്റര്‍. മിഡ്സൊമര്‍ ഒറ്റപ്പെട്ട ഒരു സിനിമയല്ല. നഗരത്തിന്റെ തിരക്കുകളില്‍നിന്ന് അഭയം തേടി ഗ്രാമങ്ങളിലേക്കു പോകുന്നവരുടെ കഥകളും അവിടെ അവരെ കാത്തിരിക്കുന്ന ഐതിഹ്യങ്ങളും ദുരൂഹ കഥകളും സിനിമയ്ക്കൊപ്പം സാഹിത്യത്തിലും പുതിയ ട്രെന്‍ഡ് ആകുകയാണ്. പ്രേതങ്ങളും ഭൂതങ്ങളും അവരെ ചുറ്റിപ്പറ്റിയുള്ള നിറം പിടിപ്പിച്ച കഥകളും തന്നെയാണ് സാഹിത്യത്തിലെ പുതിയ ട്രെന്‍ഡ്. അടുത്തകാലത്ത് പുറത്തിറങ്ങുന്ന പല പുസ്തകങ്ങളുടെ പ്രമേയം ഇത്തരം വിഷയങ്ങളാണ്. 

ഇംഗ്ലണ്ടിന്റെ ഗ്രാമപ്രദേശങ്ങള്‍ക്കു പറയാന്‍ കഥകള്‍ ഏറെയുണ്ട്. പുരാതന കഥകളല്ല, അടുത്ത കാലത്ത് നടന്നുവെന്നു വിശ്വസിക്കപ്പെടുന്ന സംഭവങ്ങളുമായി കൂട്ടിച്ചേര്‍ത്തു പറയപ്പെടുന്നവ. ഓരോ പ്രദേശത്തെയും ചുറ്റിപ്പറ്റിയുള്ള ഇത്തരം കഥകളാകട്ടെ മികച്ച കഥകള്‍ക്കുള്ള വാഗ്ദാനവുമാണ്. 1973 ലെ വിക്കര്‍മാന്‍ ഈ പ്രവണതയ്ക്കു തുടക്കം കുറിച്ചെങ്കില്‍ അടുത്തകാലത്തായി പുറത്തുവരുന്ന പല പുസ്തകങ്ങള്‍ക്കും പ്രമേയത്തിന്റെ കാര്യത്തില്‍ അതിശയകരമായ സമാനതയുണ്ട്. ജെന്‍ ആഷ്‍വര്‍ത്തിന്റെ ഫെല്‍, കെറി ആന്‍ഡ്ര്യൂസിന്റെ സ്വാന്‍സാങ്, ദിസ് ഡ്രീമിങ് ഐലന്‍ഡ്, ആന്‍ഡ്ര്യൂ മൈക്കല്‍ ഹാര്‍ലെയുടെ സ്റ്റാര്‍വ് ഏക്കര്‍ എന്നിവ മികച്ച ഉദാഹരണം. 

പ്രകൃതി നിങ്ങളെ നയിക്കട്ടെ എന്നു പറഞ്ഞത് വിശ്വപ്രസിദ്ധ ഇംഗ്ലിഷ് കവി വില്യം വേര്‍ഡ്സ്‍വര്‍ത്ത് ആണ്. പ്രകൃതിയെ ആരാധിക്കുന്ന പ്രവണത അന്നേ ഉണ്ടായിരുന്നെങ്കിലും ജീവിതത്തിലെ മുറിവുകളുടെ സാന്ത്വനമായി പ്രകൃതിയെ കാണുന്ന പ്രവണത ഏറിവരുകയാണ്. വീട്ടില്‍ മുഴുവന്‍ കാര്‍ബണ്‍ മോണോക്സൈഡ് വിതറിയതിനുശേഷമായിരുന്നു ആര്‍ഡന്റെ സഹോദരി മാതാപിതാക്കളെ കൊല ചെയ്തതും അതേ വീട്ടില്‍ സ്വയം മരിച്ചതും. സംഭവം ആര്‍ഡനെ ആശയക്കുഴപ്പിത്തിലാക്കിയതിനൊപ്പം കണക്കില്ലാതെ അസ്വസ്ഥയാക്കുകയും ചെയ്തു.  ദുരന്തത്തില്‍നിന്നാണ് ആ പെണ്‍കുട്ടി പ്രകൃതിയുടെ വന്യമായ ആഘോഷത്തില്‍ അഭയം തേടുന്നത്. മിഡ്സൊമര്‍ എന്ന ചിത്രം ജനഹൃദയങ്ങളെ ആകര്‍ഷിക്കുന്നതിന്റെ കാരണം 90 വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ഗ്രാമോത്സവവും അതിനെത്തുടര്‍ന്നുള്ള, വിചിത്രവും കേട്ടുകേള്‍വിയില്ലാത്തതുമായ ആചാരങ്ങളുമാണ്. പുറംലോകം കേട്ടിട്ടേയില്ലാത്ത ആചാരങ്ങളഉം അനുഷ്ഠാനങ്ങളും. അതു മനസ്സുകളില്‍ സൃഷ്ടിക്കുന്ന ശാന്തയുടെയും സമാധാനത്തിന്റെയും കഥകളാണ് ഇപ്പോള്‍ ലോകമെങ്ങും ഹിറ്റ്. ഇത്തവണ ബുക്കര്‍ സമ്മാനത്തിന്റെ ചുരുക്കപ്പട്ടികയില്‍ വന്ന പുസ്തകങ്ങളില്‍പ്പോലുമുണ്ടായിരുന്നു ആഭിചാര ക്രിയകള്‍ പ്രധാന പ്രമേയമായി വരുന്ന പുസ്തകങ്ങള്‍. 

മിഡ്സൊമറിന്റെ വിജയത്തെത്തുടര്‍ന്ന് ഇനി പുറത്തുവരാനിരിക്കുന്ന നോവലുകളും പിന്നീട് സിനിമയായേക്കാം. അങ്ങനെ, കഥകളും ഉപകഥകളും മന്ത്രവാദവും ആഭിചാരക്രിയകളും ഭൂതപ്രേത പിശാചുക്കളും ഒരിക്കല്‍ക്കൂടി സാഹിത്യത്തിന്റെയും ഹോളിവുഡിന്റെയും പ്രധാന പ്രമേയമാകുകയാണ്. പല പുതിയ ചിത്രങ്ങളുടെയും ലൊക്കേഷന്‍ തേടിയുള്ള യാത്രകളും ഇപ്പോള്‍ ഗ്രാമപ്രദേശങ്ങളിലേക്കാണത്രേ. പുറം ലോകം കണ്ടിട്ടേയില്ലാത്ത അതിശയങ്ങള്‍ അവിടെ കാത്തിരിക്കുന്നതു തന്നെ പ്രധാന കാരണം. പുതിയ പുസ്തകങ്ങളിലും ഗ്രാമങ്ങളെക്കുറിച്ചുള്ള വിവരണങ്ങള്‍ മുന്നിട്ടുനില്‍ക്കുന്നു. ഒരേസമയം ഭയപ്പെടുത്തുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന പ്രകൃതി. ഇരുട്ടുപോലും ആശ്വാസമാകുന്ന അദ്ഭുതപ്രകൃതി. മനുഷ്യനേക്കാള്‍ മനുഷ്യാതീതരായ കഥാപാത്രങ്ങളെ സ്നേഹിക്കുന്ന മനുഷ്യര്‍. അവരെ കാത്തിരിക്കുന്ന വിചിത്രമായ നിയോഗങ്ങള്‍. അപ്രതീക്ഷിതമായ സംഭവങ്ങള്‍. 

English Summary : Devils and debauchery in literature

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com