ADVERTISEMENT

ഇപ്പോഴെല്ലാം രാത്രി ഞാന്‍ മുറിയില്‍ തനിച്ചാകുമ്പോള്‍ പുസ്തകത്തിലേക്കു പോകാറില്ല. പകരം നെറ്റ്ഫ്ലിക്സിലെ ഒരു പരമ്പര കാണുന്നു. സ്വാഭാവികമായും അത് രാത്രി വൈകിയും തുടരുന്നു. ഉറക്കനഷ്ടം എനിക്കു ശീലമാകുന്നു. നെറ്റ്ഫ്ലിക്സ് കഥകള്‍ കൂടുതല്‍ എന്തോ പറയുന്നതായി അനുഭവപ്പെടുന്നു. ഭാവന സട കുടയുന്ന പോലെ അനുഭവം തരുന്നതും കഥകള്‍ക്കായി ദാഹം വര്‍ധിപ്പിക്കുന്നതുമായ ചില ഘടകങ്ങള്‍ ലൈവ് വിഡിയോ സ്ട്രീമിങ്ങിലുണ്ട്. രാത്രിയെ അതിലെ കഥകള്‍ മറ്റൊന്നാക്കുന്നു. ഉറക്കത്തെ പിടിച്ചുവാങ്ങുന്നു. അത്‌ അനായാസമാകുന്നു, വായനയെക്കാൾ.

ഏറ്റവും സമകാലികമാണതിലെല്ലാം

കുടിയേറ്റം പോലുള്ള വിഷയങ്ങള്‍ മിക്കവാറും എല്ലാ പരമ്പരയിലും മുഖ്യ പ്രമേയത്തിന്റെ ഭാഗമായി വരാറുണ്ട്. ദ് റിവര്‍ എന്ന സീരിസിലെ മുതിര്‍ന്ന കുറ്റാന്വേഷകനായ റിവറിനു മരിച്ചവരുമായി സംസാരിക്കാനാകും. അയാള്‍ മിക്കവാറും മരിച്ചവരോടുള്ള സംഭാഷണത്തിലാണ്. അതിനാല്‍ അയാള്‍ക്കു മാനസികാസ്വാസ്ഥ്യമുണ്ടെന്ന നിഗമനത്തില്‍ അയാളുടെ മുതിര്‍ന്ന സഹപ്രവര്‍ത്തകര്‍ എത്തിച്ചേരുകയും അയാളെ കൗണ്‍സലിങ്ങിനു ശുപാര്‍ശ ചെയ്യുകയുമാണ്.

നെറ്റ്ഫ്ലിക്സ് പരമ്പരകളിലെ കുറ്റാന്വേഷണ ഉദ്യോഗസ്ഥരെല്ലാം കടുത്ത മാനസികപ്രശ്നങ്ങളാല്‍ വലയുന്നവരാണ്. സ്വകാര്യജീവിതത്തിലെ ചില പരാജയങ്ങള്‍, ചില നഷ്ടങ്ങള്‍ അവരുടെ സ്വഭാവത്തെ ആഴത്തില്‍ സ്വാധീനിക്കുകയും ചെയ്യുന്നു. ഒരുപക്ഷേ രാത്രിക്കൊപ്പം പരമ്പരയിലേക്ക് ആണ്ടു പോകാന്‍ കാഴ്ചക്കാരനെ പ്രേരിപ്പിക്കുന്നതും മുഖ്യകഥാപാത്രങ്ങള്‍ ആരും മെന്റലി സൗണ്ട് അല്ല എന്നതാകാം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, മധ്യകാല ട്രാജ‍ഡികളിലേതു പോലെ വലിയ പരാജയങ്ങള്‍ ഉള്ളില്‍ കൊണ്ടുനടക്കുന്നവര്‍ നെറ്റ്ഫ്ലിക്സ് സീരിയലുകളിലെ നായകസ്ഥാനത്തുണ്ട്‌. അവരില്‍ പലരും ഹാംലെറ്റിനെപ്പോലെ ധര്‍മസങ്കടത്തിലാണ്, അല്ലെങ്കില്‍ തെറ്റായ തീരുമാനത്തിന്റെ പേരില്‍ ലീയര്‍ രാജാവിനെപ്പോലെ നീറിയുരുകുന്നവരാണ്. അതുമല്ലെങ്കില്‍ ലേഡി മാക്‌ബത്തിനെപ്പോലെ വലിയ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തരാകുമ്പോള്‍, ഒരു അതിര്‍ത്തി കഴിഞ്ഞാല്‍ സ്വന്തം പാപത്തില്‍ എരിയുന്നവരാണ്.
മതപരതയാണു പരമ്പരകളെ നയിക്കുന്ന മറ്റൊരു ആശയതലം; ദ്‌  ഫോള്‍, 13 കമാന്‍ഡ്‌മെന്റ്സ് തുടങ്ങിയ പരമ്പരകളിലെല്ലാം നന്മതിന്മകളുടെ പേരിലുള്ള ധാര്‍മിക ഉത്കണ്ഠകള്‍ മതാത്മകമായ അന്വേഷണത്തിലേക്കു കൊണ്ടുപോകുന്നു.

അപ്പോള്‍ പുസ്തകകഥകള്‍ക്കു പകരം വിഡിയോ  കഥകളിലേക്കു നാം മാറുന്നുവെന്നാണോ? രാത്രി മുഴുവന്‍ ഈ പരമ്പരകളിലെ കഥകളിലേക്ക് ആഴ്ന്നു പോകുന്ന ആള്‍ക്ക് ഉറക്കനഷ്ടത്തിനാല്‍ പകല്‍ സമയം എന്തെങ്കിലും പുസ്തകം കൈയിലെടുക്കാനാകുമോ? അല്ലെങ്കിൽ കിൻഡൽ തുറക്കുമോ? രാത്രി അകന്നുനിന്ന ഉറക്കം പകല്‍ അയാളെ തേടിവരുന്നു. എന്തെങ്കിലും വായിക്കുവാന്‍ തുറക്കുന്നതോടെ അയാളുടെ കണ്ണടഞ്ഞുപോകുന്നു. പുസ്തകത്തിലെ കഥകള്‍, അതൊരു സിനിമയായി വന്നാല്‍ മാത്രം രസിക്കുന്നതിലേക്കു ശീലങ്ങൾ രൂപാന്തരപ്പെടുന്ന സാഹചര്യങ്ങള്‍ വളരെ ശക്തമാണ്. പണ്ടു ഹാംലെറ്റിനോട് വാട്ട് യൂ റീഡ് എന്നു ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞത് വേഡ്സ്, വേഡ്ഡ്, വേഡ്സ് എന്നു മാത്രമാണ്. ബിബിസി പരമ്പര റിവറിലെ അതേ പേരുകാരനോടു സൈക്യാട്രിസ്റ്റ് എന്താണു വായിക്കുന്നതെന്ന് ചോദിക്കുമ്പോള്‍ അയാളുടെ മറുപടി ഇതാണ്: ഞാന്‍ ഷോപ്പിങ് ലിസ്റ്റുകള്‍, ബില്‍ബോര്‍ഡുകള്‍, ബില്ലുകള്‍, എന്‍ട്രിപാസുകള്‍, നോട്ടിസുകള്‍, തീര്‍ച്ചയായും പുസ്തകങ്ങളും വായിക്കുന്നു എന്നാണ്‌.

ഇങ്ങനെയൊക്കെ നോക്കിയാൽ ആർക്കും വായിക്കാന്‍ സമയമില്ലെങ്കിലും നോവലിസ്റ്റുകള്‍ അതറിഞ്ഞ മട്ടില്ല. 2018 ലെ നൊബേല്‍ സമ്മാനം ലഭിച്ച പോളിഷ് നോവലിസ്റ്റ് വോള്‍ഗ തൊകാര്‍ചൂക്കിന്റെ മാഗ്നംഒപസ് ആയ കൃതി ബുക്സ് ഓഫ് ജേക്കബ് 900 പേജുകളാണുള്ളത്! ഈ ദശകത്തില്‍ യൂറോപ്പില്‍ തരംഗമായ നോര്‍വീജിയന്‍ എഴുത്തുകാരന്റെ നോവല്‍ പരമ്പരയിലെ മൈ സ്ട്രഗ്‌ൾസ്‌, അവസാനത്തേതും ആറാമത്തേതുമായ പുസ്തകത്തിനു മാത്രം 1160 പേജുകളുണ്ട്. മറ്റ് അഞ്ചെണ്ണം ഓരോന്നും ശരാശരി 400 പേജുകള്‍ വീതവും.
മലയാളം അടക്കം എല്ലാ ഭാഷകളിലും വലുപ്പമുള്ള പുസ്തകങ്ങളാകാന്‍ െവമ്പുന്നതു നോവലാണ്. അതാകട്ടെ കഥ പറയാനുള്ള മുഖ്യസങ്കേതവും. നെറ്റ്‌ഫ്ലിക്സിൽ കാഴ്ച അനായാസമാകുന്നതുപോലെ സമയവും അനായാസമാകുന്നു. 900 പേജുള്ള നോവൽ എത്രപേർ വായിക്കും? വായനയിലെ സമയം കഠിനമാണ്‌, ഭാരമേറിയതാണ്‌. ലൈവ്‌ സ്ട്രീമിങ്ങിൽ ഒരു സീരിയല്‍ കണ്ടു തീര്‍ക്കാന്‍ മാസങ്ങളെടുക്കും. ഒരു എപിസോഡ് 40 മിനിറ്റ് വച്ച് എട്ടു മുതല്‍ 14 വരെ എപിസോഡാണ് ഒരു സീസണ്‍. അങ്ങനെ 5 സീസണിൽ, മാസങ്ങളോളം കഥ നീളാം. പക്ഷേ പ്രശ്നമല്ല; വായിക്കുമ്പോഴായാലും കാണുമ്പോഴായാലും കഥ പറയുന്നതു നീണ്ടുപോകുന്നതാണു രസം. പക്ഷേ അതു രണ്ടുതരമാണ്‌, നിങ്ങൾ ഏതു തിരഞ്ഞെടുക്കും? എന്തായാലും കഥ നീളട്ടെ..

നീണ്ട കഥകള്‍ക്കിടയിലെ ഇടവേളകളിലാണു നാം ഉറങ്ങുക. ആയിരത്തൊന്നു രാവുകളില്‍ രാത്രി മുഴുവനും ഉറങ്ങാതിരിക്കുന്ന, കഥ പറയുന്ന ആളും കേള്‍ക്കുന്ന ആളും പകല്‍ എന്താണു ചെയ്തിരിക്കുക? ഉറങ്ങുക! അല്ലാതെന്തു ചെയ്യാന്‍. എന്നാലല്ലേ അടുത്ത രാത്രിയും കഥയ്ക്കായി ഉണര്‍ന്നിരിക്കാന്‍ പറ്റൂ..

English Summary : Web Column Ezhuthumesha, Is technology changing the way we read?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com