ADVERTISEMENT

ജീവിച്ചിരുന്നെങ്കില്‍ മീരാ പിള്ളയ്ക്ക് ഇപ്പോള്‍ 60 വയസ്സ് തികഞ്ഞേനേ. വധശിക്ഷ ലഭിക്കാന്‍ സാധ്യതയില്ലാത്ത കുറ്റമാണ് ചെയ്തതെന്നിരിക്കെ ജയില്‍വാസം പൂര്‍ത്തിയാക്കി ഇപ്പോളവര്‍ പുറത്തുവന്നിരിക്കണം. എന്തായിരിക്കും അപ്പോള്‍ മീരയുടെ പ്രതികരണം. താന്‍ ചെയ്ത പ്രവൃത്തിയെപ്പറ്റി, പുരുഷന്‍മാരെക്കുറിച്ച്, പ്രണയത്തെക്കുറിച്ച്, സ്നേഹബന്ധങ്ങളെക്കുറിച്ച് ഈ നവംബറിലെങ്കിലും അവര്‍ക്കു പ്രതികരിക്കാതിരിക്കാന്‍ കഴിയില്ല. കാരണം അവരുടെ വാക്കുകള്‍ക്കുവേണ്ടി ഒരു തലമുറ തന്നെ കാത്തിരിക്കുന്നു. 

 

അറിയില്ലേ മീരാ പിള്ളയെ. 1982 ല്‍ റിലീസായ പദ്മരാജന്റെ നവംബറിന്റെ നഷ്ടം എന്ന സിനിമയിലെ നായികയെ. അന്നവര്‍ക്ക് 23 വയസ്സായിരുന്നു. ഒരു ജീവിതത്തിലെ മുഴുവന്‍ സ്നേഹവും സ്നേഹനഷ്ടവും വഞ്ചനയും ചതിയും ഒടുവില്‍ പ്രതികാരവും അനുഭവിക്കേണ്ടിവന്ന യുവതി. ഒരു നവംബര്‍ രണ്ടിനാണ് മാനസിക രോഗാശുപത്രിയിലെ 11-ാം നമ്പര്‍ സെല്ലില്‍ മീര ജീവിതം അവസാനിപ്പിച്ചത്. ആ രംഗത്തിനു പദ്മരാജന്‍ കാവ്യാത്മകമായി നല്‍കിയ പേരാണ് ‘നവംബറിന്റെ നഷ്ടം’. ഒരു കവിത പോലെ കാവ്യസാന്ദ്രവും ആലോചനാമൃതവുമായ പേര്.  

 

1982-ല്‍ റിലീസായപ്പോള്‍ ഒരു ന്യൂനപക്ഷം മാത്രം ഇഷ്ടപ്പെടുകയും ചര്‍ച്ച ചെയ്യുകയും ചെയ്തെങ്കിലും ഭൂരിപക്ഷവും തള്ളിക്കളഞ്ഞ സിനിമയാണ് നവംബറിന്റെ നഷ്ടം. പക്ഷേ, മറ്റേതൊരു പദ്മരാജന്‍ സിനിമയും പോലെ നവംബറിന്റെ നഷ്ടം ഒരു കാലത്തിന്റെ മാത്രം ചലച്ചിത്രമല്ല. കാലത്തിനും മുമ്പേ പറന്ന ചലച്ചിത്രമാണ്. മീരയുടെ ജീവിതത്തിനും പ്രതികാരത്തിനും അന്നത്തെ കാലം പാകപ്പെടാത്തതുകൊണ്ടായിരിക്കണം അന്ന് ആ സിനിമ പരാജയപ്പെട്ടത്. വര്‍ഷങ്ങള്‍ക്കുശേഷം സമാനമായ പ്രമേയം 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയിലൂടെ കേരളം കൈനീട്ടി സ്വീകരിച്ചു എന്നത് മറ്റൊരു വൈരുധ്യം. 

 

Novemberinte-Nashtam

ഇന്നും വേദന ഘനീഭവിച്ച മനസ്സുമായി നവംബറിന്റെ നഷ്ടം കാണുന്നവരുണ്ട്. ആ സിനിമയുടെ തിരക്കഥയും പല പതിപ്പുകളിലായി ചലച്ചിത്രപ്രേമികളുടെയും വായനക്കാരുടെയും ഹരമായി നിലനില്‍ക്കുന്നു. കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്ത, പൂര്‍ണമായും ഒരു പദ്മരാജന്‍ സിനിമ തന്നെയാണ് നവംബറിന്റെ നഷ്ടം. കലര്‍പ്പില്ലാത്ത, മായമില്ലാത്ത, കൃത്രിമത്വമില്ലാത്ത, ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങാത്ത അസ്സല്‍ പദ്മരാജന്‍ ചിത്രം. 

 

നിഷ്കളങ്കസ്നേഹത്തില്‍ നിന്നുയരുന്ന പൊട്ടിച്ചിരികളുണ്ടെങ്കിലും ഉടനീളം ദുഃഖസാന്ദ്രമാണ് നവംബറിന്റെ നഷ്ടം. മീര സിനിമയുടെ തുടക്കത്തില്‍ കാണുന്ന സ്വപ്നം തന്നെ ദുഃസ്വപ്നമാണ്. അച്ഛനാണ് ആ രംഗത്തിലെ വില്ലന്‍. അയാള്‍ വില്ലനാകാന്‍ കാരണമുണ്ട്. രണ്ടു മക്കളെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയുടെ സ്നേഹം തേടി പോയ വ്യക്തിയാണയാള്‍. അവിടെ അയാളെ കാത്തിരുന്നതാകട്ടെ ദുരിതങ്ങളും കഷ്ടപ്പാടുകളും യാതനകളും. ഒടുവില്‍, ഉപേക്ഷിച്ച അതേ മകന്റെ മുമ്പില്‍ കാരുണ്യം തേടി അയാള്‍ക്ക് എത്തേണ്ടിവന്നു. ഒരേ സമയം ചിന്തിപ്പിക്കുകയും വല്ലാതെ അസ്വസ്ഥമാക്കുകയും ചെയ്യുന്ന കഥാപാത്രമാണ് ആ അച്ഛന്‍. ഒരു പുരുഷനെന്ന നിലയില്‍ അയാളാണ് മീരയുടെ മനസ്സില്‍ ആദ്യം തന്നെ അസ്വസ്ഥതയുടെ വിത്തുകള്‍ വാരിവിതറുന്നത്, പുരുഷന്‍ എന്നാല്‍ വെറും മാംസദാഹി മാത്രം എന്ന ഇമേജ് സൃഷ്ടിക്കുന്നത്. ശക്തിയുടെ പ്രതീകമെന്ന് അഹങ്കരിക്കുന്ന, തന്റെ പുരുഷത്വത്തില്‍ അഭിമാനിക്കുന്ന ഒരു പുരുഷന്റെ നിസ്സഹായതയുടെ ആഴം  ആ കഥാപാത്രത്തിലൂണ്ട്; വിജയത്തിനൊപ്പം പരാജയവും ഓരോ മനുഷ്യനും സ്വയം സൃഷ്ടിക്കുന്നതാണെന്ന സന്ദേശവും. 

 

അച്ഛന്റെ സ്ഥാനം ഏറ്റെടുത്ത് സഹോദരന്‍ കൂടെനില്‍ക്കുകയും മുഴുവന്‍ സമയവും തനിക്കുവേണ്ടി സമര്‍പ്പിച്ചു ജീവിക്കുകയും ചെയ്തിട്ടും പുരുഷന്‍മാരോടുള്ള മീരയുടെ അവിശ്വാസവും സംശയവും നീങ്ങുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. എന്നിട്ടും കോളജില്‍ സീനിയറായ ദാസ് എന്ന വിദ്യാര്‍ഥിയെ അവള്‍ ജീവനു തുല്യം സ്നേഹിക്കുന്നു. താന്‍ അയാളെ മാത്രമേ വിവാഹം കഴിക്കൂ എന്ന് അച്ഛനെപ്പോലെ കൂടെ നില്‍ക്കുന്ന സഹോദരനോടുപോലും തറപ്പിച്ചുപറയാന്‍ ധൈര്യം കാണിക്കുന്നു. എന്നിട്ടും വഞ്ചിക്കപ്പെടാനായിരുന്നു അവളുടെ വിധി. ഒരിക്കലല്ല. പലവട്ടം.

 

ആദ്യ വഞ്ചന തന്നെ മീരയെ മനോരോഗിയാക്കുന്നു. രോഗത്തില്‍നിന്നു കുറച്ചൊക്കെ മുക്തയായെങ്കിലും മറ്റൊരൂ വിവാഹത്തിന് ആ പെണ്‍കുട്ടി തയാറാകുന്നില്ല. പ്രലോഭനവും സ്നേഹവുമൊക്കെ മാറിമാറി പരീക്ഷിച്ചിട്ടും മീരയുടെ സ്നേഹത്തിന് ഇളക്കമില്ല. രോഗം തീര്‍ത്ത തടവില്‍ മനോരോഗ ആശുപത്രിയില്‍ കഴിയുമ്പോള്‍ വര്‍ഷങ്ങള്‍ക്കുശേഷം മീര ഒരിക്കല്‍ക്കൂടി ദാസിനെ കാണുന്നു. അപ്പോഴും അവള്‍ അവളെത്തന്നെ അവനു കാഴ്ചവയ്ക്കുന്നു. ആ ബന്ധത്തിലൂടെ ലഭിക്കുന്ന കുട്ടിയെയെങ്കിലും വളര്‍ത്തി, തന്റെ മാത്രം എന്നു കരുതി ജീവിക്കണമെന്നാണ് മീരയുടെ മോഹം. അവിടെ വിണ്ടും വിധി വില്ലനാകുന്നു. ഇത്തവണ സ്നേഹിക്കുന്ന സഹോദരന്‍ തന്നെയാണ് അയള്‍പോലും അറിയാതെ വില്ലനാകുന്നത്. അതോടെ മീര തന്റെ ജീവിതം തകര്‍ത്ത വ്യക്തിയെ ദാസില്‍ വ്യക്തമായിക്കാണുന്നു.

 

പിന്നെ ആ പെണ്‍കുട്ടിക്ക് ഒറ്റ ലക്ഷ്യം മാത്രമേ ഉണ്ടിയിരുന്നുള്ളൂ. അതിനു  കണ്ടെത്തിയതാകട്ടെ ഒരു സ്ത്രീക്കു മാത്രം കഴിയുന്ന പ്രതികാരവും. ഒരു സ്ത്രീയെക്കൂടി കീഴടക്കി എന്ന വ്യാജ അഭിമാനത്തിന്റെ സംതൃപ്തിയില്‍ സുഖ സുഷുപ്തിയിലായിരിക്കുമ്പോഴാണ് മീര അയാളുടെ തന്നെ ബെല്‍റ്റ് ആ കഴുത്തില്‍ മുറുക്കുന്നത്. അങ്ങനെ തന്റെ ജീവിതത്തെ അര്‍ഥവത്താക്കുന്നതും. 

 

യഥാര്‍ഥത്തില്‍ നഷ്ടത്തിനു പകരം നവംബറിന്റെ നേട്ടമല്ലേ മീര, വഞ്ചിക്കപ്പെട്ടാല്‍ പ്രതികാരത്തിനു സ്ത്രീക്കു കഴിയും എന്ന ഓര്‍പ്പെടുത്തലിന്റെ പ്രതീകം? അന്നു മീര സ്വയം ജീവിതം അവസാനിപ്പിച്ചില്ലായിരുന്നെങ്കില്‍ ഇന്നും അവര്‍ ജീവിച്ചിരുന്നേനേ. സ്ത്രീകളുടെ മാത്രമല്ല പുരുഷന്‍മാരുടെയും ബഹുമാനം നേടി, ആദരം നേടി, അന്തസ്സോടെ, വേണ്ടിവന്നാല്‍ ഒറ്റയ്ക്കു ജീവിക്കാനും ഒരു സ്ത്രീക്കു കഴിയും എന്നു തെളിയിച്ചുകൊണ്ട്.

 

English Summery : Novemberinte Nashtam Memoire by G Pramod

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com