മോണ്ടെ ക്രിസ്റ്റോ പ്രഭുവിന്റെ പ്രതികാരത്തിന് 175 വർഷങ്ങൾ

Count-of-monte-cristo
SHARE

‘‘ഇല്ല മാഡം, നിങ്ങളൊന്നും അനുഭവിച്ചിട്ടില്ല. പിതാവ് പട്ടിണി കിടന്ന് പിടഞ്ഞ് പിടഞ്ഞ് മരിക്കുന്നതിന്റെ വേദന നിങ്ങളിറിഞ്ഞിട്ടുണ്ടോ? വെളിച്ചം കടക്കാത്ത ഇരുട്ടറയിൽ 14 വർഷം പുഴുവിനെ പോലെ പിടഞ്ഞതിന്റെ വേദന നിങ്ങൾക്കറിയുമോ? ജീവനു തുല്യം സ്നേഹിച്ചവൾ മറ്റൊരാളിന്റെ ഭാര്യയാകുന്നതിന്റെ വേദന നിങ്ങളനുഭവിച്ചിട്ടുണ്ടോ?’’ മോണ്ടെ ക്രിസ്റ്റോ പ്രഭുവിന്റെ തീക്ഷണമായ വാക്കുകൾ നേരിടാനാവാതെ ഒരിക്കൽ താനുമായി വാവാഹനിശ്ചയം വരെ എത്തിയിരുന്ന എഡ്മണ്ട് ഡാന്റസ് എന്ന മോണ്ടെ ക്രിസ്റ്റോ പ്രഭുവിന്റെ മുന്നിൽ  മേഴ്സിഡസ് മുഖം താഴ്ത്തി. 

പ്രണയത്തിന്റെയും ചതിയുടെയും പ്രതികാരത്തിന്റെയും കഥ തീക്ഷണമായി വിവരിക്കുന്ന കൃതിയാണ് ദ കൗണ്ട് ഓഫ് മോണ്ടെ ക്രിസ്റ്റോ. എക്കാലത്തെയും ക്ലാസിക് കൃതികളിലൊന്നായ നോവൽ പ്രസിദ്ധീകരിച്ചിട്ട്  175 വർഷം പൂർത്തിയാകുന്നു. ഫ്രഞ്ച് സാഹിത്യകാരനായ അലക്സാണ്ടർ ഡ്യൂമയാണ് നോവലിന്റെ രചയിതാവ്. ജേണൽ ദേ ഡെബാറ്റ്സിലാണ് പതിനെട്ട് ഭാഗങ്ങളുള്ള പരമ്പരയായി മോണ്ടെ ക്രിസ്റ്റോ ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. രചിയിതാവിന്റെ മറ്റൊരു പ്രധാന കൃതികളാണ് ത്രീ മസ്കീറ്റേഴ്സ്, ട്വന്റി ഇയേഴ്സ് ആഫ്റ്റർ.

1815–1839 കാലഘട്ടത്തിലെ രാഷട്രീയ പ്രക്ഷുബ്ധമായ ഫ്രാൻസാണ് നോവലിന്റെ പശ്ചാത്തലം. ഫ്രഞ്ച് ചക്രവർത്തിയായിരുന്ന നെപ്പോളിയന്‍ ബോണപ്പാർട്ടിന്റെ നാടുകടത്തലും പൂർവാധികം ശക്തിയോടെ തിരിച്ച് അധികാരം പിടിച്ചെടുക്കാനുള്ള ശ്രമങ്ങളും നടന്നുകൊണ്ടിരിക്കേയാണ് യുവ നാവികനായിരുന്ന എഡ്മണ്ട് ഡാന്റസ് എന്ന ചെറുപ്പക്കാരൻ വിവാഹ നിശ്ചയ ദിവസം തടവിലാക്കപ്പെടുന്നത്. പ്രതിശ്രുത വധുവായ മേഴ്സിഡസിനോട് ഉടൻ തന്നെ മടങ്ങിവരുമെന്ന് അറിയിച്ച്  ഉദ്യോഗസ്ഥർക്കൊപ്പം പോയ ഡാന്റസ് മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കപ്പെടുന്നു. നെപ്പോളിയൻ അനുഭാവികളുടെ ഒരു കത്തായിരുന്നു ഡാന്റസിനെ അവിടെയെത്തിച്ചത്. കത്തിലെ ഉള്ളടക്കം എന്തെന്നറിയാതെ കടൽ യാത്രയിൽ മരണമടഞ്ഞ ക്യാപ്റ്റനായി ആ കത്ത് കരയിലുള്ളവർക്ക് കൈമാറാൻ ഡാന്റസ് സമ്മതിക്കുകയായിരുന്നു. മജിസ്ട്രേട്ടിന്റെ ചതിയിൽ രാജ്യദ്രോഹക്കുറ്റമാരോപിക്കപ്പെട്ട് ഡാന്റസ് കുപ്രസിദ്ധമായ ചോട്ടേഡിഫ് കോട്ടയിൽ തടവിലാക്കപ്പെടുന്നു.

ജീവിതം വെളിച്ചം പോലും കടക്കാത്ത ആ കൽത്തുറുങ്കിലെ ഏകാന്ത തടവിൽ അവസാനിക്കുമെന്ന് കരുതി ഭ്രാന്തു പിടിക്കുന്ന അവസ്ഥയിലെത്തവേയാണ് ഫാരിയ എന്ന വൃദ്ധനായ പുരോഹിതനെ കണ്ടുമുട്ടുന്നത്. ഡാന്റസിന്റെ കഥ കേൾക്കുന്ന ഫാരിയ എന്താണ് യഥാർഥത്തിൽ സംഭവിച്ചതെന്ന് ഡാന്റസിന് മനസ്സിലാക്കി കൊടുക്കുന്നു. തന്നെയിവിടെയെത്തിച്ച ചതിയുടെ ആഴം മനസ്സിലാക്കിയതോടെ പ്രതികാരദാഹിയാകുന്ന ഡാന്റസ് അവിടെ നിന്നും പുറത്തുകടക്കുന്നതിന് ഫാരിയയോടൊപ്പം ശ്രമം നടത്തുന്നു. ഡാന്റസിനെ മകനെ പോലെ കണ്ട ഫാരിയ തന്റെ അറിവുകളെല്ലാം പകർന്ന് നിൽക്കുന്നു. ദ്വീപിൽ ഭദ്രമായി സൂക്ഷിക്കപ്പെട്ടിട്ടുള്ള അമൂല്യമായ ഒരു നിധിയെ പറ്റിയും അവിടെയെത്തിച്ചേരാനുള്ള മാപ്പും ഫാരിയ ഡാന്റസിന് കൈമാറി. 

ഇരുവരും ചേർന്ന് അവിടെ നിന്നും രക്ഷപ്പെടുന്നതിന് ശ്രമം നടത്തിയെങ്കിലും പ്രായാധിക്യം നിമിത്തം ഫാരിയ മരണപ്പെടുന്നു. ഫാരിയയുടെ മരണശേഷം തടവറയിൽ നിന്നു അതിസാഹസികമായ രക്ഷപ്പെടുന്ന ഡാന്റസ് നിധി ഒളിപ്പിച്ചുവച്ച മോണ്ടെ ക്രിസ്റ്റോ ദ്വീപിലെത്തുന്നു. അമൂല്യമായ ആ നിധി ഡാന്റസിനെ അതിസമ്പന്നനാക്കുന്നു. 

വേഷ പ്രച്ഛന്നനായി ഫ്രാൻസിലെത്തുന്ന ഡാന്റസ് തന്റെ പിതാവ് പട്ടിണി കിടന്ന് മരണപ്പെട്ടതും കാത്തിരിക്കുമെന്ന് കരുതിയ മേഴ്സി മറ്റൊരാളുടെ ഭാര്യയായതുമറിഞ്ഞ് മാനസികമായി തകരുന്നു. അളവറ്റ സമ്പത്തിനുടമയായ ‍ഡാന്റസ്  ഒരു ദ്വീപ് വിലയ്ക്കു വാങ്ങി അവിടെ താമസമാക്കി. ഫാദർ ബുസോനി എന്ന പേരിൽ തന്നെയും കുടുംബത്തെയും സഹായിച്ചവരെ ഡാന്റസ് കൈയയച്ച് സഹായിച്ചു. മുൻ പരിചയക്കാരിൽ നിന്നും രഹസ്യമായി എങ്ങനെയാണ് എന്തിനുവേണ്ടിയാണ് താൻ ജയിലിലടയ്ക്കപ്പെട്ടതെന്ന് തിരിച്ചറിയുന്ന ഡാന്റസ് പ്രതികാരത്തിനായി തയ്യാറെടുക്കുന്നു.

ചതിയിൽപെടുത്തി തന്നെ തടവറയിലടച്ച ഫെർനാൻഡ് മോൻടഗോ,ഡാങ്ക്ളേഴ്സ്,വില്ലി ഫോർട് എന്നിവരുടെ രഹസ്യങ്ങള്‍ ചോർത്തിയെടുക്കുന്ന പ്രഭു അളവറ്റ സമ്പത്തിന്റെ ബലത്തിൽ തന്ത്രപരമായി ശത്രുക്കളെ ഒന്നൊന്നായി വേട്ടയാടുന്നു. കൊടുങ്കാറ്റു പോലെ വീശിയടിച്ച പ്രഭുവിന്റെ പ്രതികാരത്തിൽ ഫ്രാൻസിലെ പല വ്യക്തി വിഗ്രഹങ്ങളും നിലംപൊത്തി. പ്രതികാരത്തിന്റെ തീജ്വാലയിൽ വെന്തുരുകിയ പല കുടുംബങ്ങളിലെയും നിരപരാധികളുടെ വേദന കാണുന്നതോടെ മോണ്ടെ ക്രിസ്റ്റോ പ്രഭു എന്നേക്കുമായി പ്രതികാരമവസാനിപ്പിച്ച് ഫ്രാൻസിനോട് വിട പറയുന്നതോടെ നോവൽ അവസാനിക്കുന്നു.

ലോക സാഹിത്യ തറവാട്ടിൽ തലയെടുപ്പോടെ നിൽക്കുന്ന പേരുകളിലൊന്നാണ് കൗണ്ട് ഓഫ് മോണ്ടെ ക്രിസ്റ്റോ. വായനക്കാരനെ പിടിച്ചിരുത്തുന്ന നാടകീയമായ സംഭവങ്ങൾ, മാനുഷിക വികാരങ്ങളെല്ലാം ഒത്തുചേരുന്ന കൃതി പ്രണയം,അസൂയ,പ്രതികാരം,ദയ,മനുഷ്യത്വം.. ചോട്ടേഡിഫ് കോട്ടയിലെ ഇരുട്ടറയിൽ അടയ്ക്കപ്പെട്ടപ്പോഴും പ്രതീക്ഷ നഷ്ടപ്പെടാതെ, പ്രശ്നങ്ങൾക്ക് മുമ്പിൽ ദുഃഖിച്ചിരിക്കാതെ കരുത്തോടെ സാഹചര്യങ്ങളോട് പൊരുതി ജയിക്കുന്ന ഡാന്റസ് ഏതു സാഹചര്യത്തിലും കീഴടങ്ങാതെ പൊരുതി നിൽക്കണമെന്ന സന്ദേശമാണ് ലോകത്തിന് നൽകിയത്. ലോകമൊട്ടാകെ പല ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട കൗണ്ട് ഓഫ് മോണ്ടെ ക്രിസ്റ്റോ നിരവധി തവണ സിനിമകൾക്കും നാടകങ്ങൾക്കും ടിവി സീരിയലുകൾക്കും പ്രചോദനമായിട്ടുണ്ട്.

English Summary : 175 Years of the Count of Monte Cristo

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA