എട്ടിൽ കവിതയ്ക്കു തോറ്റു; പിന്നെ കവിതയാൽ ലോകം ജയിച്ച കവി

akkitham-achuthan-namboothiri
SHARE

മഹാകവി അക്കിത്തത്തിന്റെ നവതിക്ക് 13 മാർച്ച് 2016 മലയാള മനോരമ ഞായറാഴ്ചയിൽ പ്രസിദ്ധീകരിച്ച ലേഖനം

‘ഇനി ഇവിടെയെനിക്കൊന്നും ചെയ്യാനില്ല. നാലഞ്ചു കൊല്ലമായി വല്ലതും എഴുതീട്ട്. ശ്രദ്ധയ്ക്കു പതർച്ചയുണ്ട്. ഓർമയ്ക്ക് തെല്ല് ഇടർച്ചയും...’ പിതൃസഹജമായ സ്നേഹവാൽസല്യങ്ങളുടെ സ്മൃതിയുണർത്തുന്ന ദേവായനത്തിൽ ഖദർ മേൽമുണ്ടും കുപ്പായവും ധരിച്ച്, കട്ടിക്കണ്ണടയിട്ട്, വെളിച്ചത്തെയും ഇരുട്ടിനെയും നോക്കി വലിയ ദർശനം ചൊല്ലിത്തന്ന മഹാകവി സംസാരിച്ചു തുടങ്ങുകയാണ്: ‘തൊണ്ണൂറ് വയസ്സാകരുത്. എൺപതിനു മുൻപേ പോകണം. അല്ലെങ്കിൽ എത്ര നിയന്ത്രിച്ചാലും ആരോഗ്യം ബുദ്ധിമുട്ടിക്കും...’

1926 മാർച്ച് 18ന് അക്കിത്തം ജനിച്ചപ്പോൾ മീനഭരണിയായിരുന്നു. വൈകിക്കിട്ടിയ കുഞ്ഞായതിനാൽ വാൽസല്യത്തിനു കുറവുണ്ടായിരുന്നില്ല. പിറന്നാളുകൾക്കെന്നും നാളികേരപ്പാലുകൊണ്ടുള്ള ഇടിച്ചു പിഴിഞ്ഞ പായസം അച്ഛൻ മുടക്കിയതേയില്ല, പ്രസാദാത്മകമായ ചിരിയോർമയിൽ തൊണ്ണൂറിന്റെ ചിന്തയ്ക്ക് നല്ല ചെറുപ്പം.

ആദ്യം വായിച്ച പുസ്തകം?

‘നിർമല’ എന്ന നോവൽ. ആരാണെഴുതിയതെന്നോർമയില്ല. അമ്മാത്തു താമസിക്കുമ്പോൾ അവിടെ കണ്ടതാണ്. കനകം എന്ന പേരിൽ ഒരു കവിയുണ്ടായിരുന്നു. അവരുടെ കവിതകളും അന്നു വായിച്ചിരുന്നു. ഇപ്പോൾ പത്രവായനയും ആഴ്ചപ്പതിപ്പുകൾ മറിച്ചുനോക്കലും മാത്രം. വള്ളത്തോളിനെയും ഇടശേരിയെയും ചങ്ങമ്പുഴയെയും ഒളപ്പമണ്ണയെയുമെല്ലാം ഇടയ്ക്കിടെ മക്കളെക്കൊണ്ടു വായിപ്പിക്കും. ചുള്ളിക്കാടിന്റെ കവിതാരീതി വലിയ ഇഷ്ടാണ്. ഇപ്പോൾ സിനിമാനടനായീന്നാ കേക്കണേ. പി.പി. രാമചന്ദ്രനെയും ആറ്റൂരിനെയും വായിക്കാൻ ഇഷ്ടം തന്നെ.

വരച്ചുതുടങ്ങിയ അക്കിത്തം വര നിർത്തിയതെന്തിനാണ്?

മനയുടെ കുളക്കടവിൽ കരിക്കട്ടയിൽ വരച്ച ചിത്രത്തോടെ വര നിർത്തി. അന്നു കുളക്കടവിൽ സ്ത്രീകൾക്കൊപ്പം ഞങ്ങളും കുളിക്കാൻ പോകുമായിരുന്നു. ഞാനും ജയന്തൻ നമ്പൂതിരിയും ശേഖരൻ വാരിയരുമാണു സംഘം. വെളുത്ത കോണകവും കറുത്ത അരഞ്ഞാണച്ചരടുമിട്ട എമ്പ്രാന്തിരിയമ്മയെ കുളക്കടവിൽ വരയ്ക്കാനൊരു വികൃതിതോന്നി. അതു വലിയ കുഴപ്പമായി. എമ്പ്രാന്തിരിയമ്മ സങ്കടപ്പെട്ടു. അക്കിത്തം മനയിൽ വച്ചവരുടെ കരച്ചിൽ കേട്ടു. പിന്നീടവർ എന്നോടു മിണ്ടിയതേയില്ല. അന്നു നിർത്തിയതാണു വര.

ഇംഗ്ലിഷ് കൃതികൾ വായിക്കാറുണ്ടായിരുന്നോ?

വാൾട്ട് വിറ്റ്‌മാനും പാബ്ലോ നെരൂദയുമെല്ലാം ഇംഗ്ലിഷിലെ ഇഷ്ടക്കാരാണ്. ‘നിമിഷ ക്ഷേത്രം’, സമ്പൂർണ കൃതകൾ എന്നിവയുടെ ആദ്യപേജിൽ എഴുതിവച്ചതു വാൾട്ട് വിറ്റ്‌മാന്റെ രണ്ടുവരി കവിതയാണ്... ദിസ് ഇസ് നോ ബുക്ക്, ഹൂ ടച്ചസ് ദിസ് ബുക്ക്, ടച്ചസ് എ മാൻ’.

കവിയല്ലായിരുന്നുവെങ്കിൽ ആരാകുമായിരുന്നു?

കവിയാകാനായിരുന്നു നിയോഗം. മറിച്ചൊരു ചിന്ത വന്നിട്ടേയില്ല. അഥവാ ചിന്തിക്കാൻ തുടങ്ങും മുൻപേ കവിത കയറിവരും മനസ്സിൽ. പിന്നെന്തു ചെയ്യും.

കവിതകൾ തിരിച്ചയച്ചു കിട്ടിയിട്ടുണ്ടോ?

ആദ്യകാലത്തൊക്കെ ഒട്ടേറെ കവിതകൾ മടങ്ങിവരും. ചിലപ്പോൾ അതു തിരുത്തി നന്നാക്കാൻ തോന്നും. മടങ്ങിവന്നതിനെ മറക്കുന്നതാണു പതിവ്. എഴുതിപ്പാതിയാക്കിയതും തിരുത്തി ചിട്ടപ്പെടുത്താത്തതുമായ കവിതകൾ ഒട്ടേറെയുണ്ട് ഫയലിൽ. കോഴിക്കോട് ആകാശവാണിയിൽ ജോലിനോക്കുന്ന കാലത്ത് മാതൃഭൂമിയിലേക്ക് ഒരു കവിതയയച്ചതു മടങ്ങിവന്നു. എൻ.വി. കൃഷ്ണവാരിയരുടെ കാലത്താണ്. തിരിച്ചുവരാനുള്ള കാരണം കവിതയിലെ കുറവായിരിക്കാം എന്നു കരുതി പത്തുവർഷത്തോളം മാതൃഭൂമിയിലേക്കു കവിതകളയച്ചില്ല. സ്വയം നന്നാവാൻ നടപ്പാക്കിയ ശിക്ഷ. (അക്കാലത്താണ് അക്കിത്തത്തിന്റെ അതിപ്രശസ്തമായ ആര്യൻ, പണ്ടത്തെ മേൽശാന്തി തുടങ്ങിയ കവിതകൾ പിറന്നത്. അതെല്ലാം ആദ്യം അച്ചടിച്ചുവന്നതു ചെറിയ പ്രസിദ്ധീകരണങ്ങളിലും പത്രങ്ങളിലുമായിരുന്നു).

സരോജിനിയും പാപ്പിയമ്മയും, ജീവിതത്തിൽ ഇവർ താങ്കൾക്കാരാണ്?

തെക്കിനിയേടത്തെ പാപ്പിയമ്മയെയാണ് ആദ്യമായി കവിതയെഴുതി കാണിക്കുന്നത്. പാപ്പിയമ്മ (പാർവതി അന്തർജനം) അത്യാവശ്യം വായിക്കുന്ന കൂട്ടത്തിലായിരുന്നു. അച്ഛന്റെ മരുമകൻ ബ്രഹ്മദത്തനെയും (പൊറോത്തൻ) കാണിച്ചിരുന്നു. ‘ഓ... കുഴപ്പമില്ല’ എന്നു മാത്രം പറഞ്ഞു പൊറോത്തൻ. കശുമാങ്ങ തിന്നിട്ട് അബദ്ധം പറ്റിയോ എന്ന തോന്നലിൽ ഗുരുവായൂരപ്പനെ ഭജിക്കുന്ന കവിതയായിരുന്നു. ‘അച്ചുതനു കേമാ കവിതയ്ക്കു വാസന’ എന്നു പാപ്പിയമ്മ എല്ലാവരോടും പറഞ്ഞതു കേട്ടപ്പോഴാണ് ഹൃദയത്തിനു കണ്ണുണ്ടെന്നും അതൊരാകാശം പോലെ വിടരുകയാണെന്നും ആദ്യമായി തോന്നിയത്. കവിതകൾ മടങ്ങിവരുന്നതേറിയപ്പോൾ ഒരു പരീക്ഷണമായാലോ എന്ന മട്ടിലാണു കുട്ടിക്കൃഷ്ണ മാരാർക്കു മാതൃഭൂമിയിലേക്ക് കെ.എസ്. സരോജിനി എന്ന പേരിൽ പാഠപുസ്തകത്തിലെ ഇംഗ്ലിഷ് കവിതയുടെ പരിഭാഷ അയച്ചത്. സംഗതി പ്രസിദ്ധീകരിച്ചുവന്നു. വഞ്ചനയായിരുന്നു. മനോവ്യഥ ഇനിയും കെട്ടിട്ടില്ല.

(‌ആറുവർഷം മുൻപുണ്ടായ വീഴ്ചയിൽ ഇടുപ്പിനു ക്ഷതമേറ്റു. വാക്കറില്ലാതെ നടക്കാൻ വയ്യ. യാത്രകൾ നന്നേ കുറഞ്ഞു. പൊതു ഇടങ്ങളിൽ നിന്നകന്നു. എന്നിട്ടും ശീലങ്ങൾ മാറിയില്ല. വൈകിയുറങ്ങി വൈകിയുണരുന്ന ശീലമാണിന്നും. പണ്ട്, പാതിരാത്രിയിൽ, കിടപ്പുമുറിയിലോ ഇടനാഴിയിലോ നീട്ടിവിരിച്ച പുൽപായയിൽ കമഴ്ന്നുകിടന്നാവും കവിതയെഴുത്ത്. പുൽപ്പായത്തലപ്പിൽ തലയണയുണ്ടാകും. അതിൽ കടലാസ് വച്ച് ബോൾ പെന്ന് തുറന്നാൽ പിന്നെ കവിതയാണ്.)

സ്കൂൾ കാലത്തു കവിതാ മൽസരങ്ങളിൽ സമ്മാനം കിട്ടിയിട്ടുണ്ടോ?

ഏഴുമുതൽ 11 വരെ കുമരനല്ലൂർ സ്കൂളിലായിരുന്നു. കവിതയെഴുത്തിലും അക്ഷരശ്ലോകത്തിലും മൽസരിച്ചിരുന്നു. എട്ടിൽ പഠിക്കുമ്പോൾ കവിതയെഴുത്തിൽ സമ്മാനം കിട്ടി. കവിതയ്ക്കു തോറ്റുപോയിട്ടുമുണ്ട്. തോൽക്കാതെ ജയിക്കില്ലല്ലോ. അന്നു സമ്മാനം വാങ്ങിപ്പോയവരെയൊന്നും പിന്നെ കവികളായി കണ്ടിട്ടേയില്ല.

ആദ്യം അച്ചടിച്ച കവിത?

തെക്കേടത്തു ഭട്ടതിരിയുടെ വേളിക്കു വായിക്കാനെഴുതിയ ശ്ലോകമാണ്. പോകാൻ പറ്റാത്തതിനാൽ തെക്കിനിയിലെ കൃഷ്ണൻ നമ്പൂതിരിയെ ഏൽപിച്ചു. അദ്ദേഹം അതവിടെ വായിച്ചപ്പോൾ കുടമാളൂർ ഗോപാലപിള്ള വാങ്ങിച്ചോണ്ടുപോയി. അക്കിത്തം മനയിലെ ഇട്ടീരി മുത്തഫ്ഫന്റെ സംബന്ധത്തിലെ മകനായിരുന്നു ഗോപാലപിള്ള. അദ്ദേഹത്തിന്റെ ‘രാജർഷി’ എന്ന മാസികയിൽ അതു പ്രസിദ്ധീകരിച്ചു. ആദ്യമായി അച്ചടിച്ചുവന്നതിന്റെ കോപ്പി തപാലിൽ കിട്ടിയപ്പോൾ വലിയ സന്തോഷം.

ചെറുപ്പത്തിൽ മന്ദബുദ്ധിയെന്നു ചിലർ സംശയിച്ചെന്നു കേട്ടിട്ടുണ്ട്?

അമ്പലത്തിൽ തൊഴാൻപോകുമ്പോൾ കുട്ടിക്കാലത്തു സമപ്രായക്കാർ മന്ദബുദ്ധിയെന്നും ആനച്ചെവിയനെന്നും പൂച്ച കടിയൻ എന്നും കളിയാക്കിയതൊക്കെ നല്ല ഓർമകളാണ്. മനയിലെ പൂച്ചയെ തെക്കുവടക്കു പായിച്ചപ്പോൾ കടിച്ചതാണ്. അതു നാട്ടിൽ പാട്ടായി. ചിലനേരങ്ങളിൽ സ്വപ്നലോകത്തെന്നപോലെ ഇരിക്കുന്ന തടിയൻ ചെക്കനെ മന്ദബുദ്ധിയെന്നു വിളിച്ചതിൽ തെറ്റുപറയാൻ വയ്യ. പക്ഷേ, അച്ഛന് ഒരു സംശയവുമില്ലായിരുന്നു. ഋഗ്വേദമൊക്കെ അച്ഛൻ കണിശതയോടെ പഠിപ്പിച്ചു.

തുടർപഠനം നിലച്ചതെങ്ങനെയാണ്?

കൂടല്ലൂരിലും പകരാവൂരിലും മനകളിൽ ചെന്നു സംസ്കൃത പഠനമായിരുന്നു ആദ്യം. മാവറ അച്യുതവാരിയരും കൊടയ്ക്കാട് ശങ്കുണ്ണി നമ്പീശനും തൃക്കണ്ടിയൂർ ഉണ്ണിക്കൃഷ്ണ മേനോനും ടി.പി. കുഞ്ഞുകുട്ടൻ നമ്പ്യാരുമെല്ലാം ഗുരുക്കൻമാർ. തമിഴ് പഠിച്ചതു വി.ടിയിൽ നിന്ന്. കോഴിക്കോട് സാമൂതിരി കോളജിൽ ഫിസിക്സിനു ചേർന്ന് ഒരുമാസം കഷ്ടിച്ചു പിന്നിട്ടപ്പോഴേക്കും കടുത്ത വയറിളക്കം. തിരികെപ്പോന്നു. മൂന്നുമാസം വീട്ടിലിരുന്നു ചികിൽസ.വീണ്ടും കോളജിൽ ചെന്നപ്പോ കൂട്ടുകാരെല്ലാം പറഞ്ഞു, ഇനി ഈവർഷം പഠിക്കാതിരിക്കുന്നതാ നല്ലത്. പാഠങ്ങളെല്ലാം ഒരുപാടു മുന്നേറിയിരിക്കുന്നു. അങ്ങനെ മടങ്ങി. തൃശൂരിൽ മംഗളോദയം പ്രസിൽ ഉണ്ണിനമ്പൂതിരി മാസികയിൽ പ്രിന്ററും പബ്ലിഷറുമായി തുടങ്ങിയ ശേഷം കോളജിൽ ചേരാനുള്ള ശ്രമം കണ്ടപ്പോ മുണ്ടശേരി മാഷാണു പറഞ്ഞത്, താനെന്തിനാടോ കോളജിലൊക്കെ പോയി പഠിക്കുന്നത്. പേരിനൊപ്പം ചേർക്കാനൊരു ബിരുദം മാത്രമേ ആവൂ അതൊക്കെ. ഒരു കാര്യവുമില്ല. ഇംഗ്ലിഷ് പുസ്തകങ്ങൾ നന്നായി വായിക്കുക. വായന തീവ്രമാക്കുക. അങ്ങനെ മംഗളോദയത്തിൽ പത്തുവർഷം പ്രസിനു മുകളിലെ മുറിയിൽ സ്വയം കഞ്ഞിവച്ചു കഴിച്ചും വായിച്ചും കവിതയെഴുതിയും ജിവിതം.

ഒരു ദിവസം ചെലവിടുന്നത്?

പ്രഭാതഗീതം മുതൽ വാർത്തവരെ കേൾക്കാൻ ഒരു ഫിലിപ്സ് റേഡിയോ ഉണ്ട് കിടപ്പുമുറിയിൽ. എഴുന്നേറ്റയുടൻ ഒരു ഗ്ലാസ് ചായയ്ക്കു മുൻപ് റേഡിയോ പതിവാണ്. പുറത്തെത്തിയാൽ മനോരമയും മാതൃഭൂമിയും ഹിന്ദുവും ഒന്നോടിച്ചു നോട്ടം. ചെറുതായെന്തെങ്കിലും പ്രാതൽ. ഒന്നിലും നിർബന്ധമില്ല. ചായ എത്രകിട്ടായാലും ആവാം. ഷുഗറില്ല. പല നിഷ്കർഷകളും മധുരത്തിൽ വീണുടഞ്ഞുപോകും. ഉച്ചയൂണിനു മുളകൂഷ്യം ഉണ്ടായാൽ കേമം. ഇത്തിരി ശർക്കരകൂടി കിട്ടീരുന്നെങ്കിലെന്നു പതിവുമോഹം.

നടക്കാതെ പോയതെന്തെങ്കിലും?

മഹർഷി അരവിന്ദിന്റെ ‘സാവിത്രി’ തർജമ പൂർത്തിയാക്കാനാവാത്തതിൽ ദുഃഖമുണ്ട്. പാതിയോളമായി. ഇനി നടക്കുമെന്ന തോന്നലില്ല. ഒഎൻവി പണ്ടു മുത്തീം ചോഴീം എഴുതിയതു കണ്ട് ഇതു ഞാനെഴുതേണ്ടിയിരുന്നതാണെന്നു തോന്നിയിട്ടുണ്ട്. അങ്ങനെ ചില വിഷയങ്ങൾ കവിതയാക്കണമെന്നു പലപ്പോഴും തോന്നിയിരുന്നു.

അച്ഛനെക്കുറിച്ചുള്ള ഓർമ...?

സാഹിത്യത്തിൽ നീ ജയിക്കുമെന്ന് അച്ഛൻ അക്കിത്തം വാസുദേവൻ നമ്പൂതിരി ഇടയ്ക്കിടെ ഓർമിപ്പിച്ചു. സംസ്കൃതത്തിൽ അത്ര പോരെന്നു പലപ്പോഴും പറയുകയും ചെയ്തു. സ്വതവേ ഗൗരവക്കാരനായിരുന്നു അച്ഛൻ. അമ്മ ചേകൂർ മനയിലെ പാർവതി അന്തർജനം എല്ലാറ്റിനും കൂടെനിന്നു. വൈകിക്കിട്ടിയ ഉണ്ണിയായതിനാൽ ഒന്നും എതിർക്കാതെ നന്നായി നോക്കിവളർത്തി.

തികച്ചും ഒരു നമ്പൂതിരി വിവാഹം ആയിരുന്നല്ലേ?

പട്ടാമ്പി ആയമ്പിള്ളി മനയിലെ ശ്രീദേവി അന്തർജനത്തിന്റെ ജാതകം കൊണ്ടുവന്നത് കൊടയ്ക്കാട് ശങ്കുണ്ണി നമ്പീശനായിരുന്നു. വിശാഖമാണു ശ്രീദേവിയുടെ നക്ഷത്രം. ഒരു മിഥുനം നാലിനു വിവാഹം. 23–ാം വയസ്സിൽ. ശ്രീദേവിക്ക് 15 വയസ്സായിരുന്നു. നാലുദിവസം ഭാര്യവീട്ടിലായിരുന്നു ആദ്യം.

വേദനിപ്പിച്ചതെന്താണ്?

16–ാം വയസ്സിൽ ശ്രീദേവി ആദ്യമായി പ്രസവിച്ച കുഞ്ഞിന്റെ വിയോഗം തീരാനൊമ്പരമായിരുന്നു. അന്നൊരു കവിതപോലും എഴുതി. ‘അച്ഛൻ കൃതജ്ഞത പറയുന്നു’ എന്ന കവിത. ശ്രീദേവി എട്ടു പ്രസവിച്ചു. രണ്ടുപേർ മരിച്ചു. ആറുപേർ ബാക്കിയായി. പാർവതിയും ഇന്ദിരയും ലീലയും ശ്രീജയും, പിന്നെ വാസുദേവനും നാരായണനും.

കൂട്ടുകാരെക്കുറിച്ച്?

കൂട്ടുകാരെന്നും കൃത്രിമത്വമില്ലാത്തവരായതു സൗഭാഗ്യം. ശുദ്ധസാമീപ്യം കൊണ്ടുണ്ടായ ദൃഢബന്ധം. ഇടശേരിയും വി.ടിയും എംആർബിയും ഇഎംഎസും ഉറൂബും കടവനാടും പവനനും രമേശൻ നായരും എം.എ. കൃഷ്ണനും തിക്കോടിയനുമെല്ലാം നല്ലചങ്ങാതിമാരായി. ഇന്നെന്റെ ആത്മമിത്രം ചാത്തനാത്ത് അച്യുതനുണ്ണിയാണ്. ആഴ്ചതോറും ചാത്തനാത്ത് കാണാനെത്തും. പലതും പങ്കുവയ്ക്കുന്നതും തുറന്നുപറയുന്നതും അപ്പോൾ മാത്രം.

മുറുക്ക് പ്രസിദ്ധമാണ്, പുകവലിച്ചിരുന്നോ?

മുറുക്ക് കുടുംബപരമായി കിട്ടിയ ശീലമാണേയ്. മൂന്നുകെട്ട് വെറ്റിലയൊക്കെ ഒറ്റദിവസം വേണ്ടിവന്നിരുന്നു. പുകയിലയും ചിറ്റാരത്തയും ഇരട്ടിമധുരവുമെല്ലാമാക്കി ചുരുക്കിയൊതുക്കി മുറുക്കിനെ നിയന്ത്രിച്ചു. വൈദ്യമഠത്തിൽനിന്ന് ‘ഇനി മുറുക്കുവേണ്ട’ എന്നു പറഞ്ഞതോടെ പിന്നെ തൊട്ടിട്ടില്ല, 15 വർഷമായി നിർത്തിയിട്ട്. ബ്രഹ്മദത്തനും ഞാനും ചേർന്നായിരുന്നു പുകവലി രുചിച്ചുതുടങ്ങിയത്. ബീഡിയും സിഗററ്റുമെല്ലാം വലിച്ചുനോക്കി. ഒരു ദിവസം കഫം വല്ലാതെ തുപ്പി. അതോടെ അതും നിർത്തി.

സിനിമയിലേക്കു പോകാത്തതോ, അതോ?

സിനിമയിലേക്കു വിളിച്ചിരുന്നു. മൂന്നുവട്ടം. മദിരാശിക്കു പോകാൻ പലവട്ടം അവർ നിർബന്ധിച്ചു. ഞാൻ പോയില്ല. പി. ഭാസ്കരന്റെ സിനിമാപ്പാട്ടുകൾ വലിയ ഇഷ്ടമാണ്. ‘നാഴിയുരിപ്പാലു കൊണ്ട് നാടാകെ കല്യാണം’ എന്ന പാട്ട് ഇടയ്ക്കിടെ മൂളുമായിരുന്നു. രാഘവൻ മാഷിന്റെ എല്ലാ പാട്ടുകളും വലിയ ഇഷ്ടാണ്. പണ്ട് തലശേരി ജഗന്നാഥക്ഷേത്രത്തിലെ പാട്ടുകച്ചേരിക്ക് ഒരു പാട്ടുവേണമെന്നായി രാഘവൻ. നിന്നനിൽപിൽ ഒന്നെഴുതി നൽകി. അപ്പോത്തന്നെ രാഘവൻ അതിനൊരു ഈണവും കൽപിച്ചു. കൂടുതൽ പാട്ടുപാടാതെ ഈ പാട്ടുതന്നെ പലവട്ടം ആളുകൾക്കായി പാടേണ്ടി വന്നതിനെക്കുറിച്ചു രാഘവൻ അദ്ഭുതത്തോടെ പറയുമായിരുന്നു.

നല്ല നടനും നാടകകൃത്തും ആയിരുന്നു അല്ലേ?

അടുക്കളയിൽനിന്ന് അരങ്ങത്തേക്ക്, കൂട്ടുകൃഷി തുടങ്ങിയ നാടകങ്ങളിൽ നടനായിരുന്നു. കൂട്ടുകൃഷിയിലെ ശ്രീധരൻ നായർ എന്ന കഥാപാത്രത്തെ കണ്ട് മുണ്ടശേരി മാഷ് അദ്ഭുതത്തോടെ അഭിനന്ദിച്ചു. അന്നു തൃത്താലയിലും മേഴത്തൂരും വച്ചായിരുന്നു റിഹേഴ്സൽ. ‘ഈയേടത്തി നുണയേ പറയൂ’ എന്നൊരു നാടകം കുട്ടികൾക്കായി എഴുതീട്ടുമുണ്ട്. സ്റ്റേജിനു മുകളിൽ വലിയ ശൂന്യതയുണ്ട്. കുട്ടികൾ മാത്രം പോരാ. വലിയ കഥാപാത്രങ്ങളെ കൂടി ചേർക്കണമെന്നു തകഴി പറഞ്ഞപ്പോൾ നാടകത്തിൽ ചില ചേർക്കലുകളും നടത്തി പിന്നീട്.

കുമരനല്ലൂരിലെ ബാപ്പുട്ടിയും അബ്ദുള്ളയുമെല്ലാം അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ ബാല്യകാല സൗഹൃദങ്ങളാണ്. കൂടെപഠിച്ച അബ്ദുള്ളയെ കുറിച്ചൊരു കവിതപോലും എഴുതിയിട്ടുണ്ട്. ഈ സൗഹൃദങ്ങളാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയം. ബാപ്പുട്ടി അമേറ്റിക്കരയുടെ വയൽവരമ്പിലൂടെ സൈക്കിളോട്ടം പഠിപ്പിച്ചു.  അച്ഛൻ വാങ്ങിക്കൊടുത്ത ഹെർക്കുലീസ് സൈക്കിളിൽനിന്നു വീണ് കാൽമുട്ടിനു കീഴെ ചതഞ്ഞതോടെ സൈക്കിൾ നിർത്തി. ‘മുറിവുണങ്ങാൻ മൂന്നുമാസമെടുത്തു. ആ വീഴ്ച എന്റെ ധൈര്യം ചോർത്തിക്കളഞ്ഞു. പിന്നെ സൈക്കിളിൽ കയറിയിട്ടില്ല. ബാപ്പുട്ടി മരിച്ചിട്ട് ഇപ്പോ 30 വർഷമായെന്നു തോന്നുന്നു’. അക്കിത്തം ഓർത്തെടുത്തു. കാലം മാറുമ്പോൾ പലരുടെയും മുഖംമാറും. ചൈതന്യധന്യമായ മനസ്സും മുഖവും മഹാകവിയിൽ മാറ്റമില്ലാതെ തുടരുന്നു. മനഃശുദ്ധിക്കാണ് നാരായണ നാമജപമത്രെ. ശുദ്ധാത്മാവേ, അങ്ങേക്കെന്തിനാണീ നാരായണ നാമജപം എന്നു ചോദിച്ചപ്പോൾ: ‘എപ്പഴാ ദുഷ്ടചിന്ത വര്വാന്നു പറയാൻ വയ്യല്ലോ, നാരായണ മന്ത്രാക്ഷരം തന്നെ ശരണം...’

Content Summary : Akkitham Achuthan Namboothiri wins Jnanpith Award

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA