sections
MORE

ആദ്യത്തെ ഓര്‍മകളിലെല്ലാം സ്ത്രീകള്‍ നിറ‍ഞ്ഞുനില്‍ക്കുന്ന പുരുഷന്‍ മനോരോഗിയാണോ?

b-jeymohan-writer-image
ബി. ജയമോഹൻ
SHARE

ആദ്യത്തെ ഓര്‍മകളിലെല്ലാം സ്ത്രീകള്‍ നിറ‍ഞ്ഞുനില്‍ക്കുന്ന പുരുഷന്‍ മനോരോഗിയാണോ? ചോദ്യം മനഃശാസ്ത്രജ്‍ഞനോടല്ല, സ്വന്തം മനസ്സിനോടുതന്നെ. ഒരാളല്ല, പല പുരുഷന്‍മാരും സ്വന്തം മനസ്സിനോടു പലവട്ടം ചോദിച്ച ചോദ്യം. ഉത്തരം എന്തുതന്നെയായാലും സത്യം സമ്മതിക്കാന്‍ ആര്‍ജവം വേണം; തുറന്നു പറയാനും. വാക്കുകളുടെ വെളിച്ചത്തില്‍ ഓര്‍മയുടെ ഉറവിടങ്ങള്‍ തിരഞ്ഞ പ്രശസ്ത തമിഴ്- മലയാളം എഴുത്തുകാരന്‍ ജയമോഹന്‍ കാവ്യാത്മകമായി എഴുതിയിട്ടുണ്ട് തന്റെ മനസ്സിലെ സ്ത്രീകളെക്കുറിച്ച്. ഓര്‍മയുടെ ഉറവിടങ്ങളെ ഹരിതാഭമാക്കിയ സ്ത്രീകളെക്കുറിച്ച്.

ഒന്നാം വയസ്സുമുതല്‍ തന്റെയുള്ളില്‍ സ്ത്രീകളെക്കുറിച്ചുള്ള ബോധം ഉണ്ടായിരുന്നു എന്നാണ് ജയമോഹന്റെ കണ്ടെത്തല്‍. ഒരുപക്ഷേ അതിനും മുമ്പ് ജനനം മുതല്‍ തന്നെ ആ ബോധം ഉണ്ടായിരുന്നില്ലേ എന്ന സംശയവുമുണ്ട്. ഏതോ ഒരു ബസ്സില്‍ അമ്മയുടെ ഒക്കത്തിരുന്നു പോകുമ്പോള്‍ പിന്നിലെ സീറ്റില്‍ ഇരുന്ന സ്ത്രീ മുതല്‍ ഭാര്യയുടെ വയറ്റില്‍ ഇരിക്കുന്ന കുട്ടിയെ അതിതരംഗ ശബ്ദ യന്ത്രത്തിന്റെ തിരശ്ശീലയില്‍ ജീവനുള്ള നിഴല്‍പോലെ കണ്ടതുവരെയുള്ള ഓര്‍മകള്‍. ഇളകുന്ന സാരിയുടെ അടിവശം പൂവു വിടരുന്നതുപോലെ കണ്ടതുമുതല്‍ തലയ്ക്കുമുകളില്‍ പൂത്തുനിന്ന കൊന്നപോലെ ഒരു സാരിയുടെ ഇളകുന്ന ദൃശ്യം വരെ.

b-jeymohan-author-photo
ബി. ജയമോഹൻ

എന്നെപ്പെറ്റ അമ്മയല്ലേ- തമിഴര്‍ പെണ്‍കുട്ടികളെ ലാളിക്കുമ്പോള്‍ ഉരുവിടുന്ന മൊഴി. മുന്‍ജന്‍മത്തില്‍ അമ്മയായി വന്നയാളാണ് പിന്നീടു മകളായി പിറക്കുന്നതെന്ന വിശ്വാസമാണ് മനോഹരമായ ആ മൊഴിയുടെ അടിസ്ഥാനം. ജയമോഹന്‍ ജനിച്ച തെക്കന്‍ തിരുവിതാംകൂര്‍ എന്ന നാഞ്ചിനാട്ടിലും പ്രചാരത്തിലുള്ളത് തായ്മൊഴി. മകളുടെ രണ്ടാം ദിവസം മുതല്‍ അവളെ കുളിപ്പിക്കുമ്പോള്‍ ജയമോഹന്‍ അറിയുകയായിരുന്നു- കണ്‍മുന്നില്‍ ഒരു പെണ്‍കുട്ടി സംഭവിക്കുന്നു എന്ന മഹത്തായ അനുഭവം. മുഖം നോക്കി ചിരിച്ച് കമിഴ്ന്ന് എണീറ്റിരിക്കുന്നത് ഒരു കുഞ്ഞു മാത്രമല്ല, അമ്മയും കൂടിയാണ്. കൈ ഒന്നു നിവര്‍ന്നപ്പോള്‍തന്നെ പാവക്കുട്ടിക്ക് ഉമ്മ കൊടുത്ത്, മാമു കൊടുത്ത് ഉറക്കിക്കിടത്തിയ പെണ്‍കുട്ടി. പിന്നെ എപ്പോഴും എക്കില്‍ ഒരു കുഞ്ഞുണ്ടാകും. ഏതു തുവര്‍ത്തു കിട്ടിയാലും തൊട്ടിലു കെട്ടുകയായി. മകള്‍ എന്ന അമ്മ. 

വ്യത്യസ്തമായ അനുഭവങ്ങളുടെ ഉടമയാണ് ജയമോഹന്‍. കൗമാരത്തില്‍ത്തന്നെ വീടു വിട്ടുപോകുകയും തിരിച്ചെത്തുകയും യൗവനത്തില്‍ കാശിയിലും ഹിമാലയത്തിലും വരെ പോയി തപസ്സിരിക്കുകയും ധ്യാനിക്കുകയും ഇന്ത്യ മുഴുവന്‍ അലയുകയും ചെയ്ത, എണ്ണമറ്റ വ്യത്യസ്തവും വിചിത്രവുമായ അനുഭവങ്ങളുടെ ഉടമ.

b-jeymohan-writer-photo
ബി. ജയമോഹൻ

ജയമോഹന് 10 വയസ്സ്. ജനിച്ചപ്പോള്‍ മുതല്‍ സ്ത്രീകളെക്കുറിച്ചുള്ള ബോധം ഉണ്ടായിരുന്നെങ്കിലും അന്നാണ് ഒരു സ്ത്രീ മനസ്സില്‍ പൂത്തുവിടര്‍ന്നത്. ജീവിതത്തിലെ ആദ്യത്തെ സ്ത്രീ. തൊട്ടടുത്ത വീട്ടില്‍ എന്തോ വിശേഷം. വേറെ ഗ്രാമത്തില്‍നിന്ന് ധാരാളം സ്ത്രീകള്‍ വന്നിട്ടുണ്ട്. പകല്‍ മുഴുവന്‍ ബഹളം. രാത്രി രണ്ടുമൂന്നാളുകള്‍ വീട്ടില്‍ ഉറങ്ങാനെത്തി. അയലത്തെ ഒരു ചേച്ചിയുടെ കൂട്ടുകാരിയായി മറ്റൊരു ചേച്ചിയും. കൊന്നപ്പൂവിന്റെ നിറമുള്ള സാരിയാണ് അവര്‍ ഉടുത്തിരുന്നത്. ഒളികണ്ണിട്ടു നോക്കിനിന്നു ആ ചേച്ചിയെ. രാത്രി. അമ്മ കൊടുത്ത മുണ്ട് വാങ്ങി ഉടുത്തിട്ട് ആ സാരി ഊരി അവര്‍ അയയിലിട്ടു. എല്ലാവരും ഉറങ്ങിയത് വലിയ മുറിയില്‍. കാറ്റിനായി ജനാലകള്‍ തുറന്നിട്ടിരുന്നു. വിളക്കു കെടുത്തിയതിനുശേഷവും രണ്ടു ചേച്ചിമാരും വര്‍ത്തമാനത്തില്‍. രാത്രിയെപ്പെഴോ ഉണര്‍ന്നു. തലയ്ക്കു മുകളില്‍ ഒരു കൊന്ന പൂത്തുനില്‍ക്കുന്നു. അത് ആ ചേച്ചിയുടെ സാരിയായിരുന്നു. ജനാലയിലൂടെ എത്തിയ വെളിച്ചത്തില്‍ കാറ്റില്‍ പുളഞ്ഞ ആ കൊന്നപ്പൂ സാരി - ജീവിതത്തിലെ ആദ്യത്തെ സ്ത്രീ !

English Summary : Writer B. Jeyamohan about women

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA