കവിതയിലേക്കെത്താൻ പ്രത്യേക വഴികളില്ല

malayalam-poet-akkitham--namboothiri
SHARE

‘‘ഞാനെഴുതിയതെല്ലാം ശരിയാണെന്ന് അഭിപ്രായമില്ല. തെറ്റുകളുണ്ടാവാം’’, ജ്ഞാനപീഠത്തിന് അർഹനായ വിവരം അറിഞ്ഞപ്പോൾ അക്കിത്തം കൂപ്പുകൈയോടെ ഓർത്തതു എഴുത്തിന്റെ വഴിയിൽ പ്രോത്സാഹനമായി നിന്ന പേരുകൾ. ‘‘ഞാനീ പൊന്നാനി ഭാഗത്ത് എഴുതിനടന്ന ഒരാളാണ്. അതിൽ ശ്രദ്ധിക്കുകയും അതിനെക്കുറിച്ച് എഴുതുകയും ചെയ്ത ലീലാവതി ടീച്ചർ, ശങ്കുണ്ണി നായർ, ശങ്കരൻ, അച്യുതനുണ്ണി, ആത്മാരാമൻ, വസന്തൻ അങ്ങനെ അവരുടെ പട്ടിക വലുതാണ്. അവരാണ് എന്നെക്കാൾ കൂടുതൽ സന്തോഷിക്കുന്നത്.’’ 

‘‘എന്റെ കവിതയ്ക്ക് ശക്തി നൽകിയത് എന്റെ പത്നി ശ്രീദേവിയാണ്. അവരെത്ര കഷ്ടപ്പെട്ടിട്ടുണ്ട് എന്നതിനു കണക്കില്ല. ഇപ്പോൾ അവരെന്നോടൊപ്പമില്ല എന്നതാണു സങ്കടം. അതുപോലെ തന്നെ എന്റെ ചെറിയ കുറിപ്പുകൾ മറ്റു ഭാഷകളിലേക്കു തർജ്ജമ ചെയ്യാൻ ഒരുപാട് പേർ പണിയെടുത്തു. ചൗഹാനെയും ആർസുവിനെയും ഹരിഹരനുണ്ണിത്താനെയും പണിക്കരെയുമൊന്നും മറക്കാനാകില്ല. ’’ 

∙ പുതിയ കാലത്തിന്റെ കവിതകൾ വായിക്കാറുണ്ടോ? 

വായിക്കാറുണ്ട്, എനിക്ക് മനസ്സിലാകാറില്ല. കവിതയ്ക്കു വൃത്തവും അർഥവും വേണം. 

കോഴിക്കോട്ടെ ആകാശവാണിക്കാലത്തെക്കുറിച്ചുള്ള ഓർമകൾ? 

തിക്കോടിയൻ, ഉറൂബ്, പി.ഭാസ്കരൻ, കെ.രാഘവൻ, എസ്.രമേശൻ നായർ തുടങ്ങി ഒട്ടേറെ ആളുകൾ ഉണ്ടായിരുന്നു. എല്ലാവരും ചേർന്നു ചോദ്യങ്ങളും ഉത്തരങ്ങളും തയാറാക്കി അതൊക്കെ എഡിറ്റ് ചെയ്ത് പരിപാടി അവതരിപ്പിക്കുമായിരുന്നു. പി. ഭാസ്കരൻ കുറച്ചുകാലമേ ഉണ്ടായിരുന്നുള്ളൂ. പിന്നീടു സിനിമയിലേക്കു പോയി. എസ്.രമേശൻ നായർ ഒരുപാടു കാലം ഒരുമിച്ചുണ്ടായിരുന്നു. 

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കൃതി അന്നത്തെ കക്ഷിരാഷ്ട്രീയത്തെ തുറന്നു കാട്ടുന്നതായിരുന്നു. പതിറ്റാണ്ടുകൾക്ക് മുൻപ് അങ്ങ് പറഞ്ഞ കാര്യങ്ങൾ ഇന്നും പ്രസക്തമല്ലേ? 

അതെ, അതിൽ പറഞ്ഞതെല്ലാം ഇന്നും പ്രസക്തമാണ്. അന്നത്തെ രാഷ്ട്രീയത്തിൽനിന്നു കൂടുതൽ മോശമായ അവസ്ഥയിലാണു വർത്തമാനകാല രാഷ്ട്രീയം.

English Summary: Akkitham Achuthan Namboothiri honoured with Jnanpith Award

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA