ADVERTISEMENT

ചിലപ്പോൾ ഒരു ദിവസം മാത്രം രണ്ടുപേർ തമ്മിൽ പ്രേമിക്കുന്നു. അല്ലെങ്കിൽ ഒരാഴ്ച. അതുമല്ലെങ്കിൽ കുറച്ചുകാലം. എന്നിട്ട് ആ പ്രേമം നഷ്ടമാകുന്നു. ഇരുവരും രണ്ടു ദിക്കിലേക്കു പിരിയുന്നു. പിന്നീടൊരിക്കലും  സംഭവിക്കുന്നില്ലെങ്കിലും ആ പ്രേമത്തിന്റെ ഓർമ നിലനിൽക്കുന്നു. ആ സ്മരണയുടെ പ്രകാശത്താൽ അകം തിളങ്ങുന്നു. മായികമെന്നു തോന്നാവുന്ന ഒരു കാഴ്ച അവിടെയുണ്ടാകുന്നു. അതിനെയാണു നാം കലാസൃഷ്ടി എന്നു വിളിക്കുന്നത്.

 

portrait-of-a-lady-on-fire-movie-image-02

ഫ്രഞ്ച് ചലച്ചിത്രകാരി സെലിൻ ശ്യമയുടെ ‘പോർട്രെയ്റ്റ് ഓഫ് എ യങ് ലേഡി ഓൺ ഫയർ’ ക്ഷണികമെങ്കിലും കലയിൽ അനശ്വരമായേക്കാവുന്ന വികാരത്തിന്റെ അലകളാൽ സൃഷ്ടിക്കപ്പെട്ടതാണ്. ഈ സിനിമ പെൺനോട്ടങ്ങളുടെ കയമാണ്. ശരീരം എത്ര നിശ്ചലമായിരുന്നാലും കണ്ണുകൾ അനങ്ങിക്കൊണ്ടിരിക്കും.നിശ്ചലമായ തടാകത്തിൽ മീനുകളെ പോലെ ഇളകുന്ന കണ്ണുകൾ അയയ്ക്കുന്ന നോട്ടങ്ങളാണു കലയും പ്രേമവും ഉണ്ടാക്കുന്നത്. ഈ നോട്ടങ്ങളുടെ ആഖ്യാനമാകാൻ സംഗീതവും കവിതയും ഉണ്ട്. കവിത, ഓർഫ്യൂസിനെയും യൂറിഡൈസിനെയും സംബന്ധിക്കുന്ന ഓവിഡിന്റെ കാവ്യമാണ്. ഋതുക്കളെ ഉണർത്തുന്ന സ്വരസഞ്ചയമാണ് അർഹ്യുർ സിമോണീനിയും പാരാ വണ്ണും ചേർന്നുള്ള സിനിമയിലെ സംഗീതം. ഇപ്രകാരം ചിത്രവും കാവ്യവും സംഗീതവും ഒന്നുചേരുന്നിടം സ്മരണ സ്ഥിരസ്ഥിതിയാകുന്നു.  2019 ലെ ഏറ്റവും ധ്യാനാത്മകമായ ദൃശ്യാനുഭവം, പോർട്രെയ്റ്റ് ഓഫ് എ യങ് ലേഡി ഓൺ ഫയർ.

 

പതിനെട്ടാം നൂറ്റാണ്ടിൽ,  വിപ്ലവത്തിനു മുൻപേയുള്ള ഫ്രാൻസാണു കഥാപശ്ചാത്തലം. വിവാഹിതയാകാൻ പോകുന്ന പ്രഭുകുമാരി ഹെലോയ്സിന്റെ (അദലെനൽ) ഛായാചിത്രം വരയ്ക്കാനായി വിദൂരമായ ഒരു ദ്വീപിലെ അവരുടെ വീട്ടിലേക്കു കടൽ താണ്ടി എത്തുന്നു ചിത്രകാരിയായ മരിയൻ (നയോമി മെർലൻഡ്). ദുരൂഹമായ അന്തരീക്ഷമാണ് ആ പ്രഭുഭവനത്തിൽ. ഹെലോയ്‌സിന്റെ സഹോദരി ആത്മഹത്യ ചെയ്തതിനു പിന്നാലെയാണു കന്യാമഠത്തിലായിരുന്ന ഹെലോയ്‌സ് തിരിച്ചു വീട്ടിലെത്തുന്നത്. മിലാനിലെ ഒരു പ്രഭുകുമാരൻ അവളെ വിവാഹം ചെയ്യാൻ പോകുന്നു. എന്നാൽ വിവാഹത്തിനു മുൻപേ പ്രതിശ്രുത വധുവിന്റെ ഒരു ഛായാചിത്രം വേണമെന്ന വ്യവസ്ഥ അയാൾ വച്ചു. എന്നാൽ, വരയ്ക്കാനായി പോസ് ചെയ്യാൻ ഹെലോയ്സ് വിസ്സമ്മതിച്ചതിനാൽ മുൻപു വന്ന ചിത്രകാരൻ ചിത്രം അപൂർണമാക്കി തിരിച്ചുപോകുകയായിരുന്നു.

 

വിഷാദമാണോ നിസ്സംഗതയാണോ എന്നു തിരിച്ചറിയാനാവാത്ത ഭാവമാണു ചിത്രകാരിയുടെ മുഖത്ത്. കടൽയാത്രയ്ക്കിടെ അവളുടെ ക്യാൻവാസുകൾ അടങ്ങിയ പെട്ടി വെള്ളത്തിൽ വീഴുന്നുണ്ട്. അവൾ കടലിൽ ചാടി ആ പെട്ടി തിരിച്ചെടുക്കുന്നു. നനഞ്ഞുകുതിർന്നു വിറച്ചാണ് അവൾ എത്തുന്നത്. 

director-celine-sciamma
ഫ്രഞ്ച് ചലച്ചിത്രകാരി സെലിൻ ശ്യമ

ഹെലോയ്‌സ് പോസ് ചെയ്യില്ലെന്നതിനാൽ, അവളറിയാതെ ചിത്രം വരയ്ക്കണം. പ്രഭുകുമാരിയുടെ സവാരിയിൽ കൂട്ടിനു പോകാനാണു മരിയനെ നിയോഗിച്ചതെന്നാണ് അവളോടു പറയുന്നത്. ഈ നടത്തത്തിനിടെ അവളെ നിരീക്ഷിച്ചശേഷം വേണം ആ ചിത്രമെഴുതാൻ. ഇപ്രകാരം തുടർച്ചയായി അയയ്ക്കപ്പെടുന്ന നോട്ടങ്ങളിലൂടെയാണു ചിത്രമെഴുത്തു പൂർത്തിയാകുന്നത്. എന്നാൽ നോട്ടങ്ങൾ പരസ്പരം മടക്കിനൽകുന്നതോടെ ഇരുവരുടെയും ഉള്ളം ഇളകുന്നു. അവിടെ പരൽമീനുകൾ സഞ്ചരിക്കാൻ തുടങ്ങി.

 

താനറിയാതെ വരച്ച തന്റെ ചിത്രത്തിലേക്ക് ഹെലോയ്‌സ് നോക്കുന്നു. എന്നിട്ടു ചിത്രകാരിയോടു ചോദിക്കുന്നു,‘ ഇതു ഞാൻ തന്നെയാണോ?’ കലയിൽ രൂപം മാത്രം മതിയോ ജീവിതം വേണ്ടേ എന്ന ചോദ്യം ഹെലോയ്‌സ് ഉന്നയിക്കുന്നതോടെ അവൾക്ക് അപമാനം തോന്നുന്നു. ആ ഛായാചിത്രം ചിത്രകാരി തന്നെ നശിപ്പിക്കുന്നു. ഹെലോയ്സ് പറയുന്നു: ഞാൻ നിനക്കുവേണ്ടി പോസ് ചെയ്യാം. നീ എന്നെ വരയ്ക്കൂ..

 

അയയ്ക്കുന്ന നോട്ടങ്ങൾ മടക്കി ലഭിക്കുമ്പോൾ എന്താണു സംഭവിക്കുന്നത്? കലാകാരിയും കലാവസ്തുവും തമ്മിലുള്ള വിനിമയം മാത്രമല്ല, പ്രേമം കൂടി അവിടെയുണ്ടാകുന്നു. കലയും പ്രേമവും ഒന്നിച്ചു സഞ്ചരിക്കുന്നതിന്റെ വികാരമാത്രകളാണു സെലിൻ ശ്യമയുടെ സിനിമയുടെ കാതൽ, മരിയന്റെ വര ആദ്യം സാങ്കേതികവും വികാരരഹിതവുമായിരുന്നു. എന്നാൽ, ഹെലോയ്‌സിന്റെ ഹൃദയത്തിലേക്ക് അവളുടെ നോട്ടം പരക്കുന്നതോടെ നിറത്തിനു പ്രാണൻ ലഭിക്കുന്നു.  

രണ്ട് ആഴ്ച മാത്രം നീളുന്ന ആ പ്രണയത്തിനിടെ, ഒരു രാവിൽ ഹെലോയ്‌സ് ഒവിഡിന്റെ കവിത വായിക്കുന്നു, മരിയനും ജോലിക്കാരിയായ സോഫിയും കേട്ടിരിക്കുന്നു. പാമ്പുകടിയേറ്റു മരിച്ചുപോയ പ്രിയതമയെ തിരിച്ചുകൊണ്ടുവരാനുള്ള ഓർഫ്യൂസിന്റെ, മരിച്ചവരുടെ ലോകത്തിലേക്കുള്ള സഞ്ചാരമാണ് ഒവിഡ് വിവരിക്കുന്നത്. ഒരു വ്യവസ്ഥയിൽ യൂറിഡൈസിനെ മടക്കി അയയ്ക്കാമെന്നു ദൈവങ്ങൾ പറയുന്നു. ഹെയ്‌ഡിന്റെ വാതിൽ പിന്നിടും വരെ എന്തു സംഭവിച്ചാലും തിരിഞ്ഞുനോക്കരുത്. തിരിഞ്ഞുനോക്കിയാൽ എന്നന്നേക്കുമായി അവളെ നഷ്ടമാകും. എന്നാൽ യാത്ര തീരാറാകുമ്പോഴേക്കും പിന്നാലെ ഭാര്യ വരുന്നുണ്ടോ എന്ന ജിജ്ഞാസയാൽ വീർപ്പുമുട്ടി ഓർഫ്യൂസ് തിരിഞ്ഞുനോക്കുകയാണ്, അതോടെ അവൾ മാഞ്ഞുപോകുന്നു.

 

എന്തിനാണ് ഓർഫ്യൂസ് തിരിഞ്ഞുനോക്കിയതെന്നാണ് സോഫിയുടെ ചോദ്യം. അങ്ങനെ ചെയ്യരുതെന്നു പറഞ്ഞതല്ലേ. എന്തുകൊണ്ടാണ് അനുസരിക്കാതിരുന്നത്?  മരിയന്റെ വിശദീകരണം, ഓർഫ്യൂസ് ഒരു തിരഞ്ഞെടുപ്പു നടത്തിയെന്നതാണ്, ഭാര്യയേക്കാൾ ഭാര്യയുടെ ഓർമയെ അയാൾ തിരഞ്ഞെടുത്തു. അതു കവിയുടെ നോട്ടമായിരുന്നു. കവിതയായാലും ചിത്രമായാലും, ഒരൊറ്റ നോട്ടത്തിന്റെ മാത്രം ഓർമയുടെ കലയാണ്.  

 

ഈ സിനിമയിൽ ചിത്രം വരയ്ക്കുന്ന വിരലുകൾ കാണാം; വരകൾ രൂപങ്ങളും രൂപങ്ങൾ വികാരങ്ങളുമായി മാറുന്നത്. ഈ സിനിമയിൽ ഉപയോഗിച്ചിട്ടുള്ള എല്ലാ ചിത്രങ്ങളും വരച്ചത് പ്രശസ്ത ഫ്രഞ്ചുചിത്രകാരി ഹെലെൻ ദിൽമെയറാണ്. ദിൽമെയറുടെ വിരലുകളാണു നാം മരിയന്റേതായി കാണുന്നത്.

 

English Summary : Celine Sciamma’s new film - ‘Portrait of a Lady on Fire’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com