sections
MORE

ഷെയ്ക്‌സ്പിയര്‍ നാടകത്തില്‍ ഫ്‌ളെച്ചര്‍ ‘കൈവച്ചെന്ന്’ എഐ

william-shakespeare
വില്യം ഷെയ്ക്‌സ്പിയർ
SHARE

വിശ്രുത ആംഗല നാടകകൃത്ത് വില്യം ഷെയ്ക്‌സ്പിയറുടെ (1564-1616) നാടകങ്ങളെക്കുറിച്ച് ചെറുതും വലുതുമായ പല ആരോപണങ്ങളുമുണ്ട്. അദ്ദേഹത്തിന്റെ നാടകങ്ങളൊന്നും അദ്ദേഹമല്ല എഴുതിയത് എന്ന വാദം ഉയര്‍ത്തുന്നവർ പോലുമുണ്ട്. എന്നാല്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിന്‍സ് അഥവാ എഐയുടെ സഹായത്തോടെ നടത്തിയ ഗവേഷണത്തില്‍, ഹെന്റി എട്ടാമന്‍ (Henry VIII) എന്ന നാടകം എഴുതാൻ ഷെയ്ക്‌സ്പിയറിനൊപ്പം ജോണ്‍ ഫ്‌ളെച്ചര്‍ (1579-1625) എന്ന സമകാലിക നാടകകൃത്ത് സഹകരിച്ചിരുന്നതായി കണ്ടെത്തിയെന്നാണ് പെറ്റര്‍ പ്ലെചാക് (Petr Plechác) എന്ന ഗവേഷകൻ പറയുന്നത്. അദ്ദേഹം എങ്ങനെ ഈ കണ്ടെത്തലിലെത്തി എന്നു മനസ്സിലാക്കുന്നതിനു മുമ്പ് ചില കാര്യങ്ങൾകൂടി അറിയാം.

കിങ്‌സ് മെന്‍ (King's Men) എന്ന നാടക കമ്പനിക്കൊപ്പമാണ് ഷെയ്ക്‌സ്പിയര്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നത്. അദ്ദേഹത്തിന്റെ മരണശേഷം കമ്പനി ഫ്‌ളെച്ചറെ ജോലിക്കുവയ്ക്കുകയായിരുന്നു. പെട്ടെന്നു തന്നെ ഒരാള്‍ക്കു പകരം മറ്റൊരാളെ ജോലിക്കെടുത്തു എന്നതു സൂചിപ്പിക്കുന്നത്, ഇരുവരുടെയും ശൈലികള്‍ കാഴ്ചക്കാര്‍ക്കു ശീലമായിരുന്നു എന്നതാകാമെന്ന് വളരെക്കാലമായി പറയപ്പെടുന്ന കാര്യമാണ്. ഒരു കാലഘട്ടത്തിലെ ഒരാളുടെ പേരുമാത്രം ഓര്‍മിക്കപ്പെടുന്നു എന്നതില്‍ അസാധാരണമായി ഒന്നുമില്ല എന്നും വാദമുണ്ട്. തന്റെ രചനാ ജീവിതത്തിൽ ഫ്‌ളെച്ചര്‍ ഷെയ്ക്സ്പിയര്‍ക്കൊപ്പം മാത്രമല്ല മറ്റ് ഏതാനും എഴുത്തുകാരോടും സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നതായും പറയപ്പെടുന്നു. 

ഷെയ്ക്സ്പിയര്‍ക്കൊപ്പം ഫ്‌ളെച്ചര്‍ പ്രവര്‍ത്തിച്ചിരിക്കാം എന്ന് ആദ്യമായി പറയുന്നത് ജയിംസ് സ്‌പെഡിങ് എന്ന പണ്ഡിതനാണ്. 1850 ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ അദ്ദേഹം ഹെന്റി എട്ടാമന്‍ നാടകത്തില്‍ ഫ്‌ളെച്ചറെന്ന എഴുത്തുകാരന്റെ ‘വിരലടയാളം’ പതിഞ്ഞിട്ടുണ്ടെന്ന് വാദിച്ചിരുന്നു. രണ്ട് എഴുത്തുകാരുടെ കൈകളിലൂടെ കടന്നു പോയ പുസ്തകമാണിതെന്നാണ് അദ്ദേഹം അന്നു വാദിച്ചത്. തുടര്‍ന്ന് 1980ല്‍ തോമസ് മെറിയം എന്ന എഴുത്തുകാരനും സ്‌പെഡിങ്ങിന്റെ വാദത്തോട് പലയിടങ്ങളിലും യോജിച്ചിരുന്നു. ഭാഷാ പ്രയോമാണ് അവർ വിശകലനം ചെയ്തത്. ഫ്ളെച്ചര്‍ പലപ്പോഴും യു (you) എന്നല്ല, യെ (ye) എന്നാണ് എഴുതുക. ദെം (them) എന്നെഴുതില്ല. മറിച്ച് എം ('em) എന്നായിരിക്കും കുറിക്കുക. ഇതെല്ലാമാണ് സ്പെഡിങ്ങിനെപ്പോലെയുള്ള ഗവേഷകര്‍ കണ്ടെത്തിയിരുന്നത്. എന്തായാലും, കഴിഞ്ഞ രണ്ടു നൂറ്റാണ്ടോളമായി ഷെയ്ക്‌സ്പിയര്‍കൃതികളെക്കുറിച്ചുള്ള വാദപ്രതിവാദങ്ങള്‍ നടന്നുവന്നിരുന്നു. 

william-shakespeare-potrait

എഐ പറയുന്നതെന്ത്?

പ്ലെചാക്, ഷെയ്ക്‌സ്പിയറും ഫ്‌ളെച്ചറും തനിച്ച് എഴുതിയതെന്നു വിശ്വസിക്കപ്പെടുന്ന നാലു നാടകങ്ങള്‍ വീതം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനു ഫീഡു ചെയ്തു. അതിനു ശേഷം ഹെന്റി എട്ടാമന്‍ നാടകവും ഫീഡു ചെയ്തു. നാടകത്തിലെ ഓരോ ഭാഗമായി ആണ് കടത്തിവിട്ടത്. ഭാഗങ്ങള്‍ പരിശോധിച്ചശേഷം അത് ഷെയ്ക്‌സ്പിയര്‍ എഴുതിയതാണോ ഫ്‌ളെച്ചര്‍ എഴുതിയതാണോ എന്നു കണ്ടെത്തുകയായിരുന്നു. എന്തായാലും, എഐയുടെ നിഗമനവും സ്‌പെഡിങ്ങും മെറിയവും പറഞ്ഞത് ഏറെക്കുറെ ശരിയാണെന്നാണ്. 

പദങ്ങളുടെ തിരഞ്ഞെടുപ്പും വിന്യാസവും വരികളുടെ നീളവും അടക്കമുള്ള പല കാര്യങ്ങളും വിശകലനം ചെയ്താണ് എഐ ഈ കണ്ടെത്തലിലെത്തിയിരിക്കുന്നതെന്ന് പ്ലെചാക് പറഞ്ഞു. എന്നാല്‍, സ്‌പെഡിങ്ങിന്റെ സിദ്ധാന്തത്തിന്റെ പിന്‍ബലമില്ലായിരുന്നുവെങ്കില്‍ ഈ കണ്ടെത്തലുകള്‍ ഇതേപടി സാധ്യമാകുമായിരുന്നില്ല. അതേസമയം, ഫ്‌ളെച്ചര്‍ തന്നെയായിരിക്കണമെന്നില്ല ഹെന്റി എട്ടാമനില്‍ ഇടപെട്ടിട്ടുണ്ടാകുക, ഷെയ്ക്‌സ്പിയര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു എന്നു കരുതുന്ന ഫിലിപ് മാസിഞ്ചറുമാകാം (Philip Massinger) ശൈലീവ്യതിയാനത്തിനു പിന്നിലെന്നും വാദമുണ്ട്. ഇത്തരം സിദ്ധാന്തങ്ങള്‍ക്കു പിന്നാലെ പോയാല്‍ എങ്ങുമെത്തില്ല. ഷെയ്ക്‌സ്പിയറുടെ കൃതികള്‍ ഒന്നു പോലും അദ്ദേഹമല്ല എഴുതിയത് എന്നു വാദിക്കുന്നവര്‍ വരെയുണ്ടല്ലോ.

എന്തായാലും, ഗവേഷകര്‍ എഐയെ കൂട്ടുപിടിച്ച് സാഹിത്യ കൃതികളെ വിശകലനം ചെയ്യാനിറങ്ങിയിരിക്കുന്നത് വലിയൊരു മാറ്റമാണ്. ഒരു എഴുത്തുകാരന്റെ ശൈലി പൂര്‍ണ്ണമായും പഠിച്ചെടുക്കുക എന്നതിന് അല്‍പം കൂടി സമയം വേണ്ടിവന്നേക്കും. അതൊക്കെ നടന്നു കഴിഞ്ഞാല്‍ ഒരുപക്ഷേ ഒരു ശാസ്ത്ര പ്രബന്ധം വികെഎന്‍ ശൈലിയിലോ ബഷീര്‍ ശൈലിയിലോ വായിക്കാവുന്ന കാലം വന്നേക്കാം. പക്ഷേ, അതിന് പതിറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടിവരും.

English Summary : Researcher uses AI to unravel the mystery of Shakespeare’s co-author

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA