ADVERTISEMENT

രാത്രി യാത്രയിലാണു രണ്ടു സുഹൃത്തുക്കൾ. ഒരാളുടെ കയ്യിൽ വിളക്കുണ്ട്. മറ്റേയാളും ആ വെളിച്ചത്തിലാണു സഞ്ചരിക്കുന്നത്. ഒരു കവലയിലെത്തിയപ്പോൾ വിളക്കുള്ളയാൾ വഴിതിരിഞ്ഞു പോയി. അവിടം മുഴുവൻ അന്ധകാരമായി. കൂടെയുള്ള ആൾ എന്തു ചെയ്യണമെന്നറിയാതെ വിലപിക്കാൻ തുടങ്ങി – ഞാനെന്തു കൊണ്ടാണ് വിളക്കെടുക്കാൻ മറന്നത്; വെളിച്ചം മറഞ്ഞാൽ എന്തു ചെയ്യണമെന്നു പഠിക്കാത്തത് എന്തുകൊണ്ട്?

ഉദയസൂര്യനെ കണ്ട് ഉണരുമ്പോൾ അസ്തമയ സൂര്യൻ അകലെയല്ല എന്നുകൂടി ഓർക്കണം. ക്ഷണിക സന്തോഷത്തിലും സൗന്ദര്യത്തിലും മതിമറന്നു നിൽക്കുന്നവർക്ക് മുന്നൊരുക്കങ്ങൾ നഷ്ടമാകും. സഞ്ചരിക്കേണ്ട വഴിയെക്കുറിച്ചോ സമയദൈർഘ്യത്തെക്കുറിച്ചോ ധാരണയില്ലാത്തവർ പാതിവഴിയിൽ യാത്രയ്ക്കു പൂർണവിരാമമിടും. 

 

വഴി മുഴുവൻ അറിഞ്ഞോ ലക്ഷ്യം പൂർണമായി മനസ്സിലാക്കിയോ ആർക്കും യാത്ര തുടങ്ങാനാകില്ല. ഓരോ പര്യടനത്തിന്റെയും ആകസ്മികതയും സാഹസികതയും അംഗീകരിച്ചേ മതിയാകൂ. എന്തിനെയും നേരിടാൻ മനസ്സും ശരീരവും സജ്ജീകരിക്കുന്നവർക്കുള്ളതാണ് പുതിയ വഴികളും വേറിട്ട യാത്രകളും. സന്നദ്ധത മാത്രമല്ല, സന്നാഹവും കൂടിയുള്ളവരാണു സഞ്ചാരികൾ. ഒരു കാര്യം അത്യന്താപേക്ഷിതമാണെന്ന് അറിഞ്ഞിട്ടും അതിന്റെ കരുതൽ ശേഖരം ഇല്ലാത്തവരാണു വിഡ്ഢികൾ. തൊഴിൽസാധ്യത നൽകുന്ന നൈപുണ്യം നേടാത്തവരും സ്ഥാനമാനങ്ങൾക്കനുസരിച്ചു ശീലങ്ങൾ മാറ്റാത്തവരും ജീവിതത്തിന്റെ രൂപരേഖ തയാറാക്കുന്നതിൽ പരാജയപ്പെടും. എത്രകാലം അപരന്റെ വെളിച്ചത്തിലൂടെ സഞ്ചരിക്കും? സഹചാരി അപ്രത്യക്ഷനാകുമ്പോൾ അവസാനിക്കേണ്ടതല്ല ആരുടെയും ജീവിതം. അമിത ആശ്രയത്വം ശീലിക്കുന്നവരെല്ലാം ഒരിക്കൽ അന്ധകാരത്തിൽ തപ്പിത്തടയും. തനതു വീര്യവും പ്രാപ്തിയുമാണ് ഓരോരുത്തരെയും വഴി നടത്തേണ്ടത്.

 

English Summary : Subadinam - Food for thought

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com