ADVERTISEMENT

ആരോഗ്യദൃഢഗാത്രനായിരുന്നു ഡയോജനീസ്. ആളുകളെ പിടികൂടി അടിമകളാക്കി വിൽക്കുന്ന സംഘം ഒരിക്കൽ അദ്ദേഹത്തെ വളഞ്ഞു. ഡയോജനീസിന്റെ ആകാരം കണ്ട അവർ ഒന്നു മടിച്ചു. ഡയോജനീസ് പറഞ്ഞു: പേടിക്കേണ്ട. ഞാൻ എതിർക്കില്ല. നിങ്ങൾക്കെന്നെ ചങ്ങലയ്ക്കിടാം. അവർ അദ്ഭുതപ്പെട്ടു. അദ്ദേഹത്തെ ചങ്ങലയ്ക്കിട്ട് അടിമച്ചന്തയിൽ എത്തിച്ചു. ഡയോജനീസ് വിളിച്ചുപറഞ്ഞു: ഒരു യജമാനനെ വിൽക്കാൻ കൊണ്ടുവന്നിട്ടുണ്ട്. അടിമകളാരെങ്കിലും ഉണ്ടെങ്കിൽ വന്നു വാങ്ങിക്കോളൂ! താങ്കളെന്താണ് ഇങ്ങനെ സംസാരിക്കുന്നതെന്നു ചോദിച്ച അടിമക്കച്ചവടക്കാരോട് അദ്ദേഹം പറഞ്ഞു: യജമാനൻ എന്നും യജമാനൻ തന്നെ. സ്വാതന്ത്ര്യം അടിമത്തത്തിൽനിന്നുള്ള മോചനമല്ല; അടിമത്തത്തെ മറികടക്കലാണ്!

അടിമത്തം ഒരു മനോഭാവമാണ്; അതു ഭയത്തിന്റെയോ മുഖസ്തുതിയുടെയോ സഹതാപത്തിന്റെയോ ആകാം. ദാസ്യഭാവത്തിന്റെ ജീർണസുഖങ്ങൾ അനുഭവിച്ചവർക്ക് അതിനോട് എന്നും മമതയുണ്ടാകും. അതിൽനിന്നു രക്ഷപ്പെടണമെന്ന ആഗ്രഹം പോലും അവരിലുണ്ടാകില്ല. എല്ലാ അടിമത്തവും പ്രത്യക്ഷത്തിൽ സ്വാതന്ത്ര്യം എന്നു തോന്നുന്ന പല കാര്യങ്ങളും അനുവദിച്ചുതരും. കഴിക്കുന്ന ഭക്ഷണവും ശ്വസിക്കുന്ന വായുവും ഔദാര്യമാണെന്നു പറഞ്ഞു വിശ്വസിപ്പിക്കും. ചില പാരിതോഷികങ്ങളും സ്ഥാനമാനങ്ങളും കൈക്കുമ്പിളിൽ വച്ചുതരും. ഓടിയൊളിച്ചല്ല സ്വാതന്ത്ര്യം പ്രാപിക്കേണ്ടത്. എന്തിന്റെയെങ്കിലും സാന്നിധ്യത്തിൽനിന്നു രക്ഷപ്പെടാൻ ഒളിച്ചോടുന്നതു സ്വാതന്ത്ര്യമല്ല, അതു ഭീരുത്വത്തിന്റെ പടുകുഴിയിലേക്കുള്ള വീഴ്ചയാണ്. 

എന്തിനെയാണോ ഭയക്കുന്നത് അതിന്റെ കൂടെ ജീവിച്ച് ആ ഭയത്തെ മറികടക്കണം. അല്ലെങ്കിൽ ഭയമെന്ന അടിമത്തം സന്തതസഹചാരിയായി ഉണ്ടാകും. തനതു ശീലങ്ങളും വ്യക്തമായ അഭിപ്രായങ്ങളും ഈടുറ്റ ശൈലികളും ഉള്ളവരെ ആർക്കും ഭയപ്പെടുത്താനാകില്ല.

English Summary : Subadinam - Food for thought

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com