ജീവിച്ചു കൊതിതീരാത്ത ഒരാത്മാവിന്റെ പ്രാർഥന

mohan-lal-spirit-malayalam-movie-still
മോഹൻലാൽ. ചിത്രം: സ്പിരിറ്റ്
SHARE

പാട്ടെഴുത്തിനൊരു രീതിശാസ്ത്രമുണ്ട്. അതിൽ സിനിമാപ്പാട്ടെഴുത്തിന്റെ രചനാമണ്ഡലം വേറെത്തന്നെയാണ്. അവിടത്തെ പ്രധാന കാര്യം എഴുതുന്ന ആളിന്റെ രചനാസ്വാതന്ത്ര്യത്തെ സംബന്ധിച്ചതാണ്. ഗാനരചയിതാവിന് പരിമിതമായ ഇടങ്ങളിലൂടെ മാത്രമേ സഞ്ചരിക്കാനാവൂ. കാരണം, മുൻകൂട്ടി നിർണയിക്കപ്പെട്ടിട്ടുള്ള കഥാശരീരത്തിന്റെ  അതിർത്തി ഭേദിക്കാൻ രചയിതാവിന് അനുവാദമില്ല. അഥവാ അതു ഭേദിച്ചാൽ അയാള്‍ ലക്ഷ്യത്തിൽ നിന്നും മാറിപ്പോവാൻ സാധ്യതയേറെയുണ്ട്. ഇത് എല്ലാക്കാലത്തും നില നിൽക്കുന്ന വസ്തുതയാണ്. 

പാട്ടെഴുത്തിന് രണ്ടു കാലഘട്ടമുണ്ട്. ആദ്യഘട്ടത്തിൽ വരികൾ ആദ്യവും ഈണം പിന്നെയുമായിരുന്നു. പിന്നീടത് ഈണം ആദ്യവും വരികൾ പിന്നെയും എന്നായി. ആദ്യഘട്ടത്തിൽ ഗാനരചയിതാവിനും സംഗീതസംവിധായകനും അവരുടെ ആവിഷ്കാരത്തിൽ ഏറെ സ്വാതന്ത്ര്യം കിട്ടിയിരുന്നു. മാത്രമല്ല, സംഗീതസംവിധായകന് ഏറെ ഉത്തരവാദിത്വവും ഉണ്ടായിരുന്നു. അയാൾക്ക്, കവിയുടെ ആശയമണ്ഡലത്തെ തന്റെ സംഗീതരചനകൊണ്ട് ഭദ്രമായി ആവിഷ്കരിക്കേണ്ടതുണ്ടായിരുന്നു. രണ്ടാംഭാഗത്തിൽ എഴുത്തുകാരന് ഒരുപാടു പരിമിതികൾ കല്പിക്കപ്പെട്ടു. ഈണത്തിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് ഒരു നല്ല കഥനം ഏറെ ദുഷ്കരമായി. എന്നിട്ടും അക്കാലത്ത് ഈണത്തിനൊപ്പിച്ച എഴുതേണ്ടിവന്നപ്പോഴും കവിക്കു തന്റെ രചന അർഥപൂർണമായി നിർവഹിക്കാൻ കഴി‍ഞ്ഞു. കാരണം, ഈണം സൃഷ്ടിച്ചിരുന്നവർ ഭാഷ അറിയുന്നവരും ഭാഷയെ സ്നേഹിച്ചിരുന്നവരുമായിരുന്നു. അർഥമുള്ള വാക്കുകൾക്ക് ഒതുങ്ങാൻ പറ്റിയ ഈണവടിവുകളായിരുന്നു ആ സംഗീതകാരന്മാർ ഒരുക്കിയിരുന്നത്. താളത്തിലും കണക്കിലും ഈണം ആശയത്തെ ഉൾക്കൊള്ളാൻ പാകത്തിലുള്ളതായിരുന്നു. 

rafeeq-ahammed-malayalam-writer
റഫീക്ക് അഹമ്മദ്

കാലം മാറിയതോടെ, ദൃശ്യങ്ങളുടെ രൂപപ്പെടുത്തലുകളിൽ മാറ്റം വന്നതോടെ (ചിലപ്പോഴെങ്കിലും ആദ്യം ഗാനചിത്രീകരണവും പിന്നീട് ഗാനം ചേർക്കലും സംഭവിക്കാറുണ്ട്) കാര്യങ്ങൾ കൂടുതൽ സങ്കീർണമായി. ട്യൂണുകൾ ഏറെയും ദേശാതിർത്തി കടന്നുവന്നവയാകയാൽ  പ്രാദേശിക ഭാഷയുടെ ശരീരത്തിന് അന്യദേശ ഈണത്തിന്റെ കൂട്ടിൽ കയറിക്കൂടാൻ പ്രയാസമായി. അങ്ങനെ വന്നപ്പോൾ അർഥവിചാരത്തിന്റെ അലട്ടലുകളില്ലാതെ ഏതുവിധേനയും വാക്കുകൾ മീറ്ററിന്റെ കണക്കുകളിൽ ചുരുങ്ങി. ഇങ്ങനെയുള്ള രണ്ടു ദശകളിൽ രണ്ടാംദശയിലാണ് റഫീക്ക് അഹമ്മദിന്റെ കാലം. ആദ്യകാലത്തെ പാട്ടെഴുത്തുകാരിൽ ഈണത്തിനനുസരിച്ച് പാട്ടെഴുതിയവരിൽ ഒ.എൻ.വിയും ശ്രീകുമാരൻ തമ്പിയും യൂസഫലി കേച്ചേരിയുമാണ് കൂടുതൽ എഴുതിയിട്ടുള്ളത്. തുടർന്ന് ബിച്ചു തിരുമല, പൂവ്വച്ചൽ ഖാദർ, മങ്കൊമ്പ് തുടങ്ങിയവർ. പിന്നെ കൈതപ്രം, ഗിരീഷ് പുത്തഞ്ചേരി... അങ്ങനെയാണാ പരമ്പര. ഭാസ്കരൻമാഷും വയലാറും വളരെക്കുറച്ചു മാത്രമേ ഈണത്തിനനുസരിച്ച് എഴുതിയിട്ടുള്ളൂ. പുത്തൻകൂറ്റുകാർക്ക് എല്ലാവർക്കും ഈണത്തിനനുസരിച്ച് എഴുതാനേ അവസരമുള്ളൂ. അവരിൽ ഒന്നാമത്തെ പേര് റഫീക്കിന്റേതായിരിക്കും. അദ്ദേഹം മലയാളത്തിലെ പുതുനിരക്കവികളിൽ നല്ല കവികളിലൊരാളാണ്. ഗാനരചനാരംഗത്തേക്കുള്ള അദ്ദേഹത്തിന്റെ വരവ് പുതിയ കാലത്തെ ഈണബന്ധിതമായ ഗാനപദ്ധതിയുടെ ഗുണപരമായ ഒരു സംക്രമണത്തിനു വഴിവെച്ചു. അദ്ദേഹം എഴുതിയ പാട്ടുകളിൽ ഏതാനും പാട്ടുകളെപ്പറ്റി മാത്രമേ ഈ കുറിപ്പിൽ പ്രതിപാദിക്കുന്നുള്ളൂ. അതു കൊണ്ടു തന്നെ ഈ ഉദ്യമം അപൂർണമായിരിക്കും. 

rafeeq-ahammed-malayalam-poet
റഫീക്ക് അഹമ്മദ്

മലയാള ചലച്ചിത്രഗാനത്തിൽ ഗസലിന്റെ പദനിർമിതി / പദശയ്യ (ഇതിനെ ഡിക്ഷൻ എന്നു വേണമെങ്കിൽ ആംഗലത്തിൽ വിളിക്കാം) പി. ഭാസ്കരനും യൂസഫലി കേച്ചേരിക്കും ശേഷം ഏറ്റവും വ്യത്യസ്തമായി ഉപയോഗിച്ചത് റഫീക്ക് അഹമ്മദാണ്. 

ഗസൽ ഒരു കവിതാരീതിയാണ്. ലക്ഷണമൊത്ത ഒരു ഗസൽരചന നമ്മുടെ ഭാഷയിൽ അസാധ്യമാണ്. കാരണം, ഭാഷയുടെ പ്രത്യേകത തന്നെ. ആ കാവ്യരൂപത്തിന്റെ ചില കല്പനകൾ റഫീക്കിന്റെ പാട്ടുകളില്‍ കണ്ടെത്താനാവും. കാറ്റ്, കടൽ, അമ്പിളി, ആകാശം, മേഘം അങ്ങനെ ഒട്ടനവധി ബിംബങ്ങൾ ഗസലിന്റെ രചനയിൽ ധാരാളമായി കാണാവുന്നതാണ്. കവിതയിലെ ഒരിനം യോഗാത്മകത ഗസലിൽ ഉണ്ടായിരിക്കും. അത്തരം ഒരു പദഘടന റഫീക്ക് ധാരാളമായി പ്രയോഗിക്കുന്നുണ്ട്. (ഗസലിന്റെ ലക്ഷണങ്ങളെല്ലാം റഫീക്കിന്റെ രചനകളിലുണ്ട് എന്നല്ല അർഥമാക്കുന്നത്). ദൈവത്തെ സ്തുതിക്കുന്നതിൽ നിന്ന് പ്രിയപ്പെട്ട എന്തിനെയും സ്തുതിക്കുന്നതിലേക്കു രൂപം പ്രാപിക്കുന്ന കാവ്യരീതിയാണ് ഗസലിന്റെത്. അതുകൊണ്ടുതന്നെ, പ്രണയഗാനത്തിന് ഗസലിന്റെ കല്പനകൾ നന്നായി ഇണങ്ങും. പരിഭവവും വിരഹവും ഗസലിന്റെ രസബിന്ദുക്കളാണ്. ‘പറയാൻ മറന്ന പരിഭവങ്ങൾ...’(ഗർഷോം), ഈ പാട്ട് റഫീക്കിന്റെ ആദ്യഗാനമാണ്. പറയാൻ മറന്ന പരിഭവങ്ങൾ ഓർക്കുന്നത് വിരഹാർദ്രങ്ങളായ മിഴികളാണ്. ഈ മൂർത്ത– അമൂർത്ത സങ്കല്പം ഈ പാട്ടിനെ ഒരു മുന്തിയ വിതാനത്തിലേക്ക് ഉയർത്തുന്നുണ്ട്. പിരിയുമ്പോൾ വിടരാതെ അടർന്നുപോയ വിധുരസ്മിതമായി വഴിയിൽ ഒറ്റനക്ഷത്രമായി വെളിച്ചം വീശുന്നത്. ഓര്‍മകൾ തിരകളായി പടരുന്ന, സമുദ്രമായിത്തീരുന്ന, ഒരിക്കലും പറഞ്ഞു തീർക്കാനാവാത്ത പരിഭവങ്ങളാണ് ഈ പാട്ടിൽ റഫീക്ക് കാഴ്ചവെക്കുന്നത്. അമൂർത്തബിംബങ്ങളുടെ വിന്യാസമാണ് ഈ പാട്ടിനെ മികച്ചതാക്കുന്നത്. 

rafeeq-ahammedinte-chalachitrhaganangal-book-cover

മഴയുടെ സാന്നിധ്യം കൊണ്ട് മിഴിവുറ്റ ഒരു പാട്ടാണ്. ‘രാക്കിളിതൻ...’(പെരുമഴക്കാലം). മഴയെ സംഭോഗശൃംഗാരത്തിന്റെ അടയാളമാക്കി വയലാറിന്റെ ഒരു മനോഹരഗാനമുണ്ട്(പനിനീർമഴ...പൂമഴ....തേന്മഴ...).മഴ വിഷയമായ മലയാളഗാനങ്ങളിൽ ഏറ്റവും നല്ല പാട്ടാണിത്. എന്നാൽ, ആ പാട്ടിൽ കാളിദാസന്റെ സങ്കല്പമാതൃകയുണ്ട്. റഫീക്കിന്റെ ഗാനത്തിൽ മഴയും മഴത്തുള്ളികളും സ്മരണകളും പ്രതീക്ഷകളുമായാണ് ഇതൾവിടർത്തുന്നത്. ഇതിൽ നോവിന്റെ തിരമാലകളേറെയാണ്. നോവിന്റെ ഈ പെരുമഴക്കാലം ഒറ്റപ്പെട്ടുപോയ ഒരു രാക്കിളിയുടെ വഴി മറയ്ക്കുന്നതാണ്. ഈ മഴക്കാലം കാത്തിരിപ്പിന്റെ തിരി നനയ്ക്കുന്നതും വേനലിന്റെ വിരഹബാഷ്പമണിയുന്നതുമാണ്. അതേസമയം ഈ മഴ ആളെത്തുന്നതുമാണ്. ദീർഘപദരചന–ലംബീശായരിയും വിരുദ്ധോക്തിയും ഇതിനെ ഗസലിനോട് അടുപ്പിക്കുന്നു. ഇത്തരം വിരുദ്ധോക്തിപ്രയോഗങ്ങളാവാം പാട്ടിനെ കൂടുതൽ കാവ്യാത്മകമാക്കുന്നത്. 

‘നെടുവീർപ്പിൻതന്ത്രികൾ പാകുന്ന വരവീണ തന്നാൽ ഒരു സമുദ്രം തിരിച്ചുതരാമെ’ന്നു പറയുന്ന കാമുകനാണ്‘ ഈ കൽപ്പടവിൽ ഈ മരത്തണലിൽ’ (ഔട്ട് ഓഫ് സിലബസ്) എന്ന പാട്ടിലുള്ളത്. ‘ഇനി വരും കാലങ്ങളറിയാത്ത പാതകൾ ഒരു ബിന്ദുവിൽ വന്നു ചേർന്നാൽ ഇതുവരെ പറയാത്ത പ്രിയരഹസ്യം ഹൃദയദലങ്ങളിൽ കുറിച്ചു തരാമെ’ന്നും അയാൾ പറയുന്നു. 

തട്ടം പിടിച്ചു വലിക്കല്ലേ(പരദേശി) ഒരു ഉൾനാടൻ മുസ്ലിം സുന്ദരിപ്പെണ്ണിന്റെ ആത്മഭാഷണമാണ്. മൈലാഞ്ചിച്ചെടിയുടെ റെഫറൻസ് വരുന്നതോടെ പാട്ടിൽ പാത്രസൃഷ്ടി പൂർണമാകുന്നു. പള്ളിത്തൊടിയിലെ വെള്ളിലവള്ളികൾ തുള്ളുന്ന കുളപ്പടവ് ഏഴാംരാവിന്റെ ചമ്പകപ്പൂവിതൾ വീണ് കുതിർത്ത വെള്ളം നിറഞ്ഞതാണ്. അതിൽ നിന്നും ഒരു കുമ്പിൾ കോരിയെടുക്കാനാണ് അവൾ ആശിക്കുന്നത്. ഊരു വിട്ട് തികച്ചും അപരിചിതമായ ഏതോ ദിക്കിലേക്കു പോകുന്ന അവളെ പിടിച്ചുവലിക്കുകയാണ് മൈലാഞ്ചിച്ചെടി. ഇത്തരം ഒരു മൈലാഞ്ചിച്ചെടിയുടെ ഇക്കാലത്ത് കണ്ടുമുട്ടാൻ സാധ്യത കുറഞ്ഞ ഒന്നാണ്. അതുകൊണ്ടു തന്നെയാണ് അത് അപൂർവമായ ഭാവനാവൈഭവമാകുന്നത്. ഇതേ ചിത്രത്തിലെ മറ്റൊരു പാട്ടാണ് ‘ആനന്ദക്കണ്ണീരിന്നാഴത്തിൽ മിന്നുന്ന മാരിവില്ലുള്ളോളേ....’ കളവു കാണിക്കുന്ന, ഇടയ്ക്കിടെ വെട്ടുന്ന അഞ്ജനക്കണ്ണുള്ള പെണ്ണ്, അങ്ങനെ വാക്കുകൾകൊണ്ടുള്ള അനവധി വർണചിത്രങ്ങൾ കോറിയിടുന്നുണ്ട് റഫീക്ക് അഹമ്മദ്. 

വേനൽപ്പുഴയിലെ തെളിനീരിൽ പുലരി മൂകമായി തിളങ്ങുമ്പോൾ തന്റെ പ്രിയപ്പെട്ടവളെ ഇലകളിൽ, പൂക്കളിൽ ഇളവെയിലായി എഴുതുന്ന ഒരു പ്രണയിയുണ്ട് പ്രണയകാലത്തിലെ പാട്ടിൽ. ‘ജലശയ്യയിൽ’ (മൈ മദേഴ്സ് ലാപ്ടോപ്) എന്ന ഗാനത്തിൽ ജലശയ്യയിൽ ഉറങ്ങുന്ന തളിരമ്പിളിയെ ഉണർത്തല്ലേ എന്ന് കുളിരോളത്തോടു പറയുന്നു. ഈ പാട്ട് ഒരു കവിതയാണ്. ‘മെയ്മാസമേ നിൻനെഞ്ചിലെ പൂവാക ചോക്കുന്നതെന്തേ’ എന്ന പാട്ട് നോക്കുക. ഋതുവും മലരും പുലർത്തുന്ന കാലബന്ധം രണ്ടു വരിയിൽ ഇങ്ങനെ ഒതുക്കാൻ കഴിയുന്നത് കവിത്വം തന്നെയാണ്. 

ഏതോ ജലശംഖിൽ കടലാഴം ശ്രുതിയാക്കി ഒന്നും പറയാനാവാതെ ഒന്നും പറയാൻ ‘മുതിരാതെ നിറയുന്ന ഒരു പ്രിയ സാന്ത്വനം’–ലാപ്ടോപ്പിലെ ഈ ഗാനം. റഫീക്കിന്റെ നല്ല ഗാനങ്ങളിലൊന്നാണ്. ഇല്ലാതായിപ്പോയ പ്രണയത്തെക്കുറിച്ചുള്ള തിരക്കഥയിലെ പാട്ട് ഒരു പക്ഷേ, കവിയുടെ വാക്കിനോടുള്ള സത്യവാങ്മൂലം കൂടിയാണ്. ‘അരികിൽ നീ ഇല്ലെന്ന സത്യത്തെ അറിയുവാനെനിക്കാവുകില്ലിപ്പോഴും.’ പിച്ചകപ്പൂക്കൾ അവളെപ്പോലെ ചിരിച്ചുകൊണ്ടിരിക്കെ, പുലരിയുടെ പൊൻവിരലുകൾ ജനലഴികളിൽ തലോടവേ, പുതുമഴ മണ്ണിൽ മണമുതിർക്കുന്നേടത്തോളം കാലം തന്റെ പ്രിയപ്പെട്ടവൾ തന്നോടൊപ്പമില്ലെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ഉറച്ചു പറയുന്ന ഒരു കാമുകൻ. വിശുദ്ധപ്രണയത്തെക്കുറിച്ചുള്ള ബോധ്യം ഇതിനുമപ്പുറം എങ്ങനെ പറയാനാവും ഒരു സിനിമാപ്പാട്ടിൽ. 

താൻ മഴയറിഞ്ഞ് തന്റെ പ്രിയപ്പെട്ടവളുടെ കണ്ണീർ തന്റെ അകം നനച്ചതിനുശേഷമാണെന്നും വേനലറിഞ്ഞത് അവളുടെ ചിരി നേർത്ത് തന്നിലലിഞ്ഞതിനുശേഷമാണെന്നും സ്നേഹത്തിന്റെ ഒരു ജീവൻ ആത്മഭാഷണം നടത്തുന്നു മഴ ഞാൻ അറിഞ്ഞിരുന്നില്ല എന്ന പാട്ടിൽ. 

‘കണ്ണോടു കണ്ണോരം,’ റഫീക്കിന്റെ രചനാകൗശലം ഏറെ പ്രത്യക്ഷപ്പെട്ട ഒരു പാട്ടാണ് വീരപുത്രനിലെ ഈ ഗാനം. കണ്ണോടു കണ്ണോരം നോക്കിയിരുന്നാലും കാണാമറയത്ത് ഒളിച്ചാലും

കണ്ണിനും കണ്ണായൊരുൾക്കണ്ണിൻ തുമ്പത്ത് കണ്ണീർക്കിനാവായ് തുളുമ്പിനില്ക്കുന്ന പ്രിയം. വൻ കടലിലും വെൺമണൽക്കാട്ടിലും സദാ തേടി നടക്കുന്ന ഒന്ന്. കണ്ടെത്താതെ മൃത്യുവരെ തേടിനടക്കേണ്ടുന്ന ആ പൊരുളിനെക്കുറിച്ചുള്ള പാട്ടാണിത്. 

റഫീക്കിന്റെ ഏറ്റവും ഹിറ്റായ പാട്ടാണ് ‘കിഴക്കു പൂക്കും’ (അൻവർ) ‘ഇനിയ്ക്കു നെഞ്ചിൻ കരിക്കുമായി തുടിക്കും കണ്ണിൽ കനവുമായി വന്നു തോഴൻ ഖൽബിലെത്തി’ എന്നത് ഖല്‍ബിൽ കടന്നു എന്നോ ഖൽബിലെ തീയായെന്നോ വായിച്ചെടുക്കും. ഇതാണ് രചനയിലെ സൂത്രപ്പണി. എന്ന് സ്വന്തം മൊയ്തീനിലെ കാത്തിരുന്ന് മെലിഞ്ഞ പുഴയും വളകൾ ഊർന്നു പോയ വേനലും ഓർത്തിരുന്ന് നൂലുപോലെ മെലിഞ്ഞ, ചിരി മറന്ന പെണ്ണും– ഒടുങ്ങാത്ത കാത്തിരിപ്പിന്റെ ആഴം ഒരു പ്രകൃതിചിത്രത്തിന്റെ പശ്ചാത്തലത്തിൽ ഒരു നല്ല ലാൻഡ്സ്കെയ്പ്. അതുപോലെ പ്രണയം പകരുന്ന വിരഹവും മുറിവുകളും സുഖദമാണെന്ന്. ആണയിടുന്ന മറ്റൊരു പാട്ട് ‘പ്രിയമുള്ളവനേ...’ 

വളരെ ദർശനാത്മകമായ ഒത്തിരി പാട്ടുകൾ റഫീക്ക് എഴുതിയിട്ടുണ്ട്. റഫീക്കിന്റെ ദർശനം വളരെ വ്യത്യസ്തമാണുതാനും. ‘കഥയ മമ കഥയ മമ’ എന്ന പാട്ട് കഥപറച്ചിലിന്റെ വിരുതിനെക്കുറിച്ചും സാരത്തെക്കുറിച്ചുമാണ് പറയുന്നത്. പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളും, എല്ലാ ചലനങ്ങളും കഥ തന്നെയാണെന്നാണ് ഈ പാട്ടിലൂടെ റഫീക്ക് പറയുന്നത്. ഈ വഴിയോരസത്രത്തിൽ ഒത്തു ചേർന്ന് പിന്നീട് പിരിഞ്ഞുപോകുന്നതു വരെ കഥ തന്നെ എല്ലാം എന്ന് ഒറ്റപ്പാട്ടിന്റെ ചെപ്പിൽ ഒതുക്കി വെക്കുന്നു. ഈ കവി. 

‘ ആ നദിയോരം’ (ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്) മനുഷ്യജന്മത്തിന്റെ നിസ്സാരതയെയും അജ്ഞേയമായ ജന്മരഹസ്യത്തെപ്പ‌റ്റിയുമുള്ളതാണ്. എല്ലാം മരങ്ങളെയും ഋതുമതിയാക്കുന്ന പാട്ടു പാടി വരുന്ന കാറ്റിന്റെ കഥയാണ് ‘കാറ്റേ കാറ്റേ’ (സെല്ലുലോയ്ഡ്).

‘കണ്ടതിനുമപ്പുറമുള്ളൊരു കാഴ്ചകൾ കണ്ടറിയുന്നൊരു കണ്ണുണ്ടെടോ’ (ലേഡീസ് ആൻഡ് ജെന്റില്‍മെൻ). ഏതോ മറുപാതി കണ്ടെത്താൻ നടത്തുന്ന ജന്മദീർഘമായ യാനമാണ് ജീവിതമെന്ന് ഒരു പാട്ടിൽ. 

ആദാമിന്റെ മകൻ അബുവിലെ പാട്ടുകൾ റഫീക്ക് അഹമ്മദിന്റെ ഏറ്റവും മികച്ച പാട്ടുകളാണ്. ‘മുത്തോലക്കുന്നത്തെ’ എന്ന പാട്ടിൽ ചലച്ചിത്രത്തിന്റെ മുഴുവൻ പ്രമേയവും ആവാഹിച്ചിരിക്കുന്നു. ‘കിനാവിന്റെ മിനാരത്തിൽ’ എന്ന പാട്ടിൽ തന്റെ ചെറുതൂവൽച്ചിറകുകൊണ്ട് അനന്തമായ ആകാശത്തെ അളക്കാൻ കൊതിക്കുന്ന ഒരു പ്രാവുണ്ട്. അത്തരമൊരു കല്പന ഒരു കവിജന്മത്തിന്റെ അടയാളം തന്നെയാണ്. നിത്യവുമോരോ ദുഃഖഭാരത്തിന്റെ കാഫ്മല തോളിലേന്തി ആയുസ്സിന്റെ തീക്കടൽ നീന്തുന്ന മർത്ത്യന് വരണ്ട ചുണ്ടിൽ സംസംജലം കിട്ടാനായി നടത്തുന്ന പ്രാർഥനയെപ്പറ്റിയാണ് ‘മക്കാമദീനത്തിൽ’ എന്ന പാട്ട്. 

ബോംബെ മാർച്ച് 31 എന്ന സിനിമയിൽ ഒരു പാട്ടുണ്ട്. നിയോഗമറിയാതെ പാറും ശരങ്ങൾ പോലെ ആരോ തൊടുത്ത ഞാണിൽ മോഹാന്ധരായി തേടിത്തേടി ഒടുവിൽ എത്തുന്നത് ഒരു പിടി മണ്ണിന്റെ മൗനത്തിലാണെന്ന സനാതനസത്യം ആവിഷ്കരിക്കുന്ന പാട്ട്. ഈ പാട്ടിൽ കവി ഈണത്തിന്റെ ഭിത്തികളെ ഭേദിക്കുന്നുണ്ട്, തീർച്ച. 

ഇമ്മാനുേവലിൽ ഒരു ക്രിസ്തീയ പ്രാർഥനാ ഗാനമുണ്ട്, ‘എന്നോടു കൂടെ ഇരിക്കുന്ന ദൈവമേ.’ ഈ ദൈവസങ്കല്പം വേറെയാണ്. മഴക്കാറായും മഴയായും അനുഭവം പകരുന്ന ദൈവം, ഓരോ പൂവിലും പദരേണു നിറയ്ക്കുന്ന ദൈവം. ദൈവത്തിന്റെ ഈ ചിത്രത്തിന് ഒരു പുതുമയുണ്ട്. 

‘വാതിൽ ചാരാൻ സമയമായി’ എന്ന ഗാനത്തിലാണ് ‘ഉടലാം പ്രിയവേഷ’ത്തെക്കുറിച്ച് പറയുന്നത്. ഒരു ഫാന്റസിയുടെ ലോകമാണ് ഈ ഗാനം നമുക്കു മുന്നിൽ തുറക്കുന്നത്. 

ഭാഷയെ സ്നേഹിക്കുന്ന, ഭാഷ അറിയുന്ന ചില സംഗീത സംവിധായകർക്കു വേണ്ടി പാട്ടെഴുതുമ്പോൾ റഫീക്കിന്റെ പാട്ടുകള്‍ക്ക് അഴകു വരുന്ന കാണുക. എത്ര പെട്ടെന്നാണ് ആ പാട്ടുകൾ ഛന്ദസ്സിലേക്കു കൂടു മാറുന്നത്. താളത്തിന്റെ പീഠത്തിൽ കയറി നിൽക്കുന്നത്. ഇനി പറയുന്നത് പാട്ടുകളായി പകർന്നാടേണ്ടിവന്ന രണ്ടു കവിതകളെക്കുറിച്ചാണ്. റഫീക്കിന്റെ പ്രസിദ്ധങ്ങളായ രണ്ടു കവിതകൾ ‘മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകൾ’ (സ്പിരിറ്റ്).

‘ഒരു ചുംബനത്തിനായ് ദാഹം ശമിക്കാതെ എരിയുന്ന പൂവിതൾത്തുമ്പുമായി

പറയാത്ത വാക്കിന്റെ മധുരം പടർന്നൊരു ചുണ്ടുമായി

നിറമധുചഷകത്തിനു മുന്നിൽ’ മുഖത്തോടു മുഖം നോക്കിയിരിക്കുന്ന രണ്ടു നിഴൽച്ചിത്രങ്ങൾ. 

മരണം കാത്തു കിടക്കുന്ന ഒരാളുടെ മനോഗതം മലയാളസിനിമയിലും സാഹിത്യത്തിലും നാം ധാരാളം കണ്ടിട്ടുണ്ട്. പക്ഷേ, മരണമെത്തുന്ന നേരത്ത് തന്റെ അരികിൽ ഇത്തിരി നേരമിരിക്കാൻ തന്റെ പ്രിയപ്പെട്ടവളോട് ആവശ്യപ്പെടുന്ന ഒരു ഗാനം അപൂർവമാണ്. അവസാന ശ്വാസത്തിൽ അവളുടെ ഗന്ധവും കണ്ണിൽ അവളുടെ രൂപവും ഏറ്റുവാങ്ങി ദേഹം വെടിയാൻ കാത്തിരിക്കുന്ന ഒരു പ്രാണന്റെ നിലവിളി– എല്ലാം കഴിഞ്ഞ് തന്നെ പുതയ്ക്കുന്ന മണ്ണിൽ നിന്നും ഒരു പുൽനാമ്പായി പുനർജനിക്കാൻ കൊതിക്കുന്ന, ജീവിച്ചു കൊതിതീരാത്ത ഒരാത്മാവിന്റെ പ്രാർഥനയാണ് ഈ ഗാനം. ഒരു പക്ഷേ, റഫീക്കിന്റെ പേര് അനശ്വരമാക്കുന്ന അദ്ദേഹത്തിന്റെ വിരലടയാളം. 

റഫീക്കിന്റെ രചനകൾക്കു മേലെ ഒരു െഞക്കുവിളക്കിന്റെ പ്രകാശം വീഴ്ത്താനേ എനിക്കായിട്ടുള്ളൂ എന്ന ബോധ്യത്തോടെ, കണക്കു തെറ്റിയ പല മൂശകളിലും ഉരുവമാർന്നുവരാൻ തന്റെ പദക്കൂട്ടുകൾ ഉരുക്കിയൊഴിച്ചുകൊടുത്ത എന്റെ പ്രിയ സ്നേഹിതന് നമസ്കാരം പറഞ്ഞ് നന്ദി പറഞ്ഞ് നിർത്തുന്നു.

(റഫീക്ക് അഹമ്മദ് ചലച്ചിത്രഗാനരംഗത്ത് ഇരുപതു വർഷം പിന്നിടുന്ന വേളയിൽ മാതൃഭൂമി ബുക്സ് പുറത്തിറക്കിയ ‘റഫീക്ക് അഹമ്മദിന്റെ ചലച്ചിത്ര ഗാനങ്ങൾ’ എന്ന പുസ്തകത്തിന് ഇ. ജയകൃഷ്ണൻ എഴുതിയ അവതാരിക)

റഫീക്ക് അഹമ്മദിന്റെ ചലച്ചിത്ര ഗാനങ്ങൾ

മാതൃഭൂമി ബുക്സ്

വില 450 രൂപ

English Summary : Rafeeq Ahammedinte Chalachithraganangal published by Mathrubhumi Books

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA