ADVERTISEMENT

 

ezhuthumesha-web-column-paul-celan

ഒരാൾ കുറച്ചു പുസ്തകങ്ങൾ മെല്ലെ വായിച്ചുകൊണ്ടിരിക്കുകയാണ്. (ദയവായി അങ്ങനെ സങ്കൽപിക്കുക). നോവലുകൾ, കവിതകൾ, ലേഖനങ്ങൾ.. അവ വായിച്ചുതീരുന്നതോടെ ഒരു ദിവസം അയാൾ തനിച്ച് ഒരു യാത്ര പോകുന്നു. യാത്രയിൽ അയാളുടെ കൈവശം മേതിൽ രാധാകൃഷ്ണന്റെ കഥകളുടെ ഒരു സമാഹാരം ഉണ്ടാകും. ഒരു നോട്ടുപുസ്തകത്തിൽ ഏതാനും താളുകളിൽ അയാൾ പകർത്തിവച്ചിട്ടുള്ള ചില കവിതകളും. അതിലെ ശേഷിക്കുന്ന കടലാസുകളിൽ ആയിരിക്കും അയാൾ ഇനി എഴുതാൻ പോകുന്നത്. വിചിത്ര സ്നേഹങ്ങൾ എന്നാണു താൻ എഴുതാൻ പോകുന്നതിനെ അയാൾ വിശേഷിപ്പിക്കുക. പഴയ സ്നേഹത്തിനുശേഷം വരുന്ന പുതിയ സ്നേഹം പഴയതിനെക്കാൾ മനോഹരമായിത്തീരും. ഓരോ പുതിയ സ്നേഹവും നഷ്ടപ്പെട്ടതിനെക്കാൾ നല്ലതായിരിക്കും- ഇതാണ് അയാൾ എഴുതാൻ പോകുന്നത്. 

 

ചിലർ അവരുടെ ആദ്യ പ്രേമത്തോളം വരില്ല മറ്റൊരു പ്രേമവും എന്നു വിചാരിക്കുന്നു. ഇവിടെ പക്ഷേ മറ്റൊരാൾ തന്റെ അവസാന പ്രേമത്തോളം വരില്ല യാതൊന്നും എന്നു വിശ്വസിക്കുന്നു. അപ്പോൾ സ്വാഭാവികമായും നാം ചോദിച്ചുപോകും, എങ്കിൽ പറയൂ, ഏറ്റവും മനോഹരമായ ആദ്യപ്രേമത്തെയും അവസാന പ്രേമത്തെയും കുറിച്ചു പറയൂ!

 

രൂപാലി മൂന്നടരുകളിൽ എന്ന കഥയിൽ മേതിൽ പറയുന്നു-

‘‘വാക്കുകൾക്കു മരണമുണ്ട്. മോക്ഷമില്ല. ആളുകൾ മറന്നാൽ, ഉപയോഗിക്കാതിരുന്നാൽ വാക്കുകൾ മരിക്കും. പക്ഷേ മോചനം ഉണ്ടാകണമെങ്കിൽ അവയ്ക്ക് അവയുടെ അർഥം തന്നെ നഷ്ടപ്പെടണം’’.

മരിച്ചാലും മോക്ഷം പ്രാപിക്കാത്തത് അതിന്റെ അർഥം അങ്ങനെയേ ശേഷിക്കുന്നു എന്നതു കൊണ്ടാണ്. ആദ്യ പ്രേമമായാലും അത് മരിച്ചാലും മോക്ഷമില്ലാതെ തുടരുന്നത്, അതുണ്ടാക്കിയ വികാരം അങ്ങനെ തന്നെ ശേഷിക്കുന്നുവെന്നതാണ്. അതായത് അതിലേക്കു നിങ്ങൾ തിരിച്ചുപോകുകയില്ല. എന്നാൽ തിരിച്ചുചെല്ലാത്ത ഒരിടത്ത് ആ വികാരം ശേഷിക്കുന്നുണ്ടാകും. 

മേതിൽ എഴുതുന്നു-

‘‘അതേ നില്പ് നില്ക്കുക! എന്റെ ഓർമയിൽ ഒരു ടാബ്ലോ പോലെ, ലോകത്തിന്റെ തകർന്ന സ്റ്റോപ് വാച്ച് പോലെ, അതേ പടുതിയിൽ നില്ക്കുക.’’

 

ഇനി അവസാന പ്രേമത്തിലേക്കു വരിക, അവസാന പ്രേമത്തെ അവസാന പുസ്തകം എന്നു വിശേഷിപ്പിക്കുകയാണ് ഉചിതം. അവസാന പുസ്തകം ഒരു ദൃഷ്ടാന്തമാണ്, അതിനാൽ നാം അതേപ്പറ്റി പെട്ടെന്നു സംസാരിച്ചുതീരുകയുമില്ല. ഇതുവരെ സംഭവിച്ച പ്രേമങ്ങളിൽ നിന്നാണ് ഏറ്റവും പുതിയ പ്രേമം ഉണ്ടാകുന്നത്. അതിനാൽ ഓരോ തവണ പുതിയ പ്രേമം വരുമ്പോഴും അതു നഷ്ടപ്പെട്ടുപോയതിനേക്കാൾ നന്നാകും, ആദ്യ പ്രേമത്തിലെ പിഴവു രണ്ടാമത്തേതിൽ ആവർത്തിക്കരുത്, നിങ്ങൾ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കുന്നുവെങ്കിൽ. അതേസമയം, നിങ്ങൾ പ്രേമത്തിൽ, നിങ്ങളുടെ ഭാഷയിൽ, വാക്കുകളിൽ ഉറച്ചുനില്ക്കുകയും ചെയ്യുക. യഥാർഥത്തിൽ ഒരാൾ സ്വന്തം ഭാഷ കണ്ടെത്തുന്നതാണ് അയാളുടെ യഥാർഥ പ്രേമം എന്നു പറയണം. മേതിൽ എഴുതുന്നു-‘‘പള്ളിക്കു മുകളിൽ ഒരു കൂട്ടം തുമ്പികൾ പറക്കുന്നു. കാറ്റും തുമ്പികളുമുള്ള പ്രഭാതങ്ങളിൽ ഞാനൊരു ദൈവമാണ്. ഞാൻ നിന്നെ പേടിക്കില്ല.’’

 

to huddle against

the instabilities 

പോൾ സെലാൻ എന്ന ജർമൻ കവിയെ നാം വായിക്കുന്നു- യുദ്ധങ്ങൾക്കും ദുർമരണങ്ങൾക്കും ഭ്രാന്തിനും ഇടയിൽനിന്ന് സ്വന്തം ഭാഷ കണ്ടെത്തിയ കവി. ജർമനിലെഴുതിയ സെലാന്റെ കവിതകളുടെ ഇംഗ്ലിഷ് പരിഭാഷ ഒരു നിഘണ്ടു അടുത്തുവച്ചിട്ടു വായിക്കാൻ ശ്രമിക്കുന്നു. കവിതയിൽ അർത്ഥമറിയാതെ നില്ക്കുന്ന ആ വാക്കുകൾ ഒന്നും നിഘണ്ടുവിൽ ഇല്ല. 

ജൂതരെ ചുട്ടെരിച്ച ക്യാംപുകളുടെ സമീപം താമസിക്കുന്നവർ ദിവസവും അന്തരീക്ഷത്തിൽ കടുത്ത ഗന്ധം അനുഭവിച്ചിരുന്നു. ഉയർന്ന കുഴലുകളിലൂടെ പുക പുറത്തേക്കു വരാറുണ്ടായിരുന്നു. മനുഷ്യരെ ജീവനോടെ ദഹിപ്പിക്കുന്നതിന്റെ ഗന്ധമാണതെന്ന് അയൽവാസികൾക്കു മനസ്സിലായില്ല. അത്തരം കൂട്ടമരണകളുടെ ഓർമകൾ വച്ചാണ് നിങ്ങൾ എഴുതുന്നത് എങ്കിൽ നിഘണ്ടുവിലുള്ള വാക്കുകൾ മതിയാവില്ല.

you 

with the darkness

slingshot,

you with the stone

 

it is overevening

I light behind myself

Take me down

be serious about us

പോൾ സെലാന്റെ കവിതകൾ ഒരു നോട്ടുപുസ്തകത്തിൽ പകർത്തിയെഴുതിയിട്ടു സ്വന്തം നാടു വിട്ടു മറ്റെവിടെയെങ്കിലും പോയിരുന്നു വായിക്കണം. സെലാന് ഒരു പ്രത്യേകതയുണ്ട്- മറ്റു കവികളുടെ രണ്ടു വരി മുറിച്ചെടുത്ത് നാം ഒരിടത്തു വച്ചാൽ മിക്കവാറും അതു തനിച്ചു നില്ക്കുന്നതു കാണാം. സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റി എവിടെയും ഉപയോഗിക്കാം എന്നർഥം. അതായത് ഷെയ്ക്സ്പിയർ പോലെ, നെരൂദ പോലെ. സെലാനിൽ ഇതൊന്നും സാധ്യമല്ല. മുകളിൽ കൊടുത്ത വരികൾ നോക്കൂ. അതു തനിച്ചു നില്ക്കുന്നതേയില്ല. അതുണ്ടാക്കുന്ന അർഥശങ്കകൾ ഭയാനകമാണ്. തന്റെ കവിത മറ്റൊരിടത്തേക്കും മാറ്റിവയ്ക്കാൻ അനുവദിക്കാത്തവിധം വാക്കുകളുടെ ചില പൂട്ടുകൾ കവി ഇട്ടു വച്ചിരുന്നു. വിവർത്തനത്തിലും ആ പൂട്ട് അഴിയുന്നില്ല. 

 

റൊമേനിയൻ വംശജനായ, പോൾ സെലാന്റെ മാതാപിതാക്കൾ, നാത്‌സി തടങ്കൽപാളയത്തിലാണു കൊല്ലപ്പെട്ടത്. നാത്‌സികൾ തിരഞ്ഞുവരുമെന്ന് അറിഞ്ഞിട്ടും ഒളിസങ്കേതത്തിലേക്കു മാറാതെ സ്വന്തം വീട്ടിൽ തുടർന്നു െസലാന്റെ മാതാപിതാക്കൾ. ശനിയാഴ്ച രാത്രികളിലാണു ജൂതവേട്ട നടന്നിരുന്നത്. ഒരു ഞായറാഴ്ച രാവിലെ സെലാൻ എത്തുമ്പോൾ വീട്ടിൽ ആരും അവശേഷിച്ചില്ല.

 

യുക്രെയ്നിലെ സെർനോവിറ്റ്സിലെ ലേബർ ക്യാംപിലേക്ക് അയയ്ക്കപ്പെട്ട സെലാൻ, 1944 ൽ റഷ്യൻ അധിനിവേശത്തോടെ മോചിതനായി. യുക്രെയ്ൻ ദിനപത്രത്തിനുവേണ്ടി  റൊമേനിയൻ പരിഭാഷകനായിരുന്നു ആദ്യം. പിന്നീടു റൊമേനിയൻ സാഹിത്യം റഷ്യനിലേക്കു പരിഭാഷ ചെയ്യുന്ന ജോലി ചെയ്തു. ഇക്കാലത്താണ് ഫ്രാൻസ് കാഫ്കയുടെ ഒട്ടേറെ കഥകൾ അദ്ദേഹം റഷ്യനിലേക്കു മൊഴിമാറ്റിയത്. സെലാന്റെ ജീവിതകാലമത്രയും കാഫ്ക പ്രിയപ്പെട്ട എഴുത്തുകാരനായി തുടരുകയും ചെയ്തു. രണ്ടാം ലോകയുദ്ധാനന്തരം സെലാൻ ഫ്രാൻസിലേക്കു കുടിയേറി ഫ്രഞ്ച് പൗരത്വം സ്വീകരിച്ചു. അദ്ദേഹത്തിനു ഫ്രഞ്ച് ഭാഷ നന്നായി അറിയാമായിരുന്നു. എന്നിട്ടും എല്ലാ കവിതകളും ജർമനിലാണ് എഴുതിയത്; ഒരിക്കൽപോലും ജർമനിയിൽ താമസിച്ചിട്ടില്ലെങ്കിലും. മറ്റ് ഹോളോകോസ്റ്റ് എഴുത്തുകാരിൽനിന്ന് സെലാൻ വ്യത്യസ്തനാകുന്നത്, നാത്‌സി തടങ്കൽപാളയത്തിലെ അനുഭവങ്ങൾ എഴുതാൻ അദ്ദേഹം ഒരിക്കലും തയാറായില്ലെന്നതാണ്.  എന്നാൽ ഹോളോകോസ്റ്റിന്റെ നിഴൽ വീഴാത്ത ഒരു വരിയും സെലാനിൽ വായിക്കാനാവില്ല. അതേ പൈശാചികകാലത്തിലെ മാംസഗന്ധത്തിന്റെ വേട്ടയാടലുകളിൽ അദ്ദേഹം രോഗബാധിതനായി, ഒടുവിൽ ജീവനൊടുക്കുകയും ചെയ്തു.

 

പോൾ സെലാൻ കവിതകൾ എത്ര കൊണ്ടു നടന്നാലും ചില വാക്കുകൾ കടങ്കഥ പോലെ ബാക്കിയാകും. ചില വരികൾ അപൂർണമായ ഏതോ വികാരം പകർന്നു നിലകൊള്ളും. ഗ്രഹിക്കാനാവാത്ത ഒരു കടങ്കഥ പോലെ അതു ബാക്കിയാകും. വിചിത്രമായ ചില സ്നേഹങ്ങൾ എന്നാൽ അതാണ്.

Through this shaft

you have to come-

you come.

 

English Summary : Ezhuthumesha Column - Is it better to have loved and lost?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com