sections
MORE

ഈ സിനിമ 'കുള്ളന്റെ ഭാര്യ'യെ ഓർമ്മിപ്പിക്കുന്നത് യാദൃച്ഛികമാണ്; നീലക്കണ്ണുകളുടെ ചാരപ്പണിയുടെ കഥ

Alfred Hitchcock
ആൽഫ്രെഡ് ഹിച്ച്‌കോക്ക്
SHARE

കഥകളും നോവലുകളും ഏറ്റവുമധികം സിനിമയായിട്ടുള്ളത് ഹോളിവുഡിലാണ്. മിക്ക സിനിമയിലും ആധാരമായി ഒരു പുസ്തകത്തിന്റെ പേര് ഉറപ്പായുമുണ്ടാകും. മലയാളത്തിലും ആ  ട്രെൻഡ് കടന്നു വരുന്നതിന്റെ ശബ്ദങ്ങൾ കുറച്ച് നാളായി മുഴങ്ങുന്നുണ്ട്. ഒരു പുസ്തകം സിനിമയാകുമ്പോൾ അതിന് സ്വാഭാവികമായി വരുന്ന അനേകം മാറ്റങ്ങളുണ്ട്. ചില സിനിമകൾ എഴുത്തിനെ അപേക്ഷിച്ച് പിന്നിലേക്കു നിൽക്കുമ്പോൾ ചില ചിത്രങ്ങൾ പുസ്തകത്തെയും കടത്തിവെട്ടും. 

ലോക സിനിമയിൽത്തന്നെ സ്വന്തം മുഖം വച്ച് സിനിമ മാർക്കറ്റ് ചെയ്യാൻ കഴിയുന്ന ഒരു സംവിധായകനുണ്ടെങ്കിൽ അത് മറ്റാരുമല്ല, ആൽഫ്രെഡ് ഹിച്ച്‌കോക്ക് എന്ന മനുഷ്യനാണ്. നിശബ്ദ ചിത്രങ്ങളിൽ തുടങ്ങി ശബ്ദചിത്രങ്ങളുടെ ലോകത്തേക്കും കടന്ന് സിനിമയുടെ പരിണാമത്തിനൊപ്പം നിന്ന സംവിധായകനാണ് അദ്ദേഹം. ഹിച്ച്കോക്കിനെ ഓർക്കുമ്പോൾ അദ്ദേഹത്തിന്റെ ഏറ്റവും ആഘോഷിക്കപ്പെട്ട റിയർ വിൻഡോ എന്ന സിനിമയുടെ മൂലകഥയെഴുതിയ കോർണെൽ വൂൾറിച്ചിനെയും ഓർക്കണം. എന്നാലെന്തുകൊണ്ട് ‘It Had to Be Murder’ എന്ന വൂൾറിച്ച് കഥ പിന്നീടു വന്ന എഡിഷനുകളിൽ സിനിമയുടെ പേരായ റിയർ വിൻഡോ  എന്നു പേരു മാറ്റം ചെയ്യപ്പെട്ടു  എന്ന ചോദ്യത്തിന് ഹിച്ച്കോക്കിന്റെ ഭാവനയുടെയും കഴിവിന്റെയും നേരെ ചൂണ്ടുന്ന വിരലുകളാണ് ഉത്തരം. ഒരുപക്ഷേ വൂൾറിച്ചിന്റെ കഥയേക്കാൾ ചർച്ചയായതും അംഗീകരിക്കപ്പെട്ടതും സ്വാഭാവികമായും ഹിച്ച്കോക്കിന്റെ ചലച്ചിത്രം തന്നെയാണ്. 1942 ൽ വൂൾറിച്ച് എഴുതിയ കഥയ്ക്ക് ചലച്ചിത്രഭാഷ്യമൊരുങ്ങിയത് 1954 ൽ ആണ്. അടുത്ത വർഷം മികച്ച സിനിമയ്ക്കുള്ള ഓസ്‌കർ നോമിനേഷൻ ഹിച്ച്കോക്കിന് ആ സിനിമ നേടിക്കൊടുത്തെങ്കിലും അദ്ദേഹത്തിന്റെ ജീവിതകാലത്ത് അങ്ങനെയൊരു പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയതേയില്ല എന്നത് ഹിച്ച്കോക്കിന്റെ ആരാധകരെ നിരാശയിലാഴ്ത്തിയിട്ടുണ്ട്.  

rear-window-movie-still

സോപ്പുപെട്ടി അടുക്കി വച്ച മാതിരിയുള്ള അപ്പാർട്ട്മെന്റുകളാൽ ചുറ്റപ്പെട്ട ഒരിടത്താണ് കഥ അരങ്ങേറുന്നത്. അപകടത്തിൽപ്പെട്ടു വീൽചെയറിൽ കഴിയുന്ന ഫൊട്ടോഗ്രഫറായ നായകൻ ജെഫ്രിയുടെ ആകെയുള്ള വിനോദം തുറന്നു കിടക്കുന്ന ജനാലയിലൂടെ കാഴ്ചകൾ കാണുകയെന്നതാണ്. തടവിലാക്കപ്പെട്ടതുപോലെ വീൽ ചെയറിൽ മാത്രമായി ജീവിക്കുന്ന ഒരാൾ മറ്റെന്ത് ആസ്വദിക്കാൻ. മലയാളി പ്രേക്ഷകർക്ക് ‘അഞ്ച് സുന്ദരികൾ’ എന്ന ആന്തോളജിയിലെ ‘കുള്ളന്റെ ഭാര്യ’ എന്ന അമർ നീരദ് ചിത്രം ഈ കാഴ്ചയിൽ ഓർമ വന്നേക്കാമെങ്കിൽ അതു തികച്ചും യാദൃച്ഛികമാണ്. അവിടെ ബാൽക്കണിയിലിരുന്ന് റോഡിലേക്ക് തന്റെ കണ്ണുകളെ മേയ്ക്കുന്ന നായകനെങ്കിൽ ഇവിടെ തനിക്കു ചുറ്റുമുള്ള അപ്പാർട്ട്മെന്റുകളിലെ മനുഷ്യരെ വീക്ഷിച്ചുകൊണ്ടിരിക്കുന്ന ജെഫ്രിയാണ്. 

Screenshot From Kullante Bharya: Photo Credit: Facebook
കുള്ളന്റെ ഭാര്യ എന്ന ചിത്രത്തിലെ ഒരു രംഗം. ചിത്രത്തിന് കടപ്പാട് ഫെയ്സ്ബുക്ക്

പുസ്തകത്തിൽനിന്നു സിനിമയിലെത്തുമ്പോഴുള്ള മാറ്റം  ജെൻഡർ തന്നെയാണ്. സാം എന്ന ഹൗസ് കീപ്പറാണ് കഥയിൽ ജെഫ്രിയുടെ സഹായിയെങ്കിൽ സ്റ്റെല്ല എന്ന ആയയും ലിസ എന്ന, നഴ്സ് ആയ കാമുകിയുമാണ് സിനിമയിൽ ജെഫ്രിക്കൊപ്പമുള്ളത്. കഥയിൽ സാം ചെയ്യുന്നതെല്ലാം സ്റ്റെല്ലയും ചെയ്തു കൊടുക്കുന്നു. ജെഫ്രിക്കു വേണ്ട ഭക്ഷണം, പത്രം, പരിചരണം എല്ലാത്തിനും സ്റ്റെല്ല മിടുക്കിയാണ്. 

bornell-woolrich
കോർണെൽ വൂൾറിച്ച്

കഥയിൽ ജെഫ്രി തനിക്ക് ചുറ്റുമുള്ള അപ്പാർട്ട്മെന്റുകളിലെ ഓരോരുത്തരെയായി പരിചയപ്പെടുത്തുന്നു. സിനിമയിൽ കഥാപാത്രങ്ങൾ കുറച്ചുകൂടി സിനിമാറ്റിക്കാണ്. എതിർവശത്തെ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന ബാലെ ഡാൻസുകാരിയായ യുവതി, അവൾ ആഘോഷങ്ങളുടെ മൂർത്തീരൂപമാണ്. ഏതു നേരവും അവിടെ സംഗീതവും നൃത്തവും മുഴങ്ങുന്നുണ്ട്. അവിടെ അതിഥികളുണ്ട്, എന്നാൽ ഒരിക്കൽപ്പോലും അവൾ ഏതെങ്കിലും ഒരുത്തന്റെ പ്രണയത്തിൽ മുഴുകി അയാൾക്കു തന്നെ സമർപ്പിക്കുന്നതേയില്ല. അതെന്തുകൊണ്ടാണെന്നത് കഥയുടെ പരിണാമത്തിൽ മാത്രമേ തിരിച്ചറിയാനാകൂ. അടുത്തത്, രാത്രിയാകുമ്പോൾ ആകാശത്തിലെ കാഴ്ചകൾ കണ്ടു ബാൽക്കണിയിൽ മെത്ത വിരിച്ചിട്ടു കിടക്കുന്ന ദമ്പതികളാണ്. പിന്നെ അവരുടെ മിടുക്കനായ വളർത്തു നായയും. ഏറ്റവും താഴെ താമസിക്കുന്ന, ശിൽപങ്ങൾ നിർമിക്കുന്ന സ്ത്രീ, ജീവിതത്തിൽ ഏകാന്തതയനുഭവിച്ചു മരണത്തിനും ജീവിതത്തിനും നടുവിൽനിന്ന് കരയുന്ന മറ്റൊരു സ്ത്രീ, ഭാര്യയുടെ രോഗം കാരണം അസ്വസ്ഥനാകുന്ന ഭർത്താവുള്ള വീട്, വിവാഹം കഴിഞ്ഞ് പുതുമോടികളായി വന്ന ഭാര്യയും ഭർത്താവും, അങ്ങനെ കാഴ്ചകളുടെ ഒരു കൊളാഷാണ് ജെഫ്രിക്ക് തനിക്കെതിരെയുള്ള അപ്പാർട്ട്മെന്റ്.

വളരെപ്പെട്ടെന്നാണ് ജെഫ്രിയുടെ കാഴ്ചകൾ മാറി മറിയുന്നത്. രോഗിയായ ഭാര്യയുള്ള തോർവാൾഡ് ഒരു രാത്രിയിൽ രണ്ടു മൂന്നു തവണ കയ്യിൽ കനത്ത ഭാരമുള്ള പെട്ടി തൂക്കി മഴയിലൂടെ നടന്നു പോകുന്നത് ജെഫ്രി കാണുന്നു. പിറ്റേ ദിവസം അയാളറിയുന്നത് തോർവാൾഡിന്റെ ഭാര്യ മറ്റെവിടേക്കോ പോയി എന്നതാണ്. മറ്റാർക്കുമില്ലാത്ത സംശയമാണ് ജെഫ്രിക്ക്. അതോടെ അയാൾ തന്റെ നീലക്കണ്ണുകൾ ഉപയോഗിച്ച് ശരിക്കും ചാരപ്പണി തുടങ്ങുകയാണ്. മിസിസ്  തോർവാൾഡ് ശരിക്കും മരണപ്പെട്ടുവോ? അവർ എങ്ങോട്ടാണ് യാത്രയായത്? തൊട്ടടുത്ത അപ്പാർട്ട്മെന്റിലെ മിടുക്കനായ നായക്കുട്ടിയെ ആരാണ് കൊലപ്പെടുത്തിയത്? പാതിരാത്രിയിൽ മിസ്റ്റർ തോർവാൾഡ് എങ്ങോട്ടാണു പോയത്? അങ്ങനെ ഒരുപാടു ചോദ്യങ്ങളുണ്ട് ജെഫ്രിയുടെ മനസ്സിൽ. അയാൾ തന്റെ മുറിയിലിരുന്ന് പിന്നീട് ചാരപ്രവർത്തനം നടത്തുകയാണ്, അതിനയാൾക്ക് സഹായമായി ലിസയും സ്റ്റെല്ലയുമുണ്ട്. കഥയിലെ ബോയ്‌ൻ എന്ന ഉദ്യോഗസ്ഥൻ സിനിമയിൽ ഡോയൽ ആയി മാറുന്നു. ഒടുവിൽ, എന്താണ് എതിരെയുള്ള അപ്പാർട്ട്മെന്റിൽ സംഭവിച്ചതെന്ന് തന്റെ ചാരപ്രവർത്തനം വഴി ജെഫ്രി കണ്ടെത്തുന്നതാണ് കഥ. 

bornell-woolrich-beyond-the-high-himalayas

വൂൾറിച്ചിനെയും ഹിച്ച്കോക്കിനെയും താരതമ്യപ്പെടുത്താനാവില്ല, ഓരോരുത്തരും അവരവരുടെ മേഖലയിൽ ഏറെ മികവു തെളിയിച്ചവർ തന്നെയാണ്. ലോക സിനിമകളെടുത്തു നോക്കിയാൽ ഏറ്റവുമധികം ആരാധകരുള്ള സംവിധായകൻ കൂടിയാണ് ഹിച്ച്കോക്ക്. അതെന്തുകൊണ്ടാണെന്ന് It Had to Be Murder എന്ന കഥ റിയർ വിൻഡോ എന്ന സിനിമയാക്കിയ പ്രതിഭ പറയും. കഥയേക്കാൾ പല പടി മുന്നിലാണ് സിനിമ. ഒരേ കാഴ്ചയിൽ നിന്നാണ് പിന്നീട് പലയിടത്തേക്കും ക്യാമറ നീണ്ടു പോകുന്നത്. ജെഫ്രിയുടെ കണ്ണിലൂടെയല്ലാതെ സിനിമ മുന്നോട്ടു പോകുന്നതേയില്ല. അയാളില്ലാതെ മറ്റൊരിടത്തേക്കും കണ്ടെത്തലുകളില്ല. ചുരുക്കത്തിൽ ജെഫ്രിയുടെ കണ്ണുകളാണ് ലെൻസുകൾ. 

തോർവാൾഡിന്റെ മുറിയിലെത്തുന്ന ലിസയെയും മറ്റൊരു അപ്പാർട്ട്മെന്റിലെ താമസക്കാരെയും അവരുടെ പ്രവൃത്തികളെയുമൊക്കെ കാണുന്നത് ആ കണ്ണുകളാണ്. സിനിമയിൽ ഒടുവിൽ, ഒരു കാൽ പ്ലാസ്റ്റർ ഇട്ടിരുന്ന ജെഫ്രിയുടെ രണ്ടു കാലുകളും പ്ലാസ്റ്ററിട്ട് അലസമായി അയാളുടെ കിടക്കയിൽ ‘Beyond the High Himalayas’ (വില്യം ഒ. ഡഗ്ലസിന്റെ 1900 ൽ എഴുതപ്പെട്ട പുസ്തകം, ഹിമാലയത്തെക്കുറിച്ചുള്ള പടിഞ്ഞാറൻ ചായ്‌വും കാഴ്ചയും വ്യക്തമാക്കുന്നു) എന്ന പുസ്തകം വായിച്ച് കിടക്കുന്ന ലിസയെ ആണ് നമ്മൾ കാണുന്നതെങ്കിൽ കഥയുടെ അവസാനം വൂൾറിച്ച്, ഒരു അപ്പാർട്ട്മെന്റിനുള്ളിൽ ഒന്നും ചെയ്യാനാകാതെയിരിക്കുന്ന ജെഫ്രിയുടെ കാലിലെ പ്ലാസ്റ്റർ അഴിക്കുന്ന സാമിനെയാണ് പരിചയപ്പെടുത്തുന്നത്. 

rear-window-bornell-woolrich

കഥാഗതി നിയന്ത്രിച്ച് ഭ്രമാത്മകതയും നിഗൂഢതയും സന്നിവേശിപ്പിക്കുന്നതിൽ മിടുക്കനാണ് ആൽഫ്രെഡ് ഹിച്ച്കോക്ക്. അതുകൊണ്ടുതന്നെ തന്റെ കയ്യിൽ കിട്ടുന്ന കഥകളെ തന്റേതാക്കി മാറ്റി അതിലെ സിനിമാറ്റിക് കാഴ്ചകളെ പരമാവധി ചൂഷണം ചെയ്തെടുക്കാനാകും. എഴുപതു വർഷം മുൻപാണ് ഈ ചിത്രം ഇറങ്ങിയത് എന്നോർക്കുമ്പോൾ ഒരു തരിപ്പുണ്ട്. അത് സ്വാഭാവികമാണ്, നമ്മളിവിടെ വലിയ ലെൻസുള്ള ക്യാമറയും (ജെഫ്രിയുടെ കയ്യിലുള്ളത്) കളർ സ്കീമുകളും ആനിമേഷനും ഒക്കെ കണ്ടു തുടങ്ങിയിട്ട് എത്രയായി! അതാണ് ഹിച്ച്ക്കോക്കിയൻ മാജിക്ക്. റിയർ വിൻഡോ എന്ന കഥയെ അതുകൊണ്ട് നമുക്കിങ്ങനെ തിരുത്തി വായിക്കാം - ചാരക്കണ്ണുള്ള ജനാല. 

English Summary : What is the film 'Rear Window' about?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA