ADVERTISEMENT

ആദ്യഗാനം

‘ അപ്പച്ചൻ കൂടെ വന്നെങ്കിലും ഒരു ശുപാർശയും നടത്തിയില്ല. അദ്ദേഹത്തിനു പരിചയമുള്ളവരൊക്കെ അവിടെ ഉണ്ടായിരുന്നു. അപ്പനായതുകൊണ്ട് ഞാൻ കൂടെ വന്നു എന്നേയുള്ളൂ. നിങ്ങൾ പാടിച്ചു നോക്കുക നല്ലതെന്നു കണ്ടാൽ അവന് അവസരം നൽകുക എന്നു മാത്രമേ പറഞ്ഞുള്ളൂ’ യേശുദാസ് ഓർമിക്കുന്നു.

‘ഇഷ്ടമുള്ള ഏതെങ്കിലും ഒരു പാട്ടു പാടൂ’ എന്ന് എം ബി ശ്രീനിവാസൻ യേശുദാസിനോട് ആവശ്യപ്പെട്ടു. അപ്പച്ചന്റെ തന്നെ നാടകത്തിനു വേണ്ടി ചെറായി ജി. രചിച്ച് ജോബ് ആൻഡ് ജോർജ് ഈണം നൽകിയ

 

‌‘കൂരിരുൾ തിങ്ങിയ ജീവിതത്തിൽ

ഏകനായ് തീർന്നു ഞാനീവിധത്തിൽ 

ഇല്ലൊരു മിന്നാമിനുങ്ങും പോലും

തെല്ലു വെളിച്ചമെനിക്കു നൽകാൻ’

എന്ന ഗാനം പാടി

 

കർണാടക സംഗീതം പഠിച്ചിട്ടുണ്ടെന്നല്ലേ പറഞ്ഞത്, ഒരു കീർത്തനം പാടൂ’

 

ത്യാഗരാജ സ്വാമികൾ രചിച്ച ബഹുദാരി രാഗത്തിലുള്ള ‘ബ്രോവ ഭാരമാ രഘുരാമ’ എന്ന കൃതി പാടി

 

PTI5_3_2018_000231A

‘ ഇനി ഒരു ഹിന്ദി പാടൂ..’

 

ദാസ് പാടി

 

‘പ്യാർ കി രഹേൻ’ സിനിമയിൽ പ്രേം ധവാൻ എഴുതി കനു ഘോഷ് സംഗീതം നൽകിയ ‘ദോ റോസ് മേ വോ പ്യാർ..’

 

കഴിഞ്ഞപ്പോൾ എം ബി ശ്രീനിവാസൻ ചോദിച്ചു

 

ithihaasa-gaayakan-cover-01

‘ഇത് റഫി പാടിയതാണോ?’

 

അല്ല മുകേഷിന്റേതാണ്’ അതു മുകേഷിന്റേതാണ് എന്ന് അറിയാതെയല്ല എംബിഎസ് അങ്ങനെ ചോദിച്ചിരിക്കുക. അക്കാലത്തു ദാസിന്റെ ആലാപനത്തിൽ പ്രകടമായ റഫി ഛായ ചൂണ്ടിക്കാട്ടാനാവണം. 

 

dr-k-j-yesudas-02

അദ്ദേഹം ദാസിനെ ആശ്ലഷിച്ചിട്ട് അഗസ്റ്റിന്‍ ജോസഫിനോടു പറഞ്ഞു.  ‘ഭാഗവതർ താങ്കൾ ഭാഗ്യവാനാണ്.

 

കുറെ കഴിഞ്ഞ് നിർമാതാവ് രാമൻ നമ്പിയത്തും സാംവിധായകൻ ആന്റണിയും എത്തി. എംബിഎസ് പറഞ്ഞു.

 

 ‘കൺഗ്രാചുലേഷൻസ് ആന്റണി നിങ്ങൾ നല്ലൊരു ഗായകനെത്തന്നെയാണു കണ്ടെത്തിയിരിക്കുന്നത്.’

 

റിക്കോർഡിങ്ങിന് ചെന്നൈയിൽ എത്തണം സമയമാകുമ്പോൾ അറിയിക്കാം. എന്നു പറഞ്ഞ് അച്ഛനെയും മകനെയും യാത്രയാക്കി.

 

വരൂ റിക്കോർഡിങ്ങിന്

 

മൂന്നുനാല് മാസം കഴിഞ്ഞാണ് റിക്കോർഡിങ്ങിനെത്താനുള്ള അറിയിപ്പ് കിട്ടുന്നത്. അപ്പോൾ യേശുദാസിന് പനിപിടിച്ചിരിക്കുകയാണ്. പീച്ചി യാത്രയ്ക്കു ശേഷം അഗസ്റ്റിൻ ജോസഫ് വീണ്ടും രോഗം മൂർച്ഛിച്ചു കിടപ്പിലായിരുന്നു. പണം കണ്ടെത്താൻ ഒരു വഴിയുമില്ല. ചെന്നൈക്ക് ട്രെയിൻ ടിക്കറ്റിനു മാത്രം 18 രൂപ വേണം. അമ്മച്ചി സൂക്ഷിച്ചുവച്ചിരുന്ന ചില്ലറയൊക്കെ കൂട്ടിയപ്പോൾ നാലു രൂപ കിട്ടി. ബാക്കിക്ക് ഒരു മാർഗവും കാണുന്നില്ല.

 

എന്തായാലും പുറപ്പെടുക തന്നെ. ട്രെയിനിന്റെ സമയം ആകാറായി ഹാര്‍ബർ ടെൻമിനസ് റെയിൽവേ ‍സ്റ്റേഷനിലേക്കു പുറപ്പെടാൻ നിൽക്കുമ്പോഴാണ് യാത്രയ്ക്ക് ആശംസ അറിയിക്കാനായി കുടുംബസുഹൃത്ത് കരുവേലിപ്പടിക്കല്‍ മത്തായി സ്വന്തം ടാക്സിയുമായി ഭാഗവതരുടെ വീട്ടിൽ എത്തുന്നത്. പുറപ്പെടാൻ തുടങ്ങുന്നു എന്നറിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു. ‘ഞാൻ കൊണ്ടുപോയി സ്റ്റേഷനിലാക്കാം. എന്റെ വകയായി അതിരിക്കട്ടെ’ എന്ന് രണ്ടാളും യാത്രയായി.

 

k-j-yesudas-04

‘എന്താ വണ്ടിയിൽ ഒന്നും മിണ്ടാതിരിക്കുന്നതെന്ന് മത്തായി അന്വേഷിച്ചു. ദാസ് രണ്ടും കൽപിച്ചു കാര്യം പറഞ്ഞു. ‘കള്ളവണ്ടി കയറേണ്ട സാഹചര്യമാണ്.’

 

‘ഇതു നേരത്തെ പറഞ്ഞിരുന്നെങ്കിൽ അത്രേം പെട്രോൾ ‍ലാഭിക്കാമായിരുന്നു. ‘മത്തായി വണ്ടി ‌തിരിച്ചു. തോപ്പുംപടിക്കു വിട്ടു. പരിചയമുള്ള ഒരു വർക്ഷോപ്പിൽ നിന്ന് 30 രൂപ കടം വാങ്ങി നൽകി ദാസിനെ തിരികെ സ്റ്റേഷനിൽ കൊണ്ടുചെന്നാക്കി.

 

with-family-01

പിറ്റേന്നു ചെന്നൈ സെൻട്രൽ സ്റ്റേഷനിലെത്തിയ ദാസിനെ സ്വീകരിക്കാൻ നിർമാണക്കമ്പനിയുടെ പ്രതിനിധികൾ എത്തിയിരുന്നു. റോയപ്പേട്ട ഹൈറോഡിലെ അജന്ത ഹോട്ടലിൽ പോയി നിർമാതാവിനെയും സംവിധായകനെയും ദാസ് കണ്ടു.‘രണ്ട് മാസമെങ്കിലുമെടുക്കും റിക്കോര്‍ഡിങ്ങിന് ഇവിടെ വന്നുകൊണ്ടിരിക്കണം. പരിശീലനവും മുറയ്ക്കു നടത്തണം. ‘ദാസ് ചെന്നൈയിലെ ബന്ധുവിന്റെ വീട്ടിലേക്കു മടങ്ങി. തന്റെ ദാരിദ്ര്യത്തിന്റെ തീവ്രത അദ്ദേഹം ആരോടും പറഞ്ഞില്ല. പലപ്പോഴും പൈപ്പു വെള്ളമായിരുന്നു ഭക്ഷണം. പനി ടൈഫോയ്ഡായി മാറി. രണ്ടാഴ്ച കടുത്ത പനി രോഗക്കിടക്കയിൽ നിന്ന് എഴുന്നേറ്റപ്പോഴേക്കും സ്വതവേ മെലിഞ്ഞ ശരീരം ചടച്ചു വിളർത്തിരുന്നു.

 

പുതുമുഖ ഗായകനെ രോഗം ബാധിച്ചത് അണിയറ പ്രവർത്തകരെ ആശയക്കുഴപ്പത്തിലാക്കി ‘ ആ കുട്ടിയെ വിളിച്ചു വരുത്തിയിട്ട് പാടിക്കാതെ ഒഴിവാക്കരുത്’. നിർമാതാവ് രാമൻ നമ്പിയത്ത് അന്തിമ നിലപാട് അറിയിച്ചു.

 

എന്തായാലും ആദ്യം നിശ്ചയിച്ച സോളോ വേണ്ട. അതിനുള്ള ശാരീരിക സ്ഥിതിയിലല്ല കുട്ടി. അതു കെ.പി ഉദയഭാനുവിനു കൊടുത്തിട്ടു ശ്രീനാരായണ ഗുരുവിന്റെ നാലു വരി ശ്ലോകം കുട്ടിക്കു കൊടുക്കാം എന്ന ധാരണയിലെത്തി അവർ.

 

ആ ദിവസമെത്തി

1961 നവംബർ 14 ഭരണി സ്റ്റുഡിയോ. ആദ്യം ഉദയഭാനുവിന്റെ രണ്ടു ഗാനം റിക്കോർഡ് ചെയ്തു. ഉച്ചകഴിഞ്ഞു മൂന്നു മണിയോടെ യേശുദാസിനെ വിളിച്ചു മൈക്രോഫോണും ഹെഡ്ഫോണുമൊക്കെ ആദ്യമായി കാണുകയും ഉപയോഗിക്കുകയുമാണ്. പരിഭ്രമമുണ്ട്, ഒന്നു രണ്ടു റിഹേഴ്സൽ കഴിഞ്ഞു. സംഗീത സംവിധായകൻ എംബി ശ്രീനിവാസൻ പറഞ്ഞു. ‘കൊള്ളാം ഇനി ഫൈനൽ റിഹേഴ്സൽ അതു കഴിഞ്ഞു ടേക്ക് എടുക്കാം. പാടിക്കൊള്ളൂ.’ കാട്ടാശ്ശരി ജോസഫ് യേശുദാസ് പാടി‌:

 

‘ജാതിഭേദം മതദ്വേഷം

 

ഏതുമില്ലാതെ സര്‍വരും 

 

സോദരത്വേന വാഴുന്ന

 

മാതൃകാ സ്ഥാനമാണിത്.’

 

ഫൈനൽ റിഹേഴ്സൽ ഭംഗിയായി കഴിഞ്ഞു. അതു കഴിഞ്ഞു ടേക്കിനായി കാത്തു നിന്ന ദാസിനോട് അദ്ദേഹം നിർദേശിച്ചു. ‘പുറത്തേക്കു പോരൂ. ‘എന്തു സംഭവിച്ചു എന്ന് അമ്പരന്നു പോയ ദാസിനോട് എംബിഎസ് പറഞ്ഞു. ‘റിക്കോഡിങ് കഴിഞ്ഞു’ ഫൈനൽ റിഹേഴ്സൽ എന്നു പറഞ്ഞതു ടേക്ക് തന്നെയായിരുന്നു. ടേക്ക് ആണ് എന്നു പറഞ്ഞാൽ പുതിയ ഗായകർക്ക് ഉണ്ടാകാവുന്ന സംഭ്രമം ഒഴിവാക്കാനായി ഒപ്പിച്ച കൗശലമായിരുന്നു അത്. ദാസിന്റെ മുഖത്തു പരിഭ്രമം മാറി പുഞ്ചിരി വിരിഞ്ഞു.

 

പത്തു വർഷം കഴിഞ്ഞു പറയാം

പുതിയ ഗായകന്റെ പാട്ട് നമുക്കൊന്നു കേട്ടു നോക്കാം.’ എംബിഎസ് പറഞ്ഞു. സ്റ്റുഡിയോയിലെ സ്പീക്കറിലൂടെ ആ സ്വരം ഒഴുകിവന്നു. പാട്ട് തീർന്നതേ ഒരു ചോദ്യം. ‘ആരുടേതാണ് ഈ പുതിയ ശബ്ദം,

ഇത്ര മനോഹരമായ സ്വരം അടുത്തിടെയൊന്നും ഞാന്‍ കേട്ടിട്ടില്ലല്ലോ? ’ മൂവി ലാൻഡ് മാസികയുടെ പത്രാധിപർ കെ.വി വാസുദേവനാണ് അതു ചോദിച്ചത്. അദ്ദേഹം റിക്കോർഡിങ് കഴിഞ്ഞതിനു ശേഷമാണ് അവിടെ കയറി വന്നത്. അതുകൊണ്ട് പുതിയ ഗായകനെ പരിചയമില്ലായിരുന്നു. യേശുദാസിനെ അദ്ദേഹം പരിചയപ്പെട്ടു.

 

എല്ലാവരും ആകാംഷയോടെ റിക്കോർഡിസ്റ്റ് കോടീശ്വര റാവുവിനോടു ചോദിച്ചു ‘എങ്ങനെയുണ്ട്’? ‘അദ്ദേഹത്തിന്റെതാണ് അന്തിമ അഭിപ്രായം’ ഒരു ഗായകന്റെ വിധി എഴുതുന്ന മുഹൂർത്തമാണ്. ‘ഒരു പത്തു വർഷം  കഴിഞ്ഞു പറയാം’ റാവു പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു. എല്ലാവർക്കും സന്തോഷമായി കുറഞ്ഞതു പത്തു വർഷത്തേക്കു മലയാള സിനിമയിൽ ഈ ശബ്ദം ഉടവുതട്ടാതെ നിലനിൽക്കും എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്.

 

യുഗ്മഗാനവും

ആദ്യഗാനം അതിമനോഹരമായി പാടിയതുകൊണ്ട് അണിയറപ്രവർത്തർക്കൊക്കെ സന്തോഷമായി. ‘അറ്റൻഷൻ പെണ്ണേ….’ എന്നൊരു യുഗ്മഗാനം കൂടി അദ്ദേഹത്തിനു നൽകിയാലോ എന്ന് ആലോചനയായി. പക്ഷേ, അത് ഉദയഭാനുവിനു  പറഞ്ഞുവച്ചതാണ്. അദ്ദേഹത്തോട് അവർ കാര്യം പറഞ്ഞു. ‘നാട്ടിൽ നിന്നു വലിയ പ്രതീക്ഷകൊടുത്തു വിളിച്ചു കൊണ്ടുവന്ന പയ്യനാണ്. നന്നായി പാടുകയും ചെയ്തു. ഒരു ശ്ലോകം മാത്രം പാടിച്ചു തിരിച്ചയയ്ക്കുന്നതു മോശമല്ലേ? അങ്ങയോടു പറഞ്ഞിരുന്ന ‘അറ്റൻഷൻ പെണ്ണേ….’ കൂടി പയ്യനു കൊടുത്താലോ?

 

ഭാനു സമ്മതം മൂളി. അങ്ങനെ ആദ്യയുഗ്മഗാനം. ഒപ്പം പാടി ചരിത്രം കുറിച്ചത് അന്നത്തെ ലീഡിങ് സിങ്ങർ ശാന്താ പി നായർ. ‘ഒരു പരിഭ്രമവുമില്ലാതെ കുട്ടി പാടിക്കോളൂ’ എന്നു ശാന്താ പി. നായർ പിന്തുണ നൽകി. ഇരുവരും ചേർന്നു പാട്ട് നന്നായി പൂർത്തിയാക്കി. ശ്രീനാരായണഗുരുവിന്റെ ഏതാനും കാവ്യശകലങ്ങൾ കൂടി യേശുദാസിന്റെ ശബ്ദത്തിൽ റിക്കോർഡ് ചെയ്തു. അങ്ങനെ മലയാള ചലച്ചിത്രഗാന ചരിത്രത്തിൽ മൂന്നു പാട്ടിൽ സ്വന്തം പേരു കുറിച്ച് കെ.ജെ യേശുദാസ് നാട്ടിലേക്കു വണ്ടികയറി.

ഇതിഹാസ ഗായകൻ: യേശുദാസിന്റെ സംഗീതം, ജീവിതം

 

ഷാജൻ സി. മാത്യു

 

മനോരമ ബുക്സ്

 

വില: 190 

പുസ്തകം ഓൺലൈനായി വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക

English Summary : Ithihaasa Gaayakan: Yesudasinte Sangeetham, Jeevitham - by Shajan C. Mathew- Manorama Books

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com