ADVERTISEMENT

അമേരിക്കൻ പടത്താവളങ്ങളിൽ ഇറാന്റെ ബാലിസ്റ്റിക് മിസൈലാക്രമണം. ഡീഗോ ഗാർഷ്യയിൽ  ചിറകൊതുക്കി കാത്തിരിക്കുന്ന ബി-52 യുഎസ് ബോംബർ വിമാനങ്ങൾ... ഭൂപടത്തിലാകെ പകയുടെയും പടയുടെയും ഉഷ്ണക്കാറ്റ്  വീശുന്നുണ്ട്‌.  ലോകത്തിന് വീണ്ടും യുദ്ധപ്പനി പിടിക്കുകയാണോ? ചില വീണ്ടുവിചാരങ്ങൾ അവശേഷിപ്പിച്ചാണ് ഓരോ യുദ്ധവും കടന്നു പോവുക. അങ്ങനെയാണ് യുദ്ധാനന്തര സാഹിത്യവും സംവേദനവും  രൂപപ്പെട്ടത്. 

 

ഇലിയഡും ഒഡീസിയും എല്ലാം മഹായുദ്ധങ്ങളുടെ വിചാരത്തിരുശേഷിപ്പുകളാണ്. എന്നിട്ടും ഇത്തരം വീണ്ടുവിചാരങ്ങൾക്ക് മറ്റൊരു സംഘർഷത്തെയോ പടപ്പുറപ്പാടിനെയോ പ്രതിരോധിക്കുവാനാകാത്തത് എന്തുകൊണ്ട്? ചരിത്രം പഠിക്കുന്നത് പക രൂപപ്പെടുത്താനല്ല, പലതും ആവർത്തിക്കാതിരിക്കാനാണെന്ന അർഥം വരുന്ന വാക്യങ്ങൾ ഓഷ്‌വിറ്റ്സ് നാസി തടങ്കൽ പാളയത്തിന്റെ ഭിത്തിയിൽ എഴുതിവച്ചിട്ടുണ്ട്. നമ്മുടെ ഓർമകളും അറിവുകളും വീണ്ടുവിചാരങ്ങളും എന്തുകൊണ്ടു നമ്മെ രക്ഷിക്കുന്നില്ല?

 

ഒരമ്മയും സ്ത്രീയുമെന്ന നിലയിൽ യുദ്ധത്തെക്കുറിച്ചുള്ള കിംവദന്തികൾ പോലും മനസ്സിനെ അഗാധ ഭയത്തിലേക്കും സങ്കടത്തിലേക്കും എളുപ്പം സ്ലൈഡ് ചെയ്യിക്കും. ഞാനൊരു പഴയ കുറിപ്പ്‌ തപ്പിയെടുത്ത് മക്കളോടൊപ്പം വായിക്കുന്നു.

 

***

കൊഹിമ

kohima-03

 

17 ഏപ്രിൽ 2016

 

ഉച്ച തിരിഞ്ഞ സമയമായിരുന്നു അത്. എങ്കിലും കൊഹിമ വാർ സിമട്രിയിൽ നാഗാ മലനിരകളുടെ സുന്ദരമായ തണുപ്പുണ്ട്. ചീവീടിന്റെ സിംഫണിയാണ് കേൾക്കുന്നത്. ക്രമമായി ഉയരുകയും താഴുകയും ചെയ്യുന്ന ഈ മനോഹര ഗാനധാരയെ ശല്യപ്പെടുത്താതെ സന്ദർശകർ വളരെ പതിയെ മാത്രം സംസാരിക്കുന്നു. അല്ലെങ്കിലും ഇതൊരു ശ്മശാനമാണ്. നന്നേ ചെറുപ്പക്കാരായ ഒരു കൂട്ടം പട്ടാളക്കാരെ ഒരുമിച്ചു മറവു ചെയ്ത ശ്മശാനം. 

 

ദേവതാരുക്കളും ജാപ്പനീസ് ചെറി മരങ്ങളും ഒരുക്കുന്ന തണലിൽ പൂക്കൾക്കു താഴെ സമാധാനത്തിൽ വിശ്രമിക്കുന്ന ചെറുപ്പക്കാർ. അവരിൽ വെള്ളക്കാരും ഇന്ത്യക്കാരും മംഗോളിയരും ഉണ്ട്... പല മതങ്ങളിൽനിന്നും വംശങ്ങളിൽനിന്നും ദേശങ്ങളിൽനിന്നുമുളള  ഈ ചെറുപ്പക്കാർ തങ്ങളുടെ ജന്മനാട്ടിൽനിന്ന് ഒരുപാടകലെ നാഗാലാൻഡിലെ കരിംപച്ച കൊടുംകാടുകൾക്കു നടുവിൽ, ഹിമാലയത്തിന്റെ നെഞ്ചിൽ മുഖം ചേർത്ത് ശാന്തമായി ഉറങ്ങുന്നു. ചിലർക്ക് പേരെഴുതിയ കല്ലറകളുണ്ട്. ഒരുപാടു പേരും കല്ലറയില്ലാത്തവരാണ്. ഒരുമിച്ച് ഒരു സ്തൂപത്തിൽ പേരുകൾ കൊത്തിയിരിക്കുന്നു. 25 നു താഴെയാണ് മിക്കവരുടെയും പ്രായം.

 

‘കിഴക്കിന്റെ സ്റ്റാലിൻഗ്രാഡ്’ എന്നറിയപ്പെടുന്ന, 1944 ലെ കൊഹിമാ യുദ്ധം. രണ്ടാം ലോകമഹായുദ്ധത്തിലെ ഗ്രേറ്റ് ബ്രിട്ടന്റെ ഏറ്റവും മഹത്തായ വിജയം ഇവിടെവച്ചായിരുന്നു. ബർമയിൽനിന്ന് ഇംഫാൽ- കൊഹിമ റോഡിലൂടെ ചുരം കയറി ഐഎൻഎയോടൊപ്പം വന്ന ജപ്പാൻ സൈന്യം ഗാരിസൺ ഹിൽ പിടിക്കുകയും എണ്ണത്തിൽ കുറഞ്ഞ ബ്രിട്ടിഷ് ഇന്ത്യൻ സൈന്യത്തെ കൂട്ടക്കൊല ചെയ്യുകയും ചെയ്തു. അധികം വൈകാതെ ആൾബലവും പടക്കോപ്പുകളും സംഭരിച്ച് ബ്രിട്ടിഷ് ഇന്ത്യൻ സൈന്യം അവരെ കീഴടക്കി. ഒരുപാടു ചോര വീണ് ചുവന്ന കുന്നിന് പക്ഷേ ജാപ്പനീസ് ചെറിപ്പൂക്കളുടെ പിങ്കും വെള്ളയും നിറമാണിപ്പോൾ.

 

kohima-01

കൽപലകകളിൽ കൊത്തി വച്ചിരിക്കുന്ന ചരിത്രം  ഉച്ചത്തിൽ വായിക്കുകയായിരുന്നു ഞാൻ. താഴെ ദിമാപ്പൂരിൽനിന്ന് ഒരു മെഡിക്കൽ ക്യാംപിനായി മല കയറി വന്നതായിരുന്നു ഞങ്ങൾ. ഇടവേളയിൽ ഒരു സന്ദർശനം. നഴ്സിങ് അസിസ്റ്റന്റ് ബിഹാറുകാരൻ രമേഷ് നായിക് കല്ലറകളിലെ പേരുകൾ നോക്കി നടക്കുന്നു. അവന്റെ വലിയ മുത്തച്ഛൻ കൊഹിമാ യുദ്ധത്തിലാണു മരിച്ചത്. 

 

ശരീരം വീട്ടിലെത്തിയില്ലത്രേ. പഴയ യൂണിഫോമുകൾ നിറച്ച പെട്ടി മാത്രമാണെത്തിയത്. വലിയ മുത്തശ്ശി മരിക്കും വരെ ഈ സ്ഥലമൊന്നു വന്നു കാണണമെന്നു പറയുമായിരുന്നു പോലും. ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത കൊഹിമാ മലകൾ സ്വപ്നത്തിൽ വീണ്ടും വീണ്ടും കണ്ടിരുന്ന ആ സാധു സത്രീ 20 വർഷം മുന്നേ മരിച്ചു പോയി. ഭർത്താവു മരിക്കുമ്പോൾ തീരെ ചെറുതായിരുന്ന, രമേശിന്റെ ദാദായെ ഒറ്റയ്ക്ക് വളർത്തിയെടുത്തു അവർ. 

 

മടിയിലിരുത്തി കുഞ്ഞു രമേശിനോട് ഒരു പട്ടാളക്കാരനാവണമെന്ന് പറഞ്ഞു കൊടുക്കുന്ന, പഞ്ഞി പോലെ വെളുത്ത മുടിയുള്ള ഒരു പാവം ബിഹാറി വിധവയെ  വെറുതെ സങ്കൽപിച്ചു നോക്കി. നിഷ്ഠൂരമായ വൈധവ്യത്തിന്റെ അര നൂറ്റാണ്ട്  അവർക്ക് എത്ര കഠിനമായിരുന്നിരിക്കണം.‘രക്ഷയില്ല മാഡം, ഇവിടെയൊന്നും ദാദായുടെ പേരില്ല, ഞാനീ കല്ലിനടുത്തിരുന്ന് പ്രാർഥിക്കാം’. സ്തൂപത്തിനടുത്ത് ചമ്രം പടിഞ്ഞിരിക്കുകയാണ് രമേശ്. 80 വർഷങ്ങൾക്കു ശേഷം കൊച്ചു മകന്റെ അശ്രുപൂജ. ചെറിപ്പൂവുകൾക്കൊപ്പം കണ്ണീർത്തുള്ളികളും അടർന്നു വീഴുന്നു.

 

തന്റെ വലിയമ്മാവനും ആ യുദ്ധത്തിൽ ഇന്ത്യയ്ക്കു വേണ്ടി പൊരുതി മരിച്ചതാണെന്ന് ഡ്രൈവർ ജയന്തഘോഷ്. അമ്മയുടെ വലിയമ്മാവൻ ചെറുപ്പത്തിലേ സുഭാഷ് ചന്ദ്ര ബോസിന്റെ കൂടെ ഐഎൻഎയിൽ ചേരാനായി പോയി; ഇന്ത്യക്കു സ്വാതന്ത്ര്യം നേടാൻ. പക്ഷേ ഒരിക്കലും തിരിച്ചു വന്നില്ല. അമ്മാവന്റെ പേരും ഈ ശിലകളിൽ എഴുതി വച്ചിട്ടുണ്ടാവുമോ എന്ന് ജയന്ത്. ‘ഇല്ല ജയന്ത്, ഇതിൽ ബ്രിട്ടിഷ് ഇന്ത്യൻ സോൾജിയേഴ്സിന്റെ പേരു മാത്രമേ ഉണ്ടാവൂ’.ജയന്ത്ഘോഷിന്റെ മുഖം ചുവക്കുന്നു. ‘അപ്പോൾ എന്റെ അമ്മാവൻ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടാനല്ലേ മരിച്ചത്?’

                                                              

എന്ത് മറുപടി പറയണമെന്നറിയാതെ ഞാൻ. 80 വർഷങ്ങൾക്കു മുന്നേ ഇന്ത്യക്കു വേണ്ടി പരസ്പരം യുദ്ധം ചെയ്തു മരിച്ച തീവ്ര രാജ്യസ്നേഹികളായ രണ്ടു പട്ടാളക്കാരുടെ പിന്മുറക്കാർ  ചോദിക്കുന്നു: ‘ആർക്കു വേണ്ടിയായിരുന്നു ആ യുദ്ധം? ഞങ്ങളുടെ പിതാമഹൻമാർ രാജ്യത്തിനു വേണ്ടിയല്ലേ യുദ്ധം ചെയ്തത്? പക്ഷേ പരസ്പരം പട വെട്ടേണ്ടി വന്നതെന്തുകൊണ്ട്?

 

kohima-05

ഏതൊക്കെയോ ശ്മശാനങ്ങളിൽ നിന്നുകൊണ്ട്  അൻപതോ നൂറോ വർഷങ്ങൾക്കു ശേഷം അന്നത്തെ ചെറുപ്പവും ചോദിക്കില്ലേ എന്തിനു വേണ്ടിയായിരുന്നു ഈ യുദ്ധങ്ങൾ എന്ന്? കുറെ വർഷങ്ങൾക്കു ശേഷം എന്താവും ഈ യുദ്ധങ്ങളുടെ പ്രസക്തി? ചെറുപ്പക്കാരുടെ ചോര വീഴിച്ച് കുന്നുകളും മരുഭൂമികളും ചുവപ്പിക്കുന്ന, മണ്ണിന്റെ മക്കളെ അന്യനാട്ടിലേക്ക് വെറുക്കപ്പെട്ട അഭയാർഥികളായി അലയാൻ വിട്ടു കൊടുക്കുന്ന യുദ്ധങ്ങൾ ശരിക്കും ആർക്കു വേണ്ടിയാണ്?

 

കസൻദ്സാക്കിസിന്റെ ‘ദ് ഫ്രാട്രിസൈഡ്സ്’ എന്ന നോവലിൽ ലിയോണിദാസെന്ന പോരാളി ഡയറിയെഴുതുന്നതു പോലെ എല്ലാ യുദ്ധങ്ങളും ഭ്രാതൃഹത്യകളാണ്. നിലത്തൊഴുകുന്നതു മുഴുവൻ സഹോദരന്റെ രക്തമാണ്..

 

യുദ്ധങ്ങളുടെ ആദ്യത്തെ ഇരകൾ പട്ടാളക്കാരാണ്. പിന്നെയോ, സ്ത്രീകളും കുഞ്ഞുങ്ങളും. മരിച്ചവരോ മരിച്ചു, ഊരോ ഉടയവരോ നഷ്ടപ്പെടുന്നവർക്ക് യുദ്ധം സെക്സ് സ്ലേവ്സോ (സിറിയ) ബച്ചയോ (അഫ്ഗാനിസ്ഥാനിലെ ആൺകുട്ടി വേശ്യകൾ) ആയി ജീവിതം മുഴുവൻ അനുഭവിച്ചു തീർക്കേണ്ട ശിക്ഷയാവുന്നു. വരും തലമുറയ്ക്ക് പഠിക്കാനും വളരാനുമുള്ള ഇക്കോണമി തകർന്ന് തരിപ്പണമാവുന്നു. ഏതു സംഘർഷത്തിലും കൊല ചെയ്യപ്പെടുന്നത് ഏറ്റവും സർഗാത്മകമായ യൗവനമാണ്. യഥാർഥ രാജ്യസ്നേഹം യുദ്ധം ചെയ്യലല്ല, ചെയ്യാതിരിക്കലാണ്; ചെയ്യിപ്പിക്കാതിരിക്കലാണ്.

 

യുദ്ധം തുടങ്ങുകയും തുടരുകയും ചെയ്യുന്ന ശരിയായ പ്രെഡേറ്റേഴ്സ് (ഇരപിടിയൻമാരെന്നോ നരഭോജികളെന്നോ ആവാം തർജമ) ഏറ്റവും സുരക്ഷിത ഇടങ്ങളിലായിരിക്കും. യുദ്ധമോ അനന്തര ഫലങ്ങളോ അവരെ സ്പർശിക്കുകയേയില്ല. അധികാരം, ആയുധവ്യാപാരം തുടങ്ങി ഒരുപാട് നിഗൂഢലക്ഷ്യങ്ങൾ മറച്ചു പിടിച്ച് അവർ യുദ്ധങ്ങൾ ചെയ്യിച്ചു കൊണ്ടേയിരിക്കും.. ജയിച്ചു കൊണ്ടേയിരിക്കും.

      

ഹിമാലയൻ മലകളിൽ വേഗം വെയിൽ താഴും. ഞങ്ങൾ കുന്നിൻ ചെരിവിൽനിന്നു പതുക്കെ എഴുന്നേറ്റു. കരിനീല മാർബിൾ പതിച്ച ഒരു കല്ലറയിൽ ചുവന്ന പുള്ളികളുള്ള ഒരു പൂമ്പാറ്റ വന്നിരുന്നു. ഞാൻ പേരു വായിച്ചു.

അൻവർ അലി

ജനനം 1922 - മരണം 1944.

British Indian Army.

ഒരു 22 കാരന്റെ ചുവന്ന ഹൃദയം പോലെ പൂമ്പാറ്റച്ചിറകുകൾ അതിവേഗം മിടിച്ചു. ഞങ്ങൾ നിശ്ശബ്ദം കുന്നിറങ്ങി.

 

**

വായിച്ചു കേട്ട കുറിപ്പിൽ കുഞ്ഞുങ്ങൾ നന്നായി പെട്ടു പോയിട്ടുണ്ടെന്ന് തോന്നുന്നു. കണ്ണീർ മറയ്ക്കാൻ മോൾ മേശപ്പുറത്തിരിക്കുന്ന പുസ്തകം തുറക്കുന്നു. പക്ഷേ നിർഭാഗ്യവശാൽ അത് എറിക് മറിയ റിമാർക്കിന്റെ ‘ഓൾ ക്വയറ്റ് ഓൺ വെസ്റ്റേൺ ഫ്രണ്ട്’ എന്ന നോവലാണ്. ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത ഈ ജർമൻ പട്ടാളക്കാരൻ ഈ നോവലെഴുതിയെന്ന ഒറ്റക്കാരണത്താൽ ഹിറ്റ്ലർ അദ്ദേഹത്തിന്റെ ജർമൻ പൗരത്വം എടുത്തു കളഞ്ഞു, പെങ്ങളെ വെടിവെച്ചുകൊന്നു, രാജ്യത്തിനു പുറത്ത് അഭയാർഥിയായി കഴിയേണ്ടിവന്നു അയാൾക്ക്. 

 

യുദ്ധത്തിന്റെ ഭീകരത നേരിലറിഞ്ഞ ഒരു മുൻനിര പട്ടാളക്കാരന്റെ പേനയിൽ നിന്നുള്ള, പടക്കളത്തിന്റെ ചെടിച്ചു പോവുന്ന യഥാർഥ വിവരണമാണത്. മനുഷ്യന്റെ നിലനിൽപിനു വേണ്ടിയുള്ള അടിസ്ഥാന ചോദന എന്തിനെക്കാളും മുന്നിൽ നിൽക്കുമ്പോൾ, മരിച്ചു കിടക്കുന്ന ആത്മസുഹൃത്തിന്റെ കാലിൽനിന്നു ശവം നീരു വച്ചു വീർക്കും മുമ്പേ കേടില്ലാത്ത ബൂട്ട്സ് ഊരിയെടുത്ത് തന്റെ കീറിപ്പറിഞ്ഞ ബൂട്സിനു പകരം ധരിക്കുന്ന പാവം പട്ടാളക്കാരൻ. യുദ്ധഭൂമിയിൽ, മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത മറ്റൊരു ചെറുപ്പക്കാരന്റെ നെഞ്ചിൽ ബയണറ്റു കയറ്റിയിറക്കുമ്പോൾ പോലും ഈ പട്ടാളക്കാരൻ ഏറ്റവും സാധുവാണ്, നിസ്സഹായനാണ്.. അതവനു നിലനിൽപാണ്- അനിവാര്യമായ വിധിയാണ്.

English Summary : Kohima War Cemetery, Malayalam Literature

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com