ADVERTISEMENT

മല്ലപ്പള്ളി ∙ അമ്പത്തിയാറ് വയസ്സ് കഴിയുമ്പോൾ വിശ്രമജീവിതം തുടങ്ങുകയാണെന്നാണ് വയ്പ്. ഇതിനുശേഷം എനിക്കൊന്നും ചെയ്യാൻ കഴിയില്ല, ആരോഗ്യം കുറവാണ്, ഭയങ്കര ക്ഷീണമാണ് എന്നിങ്ങനെയുള്ള ഒട്ടേറെ കാരണങ്ങളാണ് ഓരോരുത്തരും നിരത്തുന്നത്. ഇത്തരത്തിലുള്ള കാരണങ്ങൾ പറഞ്ഞ് മനംമടുക്കുന്നവരാണ് സമൂഹത്തിലേറെയുള്ളത്. എന്നാൽ, ചെയ്യുന്ന ജോലിയിൽ ആത്മാർഥതയും സന്തോഷവും കണ്ടെത്തിയാൽ പ്രായം ഒരിക്കലും തടസ്സമാവില്ലെന്ന് തെളിയിക്കുകയാണ് നവതി നിറവിലെത്തിയ തുരുത്തിക്കാട് പള്ളത്ത് പി.പി. നാരായണക്കുറുപ്പ്.

 

പ്രായമല്ല, മനസ്സാണ് ജീവിതത്തെ മുന്നോട്ടു നയിക്കുന്നതെന്ന് 1964ൽ തുടങ്ങിയ ലൈബ്രേറിയൻ ജോലിയിലൂടെ നാരായണക്കുറുപ്പ് തെളിയിക്കുകയാണ്. രാവിലെ 7.30 ന് തുറന്ന് വൈകിട്ട് 5.30 ന് ലൈബ്രറി അടയ്ക്കുംവരെയുള്ള പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നത് യൗവനത്തിന്റെ ചുറുചുറുക്കോടെയാണ്. ഞായറാഴ്ചയായിരുന്നു നവതിയാഘോഷം.

 

1942ൽ ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത് വിദ്യാഭ്യാസം അവസാനിപ്പിച്ച നാരായണക്കുറുപ്പ് 1950ൽ ഗ്രന്ഥശാലയുടെ പ്രവർത്തകനായി. തുരുത്തിക്കാട്ടിലെയും സമീപപ്രദേശങ്ങളിലെയും വീടുകളിൽനിന്നു ശേഖരിച്ച പുസ്തകങ്ങളുമായി 1951ൽ ഗ്രന്ഥശാലയുടെ പ്രവർത്തനം തുടങ്ങി. പബ്ലിക് ലൈബ്രറി, തുരുത്തിക്കാട് എന്ന നാമധേയത്തിലായിരുന്നു ഇത്. ഇതു ഇപ്പോഴും തുടർന്നുപോരുന്നു. ഇതിനിടയിൽ ഗ്രന്ഥശാലയ്ക്കായി 1959ൽ രണ്ടുസെന്റ് സ്ഥലവും സൗജന്യമായി നൽകി. 10,000ലേറെ പുസ്തകങ്ങളുടെ ശേഖരവും ഇവിടെയുണ്ട്. ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഗ്രന്ഥശാലസംഘം സ്ഥാപകൻ പി.എൻ. പണിക്കർ ഒന്നിലേറെ തവണ തന്റെ വീട് സന്ദർശിച്ചത് നാരായണക്കുറുപ്പിന്റെ ഓർമയിൽ ഇപ്പോഴും നിലനിൽക്കുന്നു. 

 

സി.പി. രാമസ്വാമി അയ്യരുടെ ഭരണത്തിനെതിരെ കോൺഗ്രസ് പ്രവർത്തകനും ഗാന്ധിയനുമായിരുന്ന നാരായണക്കുറുപ്പ് പല യോഗങ്ങളിലും പങ്കെടുത്തിട്ടുമുണ്ട്. മന്നം, ശങ്കർ, ശങ്കരനാരായണ അയ്യർ എന്നിവരുടെ നേതൃത്വത്തിലുള്ള ഹിന്ദുമഹാമണ്ഡലത്തിലും പ്രവർത്തിച്ചു. ലൈബ്രേറിയൻ, സെക്രട്ടറി എന്നീ സ്ഥാനങ്ങൾക്കു പുറമേ 1964 മുതൽ 2000 വരെ തുരുത്തിക്കാട് എൻഎസ്എസ് കരയോഗം സെക്രട്ടറിയുമായിരുന്നു.

 

കാലത്തിനനുസരിച്ചു മാറുന്നതാവണം ജീവിതം. മാറ്റങ്ങൾ നിറഞ്ഞ ജീവിതത്തിൽ പുതിയ കാര്യങ്ങൾ നേടിയെടുത്തു സന്തോഷത്തോടെ മുന്നേറുക എന്നതാണ് പി.പി. നാരായണക്കുറുപ്പിന്റെ‌ വിജയ രഹസ്യം.

 

English Summary : P P Narayanakurup, Librarian, 90 Years Old

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com