ADVERTISEMENT

ഹാരിപോട്ടർ പുസ്തക പരമ്പരയിലൂടെ കോടിക്കണക്കിന് ആരാധകരുടെ പ്രിയങ്കരിയായ എഴുത്തുകാരി ജെ. കെ
റൗളിങ് വിവാദങ്ങൾക്കു തിരികൊളുത്തിക്കൊണ്ടാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ഭിന്നലിംഗക്കാര‌െക്കുറിച്ച് വെറുപ്പു പടർത്തുന്ന പരാമർശം നടത്തിയ ബ്രിട്ടിഷ് വനിതയെ പിന്തുണച്ചതിന്റെ പേരിലാണ് റൗളിങ് വിവാദത്തിലായത്. ജീവശാസ്ത്രപരമായി രണ്ട് ലിംഗങ്ങൾ മാത്രമേയുള്ളൂവെന്നു പറഞ്ഞ മായ ഫോർസ്റ്റേറ്ററിനെ പിന്തുണച്ച് സമൂഹമാധ്യമങ്ങളിലൂടെ റൗളിങ് നടത്തിയ പ്രതികരണങ്ങളാണ് ആരാധകരെ ചൊടിപ്പിച്ചത്. #IStandWithMaya എന്ന ഹാഷ്ടാഗോടെയാണ് നികുതി വിദഗ്ധയും എഴുത്തുകാരിയുമായ മായയെ റൗളിങ് പിന്തുണച്ചത്.

 

ജീവശാസ്ത്രപരമായി രണ്ടു ലിംഗങ്ങളേയുള്ളൂ എന്നും ആളുകൾക്ക് ലൈംഗികവ്യക്തിത്വ മാറ്റം സാധ്യമല്ലെന്നും ട്വീറ്റ് ചെയ്ത മായ, ലിംഗമാറ്റത്തിന് അനുമതി നൽകുന്ന സർക്കാർ‌ നയത്തിനെതിരെ കടുത്ത വിമർശനവും നടത്തിയിരുന്നു. അതിന്റെ പേരിൽ മായയ്ക്ക് ജോലി നഷ്ടമായി. തന്നെ പുറത്താക്കിയതിനെതിരെ മായ തൊഴിൽ ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും അപ്പീൽ തള്ളി. ഇതിനു പിന്നാലെയാണ് മായ ഫോർസ്റ്റേറ്ററെ അനുകൂലിച്ച് ട്വീറ്റുമായി റൗളിങ് എത്തിയത്. 

 

‘ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ചോളൂ, നിങ്ങൾക്കിഷ്ടമുള്ള എന്തുപേരും വിളിച്ചോളൂ, പരസ്പര സമ്മത പ്രകാരം ആരുടെയൊപ്പവും ശയിച്ചുകൊള്ളൂ, സുരക്ഷയും സമാധാനവും നിറഞ്ഞ ഏറ്റവും നല്ല ജീവിതം ജീവിച്ചുകൊള്ളൂ. പക്ഷേ ലൈംഗികതയിൽ നിലപാടു വ്യക്തമാക്കുന്ന സ്ത്രീകളെ ജോലിയിൽനിന്നു പുറത്താക്കുന്നത് ശരിയാണോ?’ എന്നായിരുന്നു റൗളിങ്ങിന്റെ ട്വീറ്റ്. #IStandWithMaya, #ThisIsNotaDrill എന്നീ ഹാഷ്ടാഗുകളോടെയാണ് റൗളിങ് തന്റെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. അഞ്ചു മണിക്കൂറുകൾക്കുള്ളിൽ 66,000 ലൈക്കുകളും 13,000 റിട്വീറ്റുകളും പോസ്റ്റിനു ലഭിച്ചു. 

 

മാധ്യമപ്രവർത്തകരും ബുദ്ധിജീവികളുമടക്കം കടുത്ത ഭാഷയിലാണ് റൗളിങ്ങിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. ഹാരി പോട്ടർ നോവലിലെ ഒരു പ്രധാന കഥാപാത്രമായ ഡംബിൾഡോറിനെ ഗേ ആയി താൻ സങ്കൽപിച്ചിരുന്നുവ‌െന്ന് 2007 ൽ റൗളിങ് പറഞ്ഞിരുന്നു. പുസ്തകം പുറത്തിറങ്ങിയ ശേഷമായിരുന്നു വെളിപ്പെടുത്തൽ. പക്ഷേ പുസ്തകത്തിൽ ആ കഥാപാത്രത്തിന്റെ ലൈംഗികതയെപ്പറ്റി പ്രത്യേക പരാമർശങ്ങളൊന്നും ഉണ്ടായിരുന്നില്ല.

 

സ്വന്തം പുസ്തകത്തിൽ അത്തരം കഥാപാത്രത്തെക്കുറിച്ച് ചിന്തിച്ച എഴുത്തുകാരി എന്തുകൊണ്ടാണ് ഇപ്പോൾ ട്രാൻസ് വിരുദ്ധ പരാമർശത്തെ അനുകൂലിക്കുന്നത് എന്ന ചോദ്യത്തോ‌ടെയാണ് ആരാധകരുൾപ്പടെയുള്ളവർ റൗളിങ്ങിനെ വിമർശിക്കുന്നത്. റൗളിങ് വൈറ്റ് ഫെ‌മിനിസത്തിന്റെ ആളാണെ‌ന്നും പലരും വിമർശിച്ചു. മാധ്യമപ്രവർത്തകരുൾപ്പടെയുള്ളവർ റൗളിങ്ങിന്റെ പോസ്റ്റിനോ‌‌ട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് പ്രതികരിച്ചതിങ്ങനെ :-

 

‘ഇത് തികഞ്ഞ അസംബന്ധമാണ്. ട്രാൻസ് സ്ത്രീകളും സ്ത്രീകളാണ്. അവർക്കും സ്വയം അതു തിരിച്ചറിയാനുള്ള അവകാശമുണ്ട്’. 

 

റൗളിങ്ങിന്റെ ‘സെക്സ് ഈസ് റിയൽ’ എന്ന കമന്റിനോട് മനുഷ്യാവകാശ പ്രവർത്തകർപ്രതികരിച്ചതിങ്ങനെ :- ‘ട്രാൻസ് സ്ത്രീകളും സ്ത്രീകളാണ്, ട്രാൻസ് പുരുഷന്മാരും പുരുഷന്മാരാണ്. ദ്വന്ദ്വ വിഭാഗക്കാർ അങ്ങനെയുള്ളവരാണ്’’.

 

അമേരിക്കൻ മീഡിയ അഡ്വക്കസി ഗ്രൂപ്പായ ഗ്ലാഡ് റൗളിങ്ങിന്റെ പരാമർശത്തോട് പ്രതികരിച്ചതിങ്ങനെ:-

 

‘ജെ.കെ. റൗളിങ്, ഒരുമിച്ചു നിന്നാൽ ഒരു നല്ല ലോകം കെട്ടിപ്പടുക്കാമെന്ന് ആരുടെ പുസ്തകത്തിലൂടെയാണോ കുഞ്ഞുങ്ങൾക്ക് പ്രത്യാശ ലഭിച്ചത്, അതേ ആൾ തന്നെ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട മനുഷ്യരുടെ അടിസ്ഥാന അവകാശങ്ങൾ നിഷേധിച്ചുകൊണ്ട് ആന്റി– സയൻസ് ഐഡിയോളജിയെ മുറുകെപ്പിടിച്ചതിന് പഴികേൾക്കുന്നു. ട്രാൻസ് സ്ത്രീയോ ട്രാൻസ് പുരുഷനോ നോൺബൈനറി വിഭാഗത്തിൽപ്പെടുന്നവരോ ഒന്നും ഭീഷണികളല്ല. മറ്റു പല കാര്യങ്ങൾ ചെയ്ത് ട്രാൻസ് ആളുകളുടെ ജീവിതം ബുദ്ധിമുട്ടിലാക്കരുത്. ആരൊക്കെയാണ് ട്രാൻസിനൊപ്പം നിൽക്കുക എന്നും അവരെ പിന്തുണയ്ക്കുകയെന്നും ഇപ്പോൾ അറിയാം. ആരൊക്കെയാണ് അവരുടെ അവകാശങ്ങൾക്കുവേണ്ടി സംസാരിക്കുകയെന്നും അവരെ തുല്യരായും മാന്യരായും പരിഗണിക്കുകയെന്നും ഇപ്പോൾ അറിയാം’.

 

തങ്ങൾ റൗളിങ്ങിന്റെ പബ്ലിക് റിലേഷൻ ടീമുമായി ബന്ധപ്പെട്ടുവെന്നു, ട്രാൻസ് കമ്യൂണിറ്റിയിലുള്ള ആളുകളുമൊത്ത് ഒരു ഓഫ് ദ് റെക്കോർഡ് സംഭാഷണങ്ങൾക്ക് തയാറാകണമെന്നും പറഞ്ഞെങ്കിലും അവർ അത് നിരസിക്കുകയായിരുന്നുവെന്നും ഗ്ലാഡ് പ്രതിനിധികൾ പറയുന്നു.

 

ഈ വിഷയത്തിൽ എഴുത്തുകാരി പ്രതികരിക്കില്ല എന്നാണ് റൗളിങ്ങിന്റെ വക്താവ് വെളിപ്പെടുത്തിയത്.

 

English Summary : J.K. Rowling, Harry Potter,transphobic remarks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com