ADVERTISEMENT

ഇന്ത്യന്‍-ഇംഗ്ലിഷ് എഴുത്തിന്റെ സമ്പന്നവും സമൃദ്ധവുമായ പാരമ്പര്യത്തിലേക്കു ചേര്‍ത്തു വയ്ക്കാന്‍ ഒരെഴുത്തുകാരി കൂടി. ബെംഗളൂരുവില്‍ ജനിക്കുകയും യുഎസില്‍ ജോലി ചെയ്യുകയും ചെയ്യുന്ന ഇന്ത്യക്കാരി മാധുരി വിജയാണ് ശ്രദ്ധേയയായ പുതിയ ഇന്ത്യന്‍ ഇംഗ്ലിഷ് എഴുത്തുകാരി. കശ്മീരിനെക്കുറിച്ചുള്ള പുതിയ നോവലിന് ക്രോസ്‍വേഡ് ബുക്സ് ജൂറി പുരസ്കാരം നേടിയതോടെ സല്‍മാന്‍ റുഷ്ദി, വിക്രം സേത്ത്, കിരണ്‍ ദേശായ് എന്നിവരുടെ നിരയിലേക്ക് ഉയര്‍ന്നിരിക്കുകയാണു മാധുരിയും. പുരസ്കാരം നേടിയ ‘ഫാര്‍ഫീല്‍ഡ്’ എന്ന പുസ്തകം മാധുരിയുടെ കന്നി നോവല്‍ കൂടിയാണ്. 

 

കഴിഞ്ഞ വര്‍ഷം അവസാനമാണ് ‘ഫാര്‍ഫീല്‍ഡ്’ പുറത്തുവന്നത്. നവംബറില്‍ ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ (25 ലക്ഷം രൂപ)  ജെസിബി പുരസ്കാരം തന്നെ ഫാര്‍ ഫീല്‍ഡിനു ലഭിച്ചിരുന്നു. ടാറ്റ ലിറ്ററേച്ചര്‍ ലൈവ് ഫസ്റ്റ് ബുക്ക് അവാര്‍ഡും മാധുരിക്കു തന്നെയാണു ലഭിച്ചത്. 

 

the-far-field-madhuri-vijay-01
ദി ഫാർ ഫീൽഡ്, മാധുരി വിജയ്

‘ഈ പുരസ്കാരത്തിന് എങ്ങനെ നന്ദി പറയണം എന്നെനിക്കറിയില്ല’ എന്നായിരുന്നു ക്രോസ്‍വേഡ് ബുക്സ് ജൂറി അവാര്‍ഡിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ മാധുരിയുടെ പ്രതികരണം. 

 

‘ ബെംഗളൂരുവിലെ ക്രോസ്‍വേഡ് ബുക്സ് സ്റ്റോറിന് എന്റെ ഹൃദയത്തില്‍ സവിശേഷ സ്ഥാനമാണുള്ളത്. എന്നെ എഴുത്തിന്റെ ലോകത്തേക്ക് ആനയിക്കുന്നത് ആ സ്റ്റോറാണ്. എന്റെ പ്രിയപ്പെട്ട എഴുത്തുകാരായ അനിത ദേശായ്, വിക്രം ചന്ദ്ര, പെരുമാള്‍ മുരുകന്‍ എന്നിവരുടെ പുസ്തകങ്ങള്‍ ഞാന്‍ വാങ്ങി വായിക്കുന്നതും അവിടെനിന്നുതന്നെ’- അമേരിക്കയിലെ പുഷ്കാര്‍ട് പുരസ്കാരവും നേടിയിട്ടുള്ള മാധുരി പറഞ്ഞു. 

the-far-field-01
ദി ‌ഫാർ ഫീൽഡ്

 

ബെംഗളൂരുവിലാണു മാധുരിയുടെ മാതാപിതാക്കള്‍ താമസിക്കുന്നത്. അവരെ കാണാന്‍ എപ്പോഴൊക്കെ നാട്ടിലെത്തിയാലും മാധുരിയും ക്രോസ്‍വേഡ് ബുക്സ്റ്റോര്‍ സന്ദര്‍ശിക്കാറുണ്ട്. കുറേയധികം പുസ്തകങ്ങള്‍ അവിടെനിന്നു വാങ്ങിയാണ് അമേരിക്കയിലേക്കു തിരിച്ചുപറക്കാറുള്ളതും. ക്രോസ്‍വേഡ് ബുക് സ്റ്റോറിലെ പുസ്തകങ്ങള്‍ കാണുമ്പോള്‍ എന്നെങ്കിലുമൊരിക്കല്‍ താനും ഒരെഴുത്തുകാരിയാകും എന്നും മാധുരി പ്രതീക്ഷിച്ചിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ബെംഗളൂരുവിലെ ഷോപ് ക്രോസ്‍വേഡ് അടച്ചു. നല്ലൊരു സുഹൃത്തിനെ നഷ്ടപ്പെട്ട പ്രതീതിയാണ് അപ്പോള്‍ തനിക്കു തോന്നിയതെന്നും മാധുരി  പറയുന്നു. 

 

‘ഇതൊരു ആദരവു തന്നെയാണ്. ആരാധിക്കപ്പെടുന്ന എഴുത്തുകാര്‍ക്കൊപ്പമാണ് ഇത്തവണ ഞാന്‍ പുരസ്കാരത്തിനു പരിഗണിക്കപ്പെട്ടത്. ഒരിക്കല്‍ സ്വപ്നം കണ്ട എഴുത്തിന്റെ ഇടം. എത്തിച്ചേരണമെന്ന് അതിയായി ആഗ്രഹിച്ച സ്വപ്നസ്ഥലം. പറഞ്ഞറിയിക്കാന്‍ പോലുമാകില്ല ഇപ്പോഴത്തെ എന്റെ സന്തോഷം- മാധുരി അറിയിച്ചു. 

 

1998 ല്‍ തുടങ്ങിയ ക്രോസ്‍വേഡ് ബുക്സ് പുരസ്കാരം ഇതു 17-ാം വര്‍ഷമാണ്. രാജ്യാന്തര തലത്തില്‍ അറിയപ്പെടുന്ന ബുക്കര്‍, കോമണ്‍വെല്‍ത്ത്, പുലിസ്റ്റർ പുരസ്കാരങ്ങളുടെ നിരയിലേക്ക് എത്താന്‍ ചുരുങ്ങിയ കാലം കൊണ്ട് ക്രോസ്‍വേഡ് പുരസ്കാരത്തിനു കഴിഞ്ഞിട്ടുമുണ്ട്. മൂന്നു ലക്ഷം രൂപയാണ് ജൂറി പുരസ്കാരം. മുമ്പ് സല്‍മാന്‍ റുഷ്ദി, വിക്രം സേത്ത്, അമിതാവ് ഘോഷ്, വില്യം ഡാല്‍റിംപിള്‍, പങ്കജ് മിശ്ര എന്നിവര്‍ക്കൊക്കെയാണ് പുരസ്കാരം ലഭിച്ചത്. ഹാര്‍പര്‍ കോളിന്‍സാണ് ഫാര്‍ ഫീല്‍ഡ് പ്രസിദ്ധീകരിച്ചത്. 

 

യുഎസില്‍ ഹവായിലെ ഒരു സ്കൂളില്‍ അധ്യാപികയായ 32 വയസ്സുകാരിയായ മാധുരി അമേരിക്കയിലെ പ്രശസ്ത മാഗസിനുകളില്‍ കഥകള്‍ എഴുതാറുണ്ട്. കശ്മീര്‍ താഴ്‍വരയുടെ ദുരന്തം തീവ്രമായി ഒപ്പിയെടുക്കാന്‍ കഴിഞ്ഞതാണ് ആദ്യ നോവലിനു തന്നെ ഇത്രയധികം പുരസ്കാരങ്ങള്‍ നേടാന്‍ മാധുരിയെ പ്രാപ്തയാക്കിയത്. 

 

English Summary : Madhuri Vijay Bags Crossword Award For Debut Novel The Far Field

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com