ADVERTISEMENT

സാഹിത്യലോകം കാത്തിരുന്ന ഇത്തവണത്തെ ക്രോസ്‍വേഡ് പുരസ്കാര പ്രഖ്യാപനത്തില്‍ ഏറ്റവും സന്തോഷിക്കേണ്ടതു കേരളം. ഇന്ത്യന്‍ ഭാഷകളില്‍നിന്നുള്ള വിവര്‍ത്തന വിഭാഗത്തില്‍ എന്‍. പ്രഭാകരനും ജയശ്രീ കളത്തിലും പുരസ്കാരം നേടിയതിനുപുറമെ ജനപ്രിയ നോവല്‍ വിഭാഗത്തില്‍ പുരസ്കാരം നേടിയ പുസ്തകത്തിന്റെ പശ്ചാത്തലവും കേരളം തന്നെ. 

 

മുന്‍ ബോളിവുഡ് നടിയും നടന്‍ അക്ഷയ് കുമാറിന്റെ ഭാര്യയുമായ ട്വിങ്കിള്‍ ഖന്നയുടെ ‘പൈജാമാസ് ആര്‍ ഫൊര്‍ഗിവിങ്’ എന്ന പുസ്തകത്തിലാണു കേരളം കടന്നുവരുന്നത്. മികച്ച ജനപ്രിയ പുസ്തകത്തിനുള്ള അവാര്‍ഡ് നേടിയതും ഈ പുസ്തകം തന്നെ.  2018 സെപ്റ്റംബറിലാണ് ‘പൈജാമാസ് ആര്‍ ഫൊര്‍ഗിവിങ്’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. പെട്ടെന്നുതന്നെ ബെസ്റ്റ് സെല്ലര്‍ പട്ടികയിലേക്ക് ഉയര്‍ന്ന പൈജാമാസ് ഇന്ത്യയില്‍ സമീപകാലത്ത് ഏറ്റവുമധികം വായിക്കപ്പെട്ട നോവല്‍ കൂടിയാണ്. 

pyjamas-are-forgiving-01
പൈജാമാസ് ആർ ഫോർഗിവിങ്, ട്വിങ്കിൾ ഖന്ന

 

അന്‍ഷു എന്ന മധ്യവയസ്കയായ സ്ത്രീയാണു പൈജാമാസിലെ നായിക. രാത്രികളിലെ ഉറക്കമില്ലായ്മ യാണ് അനുഷിനെ അലട്ടുന്നത്. ശാരീരിക-മാനസിക പ്രശ്നങ്ങള്‍ക്കു പരിഹാരമായി അന്‍ഷു കേരളത്തിലെ ഒരു സ്പാ സെന്ററിലെത്തുന്നു. അവിടെ ചെലവഴിക്കുന്ന 28 ദിവസങ്ങളാണു നോവലിന്റെ പ്രമേയം. കേരളത്തിലെ സ്പായില്‍വച്ചുതന്നെ അന്‍ഷു മുന്‍ ഭര്‍ത്താവിനെ കണ്ടുമുട്ടുകയും ചെയ്യുന്നു. അതീവ രസകരവും എന്നാല്‍ ജീവിതത്തിന്റെ വ്യര്‍ഥതയെയും നിരാശയെയും പൂര്‍ണമായി ഒപ്പിയെടുക്കുന്നതുമാണു പൈജാമാസിന്റെ പ്രത്യേകത; നോവലിനെ ജനപ്രിയമാക്കുന്നതും അതുതന്നെയാണ്. 

 

സ്വന്തം അനുഭവത്തില്‍നിന്നാണു നോവലിന്റെ പേരു കിട്ടിയതെന്നും ട്വിങ്കിള്‍ പറഞ്ഞിട്ടുണ്ട്. ദീപാവലിക്കാല ത്തെ സമൃദ്ധമായ ആഘോഷങ്ങള്‍ക്കുശേഷം തടി കൂടിയതിനാല്‍ ജീന്‍സിന്റെ സിബ് ഇടാന്‍ താന്‍ വിഷമിച്ചതില്‍നിന്നാണ് മുന്‍നടി രസകരമായ പേരു കണ്ടെത്തിയത്. എല്ലാവിധ വായനക്കാരും സന്തോഷത്തോടെ സ്വീകരിച്ച നോവലിനു തന്നെ ക്രോസ്‍വേഡ് പുരസ്കാരം കൂടി ലഭിച്ചതോടെ ഇരട്ടിസന്തോഷത്തിലാണു ട്വിങ്കിള്‍. നേരത്തെയും നോവലുകള്‍ പ്രസിദ്ധീകരിച്ചതിനുപുറമെ രാജ്യത്ത് ഏറ്റവുമധികം വായിക്കപ്പെടുന്ന കോളമെഴുത്തുകാരികൂടിയാണു ട്വിങ്കിള്‍. 

 

സ്വന്തം ശബ്ദത്തിനു കാതു കൊടുക്കുക, തന്നെത്തന്നെ ശ്രദ്ധിക്കുക, താന്‍ വിചാരിക്കുന്നതില്‍ മൂല്യമുണ്ടെന്നും താന്‍ പറയുന്നതുകേള്‍ക്കാന്‍ ആളുണ്ടെന്നും വിശ്വസിക്കുക. തീര്‍ച്ചയായും നിങ്ങളുടെ പുസ്തകം വായിക്കപ്പെടും- പുരസ്കാരം സ്വീകരിച്ചുകൊണ്ടു നടത്തിയ മറുപടി പ്രസംഗത്തില്‍ ട്വിങ്കിള്‍ പറഞ്ഞു. 

 

ജീവചരിത്ര വിഭാഗത്തില്‍ ‘നോട്ട്സ് ഓഫ് എ ഡ്രീം’ എന്ന പുസ്തകത്തിന് ക്രോസ്‍വേഡ് പുരസ്കാരം. എ.ആര്‍. റഹ്മാന്റെ ജീവചരിത്രമാണിത്. എഴുതിയതു കൃഷ്ണ ത്രിലോക്. നോണ്‍ ഫിക്‌ഷന്‍ വിഭാഗത്തില്‍ ജൂറി പുരസ്കാരം നേടയിത് ‘വണ്‍ ഫൂട്ട് ഓണ്‍ ദ് ഗ്രൗണ്ട്- എ ലൈഫ് ടോള്‍ഡ് ത്രു ദ് ബോഡി’ എന്ന ശാന്ത ഗോഖലെയുടെ പുസ്തകം. നോണ്‍ ഫിക്‌ഷനിലെ ജനപ്രിയ പുരസ്കാരം പ്രചോദനാത്മകപ്രഭാഷകന്‍ ഗോര്‍ ഗോപാല്‍ ദാസിന്റെ ‘ലൈഫ്സ് അമേസിങ് സീക്രട്ട്സ്’ എന്ന പുസ്തകവും നേടി. 

 

ബാലസാഹിത്യവിഭാഗത്തലെ പുരസ്കാരം രണ്ടുപേര്‍ ചേര്‍ന്നു പങ്കിട്ടു. റിച്ച ഝായും സുമന്ത ഡേയും ചേര്‍ന്നു രചിച്ച ‘മക്ളര്‍ ഝോല്‍: ഫിഷ് കറി’ എന്ന പുസ്തകതമാണൊന്ന്. ‘ദ് അപ്സൈഡ് ഡൗണ്‍ കിങ്: അണ്‍യൂഷ്വല്‍ ടെയില്‍സ് എബൗട്ട് രാമ ആന്‍ഡ് കൃഷ്ണ’ എന്ന സുധാ മൂര്‍ത്തിയുടെ പുസ്തകമാണ് ഈ വിഭാഗത്തില്‍ പുരസ്കാരത്തില്‍ നേടിയ രണ്ടാമത്തെ പുസ്തകം. 

 

English Summary : Twinkle Khanna’s book wins at 17th Crossword awards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com