ADVERTISEMENT

 "പച്ചയുടുത്ത മലകളില്‍നിന്ന്

 മുലപ്പാലിന്റെ അരുവിയിറക്കി

 തുറസ്സുകളുടെ പച്ചയെ ചിരിപ്പിച്ചവൾ

 നിനക്ക് മറ്റൊരു പേരെന്തിന്?

 സ്ത്രീ എന്നു മാത്രം പറഞ്ഞാൽ പോരെ?"

 

 ജി എസ് ശിവരുദ്രപ്പ

 

 " നിങ്ങളെന്തിനാണ് സാർ പെണ്ണുങ്ങളെപ്പറ്റി കൂടുതൽ എഴുതുന്നത്? " ഒരു പെണ്‍കുട്ടി ചോദിച്ചു.  അതേ, എന്തിനാണ്?"

 

prakash-raj-book-cover-01

എന്തിനാണ് എന്നുവെച്ചാൽ  അമ്മ, അനിയത്തി, ഭാര്യ ,മക്കൾ, കൂട്ടുകാരികൾ – ഇങ്ങനെ എനിക്കു ചുറ്റും എപ്പോഴും പെണ്ണുങ്ങൾ തന്നെയാണ് ഉണ്ടാകാറ്. പുരുഷനായി പിറന്നതിനാൽ എനിക്ക് ഗർഭം ധരിച്ച് പ്രസവിക്കാനവില്ല. പക്ഷേ, എന്റെ ഉള്ളിലുള്ള മാതൃത്വത്തെ പല തവണ ഞാന്‍ മനസ്സുകൊണ്ട് അറിഞ്ഞിട്ടുണ്ട്. നടൻ, സംവിധായകൻ, നിര്‍മ്മാതാവ് എന്ന നിലകളിൽ എനിക്ക് ലഭിക്കുന്ന  അഭിമാനത്തിൽ നിന്ന് ചിലപ്പോൾ അഹങ്കാരം ജനിക്കാറുണ്ട്. എന്നാൽ മാതൃത്വത്തിന്റെ ഗുണം സ്ഫുരിക്കുന്നത് അനുഭവിക്കുമ്പോഴൊക്കെയും എന്നിൽ അഹങ്കാരം ജനിച്ചിട്ടേയില്ല. പകരം അഭിമാനം മാത്രമാണ് തോന്നിയിട്ടുള്ളത് . എന്നെക്കുറിച്ചുതന്നെ  എനിക്ക് ആദരവാണ് തോന്നിയിട്ടുള്ളത്. മറ്റൊരുവന്റെ വിശപ്പും വേദനയും മനസ്സിലാക്കണമെങ്കിൽ നിങ്ങൾ മാതൃത്വത്തിന്റെ ഗുണമുണ്ടായിരിക്കണം.

 

ജീവിക്കുകതന്നെ വേണമെന്നതിന് എല്ലാവർക്കും പല കാരണങ്ങളുണ്ട്. പക്ഷേ. ജിവിച്ചുകൊണ്ടിരിക്കുന്ന ജീവിതത്തിന് അർത്ഥമുണ്ടോ എന്ന് നമ്മെ നാം തന്നെ ചോദ്യം ചെയ്യുമ്പോൾ മനസ്സിന് പലപ്പോഴും ഉത്തരം കിട്ടുകയില്ല.

 

prakash-raj-02-gif
പ്രകാശ്‌രാജ്

 ഏറെ വർഷങ്ങള്‍ക്കു മുമ്പത്തെ ഒരു സുന്ദരസന്ധ്യ എന്റെ ഒാര്‍മ്മയിൽ തെളിയിക്കുകയാണ്. ചെന്നൈയിലെ സത്യം തിയേറ്ററിൽ "ലൈറ്റ്സ് ഒാൺ" എന്ന പരിപാടി തമിഴ്ചലച്ചിത്രരംഗത്ത് തങ്ങളുടേതായ മുദ്ര പതിപ്പിച്ച് സ്വന്തം അസ്തിത്വത്തിനായി പോരാടിയ സുഹാസിനി, രേവതി, രോഹിണി എന്നിങ്ങനെ ഞാന്‍ ബഹുമാനിക്കുന്ന മൂന്ന് സ്ത്രീകളുമായി സംഭാഷണത്തിൽ പങ്കുകൊള്ളാനുള്ള അവസരം. പെണ്ണിനെയും അവളുടെമേൽ നടക്കുന്ന പീഡനങ്ങളെയും കണക്കിലെടുക്കാതിരിക്കുന്ന ഒരു കാലഘട്ടത്തിൽ തന്റെ സംഗീതാലാപാനത്തിന് ഒരു ലക്ഷം രൂപ പ്രതിഫലം വാങ്ങിരുന്ന കെ.ബി സുന്ദരാംബാൾ ബഹുമാന്യയായി വിരാജിച്ച തമിഴ് സിനിമാരംഗത്താണിത്.

 

അക്കാലത്തെ പേരുകേട്ട നടി ഭാനുമതിയെ സംരക്ഷിക്കുവാന്‍ നമ്പ്യാരുമായി എം.ജി .ആര്‍. വാൾപ്പയറ്റ് നടത്തുന്ന ദൃശ്യം ചിത്രീകരിക്കുകയാണ്. ഭാനുമതി ഒരു വശത്ത് ,പേടിച്ചുവിറച്ചുകൊണ്ട് നിൽക്കണം. അടിപിടിയുടെ ദൃശ്യം വേണ്ടത്രവിധം ആകാഞ്ഞതിനാൽ നാലഞ്ചുതവണ  ആവര്‍ത്തിച്ച് ചിത്രീകരിക്കുന്നു. ഒടുവിൽ "എം.ജി. ആർ സാര്‍, ഞാന്‍ എത്ര നേരമാണ് ഇങ്ങനെ വിറച്ചോണ്ട് നിൽക്കേണ്ടത്? ആ വാള്‍ എനിക്ക് തന്നേക്കൂ. ഞാൻതന്നെ പോരാടി എന്നെ രക്ഷിച്ചോളാം" എന്നു പറഞ്ഞുവത്രേ ഭാനുമതി. പത്മിനി, സാവിത്രി, , മനോരമ ഇങ്ങനെ   ദശകൾക്കു മുമ്പുതന്ന ധീരയായ  പെൺകുട്ടികൾ സിനിമയിൽ തിളങ്ങിയതിന്റെ  ഉദാഹരണങ്ങളുണ്ട്. എന്നാൽ ഇന്നോ? ഒരു പുരുഷന്റെ ദൃഷ്ടിയിലൂടെ പെണ്ണിനെ ചിലപ്പോഴൊക്കെ അന്തസ്സായും പലപ്പോഴും തരംതാഴ്ത്തിയും കാണിക്കുന്ന സിനിമകള്‍ വളരെയധികമുണ്ട്. പക്ഷേ ഒരു സ്ത്രീയുടെ ദൃഷ്ടിയിലൂടെ പുരുഷനെ കാണുന്ന സിനിമകൾ വേണ്ടത്ര വന്നിട്ടുമില്ല.‌

 

‌ഞാൻ കൂടിക്കാഴ്ച നടത്തിയ ആ മൂന്നു സ്ത്രീകളും പുരുഷന്മാരെക്കുറിച്ചുള്ള സിനിമ സംവിധാനം ചെയ്യാൻ അർഹതയുള്ളവരാണ്. നടിമാർ പതിനാറ് ,പതിനേഴ് വയസ്സിൽത്തന്നെ തങ്ങളേക്കാൾ രണ്ടും മൂന്നുമിരട്ടി പ്രായമുള്ള നടന്മാരൊത്ത് അഭിനയിക്കുന്നു. ഇതുകൊണ്ടു തന്നെ പല നടിമാരും തങ്ങളുടെ  യൗവ്വനത്തിലെ ജീവിതം  നഷ്ടപ്പെടുത്തിയിട്ടണ്ടാവും. പ്രായത്തിൽ കവിഞ്ഞ സന്ദര്‍ഭങ്ങളിൽ ജീവിക്കുന്നതു കൊണ്ട് പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള നടിമാരെ ഞാൻ കണ്ടിട്ടുണ്ട്.

 

 ഇത് പുരുഷന്റെ വീക്ഷണമാണ്. ഒരു  സ്ത്രീയുടെ വീക്ഷണം എങ്ങനെയായിരിക്കും? വയസ്സായ നടനോടൊപ്പം അഭിനയിക്കുമ്പേൾ ഗോസിപ്പുകൾ  കുറവായിരിക്കും എന്നു പറഞ്ഞു സുഹാസിനി. രേവതി സംസാരിച്ചുകൊണ്ടിരിക്കേ, ‘‘എന്റെ ആദ്യത്തെ പ്രസ്സ്മീറ്റിൽ  നിങ്ങൾ സ്വിമ്മിങ്ങ്  കോസ്റ്റ്യൂമിൽ അഭിനയിക്കുമോ ?’’ എന്നൊരാള്‍ ചോദിച്ചു. സ്വാഭാവികമായി, ‘‘സ്വിമ്മിങ്ങ് പൂള്‍’’ സീനില്‍ സാരിയുടുത്തുകൊണ്ട് അഭിനയിക്കുമോ? എന്നു ഞാൻ ചോദിച്ചത് അയാൾ തെറ്റിദ്ധരിച്ച് അതേക്കുറിച്ച് മോശമായി എഴുതി.   "മണ്‍വാസൈ"  എത്ര ചിത്രത്തിന്റെ വിജയത്തിനുശേഷം നടൻ പാണ്ഡ്യനോടൊപ്പം മൂന്ന് സിനിമകളിൽ അഭിനയിച്ചു. ഷൂട്ടിങ് സ്ഥത്തുവെച്ച് അദ്ദേഹത്തോട് ചിരിച്ചുകൊണ്ട് 

സംസാരിക്കുകയായിരുന്നു,  ഉടൻതന്നെ, നിങ്ങള്‍ രണ്ടു പേരും തിരുപ്പതിയിൽ ചെന്ന് വിവാഹം  കഴിക്കുമെന്നാണല്ലൊ  കേൾക്കുന്നത് ? എന്ന് പത്രക്കാർ ചോദിച്ചു. എനിക്ക് ഷോക്കേറ്റതുപോലെയായി. ഏതു ഹീറേകളോടും സംസാരിക്കാതെ അവരിൽനിന്ന്  അകലം പാലിക്കുന്നതാണ് ഇവിടെ സുരക്ഷിതം എന്നു മനസ്സിലായി, അൽപം വശത്തേക്കു നീങ്ങി  ഏകയായിട്ടാണ് ഞ‍ാൻ ജീവിച്ചുപോന്നത്. എല്ലാവരും ഒരുമിച്ചിരിക്കുന്നതാണ് സുരക്ഷിതം എന്നും പറയാറുണ്ട്. പക്ഷേ, ഇവിടെ  ഒരു പെണ്ണ് ഒറ്റയ്ക്ക് ഇരിക്കുന്നതാണ് സുരക്ഷിതത്വം  എന്ന അവസ്ഥയായി, നോക്കൂ എന്നു പറഞ്ഞപ്പോള്‍ കവിളത്ത് അടികിട്ടിയതുപോലെ തോന്നി.

 

‘‘ പ്രകാശ്, നൂറ്റിനാൽപതു രൂപയുമായി ചെന്നൈയിലേക്കു പുറപ്പെട്ടതാണെന്ന് ഗംഭീരമായി കൂടിക്കാഴ്ചകളിൽ നിങ്ങൾ പറയാറുണ്ടല്ലോ. അഭിനേത്രിയാകണമെന്ന സ്വപ്നം നിങ്ങളേക്കാൾ തീവ്രമായി ഉണ്ടെങ്കിലും ഒരു ലക്ഷം രൂപ കൈയിലുണ്ടെങ്കിലും നിങ്ങളെപ്പോലെ പുറപ്പെട്ടുവരാൻ എനിക്കാവില്ല. കാരണം, പുരുഷന്മാർ എവിടെ  കിടക്കുന്നു. എവിടെനിന്ന് ഭക്ഷണം കഴിക്കുന്നു എന്നൊക്കെ ആരും ശ്രദ്ധിക്കേറേയില്ല. പെണ്ണ് ചിരിച്ചാലും ഇൗ സമൂഹം സൂക്ഷ്മമായി ശ്രദ്ധിക്കും. ഞങ്ങൾക്ക് സിനിമാരംഗത്തെ എല്ലാ സ്ഥാനങ്ങളും പുരുഷന്മാരെപ്പോലെ എളുപ്പം നേടാൻ എങ്ങനെ സാധിക്കും? " എന്ന് രോഹിണി ചോദിച്ചപ്പോൾ എന്റെ പക്കൽ ഉത്തരമില്ലായിരുന്നു.

prakash-raj-img-01-gif
പ്രകാശ്‌രാജ്

 

പുരുഷാധിപത്യത്തിന്റേതായ സമൂഹത്തിൽ  സത്രീ ഏറെ ദ്രോഹിക്കപ്പെടുമെന്നത് സത്യംതന്നെ. പക്ഷേ , ഇത്തരം സാഹചര്യത്തിൽ അവൾക്ക് നഷ്ടമാവുന്നതിന്റെ നൂറിരട്ടി പുരുഷന് നഷ്ടമാവുന്നു എന്നത് എന്റെ ജീവിതാനുഭവമാണ്. ജനനം മുതൽ മരണംവരെ പുരുഷനായി മാത്രം ജീവിക്കുന്നവൻ ആദരിക്കപ്പെടാൻ അർഹനല്ല. അതുപോലെ, ജനനം മുതൽ മരണംവരെ  പെണ്ണയിത്തത്തന്നെ ജീവിക്കുന്ന പെണ്ണും എന്റെ ദൃഷ്ടിയിൽ ആദരിക്കപ്പെടാൻ അർഹയല്ല. എന്തുകൊണ്ടെന്നാൽ ആണും പെണ്ണും ശരീരം മാത്രമല്ല , അവ ബന്ധങ്ങൾകൂടിയാണ്. ഒന്നിനെ മറ്റൊന്നിൽ അന്വഷിക്കുമ്പോഴും ഒന്നു മറ്റൊന്നിൽ നഷ്ടപ്പെടുമ്പോഴും മാത്രമേ നാം മനുഷ്യരാവുകയുള്ളൂ എന്നാണ് എന്റെ വിശ്വാസം. 

 

ഒരാള്‍ക്കുള്ളിൽ മറ്റേയാൾ നഷടപ്പെട്ടു പോവാതെ, ഒരാളിൽ മറ്റൊരാൾ സ്വയം  അന്വേഷിക്കാതെ ഒരാൾ മറ്റൊരാളെ സ്വന്തമാക്കണമെന്ന് വിചാരിക്കുമ്പോൾ മാത്രമാണ് സംഗതികൾ വഷളാകുന്നത്. പുരുഷന്മാരിൽ വലിയൊരു വിഭാഗം വഷളാവാൻ കാരണം പെണ്ണിനെ എന്തു ചെയ്തും സ്വന്തമാക്കണമെന്ന അവരുടെ മനോഭാവമാണ്. ഒരാളുടെ വേദന മറ്റേയാൾ മനസ്സിലാക്കുമ്പോൾ മാത്രമേ ജീവിതം സുന്ദരമാവുകയുള്ളൂ.

 

 

എന്റെ തോട്ടത്തിൽ ഒരിക്കൽ ആഘോഷിച്ച സംക്രാന്തിഉത്സവം എനിക്ക് മറക്കാൻ കഴിയില്ല. എന്റെ പല സുഹൃത്തുക്കളെയും അപ്പപ്പോൾ എനിക്ക് മറക്കാൻ കഴിയില്ല. എന്റെ പല സുഹൃത്തുക്കളെയും അപ്പോള്‍ തോട്ടത്തിലേയ്ക്കും വീട്ടിലേയ്ക്കും  ക്ഷണിക്കാൻ  എനിക്കിഷ്ടമാണ്. ഭാര്യയ്ക്കും അമ്മയ്ക്കും  ഫോൺ ചെയ്ത് പൊടുന്നനെ. ‘‘ കൂട്ടുകാർ വരുന്നുണ്ട് ഭക്ഷണം ഏർപ്പാടു ചെയ്യണം’’ എന്ന് എത്രയോ തവണ പറഞ്ഞിട്ടുണ്ട്. അവരും മറുത്തൊന്നും പറയാതെ സന്തോഷത്തോടെ പാചകം ചെയ്ത് വിളമ്പിയിട്ടുണ്ട്. ഞങ്ങൾ കൂട്ടുകാർ ഇരുന്ന് ചെസ്സുകളിച്ചും സൊറ പറഞ്ഞും കൊണ്ട്, ‘‘ചായവേണം’’ , ‘‘പലഹാരം വേണം’’ എന്ന് ഏതോ ഹോട്ടലിൽ ഒാർഡർ ചെയ്യുന്നതുപോലെ വീട്ടിൽത്തന്നെ  ഒാർഡർ ചെയ്തിട്ടുണ്ട്. പക്ഷേ, അത് വീട്ടിലെ പെണ്ണുങ്ങള്‍ എങ്ങനെയായിരിക്കും കാണുന്നത് എന്ന് ആലോ‍ചിച്ചിട്ടേയില്ല. വീട്ടിലെ പെണ്ണുങ്ങളുടെ സങ്കടാവസ്ഥ മനസ്സിലാക്കുവാനാണ് സംക്രന്തി അവധി ഉപയോഗിച്ചത്.

 

തോട്ടത്തിൽ മൂന്നു ദിവസത്തക്ക് എല്ലാ കൂട്ടുകാരും കുടുംബസമേതം വന്നുചേരണം. ആ മൂന്നു ദിവസവും ആണുങ്ങൾ പാചകം ചെയ്യണമെന്നും പെണ്ണുങ്ങൾ ഒാർ‍ഡർ ചെയ്താല്‍ മതിയെന്നും ഞങ്ങള്‍ തീരുമാനിച്ചു. ആദ്യദിവസം രാവിലെ ഉണ്ടായിരിക്കുന്ന ഉത്സാഹം അന്നു വൈകുന്നേരമായപ്പോഴേക്കും ഇല്ലാതായി. കളികൾ കളിച്ചുകൊണ്ട്, വെടിപറഞ്ഞുകൊണ്ട്  തങ്ങള്‍ക്കു വേണ്ടുന്നതൊക്കെ പെണ്ണുങ്ങൾ ഒാർഡർ ചെയ്യുമ്പോൾ പതുക്കെപ്പതുക്കെ ഞങ്ങൾക്ക് ദേഷ്യം വരാൻ തുടങ്ങിയിരുന്നു.

 

‘‘ചായ കൊടുത്തയയ്ക്ക്’’

 

‘‘അൽപം പഞ്ചസാര കുറച്ച് ഒരു ഗ്ലാസ് പാലെടുക്ക്...’’

 

 ഇങ്ങനെ ഒന്നിനു പുറമേ ഒന്നായി ഒാർഡറുകൾ വന്നുകൊണ്ടേയിരിക്കുന്നു.

 

‘‘ അച്ഛാ , എന്റെ ചായ തണുത്തുപോയി, വേറെ ചായ കൊണ്ടു വാ’’.. എന്നു മകൾ പറഞ്ഞപ്പോൾ, തണുക്കുന്നതിനുമുമ്പ് കുടിക്കാമായിരുന്നില്ലേ?  എന്നു  ഞാൻ കോപിച്ചു. തല്‍ക്ഷണം തന്നെ ഞാന്‍ ഭാര്യയോട് എന്തെല്ലാം എത്രതവണ ഒാര്‍ഡർ ചെയ്തിരിന്നു എന്നോർത്ത് ലജ്ജ തോന്നുകയും ചെയ്തു.

 

പത്തു പേർക്ക്  ഭക്ഷണം പാകം ചെയ്യണം . മനസ്സിൽ ഏതാണ്ട് കണക്കുകൂട്ടി ഞങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷേ, വിളമ്പിക്കൊണ്ടിരിക്കുമ്പോഴാണ്, ഉൗണുകഴിക്കുന്നതിനിടയിലാണ് മനസ്സിലാവുന്നത് പാകം ചെയ്ത ഭക്ഷണം എല്ലാവര്‍ക്കും മതിയാവില്ലെന്ന്, അപ്പോൾ ഞങ്ങളെ  ബാധിച്ച ഒരു വിറയലുണ്ടല്ലോ. അതോര്‍ക്കുമോള്‍ ഇപ്പോഴും പേടി തോന്നും  അവർ ഉൗണുകഴിച്ച് തീരുന്നതിനകം തന്നെ ചൂടുചൂടായി  ചോറുണ്ടാക്കിയ ആ  ടെൻഷന്‍കൊണ്ട് ഒരു സിനിമ നിര്‍മിക്കാമായിരുന്നോ എന്തോ !  ഉപ്പ് ചേര്‍ത്തുവോ, കറികള്‍ക്ക് എരിവ് ശരിയായിട്ടുണ്ടോ, ഇടയ്ക്കുവെച്ച് അടുപ്പിലെ ഗ്യാസ് തീര്‍ന്നുപോയി... ഇങ്ങനെ ഒരായിരം ചിന്തകള്‍ തലയിൽ കറങ്ങിക്കൊണ്ടിരിക്കുന്നു. 

 

ഇതേ ടെൻഷനിലായിരിക്കുമല്ലോ എന്റെ ഭാര്യയ്ക്കും അമ്മയ്ക്കും ഉണ്ടായിരിക്കുക. എന്നാലും  എനിക്ക് എന്താണിഷ്ടമെന്നതിൽ മനസ്സിരുത്തി വിളമ്പാൻ അവർക്കുമാത്രം എങ്ങനെ കഴിയുന്നു എന്ന് ഞാൻ ആലോചിച്ചുപോയി. എന്റെ വിശപ്പും രുചിയും മനസ്സിലാക്കി, സ്വന്തം കഷ്ടതകൾ മറച്ചുവെച്ച് ചിരിച്ചുകൊണ്ടു തന്നെ വിളമ്പുന്ന അവരുടെ ഉള്ളിലെ  മാതൃത്വത്തിനുമുമ്പിൽ തലകുനിച്ചു കീഴടങ്ങുകയല്ലാതെ വേറെ വഴിയൊന്നുമില്ല.

 

ഒരു നേരത്തെ പാചകം ഇങ്ങനെയാണെങ്കിൽ മക്കളെ പെറ്റും ചുമന്നും വളർത്തി സമൂഹത്തിലെ ഉത്തരവാദിത്വമുള്ള മനുഷ്യരാക്കിത്തീർക്കുന്നതിലെ സമ്മർദ്ദങ്ങളെ എങ്ങനെ ഇൗ സ്ത്രീകൾ ഇഷ്ടത്തോടെ അതിജീവിക്കുന്നു എന്നത്  ഇന്നും എന്റെ മുന്നിൽ കടങ്കഥയായി അവശേഷിക്കുന്നു. ഇപ്പോള്‍, സമയം കിട്ടുമ്പോഴൊക്കെ എന്റെ ഭാര്യയ്ക്കും അമ്മയ്ക്കും മക്കൾക്കും ഭക്ഷണം പാകം ചെയ്ത് വിളമ്പാറുണ്ട്. അത്  എനിക്ക് പാചകം അറിയാമെന്ന് കാണിക്കാൻ വേണ്ടിയല്ല, എന്റെ ഉള്ളിലുള്ള മാതൃത്വത്തെ രക്ഷിക്കുവാനാണ്.

 

ഒാരോ ഭർത്താവും പാചകം ചെയ്യാൻ പഠിക്കാൻ മതി. തന്നെത്താനെ സ്ത്രീയെ ബഹുമാനിക്കാൻ പഠിച്ചുകൊള്ളും . പ്രതിഭാശാലികള്‍ പറഞ്ഞുതന്നിട്ടും നമുക്ക് മനസ്സിലാകാത്ത സമത്വം ഒരു ഉള്ളിയെടുത്ത് മുറിക്കുമ്പോൾ എളുപ്പം മനസ്സിലാകും. ഇപ്പോൾ എനിക്ക് ഒരു മണിക്കൂറിനുള്ളിൽ ചോറ്, കറി, രസം, രണ്ടു തരം  ഉപ്പേരികൾ ഒക്കെ തയാറാക്കാൻ സാധിക്കും. ഇതുകൊണ്ടുതന്നെയാണോ ഞാൻ പെണ്ണുങ്ങളെക്കുറിച്ച് കൂടുതൽ സംസാരിക്കുന്നത്?

സൂത്രധാരനാര്? വേഷക്കാരനാര്

പ്രകാശ്‌രാജ്

വിവർത്തനം : സുധാകരൻ രാമന്തളി

ഡിസിബുക്സ്

വില 160 രൂപ

English Summary : Soothradharanaru? Veshakkaranaru- By Prakash Raj, Translation : Sudhakaran Ramanthali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com