ADVERTISEMENT

ജയ്പുർ∙ രാജസ്ഥാന്റെ പൈതൃകം പേറുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പതിമൂന്നാം ജയ്പുർ സാഹിത്യോത്സവത്തിനു തുടക്കമായി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഉദ്ഘാടനം ചെയ്തു. പരിപാടിക്കു മുന്നോടിയായി പുഷ്കറിൽ നിന്നെത്തിയ പരമ്പരാഗത നാടോടിഗായകരുടെ സംഗീതവും രാജസ്ഥാന്റെ തനിമ പേറുന്ന ഭീമാകാരമായ പാവകളുടെ നൃത്തവും അരങ്ങേറി. 

 

‘വൈഷ്ണവ ജനതോ’ മുഴങ്ങിയ വേദിയിൽ ഗാന്ധിയുടെ വേഷത്തിലുള്ള തോൽപ്പാവ സദസിനെ വണങ്ങി. നാലു ചർക്കയിൽനിന്ന് പ്രതീകാത്മകമായി ഉരുത്തിരിഞ്ഞ പരുത്തിനൂൽ അനേകം കൈകൾ കൈമാറി സദസിന്റെ പിൻനിരയിലേക്കു നീണ്ടു. ഫെസ്റ്റിവൽ ഡയറക്ടർമാരായ വില്യം ഡാൻ റിംപിൾ, നമിതാ ഗോഖലെ, സഞ്ജയ് കെ. കപൂർ എന്നിവർ പ്രസംഗിച്ചു. 

jaipur-literature-festival55-gif

 

27 വരെ നടക്കുന്ന പരിപാടികളിൽ 20 രാജ്യങ്ങളിൽനിന്നായി അഞ്ഞൂറിലേറെ പ്രഭാഷകർ പങ്കെടുക്കും. 20 വിദേശഭാഷകൾക്കു പുറമേ 15 ഇന്ത്യൻ ഭാഷകൾക്കും പ്രാതിനിധ്യമുണ്ടാകും. കലാസന്ധ്യകളും പ്രദർശനങ്ങളും അരങ്ങേറുന്നുണ്ട്. വില്യം ഡാൽറിംപിൾ ആണ് ഫെസ്റ്റിവൽ ഡയറക്ടർ.സാഹിത്യോത്സവത്തിന്റെ ഭാഗമായി രാജസ്ഥാൻ കവി കനയ്യലാൽ സേഥിയയുടെ ഓർമയ്ക്കായി നൽകി വരുന്ന ഒരു ലക്ഷം രൂപയുടെ പുരസ്കാരം ഇത്തവണ ലഹോർ സ്വദേശിയായ ഇംഗ്ലിഷ് കവി അരവിന്ദ് കൃഷ്ണ മൽഹോത്രയ്ക്കാണ്.

 

സാഹിത്യോത്സവത്തിനു മുന്നോടിയായുള്ള ജയ്പുർ ബുക്ക് മാർക്ക് (ജെബിഎം) ഇന്നലെ ആരംഭിച്ചു. രാജ്യാന്തര പ്രസാധകരുടെയും മൊഴിമാറ്റക്കാരുടെയും രൂപകൽപനാ കലാകാരന്മാരുടെയും സാന്നിധ്യം കൊണ്ടു ശ്രദ്ധേയമാണ് ജെബിഎം.

 

English Summary : Jaipur Literature Festival 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com