ADVERTISEMENT

ഒരു സ്ത്രീ, അവർ അത്ര സാധാരണക്കാരിയൊന്നുമല്ല. ലോകം മുഴുവൻ വായിക്കപ്പെടുന്ന പുസ്തകങ്ങളെഴുതുന്ന ഒരു സ്ത്രീ പെട്ടെന്നൊരു ദിവസം അവരുടെ വീട്ടിൽ നിന്ന് അപ്രത്യക്ഷയാകുന്നു. അവർ എവിടേയ്ക്കാവും പോയിട്ടുണ്ടാവുക? അവർക്ക് എന്താവും സംഭവിച്ചിട്ടുണ്ടാവുക?തീർച്ചയായും ഏതു കാലത്തും ചർച്ചയ്‌ക്കെടുക്കാൻ പറ്റിയൊരു വിഷയമാണത്. 

 

 

ഒന്നാമത് അവർ ഒരു സ്ത്രീ ആണ് എന്നതും രണ്ടാമത് അവർ ഒരു എഴുത്തുകാരി ആണ് എന്നതും ഈ ചർച്ചയ്ക്ക് സാധ്യതകൾ വർധിപ്പിക്കുന്നു. മറ്റാരെയും കുറിച്ചല്ല ലോക പ്രശസ്ത അപസർപ്പക നോവലിസ്റ്റ് അഗത ക്രിസ്റ്റിയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. അറുപതിലേറെ നോവലുകളെഴുതിയ അഗതയുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളായ ഹെർക്യൂൾ പൊയ്‌റോട്ടും മിസ് മാർപ്പിളും ഒരുപാട് ആരാധകരെ സമ്പാദിച്ച് വച്ചിട്ടുണ്ട്. 

 

ഹെർക്യൂൾ പൊയ്‌റോട്ട് എന്ന കഥാപാത്രം ഷെർലക് ഹോംസിനെപ്പോലെ യഥാർഥത്തിൽ ജീവിച്ചിരുന്ന ഒരു കുറ്റാന്വേഷകനാണെന്ന മട്ടിൽ ചർച്ചകളും അന്വേഷണങ്ങളും പലപ്പോഴും ഉണ്ടായിട്ടുണ്ട്, ഹോംസ് അസാമാന്യമായ ബുദ്ധിശക്തിയും നിരീക്ഷണ പാടവവും ഒത്തുചേർന്ന ഒരാളാണെങ്കിൽ അഗതയുടെ പൊയ്‌റോട്ട് ഓരോ കേസിനെയും അനലൈസ് ചെയ്ത് തന്റെ നരച്ച കോശങ്ങളെ ഉപയോഗിച്ച് ചാരുകസേരയിൽ ചാരിക്കിടന്ന് കേസ് തെളിയിക്കാൻ കെൽപ്പുള്ള പ്രതിഭാശാലിയാണ്.

 

പലപ്പോഴും ഇത്തരം ഊഹക്കച്ചവടം വായനക്കാർ ചോദ്യം ചെയ്യുന്നത് കാണാറുണ്ട്, എന്നാൽ അത്തരത്തിലുള്ള യാതൊരു വിധ ലൂപ്പ് ഹോളുകൾക്കും ഇടം കൊടുക്കാതെ യുക്തി ഭദ്രമായിത്തന്നെ കേസുകൾ കൈകാര്യം ചെയ്തു എന്നയിടത്താണ് പൊയ്‌റോട്ട് നായകനാവുന്നത്. ഇത്തരത്തിലൊക്കെ എഴുതി പ്രശസ്തിയുടെ കൊടുമുടിയിലേയ്ക്ക് നടന്നു തുടങ്ങിയ കാലത്താണ്, തന്റെ മുപ്പത്തിയാറാമത്തെ വയസ്സിൽ എഴുത്തുകാരിയെ കാണാതെയാകുന്നത്. 

 

ലോകമെങ്ങും ആരാധകരുള്ള ഒരു എഴുത്തുകാരി ഒരു സൂചന പോലും തരാതെ എവിടേയ്ക്ക് പോയി എന്നത് എല്ലാവർക്കും ചോദ്യവുമായി. ബ്രിട്ടന്റെ ചരിത്രത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത പോലെ അന്വേഷണ സംവിധാനങ്ങളുമായി ഉദ്യോഗസ്ഥർ അവരെ തിരഞ്ഞിറങ്ങി. അഗതയുടെ ഭർത്താവ് സംശയത്തിന്റെ നിഴലിലായി.

 

ഏറ്റവും ശക്തമായ കഥാപാത്രങ്ങളെക്കുറിച്ച് എഴുതുമ്പോഴും യഥാർഥത്തിൽ അഗത ക്രിസ്റ്റി എന്ന സ്ത്രീയെ പലപ്പോഴും ആരും കണ്ടിരുന്നതേയില്ല, ഒരുപക്ഷേ അവരുടെ ഭർത്താവായ ആർചിബാൾഡ് ക്രിസ്റ്റിയ്ക്ക് പോലും ഭാര്യയെ അത്രകണ്ട് മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്നതാണ് ശരി. പ്രണയ കവിതകളും നോവലും എഴുതിത്തുടങ്ങിയ അഗത അപസർപ്പക നോവലുകൾ എഴുതി തുടങ്ങിയതിനു പിന്നിലും അവരെ തിരിച്ചറിയാൻ കഴിയാത്തൊരു ബിന്ദുവുണ്ട്. 

 

ഒരു സാധാരണ നാട്ടിപുറത്തുകാരിയായ, ഭർത്താവിനെ പ്രണയിച്ചിരുന്ന, പ്രണയത്തെക്കുറിച്ചെഴുതാൻ ഇഷ്ടപ്പെട്ടിരുന്ന ഒരു സ്ത്രീ എങ്ങനെയാണ് നിഗൂഢതകളും മരണങ്ങളും കൊലപാതകങ്ങളും മാത്രമുള്ള കുറ്റാന്വേഷക കഥകളെഴുതാൻ താൽപര്യപ്പെട്ടത്? ഈ ചോദ്യത്തിന്റെ ഉത്തരം ലഭിക്കുക അത്ര എളുപ്പമല്ല, അതുപോലെത്തന്നെയാണ് ആ സ്ത്രീയെക്കുറിച്ച് മനസ്സിലാക്കാൻ ശ്രമിക്കുന്നതും. 

 

അഗത ക്രിസ്റ്റിയുടെ തിരോധാനത്തിന് ശേഷം പോലീസുകാരുടെ മുന്നിൽ ഉത്തരങ്ങളൊന്നും ഉണ്ടായിരുന്നില്ല. 

ഒന്നുകിൽ അവരെ ഭർത്താവ് അപകടപ്പെടുത്തി 

അല്ലെങ്കിൽ വീട്ടിലെ അവസ്ഥകളിൽ മനം നൊന്ത് എഴുത്തുകാരി ഇറങ്ങിപ്പോയി 

അവർ ആത്മഹത്യ ചെയ്തു,

അതും അല്ലെങ്കിൽ അവരെ ആരെങ്കിലും തട്ടിക്കൊണ്ട് പോയി.

എന്നാൽ പതിനൊന്ന് ദിവസങ്ങൾക്ക് ശേഷം അഗത ക്രിസ്റ്റിയെ യോർക്‌ഷെയറിലെ ഒരു ഹോട്ടലിൽ വച്ച് കണ്ടെത്തുമ്പോൾ അഗതയുടെ ഓർമ്മ ശക്തി നഷ്ടപ്പെട്ടിരുന്നു. തനിക്ക് എന്താണ് സംഭവിച്ചതെന്ന് അവർക്ക് പറയാൻ അറിയുമായിരുന്നില്ല, അല്ലെങ്കിൽ പറയാൻ അഗത തയാറായില്ല. സ്വയം ഇറങ്ങിപോയതാണോ അല്ലെങ്കിൽ മറ്റാരെങ്കിലും അവരെ തട്ടിക്കൊണ്ട് പോയി അപകടപ്പെടുത്തിയതാണോ എന്നുള്ള ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ലാതെ ദശാബ്ദങ്ങൾ കഴിഞ്ഞിട്ടും നിഗൂഢമായി തുടരുന്നു ആ സംഭവം. 

 

തന്റെ ആത്മകഥയിൽപ്പോലും അഗത ക്രിസ്റ്റി ആ ഭാഗത്തെക്കുറിച്ച് നിശബ്ദത പാലിക്കുകയാണ് ചെയ്തിട്ടുള്ളത്. ഒരുപക്ഷേ ആഗതയുടെ നായകൻ പൊയ്‌റോട്ടിന് പോലും കണ്ടെത്താൻ കഴിയാതെയിരുന്ന ആ കേസ് ഇപ്പോഴും ചർച്ചയ്ക്ക് സാഹിത്യ ലോകം വയ്ക്കുന്നുണ്ട് എന്നതാണ് കൗതുകകരം. 

 

ഒരു എഴുത്തുകാരി ആയതുകൊണ്ട് അവർ സഹിക്കേണ്ടി വന്ന അപമാനങ്ങളിൽ ഏറ്റവും വലുത് ഓർമ്മയില്ലാതെ തിരികെയെത്തിയ ശേഷം കേൾക്കേണ്ടി വന്ന ആരോപണങ്ങളാണ്. അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം എന്ന് പറയുന്നത് പോലെ തന്റെ എഴുത്തിന്, പുതിയ പുസ്തകത്തിന്റെ വിപണിയ്ക്ക് വേണ്ടി അഗത നടത്തിയ നാടകമാണ് ഈ ഒളിച്ചോടൽ എന്ന് വാർത്ത കൊടുത്ത മാധ്യമങ്ങളും പറഞ്ഞു നടന്ന നിരൂപകരുമുണ്ട്. എന്നാൽ എന്തായിരുന്നു യഥാർഥ സത്യം എന്നത് ഇപ്പോഴും നിഗൂഢതയിൽ അലിഞ്ഞു കിടക്കുന്നു എന്നതാണ് സത്യം. 

 

ഭർത്താവായ ആർചിബാൾഡ് ക്രിസ്റ്റിയ്ക്കും ഏക മകളായ റോസയ്ക്കും ഒപ്പം ജീവിക്കവേയാണ് അഗതയെ ഒരു ഡിസംബർ മാസത്തിലെ ആദ്യത്തെയാഴ്ച കാണാതെയാകുന്നത്. അവിടം മുതൽ തുടങ്ങി കണ്ടു കിട്ടുന്നത് വരെയുള്ള ദിവസങ്ങളിൽ അഗത എവിടെയായിരുന്നു? അവർ എന്ത് ചെയ്യുകയായിരുന്നു? അവരെ ആരെങ്കിലും അവിടെ എത്തിച്ചതാണോ? എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങൾ അഗതയുടെ വായനക്കാർ ചോദിക്കുന്നു. എന്തായാലും നിഗൂഢതകളെക്കുറിച്ച് എഴുതുന്ന എഴുത്തുകാരിയുടെ ജീവിതവും അത്തരത്തിൽ നിഗൂഢത പേറുന്നത് തന്നെയാണ് എന്നതാണ് സത്യം. 

 

തിരികെ വന്നതിനു ശേഷമാണ് ഏറെ പ്രശസ്തമായ പല നോവലുകളും അഗത എഴുതിയത്. 1926 ൽ നിഗൂഢമായ അഗതയുടെ തിരോധാനത്തിന് മുൻപ് അഗതയുടേതായി പുറത്തിറങ്ങിയ ഏഴ് പുസ്തകങ്ങളും ഏറെ ചർച്ച ചെയ്യപ്പെടുകയും ലോകമെങ്ങും വായിക്കപ്പെടുന്നതുമായിരുന്നു. അതിനു ശേഷമാണ് അവരുടെ മികച്ചതെന്ന് പേരുള്ള റോജർ അക്രൊയിഡിന്റെ കൊലപാതകം എന്ന പുസ്തകം ഇറങ്ങുന്നത്. പിന്നീട് സാഹിത്യ ലോകത്ത് ഒരു മഹായാത്ര തന്നെയായിരുന്നു അഗതയുടേത്. അതിനു വർഷങ്ങൾക്ക് ശേഷം ഭർത്താവായ ആർച്ചി ബാൾഡുമായി വേർപിരിഞ്ഞ അഗത പിന്നീട് മാക്സ് മല്ലൊവനെ വിവാഹം കഴിച്ചു. അവർ മരണം വരെ ഒന്നിച്ച് കഴിയുകയും ചെയ്തു. 

 

നിഗൂഢതകളെക്കുറിച്ചും കൊലപാതകങ്ങളെക്കുറിച്ചും കുറ്റാന്വേഷണങ്ങളെക്കുറിച്ചും എഴുതിയ അഗത ക്രിസ്റ്റിയുടെ ജീവിതം ഒട്ടേറെ ചലച്ചിത്രങ്ങൾക്കും കൃതികൾക്കും പ്രേരണയായിട്ടുണ്ട്. അവർ ജീവിതത്തിൽ അവശേഷിപ്പിച്ച നിഗൂഢത കൊണ്ട് തന്നെ വായനക്കാർ അഗതയെക്കുറിച്ച് കൂടുതൽ അറിയാൻ ഔത്സുക്യം പ്രകടിപ്പിച്ചു കൊണ്ടേയിരുന്നു. ഇപ്പോഴും എഴുത്തുകാരിയുടെ മരണശേഷവും അതേ കൗതുകം വായനക്കാരിൽ അവശേഷിക്കുന്നു എന്നതാണ് സത്യം. എന്നാൽ രഹസ്യം ഇപ്പോഴും രഹസ്യമായി അവശേഷിക്കുന്നു. 

 

English Summary : Agatha Christies Books And Disappearance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com