ADVERTISEMENT

രാജ്യം എഴുപതാം റിപ്പബ്ലിക് ദിനം ആഘോഷിച്ചപ്പോൾ ഇന്ത്യൻ ജനാധിപത്യത്തെയും പൗരാവകാശങ്ങളെയും പറ്റി മുൻ മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണർ നവീൻ ചാവ്‌ല, മുൻ ഗവർണർ മാർഗരറ്റ് ആൽവ എന്നിവർ സംസാരിക്കുന്നു. ജയ്പുർ സാഹിത്യോത്സവത്തിൽ ‘ഇന്ത്യൻ ഭരണഘടന’ എന്ന വിഷയത്തെ ആസ്പദമാക്കി അവർ നടത്തിയ സംവാദത്തിലെ പ്രസക്തഭാഗങ്ങൾ.

 

അതിജീവിക്കും, ഭരണഘടന: നവീൻ ചാവ്‌ല (മുൻ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ)  

 

മറ്റേതു കാർഡിനേക്കാളും പ്രധാനം വോട്ടർകാർഡാണെന്ന് മുൻ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ നവീൻ ചാവ്‌ല. 2008ൽ 58 കോടി വോട്ടർ കാർഡുകൾ തയാറാക്കി. 2014 ലെ തിരഞ്ഞെടുപ്പിൽ ഇത് 80 കോടിയിലേറെയായി. ഇപ്പോൾ 99 ശതമാനം പേർക്കും വോട്ടർ കാർഡുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ആധാർ കാർഡിനേക്കാൾ പ്രധാനം വോട്ടർ കാർഡ് തന്നെയാണ്. മറ്റേതു കാർഡിനേക്കാളും പ്രാധാന്യം ഇതിനുണ്ടെന്നും ഞാൻ പറയും-മുൻ തിരഞ്ഞെടുപ്പു കമ്മിഷണറായ അദ്ദേഹം വിശദീകരിച്ചു.

‘‘ ഇന്ത്യൻ ഭരണഘടന ഏതു പ്രതിസന്ധിയെയും അതിജീവിക്കും എന്ന് ഉറച്ചുവിശ്വസിക്കുന്ന ആളാണു ഞാൻ. പലതരം അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും കഴി‍ഞ്ഞ 70 വർഷമായി ഭരണഘടന നമ്മുടെ രാജ്യത്തു ദൃഢമായി നിലനിൽക്കുന്നു എന്നതു പ്രധാനമാണ്. ലോക്സഭയിലേക്കായാലും നിയമസഭയിലേക്കായാലും തിരഞ്ഞെടുപ്പുകളിൽ ജയിച്ചയാളെ പൂർണമായും നമ്മൾ അംഗീകരിക്കുന്നു. ലോകത്തൊരിടത്തും ഇത്രയേറെ ജനാധിപത്യബോധവും ഇത്രത്തോളം സുതാര്യമായ തിരഞ്ഞെടുപ്പു പ്രക്രിയയും നടക്കുന്നില്ല. ഉയർച്ചതാഴ്ചകൾ ഉണ്ടാകും. അതു പരിഹരിക്കാവുന്നതേയുള്ളൂ.

 

1928 ൽ തന്നെ മോത്തിലാൽ നെഹ്റു അധ്യക്ഷനായ കോൺഗ്രസ് സമിതി സാക്ഷരതയിലൂടെയാണ് ഇന്ത്യയുടെ ഭാവി എന്നു തിരിച്ചറിയുകയും പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 1947നു മുൻപ് ബ്രിട്ടിഷ് ഇന്ത്യയിൽ നടന്ന തിരഞ്ഞടുപ്പുകളിൽ ഇംഗ്ലിഷ് അറിയാവുന്നവർക്കു മാത്രമേ സമ്മതിദാനാവകാശമു ണ്ടായിരുന്നുള്ളൂ. ആ അവസ്ഥയിൽനിന്നാണ് സ്വതന്ത്ര ഇന്ത്യ വളർന്നത്. ഇന്ന് 80 ശതമാനത്തിലേറെ സാക്ഷരതയുണ്ട്. ചില സംസ്ഥാനത്ത് 100 ശതമാനവും. 1947ൽ 60% മാത്രമായിരുന്നു ഇന്ത്യയിലെ സാക്ഷരതാ നിലവാരം. 1951-52ൽ ആദ്യത്തെ തിരഞ്ഞെടുപ്പു നടക്കുമ്പോൾ 30ലക്ഷം സ്ത്രീകൾക്കു വോട്ടു ചെയ്യാനായില്ല. തനിയെ ഒപ്പിടാൻപോലുമറിയാഞ്ഞ അക്കാലത്തെ സ്ത്രീകളിൽനിന്ന് അധികാരശ്രേണികളി‍‍ൽ പ്രധാനപദവി വഹിക്കുന്നിടത്തോളം നമ്മുടെ സ്ത്രീകൾ വളർന്നു. ഇന്ത്യാ-പാക്ക് വിഭജനത്തിനുശേഷം സ്വതന്ത്ര ഇന്ത്യയിൽ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും 70 ശതമാനത്തിലേറെ വോട്ടു രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെന്ന് പരിശോധിച്ചാൽ കാണാം.   

 

Margaret Alva, Jaipur Literature Festival, Literary World, Literature News, മലയാളം സാഹിത്യം, Malayalam Literature, Manorama Online
മാർഗരറ്റ് ആൽവ (മുൻ ഗവർണർ)

ഭരണഘടന നടപ്പിലാക്കുന്നതിൽ പല പോരായ്മകളുണ്ടാകാം. അതു മറികടക്കാൻ പ്രക്ഷോഭം വേണ്ടിവരുമെങ്കിൽ അങ്ങനെയുമാകാം. മുൻകാലത്തെ അനേകം അസമത്വങ്ങൾ നാം ഇല്ലാതാക്കിയത് ഇത്തരം മുന്നേറ്റങ്ങളിലൂടെയാണ്. ഭരണഘടന ഉറപ്പുനൽകുന്ന സ്ത്രീകളുടെ അവകാശം, കുട്ടികളുടെ അവകാശം എല്ലാം നേടിയെടുത്തത് അങ്ങനെയാണ്. ഇപ്പോഴും അസമത്വത്തിന്റെ പ്രശ്നം ഉണ്ടെങ്കിൽ അതു മറികടക്കണം. അസമത്വം എവിടെയുമുണ്ട് എന്നു ശ്രദ്ധിച്ചാലറിയാം. കാറിലിരിക്കുമ്പോൾ വാതിൽക്കൽ വന്നു തട്ടുന്ന യാചകർ അസമത്വത്തിന്റെ ഭാഗമാണ്.  

 

ഇന്ത്യയുടെ വികസനത്തിൽ മാനുഷികവശങ്ങൾ കൊണ്ടുവന്നത് വനിതകളാണെന്ന് മുൻ ഗവർണർ മാർഗരറ്റ് ആൽവ. ശുദ്ധജലം, പഞ്ചായത്തുകളിൽ വനിതകൾ എഴുന്നേറ്റുനിന്ന് ശുദ്ധജലത്തിനായി മുറവിളി കുട്ടുന്നു. ശുചിമുറികൾക്കുവേണ്ടി, അംഗൻവാടികൾക്കുവേണ്ടി എല്ലാം അവർ മുന്നിട്ടിറങ്ങുന്നു. പുരുഷന്മാർ റോഡുപണിയാനും പഞ്ചായത്ത് ഓഫിസ് പണിയാനും ഒക്കെ പോയപ്പോൾ വികസനക്കുതിപ്പിനു വേണ്ടി പ്രവർത്തിച്ചത് സ്ത്രീകളാണ്-മുതിർന്ന കോൺഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി.

2000 വർഷത്തെ അസമത്വങ്ങൾ അവസാനിപ്പിച്ചുകൊണ്ടാണ് ഭരണഘടന നിലവിൽ വന്നത്. നമ്മുടെ ഭരണഘടനയ്ക്ക് 70 വർഷം  പ്രായമേ ആയിട്ടുള്ളൂ എന്ന് ഓർക്കണം. ഇന്നു കുട്ടികൾപോലും ഭരണഘടനവായിക്കുകയും അവകാശങ്ങൾക്കുവേണ്ടി പോരാടുകയും ചെയ്യുന്നു എന്നത് എത്ര വലിയ കാര്യമാണ്’’.

 

 

തകർന്നു, നിയമവ്യവസ്ഥ : മാർഗരറ്റ് ആൽവ (മുൻ ഗവർണർ)

‘‘സുപ്രീം കോടതിയും ഇന്ത്യയുടെ നിയമവ്യവസ്ഥയും അപ്പാടെ തകർന്നു എന്നു ഞാൻ പറയും. അല്ലെങ്കിൽ ദേശീയ പൗരനിയമത്തിന്റെയും പൗര റജിസ്റ്ററിന്റെയും പേരിൽ  ഇത്രയും പ്രക്ഷോഭങ്ങൾ അലയടിക്കുമ്പോൾ സുപ്രീംകോടതി അതു പരിഗണനയ്ക്ക് എടുക്കുമായിരുന്നു. സ്വന്തം നിലയ്ക്ക് പരിഗണിക്കേണ്ടിയിരുന്ന വിഷയമാണ്, നിരവധി ഹർജികൾ കിട്ടിയിട്ടും ഗൗനിക്കാതെ നീട്ടിക്കൊണ്ടുപോകുന്നത്.

 

പൗരാവകാശങ്ങളെയും പൗരനു ഭരണഘടന നൽകുന്ന സംരക്ഷണത്തെയും വെല്ലുവിളിക്കുന്നതാണ് പൗരത്വനിയമം. എനിക്ക് പ്രായം 77 കഴിഞ്ഞു. ഈ പ്രായത്തിൽ ഞാനിനി ഒരു പൗരത്വവും തെളിയിക്കാൻ പോകുന്നില്ല. പൗരത്വം എങ്ങനെയാണ് മതവുമായി ബന്ധപ്പെട്ടതാകുന്നതെന്ന് എനിക്കു മനസ്സിലാവുന്നതേയില്ല. ചിലരെ സ്വാഗതം ചെയ്യുമെന്നും ചിലരെ സ്വീകരിക്കില്ലെന്നും പറയുന്നു. ചിലർക്ക് സ്വാഭാവികമായി പൗരത്വം ലഭിക്കുമ്പോൾ ചിലർക്കതു ലഭിക്കില്ലത്രേ. കാര്യങ്ങൾ ഇങ്ങനെയാണെങ്കിൽ ഭരണഘടന വിഭാവനം ചെയ്ത മതേതരത്വം ഇപ്പോൾ എവിടെയാണ്? ഭരണഘടനയും പൗരന്റെ അവകാശങ്ങളും സംരക്ഷിക്കാനും അവനെ പ്രതിരോധിക്കാനും നിലകൊള്ളേണ്ട നിയമസംവിധാനം ഈ വിഷയത്തിൽ ഇടപെടാത്തത് എന്തുകൊണ്ടാണ്? ഭരണഘടനാ മൂല്യങ്ങൾ അറുത്തെറിയപ്പെടുമ്പോഴും അവർ നിശബ്ദത പാലിക്കുന്നത് ദു:ഖകരവും ആശങ്കാകരവുമാണ്.

 

പൗരത്വം തെളിയിക്കാൻ ഞാൻ ഒരു രേഖയും ഹാജരാക്കാൻ പോകുന്നില്ല. ആദ്യം ആഭ്യന്തരമന്ത്രി അമിത്ഷാ സ്വന്തം പൗരത്വം തെളിയിക്കട്ടെ. 70 വർഷത്തിലേറെയായി ഈ രാജ്യത്തു ജീവിക്കുന്ന എന്നോട് പൗരത്വം തെളിയിക്കാൻ പറയാൻ ഇവരാരാണ്? യേർവാഡാ ജയിലിലും മറ്റും പോയി അന്വേഷിച്ചാൽ എന്റെ മുൻഗാമികളുടെ പേര് അവിടുത്തെ സ്വാതന്ത്ര്യസമര നേതാക്കളുടെ പട്ടികയിൽ ഉണ്ടാവും. എന്തായാലും അമിത്ഷായ്ക്ക് അവകാശപ്പെടാൻ അങ്ങനൊരു രേഖ ഉണ്ടാവില്ല.  

 

പൗരത്വനിയമം തെളിയിക്കാൻ കടലാസുകളുമായി ആരെങ്കിലും വീട്ടുപടിക്കൽ വന്നാൽ അതിനു വഴങ്ങരുത്. നിയമസഭയിലേക്കും ലോക്സഭയിലേക്കും ആളുകളെ തിരഞ്ഞെടുത്തയക്കാൻ അടിസ്ഥാനമായ വോട്ടർ കാർഡ് എന്തുകൊണ്ടാണ് പൗരത്വരേഖയാകാത്തത്? അതിനു വിലയില്ലെങ്കിൽ പിന്നെ,അത് ഉപയോഗിച്ച് അധികാരത്തിലെത്തിയതിനും വിലയില്ലല്ലോ? എനിക്കീ യുക്തികളൊന്നും മനസ്സിലാവുന്നില്ല.

 

പൗരത്വനിയമത്തിനെതിരെ എല്ലാ സംസ്ഥാനങ്ങളും പ്രമേയം പാസാക്കിയാൽ കേന്ദ്രസർക്കാർ എന്തുചെയ്യും? അവരെ പിരിച്ചുവിടുമോ? അതോ തടവിലിടുമോ? എങ്കിൽ കാണട്ടെ’’

 

English Summary : Navin Chawla And Margaret Alva Talks At Jaipur Literature Festival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com