ADVERTISEMENT

പ്രൈമറി സ്കൂളിൽ തങ്ങളെ പഠിപ്പിച്ച അധ്യാപകന്റെ വീട്ടിൽ വർഷങ്ങൾക്കു ശേഷം ആ ചെറുപ്പക്കാർ ഒത്തുകൂടി. എല്ലാവരും സാറിനോടു ചോദിച്ചത് ഒരേ ചോദ്യം: സന്തോഷം ലഭിക്കാൻ എന്തു ചെയ്യണം? അധ്യാപകൻ എല്ലാവർക്കും ചായ നൽകി. അവരെല്ലാം ചായ എടുത്തു കഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: ‘‘ഇനിയും രണ്ടു ചായ മിച്ചമുണ്ട്. അതു രണ്ടും സ്റ്റീൽ ഗ്ലാസിലാണ്. ഞാൻ എല്ലാ ഗ്ലാസിലും ഒരേ ചായയാണ് ഒഴിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് എല്ലാവരും ചിത്രപ്പണികൾ നിറഞ്ഞ വിലകൂടിയ കപ്പുകൾ എടുത്തതും സ്റ്റീൽ ഗ്ലാസിനെ അവഗണിച്ചതും? ചായയ്ക്കു നൽകേണ്ട പ്രാധാന്യം ചായക്കോപ്പകൾക്കു നൽകുമ്പോഴാണ് ജീവിതത്തിന്റെ സന്തോഷം നഷ്ടപ്പെടുന്നത്.’’

വേണ്ടതെന്തെന്ന് അറിയാത്തവർ വേണ്ടാത്തതിന്റെ പിന്നാലെ പോകും. അനാവശ്യമായവയ്ക്കെല്ലാം ആവശ്യത്തിലേറെ ആഡംബരവും ആകർഷണീയതയും ഉണ്ടാകും. പുറംമോടികളിൽ ആകൃഷ്ടരാകുന്ന വരുടെ സന്തോഷങ്ങൾ ചായക്കൂട്ടുകൾ ഇളകുമ്പോൾ അവസാനിക്കും. ഒരാളുടെ തിരഞ്ഞെടുപ്പുകൾ നിരീക്ഷിച്ചാൽ അയാൾ വില കൽപിക്കുന്ന മൂല്യങ്ങളെ തിരിച്ചറിയാം. വസ്ത്രവും ആഹാരവും സൗഹൃദങ്ങളുമെല്ലാം ഓരോരുത്തരുടെയും സാക്ഷ്യപത്രമാണ്. എന്തിനാണോ പ്രാധാന്യം നൽകുന്നത് അതിലേക്ക് സ്വയമറിയാതെ ശ്രദ്ധ പതിയും. 

എന്തിനാണു പ്രാധാന്യം നൽകേണ്ടത് എന്ന തിരിച്ചറിവും അവയെ മാത്രം തിരഞ്ഞെടുക്കാനുള്ള വിവേകവുമാണ് സന്തോഷത്തിന്റെ ആരംഭം. ജീവിതത്തിനുവേണ്ട സമ്പാദ്യങ്ങളും സൗഭാഗ്യങ്ങളും സംഘടിപ്പിക്കുന്നതിനിടെ ജീവിക്കാൻ മറന്നുപോകുന്നവരാണ് ഭൂരിഭാഗവും. തൊഴിലും വരുമാനവുമെല്ലാം ചായക്കോപ്പകൾ മാത്രമാണെന്നും ആയുസ്സും ആത്മബന്ധങ്ങളും കൂടിച്ചേരുന്നിടത്താണ് ജീവിതമെന്ന കടുപ്പമുള്ള ചായ രുചികരമാകുന്നതെന്നും മനസ്സിലാക്കിയവർക്ക് അപ്രധാനമായവയൊന്നും പ്രിയങ്കരങ്ങളാകില്ല. ചായയ്ക്കു വേണ്ടിയാണ് കപ്പുകൾ; കപ്പുകൾക്കു വേണ്ടിയല്ല ചായ. 

English Summary : Subhadinam, Food For Thought

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com