ADVERTISEMENT

ജവാഹർലാൽ നെഹ്റു, ഇന്ദിര ഗാന്ധി, റാം മനോഹർ ലോഹ്യ. മൂന്നു വൻ മരങ്ങളുടെ തണലുള്ള വഴികളിലൂടെയാണ് കോഴിക്കോട് പന്നിയങ്കരയിലെ പത്മാലയം എന്ന തറവാട്ടിൽ നിന്നു കെ.പി.ഉണ്ണി കൃഷ്ണൻ ലോക്സഭയിലേക്കും ഡൽഹിയിലെ മന്ത്രി മന്ദിരത്തിലേക്കും നടന്നു കയറിയത്. കൈ പിടിച്ചു കയറ്റിയത് ലോഹ്യയും അവസരങ്ങൾ നൽകിയത് ഇന്ദിരയുമാണെങ്കിലും ആദർശങ്ങളുടെ വഴി കാട്ടിയ നെഹ്റുവിന്റെ പാഠങ്ങളോടാണ് ഉണ്ണികൃഷ്ണന് എന്നും കടപ്പാട്.

കുടുംബാംഗങ്ങളായിരുന്ന എ.വി.കുട്ടിമാളു അമ്മയും കോഴിപ്പുറത്ത് മാധവമേനോനും വീട്ടിലെ സന്ദർശക രായിരുന്ന കെ.കേളപ്പനും സി.കെ.ഗോവിന്ദനുമൊക്കെ ഉണ്ണികൃഷ്ണന്റെ ബാല്യത്തെ സമ്പുഷ്ടമാക്കിയ അനുഭവങ്ങളായിരുന്നു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവരും കോൺഗ്രസ് അനുഭാവികളുമായിരുന്നു കുടുംബം. കോഴിക്കോട് വിട്ട് മദിരാശിയിലെ കോളജ് പഠനം ആരംഭിച്ചതോടെയാണ് പുതിയ വഴികളിലേക്ക് ഉണ്ണികൃഷ്ണൻ നടന്നു തുടങ്ങിയത്. ഇന്ത്യൻ രാഷ്ട്രീയത്തിലെ വിവിധ ആശയങ്ങളെ പരിചയപ്പെട്ടതും മദിരാശിയിലെ പഠനകാലത്താണ്.

സോഷ്യലിസ്റ്റുകളായിരുന്നു അടുപ്പക്കാരിൽ അധികവും. മദിരാശിയിൽ പതിവായി എത്തിയിരുന്ന റാം മനോഹർ ലോഹ്യ, അശോക് മേത്ത, മധു ലിമൈ തുടങ്ങിയവരെ ഇവരിലൂടെ പരിചയപ്പെട്ടു. ലോഹ്യയും മേത്തയും മദിരാശിയിൽ എത്തിയാൽ എപ്പോഴും ഉണ്ണികൃഷ്ണൻ കൂടെയുണ്ടാകും എന്ന രീതിയിലേക്ക് ഈ അടുപ്പം വളർന്നു. മഹാത്മാ ഗാന്ധിയിലും നെഹ്റുവിലും ഒതുങ്ങി നിന്നിരുന്ന രാഷ്ട്രീയ ചിന്തകളും ഇതോടെ വിസ്തൃതമായി. സോഷ്യലിസത്തിന്റെ വിശാലമായ ലോകവുമായി പരിചയമായതോടെ തന്റെ രാഷ്ട്രീയവഴിയും ഉണ്ണികൃഷ്ണൻ കണ്ടെത്തി. 

പല രാഷ്ട്രീയ മാറ്റങ്ങളിലൂടെയും ഭാവിയിൽ കടന്നു പോയെങ്കിലും ഒരിക്കലും കൈവിടാത്ത സോഷ്യലി സത്തിന്റെ വഴിയായിരുന്നു അത്. റാം മനോഹർ ലോഹ്യയുടെ സ്വാധീനത്തിലാണ് രാഷ്ട്രീയത്തിൽ എത്തിയതെങ്കിലും ചില കാര്യങ്ങളിൽ അദ്ദേഹവുമായി ആശയപരമായ ഭിന്നതയും ഉണ്ണികൃഷ്ണന് ഉണ്ടായിരുന്നു. കാൺപൂരിലെ എംഎ പഠനം അവസാനിച്ചതോടെ സമാജ്‌വാദി യുവസഭയുടെ അഖിലേന്ത്യ സെക്രട്ടറിമാരിൽ ഒരാളായി. ദേശീയ വിദ്യാർഥി യൂണിയന്റെ ജനറൽ സെക്രട്ടറിയായും പിന്നീട് തിരഞ്ഞെടുക്കപ്പെട്ടു.

guruvaram-0022

നെഹ്റുവിന്റെ ഡിസ്കവറി ഓഫ് ഇന്ത്യ, ഗ്ലിംസസ് ഓഫ് വേൾഡ് ഹിസ്റ്ററി തുടങ്ങിയ പുസ്തകങ്ങൾ വായിക്കുന്നത് അക്കാലത്താണ്. ലോഹ്യയുടെ നെഹ്റു വിമർശനങ്ങളിൽ അഭിപ്രായ വ്യത്യാസം തോന്നിത്തുടങ്ങിയ ഉണ്ണികൃഷ്ണൻ അതോടെ കോൺഗ്രസുമായി അടുത്ത് പ്രവർത്തിക്കാൻ തുടങ്ങി. ഇന്ദിര ഗാന്ധി കോൺഗ്രസ് അധ്യക്ഷ പദവി ഏറ്റെടുത്തതോടെ പൂർണ്ണമായി കോൺഗ്രസ് പ്രവർത്തകനായി. പിതാവിന്റെ സുഹൃത്തായ വി.കെ.കൃഷ്ണമേനോന്റെ ശുപാർശയിൽ ബോംബൈയിലെ ബ്ലിറ്റ്സ് വാരികയിൽ പത്രപ്രവർത്തകനായി ആയിടയ്ക്ക് ജോലിയും ലഭിച്ചു. ഡൽഹിയിലും ബോംബൈയിലും ഇന്ദിര ഗാന്ധിയുടെയും കൃഷ്ണമേനോന്റെയും പ്രവർത്തനങ്ങളുടെ സംഘാടനവുമായി രാഷ്ട്രീയ പ്രവർത്തനവും ഇതോടൊപ്പം തുടർന്നു. 

കോൺഗ്രസിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സോഷ്യലിസ്റ്റ് ഫോറത്തിന്റെ സെക്രട്ടറിയായി തിരഞ്ഞെടുക്ക പ്പെട്ടതോടെ പ്രവർത്തനകേന്ദ്രം പൂർണ്ണമായി ഡൽഹിയിലേക്ക് മാറി. നെഹ്റുവിന്റെ ശൈലിയും സമീപനങ്ങളും അടുത്തറിഞ്ഞത് ഡൽഹിയിലെ പ്രവർത്തന കാലത്താണ്. അതു വരെ വായിച്ചു മാത്രം മനസ്സിലാക്കിയിരുന്ന പല കാര്യങ്ങളും നേരിൽ അറിയാൻ അവസരം ലഭിച്ചതോടെ ഉണ്ണികൃഷ്ണനും നെഹ്റുവിന്റെ ആശയങ്ങളുടെ വഴികളിലൂടെയായി യാത്ര.

നെഹ്റുവിന്റെ രാജ്യാന്തര ദർശനങ്ങളും സോഷ്യലിസത്തിൽ ഉറച്ചു നിന്ന സമീപനവും മതസൗഹാർദത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങളും മനസ്സിൽ ഇതോടെ ഉറയ്ക്കുകയായിരുന്നു. ഇരുപത്തിയാറാം വയസ്സിൽ എഐസിസി അംഗവും വടകരയിൽ നിന്ന് ആറു തവണ പാർലമെന്റംഗവും കേന്ദ്രമന്ത്രിയും ആയി മുന്നോട്ടുള്ള യാത്രകളിൽ ഉണ്ണികൃഷ്ണൻ എന്നും നഷ്ടപ്പെടാതെ സൂക്ഷിച്ചിരുന്നതും ഈ ആശയങ്ങളുടെ തെളിമയായിരുന്നു.

English Summary: K.P. Unnikrishnan And His Heros

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com