ADVERTISEMENT

ചെന്നൈ ∙ മലയാളമോ തമിഴോ എന്നു ചോദിച്ചാൽ ഉത്തരം പറയുക കെ.വി. ജയശ്രീക്ക് എളുപ്പമല്ല. മലയാളം പെറ്റമ്മയാണെങ്കിൽ തമിഴ് പോറ്റമ്മയാണ്. രണ്ടിനെയും ഹൃദയത്തോടു ചേർത്തു നിർത്തുന്നതിനാൽ അവർ മലയാളത്തിനും തമിഴിനുമിടയിൽ വിവർത്തനത്തിന്റെ ഒരു പാലം പണിതു. രണ്ടു പതിറ്റാണ്ടു പൂർത്തിയാകുന്ന ആ വിവർത്തന സപര്യയ്ക്ക് അംഗീകാരമായി കേന്ദ്ര സാഹിത്യ അക്കാദമി അവാർഡെത്തുമ്പോൾ മലയാളത്തിനും തമിഴിനും ഒരുപോലെ അഭിമാനം. സംഘകാല തമിഴ് ജീവിതം ഇതിവൃത്തമാക്കി മനോജ് കൂറൂർ എഴുതിയ ‘നിലം പൂത്തു മലർന്ന നാൾ’ എന്ന നോവലിന്റെ തമിഴ് പരിഭാഷയ്ക്കാണ് വിവർത്തനത്തിനുള്ള സാഹിത്യ അക്കാദമി പുരസ്കാരമെത്തിയത്. 

പതിറ്റാണ്ടുകൾക്കു മുൻപ് ജോലിയുടെ ഭാഗമായി പാലക്കാട്ടുനിന്നു തിരുവണ്ണാമലയിലേക്കു കുടിയേറിയ വാസുദേവൻ- മാധവി ദമ്പതികളുടെ മകളാണു ജയശ്രീ. പഠിച്ചതെല്ലാം തമിഴിലാണെങ്കിലും വീട്ടിൽ എപ്പോഴും മുഴങ്ങിയ മലയാളം  ആ ഭാഷയേയും ഹൃദയത്തോടു ചേർത്തു നിർത്തി. അച്ഛൻ ചെറുപ്പത്തിൽ മരിച്ചതോടെ പുസ്തകങ്ങളിൽ അഭയം തേടിയാണ് അമ്മ ദുഃഖം മറന്നത്. അമ്മ വഴിയാണു വായനയോടുള്ള ഇഷ്ടം തുടങ്ങിയത്. മലയാളത്തിലെ മികച്ച കൃതികൾ  വായിച്ചതോടെ അവ തമിഴിൽ കൂടി പരിചയപ്പെടുത്തുകയെന്ന ആഗ്രഹത്തോടെയാണു വിവർത്തനം തുടങ്ങിയത്. സക്കറിയ, എ.അയ്യപ്പൻ, കൽപ്പറ്റ നാരായണൻ, ഉമാപ്രേമൻ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് തുടങ്ങിയ പ്രമുഖ സാഹിത്യകാരന്മാരുടെ 12 കൃതികൾ ഇതിനകം തമിഴിലേക്കു മൊഴി മാറ്റി. കെ.വി.മോഹൻ കുമാറിന്റെ ‘ഉഷ്ണരാശി’യുടെ വിവർത്തനത്തിന്റെ പണിപ്പുരയിലിരിക്കെയാണു മധുരമായി പുരസ്കാരമെത്തിയത്. 

തമിഴ് സാഹിത്യത്തിൽ മലയാളത്തിന്റെ അംബാസഡർമാർ എന്നു ജയശ്രീയുടെ കുടുംബത്തെ വിളിക്കാം. ഭാര്യയിൽനിന്നു മലയാളം പഠിച്ച ഭർത്താവ് ഉത്രകുമാരൻ രണ്ടു മലയാള പുസ്തകങ്ങൾ തമിഴിലെത്തിച്ചു. എൻജിനീയറിങ് പഠനം പൂർത്തിയാക്കിയ മകൾ സുഗാനയും മലയാള സാഹിത്യത്തെ  തമിഴിലേക്കു പറിച്ചു നടുന്ന എഴുത്തുകാരിയാണ്. അശോകൻ ചരുവിലിന്റെ കഥകളുടെ വിവർത്തനവും ഒട്ടേറെ ബാലസാഹിത്യ കൃതികളും സുഗാനയുടെ സംഭാവനയായുണ്ട്. ജയശ്രീയുടെ സഹോദരി ഷൈലജ വിവർത്തകയും പ്രസാധകയുമാണ്. അവരുടെ വംസി ബുക്സാണു ‘നിലം പൂത്തു മലർന്ന നാൾ’ ഉൾപ്പെടെ ജയശ്രീയുടെ ഭൂരിഭാഗം പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്. ഷൈലജയുടെ ഭർത്താവ് ബവ ചെല്ലദുരൈ തമിഴിലെ അറിയപ്പെടുന്ന എഴുത്തുകാരനാണ്. 

തിരുവണ്ണാമല സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപികയാണു ജയശ്രീ. ഹയർ സെക്കൻഡറി ക്ലാസുകളിലെ വിദ്യാർഥികളെ തമിഴ് പഠിപ്പിക്കുന്നു. മലയാളത്തിലെ മികച്ച കൃതികൾ വിവർത്തനം ചെയ്യുകവഴി തമിഴ് സാഹിത്യപ്രേമികളുടെ പ്രിയപ്പെട്ട അധ്യാപിക കൂടിയായി അവർ മാറുന്നു; ഒപ്പം, തമിഴിലെ മലയാളത്തിന്റെ പ്രിയപ്പെട്ട അംബാസഡറും. 

English Summary : V K Jayasree Win Kendra Sahithya Academy Award For Translation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com